2012, സെപ്റ്റം 2

രാഷ്ട്രീയം

ഒരു പ്രശ്നത്തെ കുറിച്ചും ആഴത്തില്‍ പഠിക്കാതെ വലിയ വായില്‍ പ്രസംഗിച്ച് തൃപ്തിയടയുക,തികച്ചും ഉത്തരവാദിത്വരഹിതമായി ജനങ്ങളെ പ്രകോപിപ്പിച്ച് പിന്‍മാറുക,വിവിധ രംഗങ്ങളില്‍ അധികാരം പിടിച്ചെടുക്കാനും നിലനിര്‍ത്താനുമുള്ള ഉപജാപങ്ങളില്‍ ഏര്‍പ്പെടുക ഇതൊക്കെയാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് ഉറപ്പിച്ചു വെച്ചിരിക്കുന്ന നേതാക്കള്‍ എല്ലാ പാര്‍ട്ടികളിലും പെരുകിപ്പെരുകി വരികയാണ്.സംഘടനാതലത്തില്‍ പല പ്രധാനപ്പെട്ട അധികാരസ്ഥാനങ്ങള്‍ കയ്യാളുന്നതും അവര്‍ തന്നെ.പാര്‍ട്ടി എന്നത് അവരെ സംബന്ധിച്ചിടത്തോളം സ്വന്തം സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു പോവാനുള്ള സൌകര്യപ്രദമായ സംവിധാനം മാത്രമാണ്.ജനങ്ങള്‍ക്ക് മുഴുവന്‍ ബോധ്യം വന്ന സംഗതികളെ കുറിച്ചു പോലും നിര്‍ലജ്ജം കളവ് പറയാന്‍ അവര്‍ക്ക് മടിയില്ലാതെ പോവുന്നത് അതുകൊണ്ടാണ്.കേവലരാഷ്ട്രീയക്കാര്‍ക്കു പുറമേ നിരന്തരമായ ജനബന്ധമുള്ള മറ്റ് പൊതുപ്രവര്‍ത്തകര്‍ കൂടി രംഗത്തേക്ക് വരികയും പ്രശ്നപരിഹാരങ്ങളില്‍ അവരുടെ ഇടപെടലുകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുകയും ചെയ്യുന്ന അവസ്ഥ രൂപപ്പെട്ടാല്‍ കാര്യങ്ങളില്‍ വലിയ മാറ്റം സംഭവിക്കും.ജനങ്ങളോട് കൂടുതല്‍ ഉത്തരവാദിത്വത്തോടു കൂടി പറയാനും പെരുമാറാനും പ്രവര്‍ത്തിക്കാനും രാഷ്ട്രീയക്കാര്‍ നിര്‍ബന്ധിതരാവും.സമൂഹത്തിന്റെ അധികാരികളെന്ന മട്ടില്‍ ധാര്‍ഷ്ട്യത്തോടെ ജനത്തിനു മുന്നില്‍ നില്‍ക്കുന്ന രീതി അവര്‍ക്ക് ഉപേക്ഷിക്കേണ്ടിവരും.

2012, ജൂലൈ 25

കപട വ്യവഹാരികളെ തുറുങ്കിലടയ്ക്കണം

കവിയൂരില്‍ അനഘ എന്ന പെണ്‍കുട്ടിയും കുടുംബവും കൂട്ട ആത്മഹത്യചെയ്യാനിടയായ ദാരുണസംഭവം രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കാന്‍ അമ്പരപ്പിക്കുന്ന ശ്രമങ്ങളാണ് നടന്നത്. ആ കേസുമായി സംസ്ഥാനത്തെ സിപിഐ എം നേതാക്കളെയും കുടുംബാംഗങ്ങളെയും ബന്ധിപ്പിക്കാന്‍ ഏതാനും വലതുപക്ഷ രാഷ്ട്രീയകേന്ദ്രങ്ങളും അവരുടെ മാധ്യമങ്ങളും തങ്ങള്‍ക്കുമുന്നിലുള്ള എല്ലാ വഴികളും ഉപയോഗിച്ചു. രാഷ്ട്രീയപ്രശ്നമാക്കി അതിനെ മാറ്റാന്‍ അവര്‍ക്ക് വിവിധ ഘട്ടങ്ങളില്‍ വലിയ അളവ് സാധിക്കുകയും ചെയ്തു. ആ പ്രചരിപ്പിച്ചതെല്ലാം പച്ചക്കള്ളങ്ങളായിരുന്നെന്നാണ് സിബിഐ ചൊവ്വാഴ്ച കോടതിയില്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. സിബിഐയെയും നിയമത്തെയും ജനങ്ങളെയും കബളിപ്പിച്ചാണ് കുപ്രചാരണങ്ങളും കുറ്റപ്പെടുത്തലുമുണ്ടായതെന്ന് അന്വേഷണ ഏജന്‍സിക്കുതന്നെ സമ്മതിക്കേണ്ടിവന്നിരിക്കുന്നു.


കവിയൂര്‍ കേസില്‍ രാഷ്ട്രീയനേതാക്കള്‍ക്കും വിഐപികള്‍ക്കും ബന്ധമില്ലെന്നുമാത്രമല്ല, അങ്ങനെ ബന്ധമുണ്ടെന്ന് മൊഴികൊടുക്കാന്‍ കേസിലെ മുഖ്യപ്രതികളിലൊരാളായ ലതാനായരെ നിര്‍ബന്ധിച്ച ക്രൈം നന്ദകുമാറിനെതിരെ കേസെടുക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിബിഐ പറയുന്നു. രാഷ്ട്രീയനേതാക്കളുടെ പേര് പറയാന്‍ മുഖ്യപ്രതി ലതാനായര്‍ക്ക് ഒരുകോടി രൂപവരെ നന്ദകുമാര്‍ വാഗ്ദാനം ചെയ്തു എന്നാണ് സിബിഐ വ്യക്തമാക്കുന്നത്. നന്ദകുമാര്‍ നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ട, കോടതികളുടെ രൂക്ഷവിമര്‍ശത്തിന് വിധേയനായ വ്യവഹാരിയാണ്. ക്രൈം എന്ന പ്രസിദ്ധീകരണത്തിന്റെ മറവില്‍ പത്രാധിപര്‍ എന്ന് സ്വയം വിശേഷിപ്പിച്ച് അയാള്‍ നിരന്തരം അനാശാസ്യമായ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നുവെന്നതും രഹസ്യമല്ല. അങ്ങനെയൊരാള്‍, സിപിഐ എം നേതാക്കള്‍ക്കെതിരെ ഏറ്റവും നീചമായ ആരോപണമുന്നയിക്കാന്‍ വന്‍തുക ചെലവിടാന്‍ സന്നദ്ധനായി എന്ന് സിബിഐ കണ്ടെത്തിയത് നിസ്സാര സംഗതിയല്ല.


എവിടെനിന്നാണ് നന്ദകുമാറിന് ഇത്രയേറെ പണം സ്വരൂപിക്കാന്‍ കഴിയുന്നത്? ഒരു കേസ് വഴിതിരിച്ചുവിടാനാണ് ഒരുകോടി രൂപ വാഗ്ദാനംചെയ്തതെങ്കില്‍, എത്രയെത്ര കേസുകള്‍, ഏതെല്ലാം കോടതികളില്‍ നന്ദകുമാര്‍ ഇതേ രീതിയില്‍ നടത്തുന്നുണ്ട് എന്നുകൂടി പരിശോധിക്കണം. രാജ്യത്തെ ഏറ്റവും "ചെലവേറിയ" അഭിഭാഷകരാണ് ഇയാള്‍ക്കുവേണ്ടി പലപ്പോഴും കോടതികളില്‍ ഹാജരാകുന്നത്. ഒരു കൊച്ചു വാരികയുടെ പത്രാധിപര്‍ക്ക് താങ്ങാനാകുന്നതല്ല ഈ ചെലവ് എന്ന് വ്യക്തമാണ്. അതിനര്‍ഥം അയാള്‍ക്കുപിന്നില്‍ ഏതോ അദൃശ്യശക്തി പ്രവര്‍ത്തിക്കുന്നുണ്ട്, പണവും മറ്റു സഹായങ്ങളും നല്‍കുന്നുണ്ട് എന്നാണ്. ആ ശക്തിയെയാണ് പുറത്തുകൊണ്ടുവരേണ്ടത്. കവിയൂര്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ കോടതിയില്‍ ഇടക്കാലറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ""ഉന്നത രാഷ്ട്രീയക്കാര്‍ കുടുങ്ങുന്നതുവരെ പോരാടും"" എന്നാണ് നന്ദകുമാര്‍ തുടരന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ പ്രസ്താവിച്ചത്. ഇപ്പോള്‍ സിബിഐ കോടതിയില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഇവയൊക്കെയാണ്: ""കേസ് വഴിതിരിച്ചുവിടാനാണ് വീണ്ടും അന്വേഷണം ആവശ്യപ്പെടുന്നത്. പ്രതികളായി മറ്റു പലരുടെയും പേരുകള്‍ പറയാന്‍ ലതാനായരെ നിര്‍ബന്ധിച്ചിട്ടുണ്ട്. ചില നേതാക്കളുടെ മക്കളുടെ പേര് പറഞ്ഞാല്‍ ഒരുകോടിരൂപ നല്‍കാമെന്ന് പറഞ്ഞത് ജയിലില്‍ ലതാനായരെ സന്ദര്‍ശിച്ചപ്പോഴാണ്. തന്റെ കൈയില്‍ തെളിവുകളുണ്ടെന്ന് അവകാശപ്പെടുന്നതല്ലാതെ ഇതുവരെ തെളിവുകള്‍ നല്‍കിയിട്ടില്ല, കൃത്രിമത്തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതിന് നന്ദകുമാറിനെതിരെ കേസെടുക്കണം.


"" കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ആരുടെയോ ചട്ടുകമായി നിയമവ്യവസ്ഥയെ ക്രൂരമായി കബളിപ്പിച്ച് സമുന്നത രാഷ്ട്രീയനേതൃത്വത്തെയും ഇടതുപക്ഷത്തെയാകെയും തേജോവധംചെയ്യാന്‍ ഒരു കുബുദ്ധി പണവും മാധ്യമപിന്തുണയുമായി രംഗത്തിറങ്ങിയിരിക്കുന്നു. അക്കാര്യം ഗത്യന്തരമില്ലാതെ സിബിഐക്ക് തുറന്നുപറയേണ്ടിവന്നിരിക്കുന്നു. അങ്ങനെവരുമ്പോള്‍ സിബിഐയുടെ കര്‍ത്തവ്യം അവിടംകൊണ്ട് തീരുന്നില്ല. മറ്റു പല കേസുകളിലും സമാനമായ ഇടപെടലാണ് ഇതേ ശക്തികള്‍ നടത്തിയത്. അതിലൊന്ന് എസ്എന്‍സി ലാവ്ലിന്‍ കേസാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ആ കേസില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ രചിച്ച കള്ളക്കഥകളുടെയും സൃഷ്ടിച്ച കള്ളസാക്ഷികളുടെയും കള്ളത്തെളിവുകളുടെയും പിന്നാലെയാണ് സിബിഐ പോയത്. തന്റെ കൈയില്‍ തെളിവുകളുണ്ട് എന്ന് ആവര്‍ത്തിച്ചുപറഞ്ഞ് കേസന്വേഷണം സിപിഐ എമ്മിനെതിരെ തിരിച്ചുവിടാന്‍ അവിടെയും മുന്‍കൈയെടുത്തത് ഇതേ വ്യക്തിയാണ്.


ഏറ്റവുമൊടുവില്‍ ഒരു കള്ളസാക്ഷിയെ ഇറക്കുമതിചെയ്ത് വാര്‍ത്ത സൃഷ്ടിക്കാനും അയാള്‍ തയ്യാറായി. പ്രകടമായിത്തന്നെ മ്ലേച്ഛമായ ഈ ഇടപെടലുകള്‍ക്ക് വഴങ്ങുകയായിരുന്നു ലാവ്ലിന്‍ കേസില്‍ സിബിഐ. അങ്ങനെയാണ്, പിണറായി വിജയനെ, അദ്ദേഹം എന്തെങ്കിലും കുറ്റംചെയ്തതായി കണ്ടെത്താന്‍ സാധിക്കാതിരുന്നിട്ടും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഏജന്‍സി തയ്യാറായത്. കവിയൂര്‍ കേസിലെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍, ലാവ്ലിന്‍ കേസില്‍ ചെയ്തുകൂട്ടിയ തെറ്റുകള്‍ സിബിഐ തുറന്നുപറയാന്‍ സമയമായി. ക്രിമിനല്‍ ലക്ഷ്യത്തോടെ സൃഷ്ടിക്കുന്ന വ്യാജ തെളിവുകളുടെയും മൊഴികളുടെയും ഭരിക്കുന്ന കക്ഷിയുടെ ഹീനമായ ഇടപെടലുകളുടെയും ബലത്തില്‍ കെട്ടിപ്പൊക്കിയതാണ് ലാവ്ലിന്‍കേസ് എന്നതില്‍ വിവേകബുദ്ധിയുള്ള ആര്‍ക്കും സംശയമില്ല. ഇപ്പോള്‍ സിബിഐ തന്നെ, തങ്ങള്‍ വഞ്ചിക്കപ്പെടുന്ന വഴിയെക്കുറിച്ചും വഞ്ചകരെക്കുറിച്ചും തുറന്നുസമ്മതിക്കുമ്പോള്‍, അതേ മാര്‍ഗത്തിലൂടെ സൃഷ്ടിച്ച ലാവ്ലിന്‍ കേസിന്റെയും കാറ്റ് എന്നെന്നേക്കുമായി തീരുകയാണ്. കേസ് അട്ടിമറിക്കാന്‍ ക്രിമിനല്‍ ഇടപെടല്‍ നടത്തിയ വ്യക്തിക്കും അയാള്‍ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമെതിരെ ഒരുനിമിഷം പാഴാക്കാതെ നിയമനടപടിയെടുക്കാന്‍ സിബിഐ തയ്യാറാകണം.


തികച്ചും അടിസ്ഥാനരഹിതമായ ദുരാരോപണങ്ങള്‍ കെട്ടഴിച്ചുവിട്ട് സിപിഐ എമ്മിനെയും അതിന്റെ നേതൃത്വത്തെയും പ്രവര്‍ത്തകരെയും നിര്‍വീര്യമാക്കാമെന്നു കരുതിയവരും അതിനുള്ള കോടാലിക്കൈകളായവരും ജനങ്ങള്‍ക്കുമുന്നില്‍ കുറ്റം ഏറ്റുപറയണം. ഇങ്ങനെ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും പറഞ്ഞുറപ്പിക്കുകയും ചെയ്യുന്ന കെട്ടുകഥകള്‍ തിരിച്ചറിഞ്ഞ്, സിപിഐ എമ്മിനെതിരായ അത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ടിയെ സ്നേഹിക്കുന്നവരാകെ രംഗത്തിറങ്ങേണ്ട ഘട്ടമാണിത്. ഒരു ക്രിമിനല്‍ സ്വഭാവക്കാരന്റെ ചേഷ്ടകളല്ല, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള വന്‍ പദ്ധതിയുടെ നടത്തിപ്പായാണ് ഇതിനെ കാണേണ്ടത്. കവിയൂര്‍ കേസില്‍ ഉള്‍പ്പെട്ടു എന്ന് പ്രചരിപ്പിക്കപ്പെട്ട നിരവധി പേരുകളുണ്ട്. അവര്‍ക്ക് നേരിടേണ്ടിവന്ന വൈഷമ്യം ഊഹിക്കാവുന്നതേയുള്ളൂ. നിരപരാധികളായ അവരോടും കുടുംബാംഗങ്ങളോടും മാപ്പുപറഞ്ഞാല്‍ തീരുന്ന പ്രശ്നമല്ലിത്. വ്യാജ കഥകളുടെ പിന്നണിക്കാരെയും മുന്‍നിരക്കാരെയും ഒന്നാകെ തുറുങ്കിലടച്ചാല്‍ മാത്രമേ, അവരുടെ മുഖംമൂടി പിച്ചിച്ചീന്തിയെറിഞ്ഞാല്‍മാത്രമേ ഏറ്റവും കുറഞ്ഞ നീതിയെങ്കിലും നടപ്പാകൂ.

2012, ജൂലൈ 22

ഇതു പൂജയുടെ കാലം

കടുത്ത വരള്‍ച്ചമൂലം ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്നില്ലെന്ന് വിമര്‍ശം നേരിടേണ്ടി വന്ന കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ പ്രത്യേക പൂജക്കൊരുങ്ങുന്നു. ക്ഷേത്രങ്ങളില്‍ 18.5 കോടി രൂപ ചെലവില്‍ പ്രത്യേക പൂജ നടത്താന്‍ നിര്‍ദേശിച്ചുള്ള സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. പുതുതായി നിയമിതനായ ദേവസ്വം മന്ത്രി കോട്ട ശ്രീനിവാസ പൂജാരിയാണ് ഇക്കാര്യം അറിയിച്ചത്. മഴ ലഭിക്കുന്നതിന് ദേവസ്വം വകുപ്പിന് കീഴിലെ 37,000 ക്ഷേത്രങ്ങളില്‍ പൂജ നടത്താനാണ് നിര്‍ദേശം. ജൂലൈ 27 മുതല്‍ ആഗസ്റ്റ് രണ്ട് വരെ നടക്കുന്ന പൂജക്കായി ഓരോ ക്ഷേത്രത്തിനും 5000 രൂപ വീതമാണ് നല്‍കുക. അതേസമയം, സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഇത്രയും തുക ചെലവഴിച്ച് കുഴല്‍ക്കിണറുകള്‍ കുഴിക്കുകയാണെങ്കില്‍ വരള്‍ച്ച നേരിടുന്ന ഗ്രാമങ്ങളിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
മണ്‍സൂണ്‍ മഴ ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ 175 താലൂക്കുകളില്‍ 150 എണ്ണവും രൂക്ഷമായ വരള്‍ച്ചയുടെ പിടിയിലാണ്. ചൊവ്വാഴ്ച ദല്‍ഹിയിലെത്തി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ സന്ദര്‍ശിച്ച മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍, വരള്‍ച്ച നേരിടുന്നതിന് സംസ്ഥാനത്തിന് 2000 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

(കര്‍ണാടകക്കാരുടെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയും. )

2012, ജൂലൈ 19

മനുഷ്യനെ ഗിനിപ്പന്നികളാക്കരുത്


 വന്‍കിട ഔഷധനിര്‍മാണ കമ്പനികളുടെ മരുന്നു പരീക്ഷണവലയില്‍ കുടുങ്ങിയവരില്‍ കര്‍ണാടകയിലെ മലയാളി നേഴ്സിങ് വിദ്യാര്‍ഥികളും നേഴ്സുമാരും. വന്‍ തുക പ്രതിഫലത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ നിര്‍ധനകുടുംബങ്ങളില്‍ നിന്നുള്ള നിരവധി കുട്ടികള്‍ മരുന്നുപരീക്ഷണത്തിനുള്ള "ടെസ്റ്ററാ"യി. 50,000 രൂപ മുതല്‍ അഞ്ചുലക്ഷം രുപ വരെയുള്ള പ്രതിഫലത്തിന്റെ ആകര്‍ഷണത്തില്‍ കുട്ടികള്‍ വീണുപോകുകയാണ്. കോട്ടയം ചിങ്ങവനം സ്വദേശിയായ നേഴ്സിങ് വിദ്യാര്‍ഥി ലക്ഷക്കണക്കിനു രൂപ സമ്പാദിക്കുകയും കാര്‍ വാങ്ങുകയും ചെയ്തത് മാതാപിതാക്കള്‍ ചോദ്യംചെയ്തപ്പോള്‍ യുവാവ് വിവരങ്ങള്‍ തുറന്നു പറഞ്ഞു.

മെലിഞ്ഞിരുന്ന യുവാവ് ഇപ്പോള്‍ തടിച്ച നിലയിലാണ്. ഗോവയിലാണിപ്പോള്‍ ജോലി. കോട്ടയം, ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള നിരവധി നേഴ്സിങ് വിദ്യാര്‍ഥികള്‍ മരുന്നുപരീക്ഷണത്തിന് ഇരയായിട്ടുണ്ട്. ബിഎസ്സി നേഴ്സിങ് വിദ്യാര്‍ഥികളും ഈ കെണിയില്‍ വീഴുന്നു. ഹിമാചല്‍പ്രദേശ്, ഗോവ സംസ്ഥാനങ്ങളിലെ മരുന്നു നിര്‍മാണ കമ്പനികള്‍ക്കു വേണ്ടിയാണ് ബംഗളൂരു കേന്ദ്രമാക്കിയ ഏജന്റുമാര്‍ നേഴ്സിങ് വിദ്യാര്‍ഥികളെ വലയിലാക്കുന്നത്. "ടെസ്റ്റര്‍" മാസങ്ങളോളം മരുന്നുകമ്പനികളുടെ നിരീക്ഷണത്തിലാവും. പൂര്‍ണസമ്മതത്തോടെയാണ് ടെസ്റ്ററാവുന്നതെന്നും മരണം സംഭവിച്ചാല്‍ പോലും താന്‍ മാത്രമാണ് ഉത്തരവാദി എന്നും നൂറുരുപ മുദ്രപത്രത്തില്‍ വിദ്യാര്‍ഥികളില്‍നിന്ന് കമ്പനികള്‍ എഴുതിവാങ്ങും. മരുന്നിന് അപകടമില്ല എന്ന് വിദ്യാര്‍ഥികളെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ വിദഗ്ധരായ ഡോക്ടര്‍മാരെയും നിയോഗിക്കുന്നു. ബംഗളൂരുവിലെ വന്‍കിട ആശുപത്രികളും ക്ലിനിക്കുകളുമാണ് പലപ്പോഴും പരീക്ഷണശാലകള്‍. മരുന്നുല്‍പ്പാദന കമ്പനികളിലും വിദ്യാര്‍ഥികളെ കൊണ്ടുപോകാറുണ്ട്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ആന്റിബയോട്ടിക്കുകളുടെ പരീക്ഷണത്തിനാണ് കൂടുതലായും വിദ്യാര്‍ഥികളെ ഉപയോഗിക്കുന്നത്. ആരോഗ്യമുള്ളവരെയും കുറഞ്ഞവരെയും ഇതിനായി പരിഗണിക്കും. പുതിയ മരുന്ന് കണ്ടുപിടിക്കുമ്പോള്‍ മൂന്നാംഘട്ടത്തില്‍ മാത്രമേ മനുഷ്യനില്‍ പരീക്ഷിക്കാവൂ എന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശം. എന്നാല്‍, ഇവിടെ ഒന്നാംഘട്ടത്തില്‍ തന്നെയാണ് നേഴ്സിങ് വിദ്യാര്‍ഥികളിലെ പരീക്ഷണം. ഒന്നാം ഘട്ടത്തില്‍ എലി, മുയല്‍, നായ തുടങ്ങിയ മൃഗങ്ങളിലാണ് പരീക്ഷിക്കേണ്ടത്. ഇതു വിജയിച്ചാല്‍ രണ്ടാംഘട്ടമായി കുരങ്ങനില്‍ പരീക്ഷിക്കും. ഇതു വിജയിച്ചെന്ന് പൂര്‍ണ ബോധ്യം വന്നാല്‍ മാത്രം, എല്ലാ സുരക്ഷാ സംവിധാനവും ഒരുക്കി മനുഷ്യനില്‍ പരീക്ഷിക്കാവൂ എന്നാണ് നിര്‍ദേശം. അഞ്ചുവര്‍ഷം മുതല്‍ ഏഴുവര്‍ഷം വരെ സമയദൈര്‍ഘ്യമുള്ള പ്രക്രിയയാണിത്. ഇന്ത്യയില്‍ ഇപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ മാറുന്ന സ്ഥിതിയുണ്ട്. നാലുവര്‍ഷത്തിനുള്ളില്‍ 2032 പേര്‍ മരുന്ന്പരീക്ഷണങ്ങള്‍ക്ക് ഇരയായി മരിച്ചുവെന്ന് കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ സന്നദ്ധ സംഘടനകള്‍ സൂചിപ്പിച്ചിരുന്നു.

മനുഷ്യനെ ഗിനിപ്പന്നികളാക്കരുത് എന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയും ചെയ്തു. നേഴ്സിങ് ജോലിക്ക് സ്വകാര്യമേഖലയില്‍ 3000 രുപമുതല്‍ ഏഴായിരം രുപ വരെ മാത്രമാണ് വേതനം. ചെലവും കഴിഞ്ഞ് വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാന്‍ ഇതു തികയില്ല. സാമ്പത്തികഭാരവും വീട്ടിലെ ദാരിദ്ര്യവുമാണ് കുട്ടികള്‍ പരീക്ഷണത്തിന് വഴിപ്പെടാന്‍ കാരണം. വീട്ടുകാര്‍ പലപ്പോഴും ഇതറിയാറില്ല. ഉയര്‍ന്ന ശമ്പളമുള്ള ജോലി കിട്ടി എന്നാവും അവര്‍ കരുതുക. മരുന്നിന്റെ സ്വഭാവം അനുസരിച്ചാണ് പ്രതിഫലം. ഗുരുതരമായ പാര്‍ശ്വഫലമുണ്ടാകാനിടയുള്ള മരുന്നിന് കൂടുതല്‍ തുക ലഭിക്കും. നേഴ്സിങ് കോളേജ് അഡ്മിഷന്റെ ഏജന്റുമാര്‍ ഇതിന്റെയും ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നുണ്ട്. രാസവസ്തു-വളം മന്ത്രാലയത്തിനു കീഴിലെ കെമിക്കല്‍സ് ആന്റ് പെട്രോ കെമിക്കല്‍സ് വകുപ്പാണ് ഇന്ത്യയില്‍ മരുന്ന് നിര്‍മാണവും വിലനിര്‍ണയവും നിയന്ത്രിക്കുന്നത്. വിപണനം മാത്രമാണ് ആരോഗ്യവികുപ്പിനു കീഴില്‍. വിദേശ രാജ്യങ്ങളിലെല്ലാം മരുന്നു പരീക്ഷണത്തിന് മനുഷ്യനെ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. ഇതുമൂലം ബഹുരാഷ്ട്രകമ്പനികള്‍ ഇന്ത്യയിലേക്ക് വരുന്നുണ്ട്.

2012, ജൂലൈ 15

കള്ളപ്പരസ്യങ്ങള്‍

പൊലീസ് റെയ്ഡ് എന്നു പറഞ്ഞാല്‍ മാധ്യമങ്ങള്‍ അടങ്ങിയിരിക്കാറില്ല. സംസ്ഥാന വ്യാപക റെയ്ഡാണെങ്കില്‍ പറയാനുമില്ല. മുമ്പ് വ്യാജ സീഡികള്‍ക്കായി ഏതാനും സ്ഥലങ്ങളില്‍ ഋഷിരാജ് സിങ്ങിന്‍െറ പൊലീസ് സംഘം നടത്തിയ വേട്ട വലിയൊരു സംഭവമാക്കിയത് മാധ്യമങ്ങളാണ്.

മേയ് 10ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ഏതാനും ‘‘മരുന്നു’’ കമ്പനികളുടെ നിര്‍മാണകേന്ദ്രങ്ങളിലും (തലശ്ശേരി, കണ്ണൂര്‍, മൂവാറ്റുപുഴ, കൊച്ചി, കൂത്താട്ടുകുളം) മൊത്തവില്‍പന കേന്ദ്രങ്ങളിലും (തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട്) ഒരേസമയം റെയ്ഡ് നടത്തി. ഇന്ദുലേഖ ഭൃംഗ കംപ്ളീറ്റ് ഹെയര്‍ കെയര്‍ ഓയില്‍, ധാത്രി ഫെയര്‍ സ്കിന്‍ ക്രീം, ശ്രീധരീയം സ്മാര്‍ട്ട്ലീന്‍ എന്നീ ഉല്‍പന്നങ്ങളുടെ തെറ്റുധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരില്‍ കമ്പനികള്‍ക്കെതിരെ കേസെടുത്തു.

മുടി ശാസ്ത്രീയമായി പുതുതായി വളര്‍ത്താന്‍പോന്ന ഹെയര്‍ ഓയില്‍, തൊലി വെളുപ്പിക്കുന്ന ലേപനം, ‘‘ശാസ്ത്രീയമായി തെളിയിക്കപ്പെട്ട’’ മെലിച്ചില്‍ മരുന്ന്, തലയോട്ടിക്ക് തണുപ്പു നല്‍കി പിരിമുറുക്കം ഇല്ലാതാക്കുന്ന എണ്ണ തുടങ്ങിയ വ്യാജ അവകാശവാദങ്ങള്‍ പരസ്യങ്ങളിലുണ്ടായിരുന്നു.
പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ മാധ്യമങ്ങള്‍ എന്തു ചെയ്തു? റെയ്ഡിന്‍െറയും കേസിന്‍െറയും വാര്‍ത്ത പലരും കണ്ടില്ലെന്നുവെച്ചു. വിവരം കിട്ടാത്തതല്ല; ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പില്‍നിന്ന് ഔദ്യാഗികമായിത്തന്നെ വാര്‍ത്ത നല്‍കിയിരുന്നു. പ്രാദേശികതലത്തിലും മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ കിട്ടി.
മാത്രമല്ല, കെ.പി.എം. ബഷീര്‍ ചൂണ്ടിക്കാണിക്കുന്നപോലെ, ഡിപ്പാര്‍ട്മെന്‍റ് വെബ്സൈറ്റില്‍ തന്നെ റെയ്ഡ് വിവരം പ്രസിദ്ധപ്പെടുത്തിയതിനാല്‍ അപകീര്‍ത്തിക്കേസിനെ ഭയക്കാതെ വാര്‍ത്തകൊടുക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുമായിരുന്നു. എന്നിട്ടും പലരും അത് ‘‘കാണാതെ’’ പോയതിന് കാരണം വ്യക്തമാണ്. ആ വ്യാജപരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തി നേട്ടം കൊയ്തത് ഇതേ മാധ്യമങ്ങളാണല്ലോ.
കള്ളപ്പരസ്യങ്ങള്‍ ഏറ്റവും കൂടുതല്‍ കൊടുക്കുന്ന ചാനലുകളാവണം റെയ്ഡ് വാര്‍ത്ത ഏറ്റവും കുറച്ചുകൊടുത്തത്. റെയ്ഡിന്‍െറ വാര്‍ത്തയോ (മേയ് 11) കേസ് കൊടുത്ത വാര്‍ത്തയോ (മേയ് 15) മുന്‍നിര പത്രങ്ങള്‍ ചേര്‍ത്തതേയില്ല. (അതേസമയം, മേയ് 14ന് മലയാള മനോരമയുടെ മുന്‍പേജില്‍ ധാത്രി കമ്പനിയുടേതായി മറ്റൊരു പരസ്യമുണ്ടായിരുന്നു.)

വ്യാജങ്ങളുടെ പ്രചാരകര്‍
ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് ഒബ്ജക്ഷനബ്ള്‍ അഡ്വര്‍ടിസ്മെന്‍റ്സ്് ആക്ട് (1954) പ്രകാരം, നിയമത്തില്‍ എടുത്തുപറഞ്ഞ അറുപതോളം രോഗങ്ങള്‍ക്കും രോഗ ഇനങ്ങള്‍ക്കുമുള്ള മരുന്നെന്ന നിലക്ക് ഉല്‍പന്നങ്ങളുടെ നേരിട്ടുള്ള പരസ്യങ്ങള്‍ പാടില്ല. രോഗികള്‍ യോഗ്യരായ ഡോക്്ടര്‍മാരെ കണ്ട് അവര്‍വഴി മാത്രമേ ചികിത്സ നടത്താവൂ.
നിയമവിരുദ്ധ പരസ്യം നല്‍കുന്ന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും ഉല്‍പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനും വകുപ്പുണ്ട്.
പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്ന മാധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ ധാര്‍മിക ബാധ്യത ഇല്ലേ? കമ്പനികള്‍ നല്‍കുന്ന അവകാശവാദങ്ങള്‍ ഉത്തമവിശ്വാസത്തില്‍ പ്രസിദ്ധപ്പെടുത്തുന്നതാണെന്ന് പറയാനാവുമോ?
ആംവേപോലുള്ള കമ്പനികള്‍ വന്‍ പരസ്യങ്ങള്‍ നല്‍കി മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്തുന്നുണ്ട്. ‘‘ഡോക്ടേഴ്സ് ടീ’’ എന്ന പേരില്‍ ‘‘ഔധച്ചായ’’ എന്ന അവകാശവാദത്തോടെ, വണ്ണം കുറക്കാനുള്ള ഒരു മരുന്നിന്‍െറ പരസ്യം അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളെ കീഴടക്കിയത് അടുത്താണ്. കഴിച്ചവര്‍ ‘‘അധ്വാനം കൂടാതെ’’ മെലിഞ്ഞു എന്നത് ശരി. പക്ഷേ, അത് അസ്വാഭാവികമായി ശരീരജലം ഇല്ലാതാക്കിക്കൊണ്ടായിരുന്നു. വൃക്കകള്‍ കേടുവരാന്‍ ഇത് ഇടയാക്കുമെന്ന് മനസ്സിലായപ്പോഴേക്കും ഒരുപാടു പേര്‍ വല്ലാതങ്ങ്് മെലിഞ്ഞുകഴിഞ്ഞിരുന്നു -അവരുടെ കീശയും.
കുന്നത്ത് ഫാര്‍മയുടെ ‘‘മുസ്ലി എക്സ്ട്രാ’’ക്കെതിരായ കേസിനും, അവരുടെ പരസ്യപ്രളയത്തിനിടക്ക് ഒരു കൊച്ചു ഓളംപോലും ആകാന്‍ കഴിഞ്ഞില്ല.
പരസ്യം വ്യാജമാണെന്നും നിയമവിരുദ്ധമാണെന്നും ബോധ്യപ്പെട്ടശേഷംപോലും സ്വമേധയാ അത് ഉപേക്ഷിക്കാന്‍ തയാറുള്ള മാധ്യമങ്ങള്‍ നന്നേ കുറവാണ്. വീട്ടില്‍ പണത്തിന്‍െറ കുന്ന് വരുത്താന്‍ ത്രാണിയുള്ള ‘ധനലക്ഷ്്മി യന്ത്രം’ തകിടിന്‍െറയും, വിഘ്നങ്ങളും ദോഷങ്ങളും ഇല്ലാതാക്കാന്‍പോന്ന ‘ശനിദോഷയന്ത്രം’ തകിടിന്‍െറയും, ഏതസുഖവും ഇല്ലാതാക്കി സൗഖ്യംതരുന്ന ‘അറബിമാന്ത്രികം ഏലസി’ന്‍െറയും, സന്ധിവേദനകള്‍ സുഖപ്പെടുത്തുന്ന ‘മന്ത്ര എണ്ണ’യുടെയും, അവയവങ്ങള്‍ വലുതാക്കുന്ന മാന്ത്രികലേപനങ്ങളുടെയും, കുട്ടികളുടെ ഉയരം വര്‍ധിപ്പിക്കുന്ന ആരോഗ്യപാനീയങ്ങളുടെയും, ഓര്‍മശക്തി പെരുപ്പിക്കുന്ന അദ്ഭുത ലേഹ്യങ്ങളുടെയുമൊക്കെ പരസ്യങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് അതെല്ലാം ശരിയാവാനിടയില്ല എന്നറിഞ്ഞുതന്നെയാണല്ലോ.
പല വ്യാജമരുന്നുകളും ദുര്‍ബലമനസ്കരില്‍ മൂഢവിശ്വാസങ്ങള്‍ വളര്‍ത്താനുള്ള ഉപായങ്ങളാകുന്നുമുണ്ട്. നിയമപരമായി നിഷിദ്ധം മാത്രമല്ല, തീര്‍ത്തും അവാസ്്തവമെന്ന് പത്രാധിപര്‍ക്കുവരെ ബോധ്യമുള്ളതുമായ എത്രയെത്ര പരസ്യങ്ങളാണ് നമ്മുടെ പ്രമുഖ പത്രങ്ങളിലും ചാനലുകളിലും വരുന്നത്!
ഇത്തരം മൂഢവിശ്വാസങ്ങളും വ്യാജ അവകാശവാദങ്ങളും പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ് മാതൃഭൂമിയുടെ ക്ളാസിഫൈഡ് പരസ്യങ്ങള്‍. പത്രത്തിന്‍െറ സകല വിശ്വാസ്യതയും തകര്‍ക്കാന്‍ പോന്നതായിട്ടും അതില്‍ വന്നുകൊണ്ടിരിക്കുന്ന ഏതാനും പരസ്യസാമ്പിളുകള്‍ ഇങ്ങനെ:
‘‘അദ്ഭുതശക്തി നിറഞ്ഞ വശ്യ ഏലസ്സ്. വശീകരണത്തിന് അത്യുത്തമം...’’; ‘‘സകല ഉപദ്രവങ്ങളില്‍നിന്നും രക്ഷിക്കുകയും ശത്രുക്കളെ നശിപ്പിക്കുകയും തൊഴില്‍-ധന-കുടുംബസൗഖ്യത്തെയും പ്രദാനം ചെയ്യുകയും...’’; ‘‘ഖുറാന്‍ ഇസ്മ് കര്‍മം: വിവാഹം, വസ്തുവില്‍പന, വശ്യം, ദാമ്പത്യം, ജോലി, ഗള്‍ഫ്യാത്ര, കാര്യസാധ്യതയ്ക്കും, ഫലം കിട്ടുന്നതുവരെയും നേര്‍ച്ചകൂടും തകിടും...’’; ‘‘നിങ്ങളുടെ ഏതു പ്രശ്നങ്ങള്‍ക്കും ഉടന്‍ പരിഹാരം...’’; ‘‘എല്ലാ പ്രശ്നങ്ങള്‍ക്കും ധനാഭിവൃദ്ധി, വസ്തുവില്‍പന, വശ്യം... ___മുസ്ള്യാര്‍.’

2012, ജൂലൈ 9

പ്രതിപ്പട്ടികയിലെ എഴുത്തുകാര്‍-അശോകന്‍ ചരുവില്‍

(പഴയതെങ്കിലും കാലിക പ്രസക്തിയുള്ളതിനാൽ ഈ ലേഖനം വീണ്ടും പ്രസിദ്ധീകരിക്കുന്നു) 



സാഹിത്യ പത്രപ്രവര്‍ത്തനത്തിന് മലയാളത്തില്‍ സുദീര്‍ഘമായ ചരിത്രമാണുള്ളത്. നമ്മുടെ സംസ്കാരത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നതില്‍ ക്രീയാത്മകമായി ഇടപെട്ട നിരവധി പത്രാധിപന്മാരുണ്ട്. കേസരിയും എന്‍.വിയും എം.ടിയും കെ.ബാലകൃഷ്ണനും കാമ്പിശ്ശേരിയും എം.എന്‍.കുറുപ്പും അങ്ങനെ നിരവധി പേര്‍. അക്കൂട്ടത്തില്‍ ഒരാളായിട്ടാണ് സമകാലിക മലയാളം വാരിക പത്രാധിപര്‍ എസ്.ജയചന്ദ്രന്‍ നായരെ ഞാന്‍ കണക്കാക്കുന്നത്. കലാകൌമുദിയുടെ പ്രകാശനത്തിലൂടെ എന്‍.ആര്‍.എസ്.ബാബുവും ഒന്നിച്ച് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവിസ്മരണീയമാണ്. എന്റെ തലമുറയുടെ സാഹിത്യ ജീവിതത്തില്‍ അദ്ദേഹത്തോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണ്. അതുകൊണ്ടു തന്നെ പ്രഭാവര്‍മ്മയുടെ 'ശ്യാമമാധവം' എന്ന കവിതയുടെ പ്രസിദ്ധീകരണം നിറുത്തി വെക്കുന്നതായുള്ള അദ്ദേഹത്തിന്റെ പത്രാധിപക്കുറിപ്പു വായിച്ചപ്പോള്‍ വളരെ സങ്കടം തോന്നി.
             ഇത് ജയചന്ദ്രന്‍ നായരുടെ വ്യക്തിനിഷ്ടമായ ഒരു വൈകാരിക നടപടിയാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ന്യ ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രശൃംഖലയുടെ ഭാഗമായി അദ്ദേഹം പുറത്തിറക്കുന്ന സമകാലിക മലയാളം വാരിക അടക്കം കേരളത്തിലെ പ്രധാന പത്ര ദൃശ്യമാധ്യമങ്ങള്‍ കൂട്ടായി എടുത്തുപോരുന്ന രാഷ്ട്രീയ നീക്കത്തില്‍ ഉള്‍പ്പെട്ടതാകാനാണ് സാധ്യത. ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് പ്രഭാവര്‍മ്മ ദേശാഭിമാനിയില്‍ എഴുതിയ ലേഖനങ്ങളുടെ പേരിലാണല്ലോ ഈ 'കവിതാ വിലക്ക്' ഉണ്ടായത്. 'ചന്ദ്രശേഖരന്റെ കൊലപാതകത്തെ പരോക്ഷമായെങ്കിലും ന്യായീകരിച്ച ഒരാളുടെ കവിത തുടര്‍ന്ന് പ്രസിദ്ധീകരിക്കാന്‍ കഴിയില്ല' എന്നാണ് പത്രാധിപര്‍ തന്റെ കുറിപ്പില്‍ രേഖപ്പെടുത്തിയത്. ദേശാഭിമാനിയിലെ വര്‍മ്മയുടെ ലേഖനങ്ങള്‍ അന്നന്ന് വായിച്ച ഒരാളാണ് ഈ ലേഖകന്‍. കൊലപാതകത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിക്കുന്ന ഒരു വാക്കോ വാചകമോ എനിക്ക് അതില്‍ കാണാന്‍ കഴിഞ്ഞില്ല. മാത്രമല്ല മനുഷ്യഹൃദയമുള്ള എല്ലാവരേയും പോലെ ആ വധത്തെ പ്രഭാവര്‍മ്മ അപലപിക്കുന്നുമുണ്ട്. പിന്നെ എന്താണ് പ്രശ്നം? ഈ കൊലപാതകത്തെക്കുറിച്ച് കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ തങ്ങളുടേതായ നിലയില്‍ ഒരന്വേഷണം നടത്തുകയും കുറ്റവാളികളെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മാധ്യമാധിപത്യത്തിന്റേതായ ഈ കാലഘട്ടത്തില്‍ ഞങ്ങളെ എതിര്‍ക്കാനും തിരുത്താനും ഇവനാര്? എന്നതാണ് ചോദ്യം.
മലയാള പത്രങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുകയും ചാനലുകള്‍ കാണുകയും ചെയ്യുന്ന ഒരാള്‍ക്ക് സാമാന്യബുദ്ധി എന്നൊന്നുണ്ടെങ്കില്‍ അവയിലൂടെ വെളിപ്പെടുന്ന അന്വേഷ്ണാത്മക വിവരങ്ങള്‍ ഉപ്പുകൂട്ടാതെ വിഴുങ്ങുക സാധ്യമല്ല. പത്രങ്ങളുടെ രാഷ്ടീയച്ചായവ് പകല്‍വെളിച്ചം പോലെ വ്യക്തമാണ്. കേരളത്തില്‍ രാഷ്ട്രീയപാര്‍ടികള്‍ക്കുള്ളതിനേക്കാള്‍ കടുത്ത കൃത്യമായ രാഷ്ടീയം പത്രങ്ങള്‍ക്കാണുള്ളതെന്ന് വിവേകമുള്ളവര്‍ക്കറിയാം. സംഗതി ഇടതുപക്ഷത്തിനെതിരാണെങ്കില്‍ എന്തും പറയാം എന്നാണ് ന്യായം. ഇത് ഇന്നലത്തെ കൊലപാതകത്തിനു ശേഷം തുടങ്ങിയതല്ല. ടി.പി.ചന്ദ്രശേഖരന്റെ ശരീരത്തില്‍ നരാധമന്മാരായ കൊലപാതകികള്‍ വെട്ടിയതുപോലെ പത്രങ്ങള്‍ ചില രാഷ്ട്രീയപാര്‍ട്ടികളെ ആവര്‍ത്തിച്ചു വെട്ടിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും അരിശം തീരാതെ അവര്‍ മുക്രയിടുകയും ചെയ്യുന്നു. മൂത്തൂറ്റ് പോള്‍ വധക്കാലത്ത് പത്രങ്ങള്‍ മെനഞ്ഞുണ്ടാക്കിയ കഥകളും അവര്‍ സൃഷ്ടിച്ച പ്രതികളും പീന്നീട് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രവും ജനങ്ങളുടെ മനസ്സിലുണ്ട്. സാമ്രാജ്യത്ത ആഗോളവല്‍ക്കരണം അഴിച്ചുവിട്ട സാംസ്കാരിക യുദ്ധത്തിന്റെ മുന്‍നിരയിലാണ് ഇന്ന് പത്രങ്ങള്‍ നിലയുറപ്പിച്ചിട്ടുള്ളത്. കേരളത്തില്‍ നടന്ന സാമൂഹ്യ പരിവര്‍ത്തനത്തില്‍ നഷ്ടം സംഭവിച്ച പഴയ ഫ്യൂഡല്‍ പ്രമാണി വര്‍ഗ്ഗത്തിലെ പുതു തലമുറയെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് അവര്‍ യുദ്ധകാഹളം മുഴക്കുന്നത്. സാമൂഹ്യനീതിക്കും, പൊതുവിദ്യാഭ്യാസത്തിനും വേണ്ടി കേരളീയര്‍ സമീപകാലത്ത് നടത്തിയ മുന്നേറ്റങ്ങളിലൊന്നും മാധ്യമങ്ങള്‍ കൂടെ നിന്നിട്ടില്ല. വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ നിലപാട് സ്വീകരിക്കാനും അവര്‍ തയ്യാറായിട്ടില്ല.
പ്രഭാവര്‍മ്മ മാത്രമല്ല ഈ യുദ്ധത്തില്‍ സമീപകാലത്ത് മുറിവേറ്റത്. കഴിഞ്ഞ ഒരു മാസത്തിനിടക്ക് മലയാളത്തിലെ പ്രതിഭാധനരായ എഴുത്തുകാരെല്ലാം ക്രൂരമായി അപമാനിക്കപ്പെട്ടു. ജ്ഞാനപീഠം ജേതാക്കളായിരുന്നു ആദ്യത്തെ ഇരകള്‍. എം.ടി.യും, ഒ.എന്‍.വിയും. പിന്നെ സുഗതകുമാരി, എം.മുകുന്ദന്‍, പെരുമ്പടവം, സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വൈശാഖന്‍. വാക്കു കൊണ്ടുള്ള കല്ലേറ്. പൂരപ്പാട്ട്. അശ്ളീല പരാമര്‍ശങ്ങള്‍. പതിവുപോലെ മരക്കവി, ദന്തഗോപുരവാസി, അവാര്‍ഡിനു വേണ്ടി ഇരന്നു നടക്കുന്നവന്‍, അക്കാദമിയുടെ തിണ്ണ നിരങ്ങുന്നവന്‍, എല്ലിന്‍ കഷണം കടിച്ചു പിടിക്കന്നവന്‍, ഇലനക്കിപ്പട്ടി, ചിറിനക്കിപ്പട്ടി അങ്ങനെ നിരവധി വിശേഷണങ്ങള്‍. പാവപ്പെട്ട മൃഗങ്ങളുടെ പേരുപയോഗിച്ചും എഴുത്തുകാര്‍ തെറിയഭിഷേകം ചെയ്യപ്പെട്ടു. മാധ്യമങ്ങളുടെ അതീവ പരിലാളനയോടെയാണ് ഈ ആക്ഷേപങ്ങളെല്ലാം ഉന്നയിക്കപ്പെട്ടത്. തങ്ങള്‍ പറയുംവിധം പ്രതികരിക്കണമെന്നാവശ്യപ്പെട്ട് ഫോണിലൂടെയുള്ള ഭീഷണിയും ഉണ്ടായി. എന്തു കുറ്റമാണ് കേരളത്തിലെ എഴുത്തുകാര്‍ ചെയ്തത്?
പത്രസ്ഥലവും അവസരവും ദൃശ്യമാധ്യമ പരിഗണനയുമുള്ള എഴുത്തുകാര്‍ എല്ലാവരും ടി.പി.ചന്ദ്രശേഖരന്റെ വധത്തെ അതിനകം അപലപിച്ചിരുന്നു. ചിലര്‍ പ്രസംഗങ്ങളിലൂടെയും ചിലര്‍ ലേഖനങ്ങളിലൂടെയും പ്രതികരിച്ചു. പക്ഷേ അത്തരം സ്വതന്ത്രമായ പ്രതികരണങ്ങളല്ല പത്രങ്ങള്‍ ആഗ്രഹിച്ചത്. വീണുകിട്ടിയ ഈ അവസരം ഉപയോഗിച്ച് തങ്ങള്‍ നടത്തുന്ന രാഷ്ട്രീയ യുദ്ധത്തില്‍ എഴുത്തുകാര്‍ കക്ഷിചേരുന്നില്ല എന്നായിരുന്നു അവരുടെ ആരോപണം. ഇതിന്റെ മറവില്‍ ബംഗാളിലെ നന്ദിഗ്രാമിനെ തുടര്‍ന്നുണ്ടായതു പോലെ ഒരു രാഷ്ടീയ മാറ്റത്തിന് എഴുത്തുകാര്‍ കൂട്ടുനില്‍ക്കണമെന്നാണ് അവര്‍ ആഗ്രഹിച്ചത്.
ഒഞ്ചിയത്തെ കൊലപാതകത്തെ വ്യക്തമായ ഭാഷയില്‍ അപലപിച്ചവരില്‍ ഒരാളാണ് ഈ ലേഖകന്‍. വാര്‍ത്ത അറിഞ്ഞയുടനെ ഫേസ്ബുക്കിലെ എന്റെ കോളത്തില്‍ ഇങ്ങനെ എഴുതി: 'എറ്റവും ദുഖകരമായ ദിവസം'. ഇന്റര്‍നെറ്റ് മാസികകളിലെ കോളങ്ങളില്‍ തുടര്‍ന്ന് എഴുതി: 'ചന്ദ്രശേഖരനല്ല കൊലയാളികളുടെ ആത്യന്തിക ലക്ഷ്യം എന്നു വ്യക്തമാണ്. കേരളത്തിലെ രാഷ്ടീയ കാലാവസ്ഥ അട്ടിമറിക്കുക എന്നതാവണം ഉദ്ദേശം. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ അന്വേഷണത്തിലൂടെ മറഞ്ഞു കിടക്കുന്ന സത്യം എത്രയും വേഗം പുറത്തു വരണമെന്ന ആഗ്രഹം കേരളത്തിലെ നീറുന്ന ഇടതുപക്ഷ മനസ്സാക്ഷയുടേതാണ്. മറ്റെല്ലാവരും ആഘോഷലഹരിയിലാണ്. കൊലയാളികള്‍ ആരായാലും ഏതു കുപ്പായം ധരിക്കുന്നവരായാലും അവര്‍ കേരളത്തിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന്റെ കൊടിയ ശത്രുക്കളാണ്. ഇടതുപക്ഷ പ്രസ്ഥാനം പാടെ തകര്‍ന്നു കാണണമെന്നാണ് അവരുടെ ആഗ്രഹം. കോര്‍പ്പറേറ്റ് മൂലധനവും വലതുപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും കാല്‍നൂറ്റാണ്ടുകൊണ്ടു ശ്രമിച്ചിട്ടും സാധിക്കാത്ത ഒരു ദൌത്യം അവര്‍ ഒറ്റകൃത്യം കൊണ്ട് സാധിച്ചു. പാര്‍ടിയെ തകര്‍ക്കുന്നവരെ അങ്ങനെ വിളിക്കാമെങ്കില്‍ ഇവരാണ് ഏറ്റവും വലിയ കുലംകുത്തികള്‍. ഇരയുടെ ആത്മാവിലാണ് ഇന്ന് ശത്രു യുദ്ധത്താവളങ്ങള്‍ നിര്‍മ്മിക്കുന്നത്.'
പ്രഭാവര്‍മ്മയുടെ കാര്യത്തല്‍ എന്ന പോലെ തികച്ചും സ്വതന്ത്രമായ ഈ വിശകലനങ്ങള്‍ക്കും രൂക്ഷമായ കടന്നാക്രമണങ്ങളെയാണ് നേരിടേണ്ടി വന്നത്. തങ്ങള്‍ പടുത്തുയര്‍ത്തിയ ഭാവനാ സാമ്രാജ്യത്തെ തുരങ്കം വെക്കാന്‍ വന്ന ഒരാളെന്ന നിലയില്‍ അവര്‍ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചു. സച്ചിദാനന്ദന്‍, വൈശാഖന്‍, രാവുണ്ണി എന്നിവര്‍ക്കൊപ്പം ഈ ലേഖകനേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സി.ആര്‍.പരമേശ്വരന്‍ തൃശ്ശൂരില്‍ പ്രസംഗിച്ചു. ഇടതുപക്ഷത്തെ കടന്നാക്രമിക്കാന്‍ മാത്രം പേനയെടുക്കുന്ന ഈ ബുദ്ധിജീവിയുടെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമാണ് പത്രങ്ങള്‍ നല്‍കിയത്.
സമകാലിക മലയാളം വാരികയുടെ നടപടി പുരോഗമന പക്ഷത്തു നില്‍ക്കുന്ന എഴുത്തുകാര്‍ക്കുള്ള ഒരു താക്കീതായി കണക്കാക്കണം. സംസ്കാരത്തിന്റെ സംവിധായകര്‍ തങ്ങളാണെന്നും വിയോജിക്കുന്നവര്‍ ബഹിഷ്കരിക്കപ്പെടുമെന്നും ഉള്ള താക്കീത്. ഇടതുപക്ഷ അനുഭാവം പ്രകടിപ്പിക്കുന്ന എഴുത്തുകാര്‍ക്ക് മുഖ്യധാരയില്‍ ലഭിക്കുന്ന പരിഗണനയില്‍ അസഹിഷ്ണത പുലര്‍ത്തുന്ന ഒരു വലിയ പക്ഷമുണ്ട്. പുരസ്കാരങ്ങള്‍ കൊണ്ട് വഴി നടക്കാന്‍ വയ്യാത്ത കാലമാണല്ലോ ഇത്. ഏതു ശരാശരി എഴുത്തുകാരനും എങ്ങനെ ഒഴിഞ്ഞും മാറിയും നടന്നാലും ഒരു അവാര്‍ഡെങ്കിലും തരപ്പെടും എന്ന സ്ഥിതിയുണ്ട്. പക്ഷേ പുരോഗമന പക്ഷത്തു നില്‍ക്കുന്ന ഞങ്ങള്‍ക്ക് കഷ്ടകാലത്തിന് ഒരു അവാര്‍ഡ് കിട്ടിയാല്‍ അതറിഞ്ഞ് മുഖം കറുക്കുന്നവരുണ്ട്. ഞങ്ങളുടെ കഥകളും കവിതകളും പ്രധാനപ്പെട്ട മാസികകളില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതും, ശ്രദ്ധാലുക്കളായ ചില നിരൂപകര്‍ അവയെപ്പറ്റി പരാമര്‍ശിക്കുന്നതും കണ്ട് രാത്രിയില്‍ ഉറക്കമില്ലാതെ ജീവിക്കുന്ന സുഹൃത്തുക്കളുണ്ട്. ഞങ്ങളോടുള്ള വ്യക്തിപരമായ വിരോധമല്ല അവരെ നയിക്കുന്നത്. ഞങ്ങള്‍ക്കു കിട്ടുന്ന പ്രസിദ്ധിയും പരിഗണനയും കേരളത്തിലെ പുരോഗമന പക്ഷത്തിന് നേട്ടമാവുമോ എന്നാണ് അവരുടെ ഉള്‍ഭയം.
പക്ഷേ അവര്‍ ഒരു കാര്യം ഓര്‍മ്മിക്കണം. സിംഹാസനങ്ങളോ പട്ടും വളയുമോ പ്രതീക്ഷിച്ചല്ല ഒരെഴുത്തുകാരന്‍ മനുഷ്യപക്ഷത്തു നിലകൊള്ളുന്നത്. അത് സര്‍ഗ്ഗത്മകമായ ഒരു അനിവാര്യതയാണ്. മറിച്ചായാല്‍ സ്വയം റദ്ദു ചെയ്യേണ്ടി വരും. (വൈകാരികമായ എടുത്തുചാട്ടംകൊണ്ട് സ്വയമറിയാതെ വലതുപക്ഷക്യാമ്പില്‍ അകപ്പെട്ട എന്‍.പ്രഭാകരനും സി.വി.ബാലകൃഷ്ണനും രചനാപരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു.) ഈ ലേഖകന്‍ വായിച്ച് ലോകം കണ്ടു തുടങ്ങുന്ന കാലത്തെ സ്ഥിതി ഓര്‍മ്മയുണ്ട്. കമ്യൂണിസ്റ്റു പാര്‍ടി പിളര്‍ന്ന കാലമാണത്. പുരോഗമന സാഹിത്യ പ്രസ്ഥാനവും സംഘടന എന്ന നിലക്ക് നാമാവശേഷമായിരുന്നു. ഇന്ത്യാ ചൈനാ യുദ്ധം നടക്കുന്ന കാലം. ഒരു ചൈനാച്ചാരന്റെ മകന്‍ എന്ന നിലയില്‍ അപമാനിതനായിട്ടാണ് ഞാനന്ന് സ്കൂളില്‍ പോയിരുന്നത്. ജനകീയ സാഹിത്യ സദസ്സുകളും വായനശാലകളും കലാവതരണങ്ങളും സജീവം. ഇടതുപക്ഷ അനുഭാവികളായ എഴുത്തുകാരും ഉണ്ടായിരുന്നു. പക്ഷേ അന്നത്തെ മുഖ്യധാര അവരെയെല്ലാം പാടെ ബഹിഷ്കരിച്ചു. പ്രധാനപ്പെട്ട പത്രങ്ങളിലും മാസികകളിലും ഒരിഞ്ചു സ്ഥലംപോലും അവര്‍ക്ക് അനുവദിക്കപ്പെട്ടിരുന്നില്ല. പൊതുവേദികളില്‍ അവര്‍ അപമാനിക്കപ്പെട്ടിരുന്നു. ചകിരിപ്പണിക്കാരുടെ കഥയെഴുതി എന്ന കുറ്റത്തിന് എന്റെ നാട്ടുകാരനായ ഡി.എം.പൊറ്റക്കാട് അന്നത്തെ സാഹിത്യ തമ്പുരാക്കന്മാരില്‍ നിന്ന് അനുഭവിച്ച അവഗണന നിസ്സാരമല്ല. കെടാമംഗലം പപ്പുക്കുട്ടി, കെ.പി.ജി.നമ്പൂതിരി അങ്ങനെ അനുഗ്രഹീതരായ ഒരുപാട് കവികള്‍ ബഹിഷ്കൃതരായിരുന്നു. ഇന്നു കേരളം ആവേശത്തോടെ വീണ്ടും വീണ്ടും വായിക്കുന്ന ചെറുകാടിന്റെ ഏതെങ്കിലും ഒരു കൃതിയോ, അദ്ദേഹത്തെക്കുറിച്ചുള്ള ഒരു പരാമര്‍ശമോ നമ്മുടെ മികച്ച പ്രസിദ്ധീകരണങ്ങളില്‍ ഞാന്‍ വായിച്ചിട്ടില്ല. കെങ്കേമമായി എസ്.പി.സി.എസ്. പ്രവര്‍ത്തിക്കുന്ന കാലമായിരുന്നല്ലോ അത്. പിന്നീട് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയ തന്റെ 'ജീവിതപ്പാത' ഓരോ പേജും അരിച്ചു പെറുക്കി പ്രൂഫ് വായിച്ച് സ്വന്തം നിലക്കാണ് അദ്ദേഹം പ്രസിദ്ധപ്പെടുത്തിയത്. തന്റെ ചുമലില്‍ തൂക്കിയിട്ടു നടന്നാണ് അദ്ദേഹം അത് വിറ്റഴിച്ചത്.
അക്കാലത്ത് ദേശാഭിമാനിയുടെ ഓണപ്പതിപ്പിനു വേണ്ടി കവിത ചോദിച്ച എം.എന്‍.കുറുപ്പിനോട് ഒരു വരേണ്യ കവി ഇങ്ങനെ പറഞ്ഞു: 'കുറുപ്പേ ഞാന്‍ വിഷപ്പാമ്പിനെ സ്നേഹിക്കും പക്ഷേ-’അങ്ങനെ ബഹിഷ്ക്കരിക്കപ്പെടുമ്പോള്‍ കിട്ടുന്ന മാനസിക ഔന്നത്യമുണ്ടല്ലോ. അതില്‍പ്പരം വേറൊന്നുമില്ല.

2012, ഏപ്രി 30

കേരളം തീവ്രവാദത്തിന്റെ പിടിയിലേക്ക്‌???


                     
തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍, ഇന്ത്യന്‍ ഭൂപടത്തില്‍ പുതിയൊരു ഇടം അടയാളപ്പെടുത്തുന്നുണ്ടോ കേരളം. അങ്ങനെ സംശയിക്കാന്‍ പാകത്തില്‍ ഉദാഹരണങ്ങള്‍ ഇപ്പോള്‍ത്തന്നെ ധാരാളം. രാജ്യത്തെ പിടിച്ചു കുലുക്കിയ പല സ്ഫോടന കേസുകളിലും മലയാളി സാന്നിധ്യം തിരിച്ചറിയപ്പെട്ടതു സമീപവര്‍ഷങ്ങളിലാണ്. കശ്മീര്‍ തീവ്രവാദി ക്യാംപുകളിലേക്കു യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളുടെ തായ് വേര് കേരളത്തില്‍ എന്നു കണ്ടെത്തിയതും നാടിനെ വിറപ്പിച്ച സംഭവം. അവിടുന്നിങ്ങോട്ട്, ഒറ്റപ്പെട്ടതെങ്കിലും ആസൂത്രിതം തന്നെയായ സംഭവങ്ങള്‍ പലതും ഇവിടെ അരങ്ങേറിയിട്ടുണ്ട് ഈ അടുത്ത കാലത്ത്. തൊടുപുഴയില്‍ അധ്യാപകന്‍റെ കൈവെട്ടിയതടക്കം, ദൃഷ്ടാന്തങ്ങള്‍ നിരവധിയാണ്. ഇ-മെയ്ല്‍ ചോര്‍ത്തല്‍ സംഭവത്തില്‍ സംസ്ഥാന പൊലീസിലെ ഒരു ഉദ്യോഗസ്ഥന്‍ തന്നെ സൂത്രധാരനായി എന്നതും സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ വിളിച്ചോതുന്നു. തീവ്രവാദ ബന്ധം സംശയിക്കപ്പെടുന്ന ചിലര്‍, ലുക്ക് ഔട്ട് നോട്ടിസുകളെ മറികടന്നു രാജ്യം വിടാന്‍ തെരഞ്ഞെടുത്തതും, കേരളം ഒരുക്കിവച്ച പഴുതുകള്‍ തന്നെയാണ്. സംസ്ഥാനത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ വര്‍ഗീയ സ്വഭാവമുള്ള തീവ്രവാദ സംഘടനകളും അവരുടെ പ്രവര്‍ത്തനങ്ങളും അനുദിനം തഴച്ചുവളരുന്നു. പൊലീസിന്‍റെ കണ്‍മുന്നില്‍ മിലിറ്ററി യൂണിഫോം ധരിച്ചു പരേഡ് നടത്തുന്നതിനുപോലും ധൈര്യമാര്‍ജിച്ചിരിക്കുന്നു മേല്‍ വിവരിച്ച സംവിധാനങ്ങള്‍. 

                 സംസ്ഥാനത്തു പലേടത്തും സ്ഫോടക വസ്തുക്കളുടെ സംഭരണം, കടത്തല്‍, ബോംബ് നിര്‍മാണം എന്നിവയും നിര്‍ബാധം നടക്കുന്നു. കാസര്‍ഗോഡും കണ്ണൂരും നിത്യേനയെന്നോണം അരങ്ങേറുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ പലതും മാധ്യമങ്ങള്‍ മനഃപൂര്‍വം തന്നെ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയാണ് ഇപ്പോള്‍. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തില്‍ത്തന്നെയാണ്, നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തനം കേരളത്തില്‍ സജീവം എന്ന കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തല്‍ അതീവ ഗൗരവാവഹമാകുന്നത്.


                    കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നു എന്ന ഏറ്റവും പുതിയ വെളിപ്പെടുത്തലും ജാഗ്രതാപൂര്‍വം തന്നെ നാം തിരിച്ചറിയണം. സംസ്ഥാന വൈദ്യുതി മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദാണു രാഷ്ട്രീയ പാര്‍ട്ടികളില്‍ തീവ്രവാദികള്‍ അണിചേരുന്നു എന്ന ഗുരുതര സാഹചര്യത്തിലേക്കു വിരല്‍ ചൂണ്ടുന്നത്. 
പുറമേയ്ക്കു പറഞ്ഞു കേള്‍ക്കുന്നതിനെക്കാള്‍ ഭീകരമാണ് യഥാര്‍ഥ ചിത്രം എന്നുതന്നെ വേണം ഇക്കാര്യത്തില്‍ സംശയിക്കാന്‍. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളും ഭരണകര്‍ത്താക്കളുമെല്ലാം തന്നെ, തങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞ ഈ സത്യത്തിനു മേല്‍ അടയിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും നിര്‍ദേശങ്ങള്‍ക്കു മേല്‍ അലസശയനം നടത്തുന്നു സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവര്‍. രാഷ്ട്രീയ വിലപേശലുകളും സാമുദായിക സന്തുലന തര്‍ക്കങ്ങളും പറഞ്ഞു തീര്‍ക്കുന്നതിനിടെ തീവ്രവാദി സാന്നിധ്യം സംബന്ധിച്ച മുന്നറിയിപ്പുകള്‍ക്കു ചെവി കൊടുക്കാന്‍ ആര്‍ക്കു നേരം? അറിഞ്ഞില്ല, കേട്ടില്ല, അന്വേഷിക്കാം തുടങ്ങിയ ഒഴുക്കന്‍ മറുപടികളില്‍ മുഖം പൂഴ്ത്തുകയാണു സംസ്ഥാന ഭരണ നേതൃത്വം. ജാഗ്രതയില്ലായ്മയിലേക്കു സംസ്ഥാന സേനയെ തരംതാഴ്ത്തിയ സംസ്ഥാന പൊലീസ് മേധാവിത്വത്തിന്‍റേതാവട്ടെ, വഴുവഴുപ്പന്‍ നിലപാടുകള്‍. 

                                പൊലീസിന്‍റെ ഈ അലസ നേതൃത്വം തന്നെയാണു സംസ്ഥാനത്തു തീവ്രവാദി സാന്നിധ്യം അധികരിക്കുന്ന സാഹചര്യം സൃഷ്ടിച്ചത്. എല്ലാം വൈകിപ്പോയി എന്നു നടുക്കത്തോടെ തിരിച്ചറിയുന്ന ഒരു സുരക്ഷാ വീഴ്ചയുടെ നാളിലേക്കാണോ നമ്മുടെ സംസ്ഥാനമിപ്പോള്‍ അതിവേഗം നടന്നടുക്കുന്നത്? രഹസ്യാന്വേഷണ വീഴ്ചകളും ഭരണ വീഴ്ചകളും പഴുതുകളൊരുക്കുമ്പോള്‍, അതിനുള്ള സാധ്യതകള്‍ ധാരാളം. തീവ്രവാദ പ്രവണതകളെ മുന്‍കൂട്ടി തിരിച്ചറിയാനും വേരോടെ പിഴുതെറിയാനും കെല്‍പ്പുള്ളവര്‍ വേണം പൊലീസിന്‍റെ തലപ്പത്ത്. 

2012, ഏപ്രി 25

"ആത്മഹത്യ" കഴിഞ്ഞു, ഇനി ചീഞ്ഞുനാറ്റം

"യുഡിഎഫിലേക്ക് പോകുന്നതിലും ഭേദം ആത്മഹത്യയാണ്, ഞാന്‍ സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനം തുടരും, ജനങ്ങളെ സേവിക്കാന്‍ ഒരു പാര്‍ടിയിലും അംഗത്വം ആവശ്യമില്ല"-

എംഎല്‍എ സ്ഥാനം രാജിവച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആര്‍ സെല്‍വരാജ് പറഞ്ഞ വാക്കുകളാണിത്. പറഞ്ഞതെല്ലാം വിഴുങ്ങി കോണ്‍ഗ്രസ് അംഗത്വം വരിച്ച് സെല്‍വരാജ് "ആത്മഹത്യ"യെ വരിച്ചു. തെരുവില്‍ തമ്മില്‍ത്തല്ലുന്ന യുഡിഎഫിലെ ഘടകകക്ഷി നേതാക്കളും ബുധനാഴ്ച നെയ്യാറ്റിന്‍കരയില്‍ നടന്ന ഈ രാഷ്ട്രീയ "ആത്മഹത്യ"യ്ക്ക് സാക്ഷികളായി. അംഗത്വദാനച്ചടങ്ങ് നടന്ന സ്വദേശാഭിമാനി ടൗണ്‍ഹാളിന് തൊട്ടടുത്തുള്ള റസ്റ്റ്ഹൗസിലാണ് സെല്‍വരാജ് "ആത്മഹത്യാ" പ്രഖ്യാപനം നടത്തിയത്. ഒരുരാത്രി പുലരുന്നതിനിടയില്‍ പൂര്‍ത്തിയാക്കിയ കുതിരക്കച്ചവടത്തിന്റെ തുടര്‍ച്ചയായിരുന്നു റസ്റ്റ് ഹൗസിലെ വാര്‍ത്താസമ്മേളനവും "ആത്മഹത്യാ"പ്രഖ്യാപനവും. എന്നാല്‍,ഇത് തട്ടിപ്പാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗവ. ചീഫ്വിപ്പ് പി സി ജോര്‍ജുമായും ചേര്‍ന്ന് സെല്‍വരാജ് നടത്തിയ ചാക്ക് രാഷ്ട്രീയമാണ് രാജിക്ക് പിന്നിലെന്നും അന്നുതന്നെ വ്യക്തമായിരുന്നു. ഇത് ശരിയാണെന്ന് സെല്‍വരാജിന്റെ പിന്നീടുള്ള ഓരോ നീക്കവും ബോധ്യപ്പെടുത്തി. കോണ്‍ഗ്രസ് കൂടാരത്തില്‍ അഭയം തേടിയതോടെ നാടകം പൂര്‍ണമായി. കോണ്‍ഗ്രസില്‍ ചേരാനുള്ള അപേക്ഷ സെല്‍വരാജ് നേരത്തെ നല്‍കിയിരുന്നതായി ചെന്നിത്തല വെളിപ്പെടുത്തുകയുംചെയ്തു. സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കുന്നതിന് തൊട്ടുമുമ്പ് പുലര്‍ച്ചെ അഞ്ചു മണിയോടെ പി സി ജോര്‍ജും സെല്‍വരാജും മുഖ്യമന്ത്രിയെ രഹസ്യമായി വീട്ടില്‍ചെന്ന് കണ്ടിരുന്നുവെന്ന് സംശയാതീതമായി തെളിഞ്ഞു. സെല്‍വരാജും ജോര്‍ജും തുടരെത്തുടരെ നടത്തിയ ഫോണ്‍വിളികളുടെ ലിസ്റ്റ് പുറത്തുവന്നു. ഗസ്റ്റ്ഹൗസിലെ രഹസ്യകൂടിക്കാഴ്ചയും പുറത്തായി. ഇതെല്ലാം മറച്ചുവച്ച് സിപിഐ എം പീഡിപ്പിച്ചുവെന്ന് പ്രചരിപ്പിച്ച് ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാനുള്ള നീക്കം തുടക്കത്തിലേ പാളി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായിരിക്കെ ഒരു ഘട്ടത്തിലും ഇത്തരം ഒരു പരാതിയും ഉന്നയിച്ചിരുന്നില്ല. തന്റെ കൂടെയുള്ളവരുടെ പാര്‍ടി അംഗത്വം പുതുക്കിയില്ലെന്ന കള്ളം തട്ടിവിട്ടു. എന്നാല്‍, അപ്പോഴും പാര്‍ടി അംഗത്വം പുതുക്കുന്ന പ്രക്രിയ പൂര്‍ത്തിയായിരുന്നില്ല. സംസ്ഥാന സമ്മേളന പ്രതിനിധിയാക്കിയില്ലെന്നായിരുന്നു മറ്റൊരു പരാതി. എന്നാല്‍, കഴിഞ്ഞതവണ എംഎല്‍എയായിരിക്കുമ്പോഴും പങ്കെടുത്തിരുന്നില്ല. മാത്രമല്ല, എംഎല്‍എയെന്നോ, എംപിയെന്നോ ഉള്ള തെരഞ്ഞെടുക്കപ്പെട്ട പദവികളല്ല പാര്‍ടിസമ്മേളനത്തില്‍ പ്രതിനിധിയാക്കുന്നതിനുള്ള മാനദണ്ഡം. അതേസമയം, തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനം എന്ന നിലയില്‍ സ്വാഗതസംഘത്തിന്റെ ഭാഗമായിരുന്നു സെല്‍വരാജ്. ഈ ഘട്ടത്തിലൊന്നും സെല്‍വരാജിന് ഒരു പരിഭവവും ഉണ്ടായിരുന്നില്ല. രാജിവയ്ക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസംപോലും നിയമസഭയില്‍ സന്നിഹിതനായിരുന്നു. അന്നുള്‍പ്പെടെ സിപിഐ എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സെല്‍വരാജുമായി ആശയവിനിമയം നടത്തിയിരുന്നു. ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും പാര്‍ടിക്കാര്യങ്ങള്‍ക്കുമായിരുന്നു ഈ ആശയവിനിമയം. അന്നൊന്നും ആരോടും സെല്‍വരാജിന് പരിഭവമില്ലായിരുന്നു. എന്നിട്ടും പാര്‍ടി പീഡിപ്പിച്ചതുകൊണ്ടാണ് രാജിവയ്ക്കുന്നതെന്ന നുണക്കഥ പ്രചരിപ്പിച്ചു. പിറവം ഉപതെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാന്‍ ലക്ഷ്യംവച്ചാണ് രാജിസമയം തീരുമാനിച്ചത്. ഇതൊക്കെ മറച്ചുവച്ച് സെല്‍വരാജ് പ്രചരിപ്പിച്ച നുണക്കഥകളാണ് "ആത്മഹത്യ"യിലൂടെ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നത്.

2012, ഏപ്രി 13

വീണ്ടും ഭ്രാന്താലയമാക്കരുത്


Metrovaartha.com

ദൈവത്തിന്‍റെ സ്വന്തം നാട് എന്ന പൊങ്ങച്ചപ്പേര് കേരളം പതിച്ചെടുത്ത് നാളേറെ ആയിട്ടില്ല. അതിനു മുന്‍പ്, ഒരു നൂറ്റാണ്ടു മുന്‍പ്, ഭ്രാന്താലയം എന്നൊരു വിളിപ്പേരു പതിഞ്ഞു കിട്ടിയിരുന്നു നമ്മുടെ സംസ്ഥാനത്തിന്. കേരളത്തില്‍ പുലര്‍ത്തിപ്പോന്നിരുന്ന ജാതിവ്യവസ്ഥയുടെയും അനാചാരങ്ങളുടെയും പേക്കൂത്തുകള്‍ കണ്ടു മനം തപിച്ച സ്വാമി വിവേകാനന്ദനത്രെ ഭ്രാന്താലയം എന്നു കേരളത്തെ അപഹസിച്ചത്. ജാതിഭ്രാന്തിന്‍റെ പേരില്‍ പതിച്ചുകിട്ടിയ ഈ മേല്‍വിലാസത്തില്‍ നിന്നു കേരളത്തെ മോചിപ്പിച്ചെടുത്തത് ശ്രീനാരായണ ഗുരു അടക്കം മഹാത്മാക്കള്‍ നടത്തിയ പരിഷ്കരണ യജ്ഞങ്ങള്‍. അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനും മന്നത്ത് പത്മനാഭനും കെ. കേളപ്പനും വി.ടി. ഭട്ടതിരിപ്പാടും പണ്ഡിറ്റ് കെ.പി. കറുപ്പനും ഇഎംഎസുമടക്കം അനേകരുടെ സംഭാവനകളുണ്ട് നാം ഇന്നു കാണുന്ന പരിഷ്കൃത കേരളത്തിന്‍റെ സൃഷ്ടിയില്‍. സ്വാതന്ത്ര്യസമരവും ദേശീയ പ്രസ്ഥാനവുമെല്ലാം കൈകോര്‍ത്ത നാളുകളിലാണു സാമൂഹ്യപരിഷ്കരണത്തിന്‍റെയും ജാതിസമത്വത്തിന്‍റെയും പുതിയ വ്യവസ്ഥയിലേക്കു കേരളം പരിവര്‍ത്തനം ചെയ്യപ്പെട്ടത്.

പച്ചയ്ക്കു ജാതി പറയുകയും അതിന്‍റെ പേരില്‍ മനുഷ്യരെ അധമരെന്നും അവര്‍ണരെന്നും ചവിട്ടിത്താഴ്ത്തുകയും ചെയ്യുന്ന വ്യവസ്ഥ ഇന്നും പുലരുന്നുണ്ട് നമ്മുടെ അയല്‍ സംസ്ഥാനങ്ങളില്‍പ്പോലും. തീണ്ടലും തൊടീലുമടക്കമുള്ള അനാചാരങ്ങള്‍ ഇന്നും നിലനില്‍ക്കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല. തമിഴ്നാട്ടിലും കര്‍ണാടകയിലും ആന്ധ്രയിലും കമ്യൂണിസ്റ്റുകള്‍ അടക്കിവാണ ബംഗാളിലുമെല്ലാം ഇന്നും ജാതിയുടെ തരംതിരിവുകള്‍ സജീവം. തെരഞ്ഞെടുപ്പും അധികാരം വീതംവയ്പ്പുമെല്ലാം ഇന്നും ജാതിമത ചേരിതിരിവുകളില്‍ അധിഷ്ഠിതമാണ് ഇവിടങ്ങളില്‍ പലേടത്തും. ഇതര സംസ്ഥാനങ്ങളില്‍ ജാതിയും മതവും അവര്‍ണത്വവും അസമത്വവും കൊടികുത്തി വാഴുമ്പോള്‍, അതില്‍ നിന്നെല്ലാം തുടലുപൊട്ടിച്ചത്രേ കേരളമെന്ന പഴയ ഭ്രാന്താലയം ദൈവത്തിന്‍റെ നാട് എന്ന് ഊറ്റം കൊള്ളുന്നത്. ആ ഊറ്റം കൊള്ളലും ജാതിസമത്വത്തിന്‍റെ അഹങ്കാരവുമെല്ലാം ഇനി എത്രനാള്‍ കൂടി അവകാശപ്പെടാനാവും നമ്മുടെ നാടിന്. സാമൂഹിക സമത്വം കൈവരിച്ച നാട് എന്ന് അന്യസംസ്ഥാനക്കാര്‍ക്കു മുന്നില്‍ ഇനി എത്രകാലം കൂടി ഇങ്ങനെ നെഞ്ചുവിരിച്ചു നില്‍ക്കാനാവും മലയാളിക്ക്. അങ്ങനെയൊരു അന്തസിന്‍റെ കാലഘട്ടം അവാസനിക്കുകയാണോ കേരളമെന്ന വ്യത്യസ്ത ഭൂമികയില്‍?

കേരള രാഷ്ട്രീയത്തില്‍ അനുദിനം സംഭവിക്കുന്ന അപചയങ്ങള്‍ ഇപ്രകാരം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണു നമ്മുടെ സമൂഹത്തിനു മുന്‍പില്‍. ജാതിയും മതവും അവാന്തര സ്വാധീനങ്ങളുമെല്ലാം കണക്കുകൂട്ടിയുള്ള സ്ഥാനാര്‍ഥി തീരുമാനങ്ങള്‍ നമ്മുടെ രാഷ്ട്രീയ രംഗത്തിനു പുത്തരിയല്ല. അധികാരവും വകുപ്പും വീതം വയ്ക്കുമ്പോള്‍ ജാതി-മത തരംതിരിവുകളെ മാനിച്ചുകൊണ്ടുള്ള സമന്വയങ്ങളും പുതുമയല്ല ഇവിടെ. പക്ഷേ, മറയ്ക്കേണ്ടതു മറച്ചുപിടിച്ച്, അത്രയെങ്കിലും മാന്യമായി വസ്ത്രധാരണം ചെയ്തു തന്നെയേ ജാതിരാഷ്ട്രീയം പകല്‍വെളിച്ചത്തിലിറങ്ങി നടന്നിട്ടുള്ളൂ ഇത്രയും കാലം. ഈ കീഴ്വഴക്കത്തിന്‍റെ സദാചാരമാണ് അഞ്ചാംമന്ത്രി വിവാദത്തിലൂടെയും അതിന്‍റെ ലജ്ജാകരമായ പരിസമാപ്തിയിലൂടെയും ഇപ്പോള്‍ അതിലംഘിക്കപ്പെട്ടിരിക്കുന്നത്. ഭരണപക്ഷ എംഎല്‍എമാരുടെ മൊത്തം സംഖ്യയെ ഹിന്ദുവെന്നും മുസ്ലിമെന്നും ക്രിസ്ത്യാനിയെന്നും വേര്‍പിരിച്ചുണ്ടാക്കിയ സംഖ്യ കൊണ്ടു ഹരിച്ചെടുത്തിരിക്കുന്നു ഉമ്മന്‍ ചാണ്ടിയുടെ ഭരണം. പിന്നെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ സാമാജികരുടെ വേര്‍പിരിച്ച സംഖ്യയെ നായരെന്നും ഈഴവനെന്നും കത്തോലിക്കനെന്നും അകത്തോലിക്കനെന്നും ഷിയ എന്നും സുന്നി എന്നും ഹരിച്ചു ശസ്ത്രക്രിയ ചെയ്തിരിക്കുന്നു ഭരണപക്ഷ രാഷ്ട്രീയം. അങ്ങനെയൊരു നെറികെട്ട കണക്കെടുപ്പിന്‍റെ അമിതസമ്മര്‍ദത്തിനു കീഴടങ്ങിയിരിക്കുന്നു മതേതര ദേശീയ രാഷ്ട്രീയ പ്രസ്ഥാനമെന്നു പെരുമപെറ്റ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും അതിന്‍റെ മുഖ്യമന്ത്രിയുമെല്ലാം. സന്തുലനത്തിന്‍റെയോ അനുപാതത്തിന്‍റെയോ ന്യായമായ കണക്കുകള്‍ക്കും വിലപേശലുകള്‍ക്കും ബ്ലാക്ക് മെയ്ലിങ് എന്ന വൃത്തികെട്ട കലയുടെ നിറംപകര്‍ന്നിരിക്കുന്നു യുഡിഎഫിലെ ചില സഖ്യകക്ഷികളും അവയെ നിയന്ത്രിക്കുന്ന മത മേല്‍ക്കോയ്മകളും.

മുസ്ലിം ലീഗിന് അഞ്ചാംമന്ത്രി പദവി ചോദിക്കാന്‍ പോന്ന സംഖ്യാബലവും സ്വാധീനബലവുമുണ്ടെന്നു വാദത്തിനു സമ്മതിക്കാം. പക്ഷേ, അതിന്‍റെ പേരില്‍ നടന്ന സമ്മര്‍ദ കോലാഹലങ്ങള്‍ അനഭലഷണീയം. ലീഗിന് അഞ്ചു മന്ത്രിമാരുണ്ടായാല്‍ ഭൂമി കുലുങ്ങുകയോ ആകാശം ഇടിഞ്ഞുവീഴുകയോ ചെയ്യില്ല. പക്ഷേ, നാലു മന്ത്രിമാര്‍ ഭരിച്ചിരുന്ന വകുപ്പുകള്‍ അഞ്ചാം മന്ത്രിക്കുവേണ്ടി പിച്ചിക്കീറിയതിലും അഞ്ചാമനെ കുത്തിത്തിരുകിയതിലും അഭംഗിയല്ലാതെ മറ്റെന്ത്? അതിന്‍റെ പേരില്‍ സ്വന്തം പാര്‍ട്ടിയില്‍ പൊട്ടിപ്പുറപ്പെട്ട അലോസരങ്ങളില്‍ നിലതെറ്റാതിരിക്കാന്‍ മുഖ്യമന്ത്രി നടപ്പാക്കിയ വകുപ്പുവിഭജന സര്‍ക്കസിനെ ജുഗുപ്സാവഹമെന്നല്ലാതെ വേറെന്തു വിശേഷിപ്പിക്കാന്‍?

അല്‍പ്പ ഭൂരിപക്ഷത്തിന്‍റെ നൂല്‍പ്പാലത്തിലൂടെ സര്‍ക്കാരിനെ നയിച്ചുപോരുകയാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എണ്ണത്തിലെ പോരായ്മയെ വണ്ണംകൊണ്ടു പരിഹരിച്ച ഭരണപാടവത്തെ കേരളം അങ്ങേയറ്റത്തെ മതിപ്പോടെയാണ് ഇക്കഴിഞ്ഞ നാളുകളില്‍ വിലയിരുത്തിയത്. ഈ മതിപ്പാണ് പിറവം ഉപതെരഞ്ഞെടുപ്പില്‍ അനൂപ് ജേക്കബിനു സമ്മാനം കിട്ടിയ അപ്രതീക്ഷിത ഭൂരിപക്ഷത്തില്‍ പ്രതിഫലിച്ചത്. പിറവം എന്ന ഒറ്റ നിയോജകമണ്ഡലത്തില്‍ പ്രസരിച്ചത് കേരളസമൂഹത്തിന്‍റെ ഒന്നടങ്കമുള്ള ജനസമ്മതിയായിരുന്നു എന്നുകൂടി വിലയിരുത്തണം. ആ വിലപ്പെട്ട ജനസമ്മതിയുടെ തിളക്കം നഷ്ടപ്പെടുത്തിയിരിക്കുന്നു ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയും അദ്ദേഹം നയിക്കുന്ന സര്‍ക്കാരും. നായരെന്നും ഈഴവനെന്നും വകുപ്പുകള്‍ വീതംവച്ചു നടത്തിയ അഴിച്ചുപണി പ്രീണനശ്രമം ആരെയെങ്കിലും തൃപ്തിപ്പെടുത്തുകയല്ല, അപമാനിക്കുകയാണു ചെയ്തതെന്നു തീര്‍ച്ചയായും പരിഭവിക്കുന്നു, മുഖ്യമന്ത്രി സന്തോഷിപ്പിക്കാനുദ്ദേശിച്ച സമുദായ നേതൃത്വങ്ങള്‍.

ജാതിയും മതവും ചതുരംവരച്ച പലകയില്‍, ചൂതുകളിയുടെ അടവുപിഴച്ച് അഭിമാനം പണയപ്പെട്ടിരിക്കുന്നു യുഡിഎഫ് സര്‍ക്കാരിന്. ജനസമ്പര്‍ക്ക മഹായജ്ഞങ്ങളിലൂടെ പഴയ സത്പേര് വീണ്ടെടുക്കാന്‍ കഴിയുമോ ഉമ്മന്‍ ചാണ്ടിക്ക്? തിരുവനന്തപുരം മൃഗശാലയിലേക്കു രണ്ടു ജിറാഫിനെ വാങ്ങാനുള്ള ബജറ്റ് നിര്‍ദേശം കേട്ട്, അതിലൊരെണ്ണം സ്വന്തം സമുദായത്തിന് എന്നു കൈപൊക്കിയെഴുന്നേറ്റ ഒരു സാമാജികന്‍റെ കാലം ഓര്‍മവരുന്നു. അതിവേഗം ബഹുദൂരം അങ്ങനെയൊരു കഷ്ടകാലത്തിലേക്കാവരുത് ഉമ്മന്‍ ചാണ്ടി കേരളത്തെ നയിക്കുന്നത്.

2012, ഏപ്രി 3

സുന്ദരമായ ആത്മഹത്യ- ശതമന്യു

സുന്ദരമായ ആത്മഹത്യ: രണ്ട് ആത്മഹത്യകളുടെ കഥയാണ് നാട്ടില്‍ അലയടിക്കുന്നത്. പ്രണയനൈരാശ്യംമൂലം തൂങ്ങിച്ചാകാന്‍ പോയവന്റെ കഥ കുഞ്ഞുണ്ണിമാഷ് പറഞ്ഞിട്ടുണ്ട്. തൂങ്ങിച്ചാകാന്‍ വിട്ടില്ല- പകരം നല്ല പത്തലൊടിച്ചെടുത്ത് തല്ലിക്കൊന്ന് കുഴിച്ചിട്ടു. ആത്മഹത്യാശ്രമം ക്രിമിനല്‍ കുറ്റമാകയാലും ചാകാന്‍ പോകുന്നവനെ കൊന്നാല്‍ പാപമില്ലാത്തതിനാലും കുഞ്ഞുണ്ണിമാഷ് പാര്‍ടി കോടതിയുണ്ടാക്കിയെന്ന് വാര്‍ത്ത വന്നില്ല; കേസും വന്നില്ല.
യുഡിഎഫില്‍ ചേരുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യയാണെന്ന് പറഞ്ഞയാള്‍ നേരെ യുഡിഎഫിന്റെ ആപ്പീസില്‍ ചെന്ന് ഉത്തരത്തില്‍ കയറുകെട്ടി തൂങ്ങിയതിന്റെ തത്സമയസംപ്രേഷണമായിരുന്നു കഴിഞ്ഞാഴ്ചത്തെ വാര്‍ത്ത. അസാധാരണമായ മറ്റൊരാത്മഹത്യക്കും കേരളം സാക്ഷിയായി. കോണ്‍ഗ്രസ് എന്ന പാര്‍ടിയുടെ ആത്മാഭിമാനമാണ് തൂങ്ങിച്ചത്തത്. ആത്മഹത്യാക്കുറിപ്പില്‍ ഒരേയൊരു പേരേ കാണുന്നുള്ളൂ- ഒരു പുതുപ്പള്ളിക്കാരന്റേത്. കുറിപ്പ് ഇങ്ങനെയാണെന്ന് കേള്‍ക്കുന്നു: ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല. ഗാന്ധിജിയുടെയും നെഹ്റുജിയുടെയും ലാളനയേറ്റ് വളര്‍ന്ന എനിക്ക് ഈയൊരു ദുര്‍ഗതി വന്നല്ലോ. തുടര്‍ച്ചയായ മാനഭംഗം ആരെയും ഈ കടുംകൈക്ക് പ്രേരിപ്പിക്കും. മലപ്പുറം കത്തികൊണ്ടും കോട്ടയം വാളുകൊണ്ടും മാറിമാറി പീഡിപ്പിച്ചു. ഒടുവില്‍ അവരുടെ വാല്യക്കാരും വന്നു. വയനാട്ടുവീരനും കൊട്ടാരക്കര കുലവനും വന്നു. ഈരാറ്റുപേട്ടയിലെ ജോര്‍ജിന്റെ പീഡനത്തിനുപോലും വഴങ്ങേണ്ടിവന്നാല്‍ പിന്നെന്ത് ജീവിതം. ഇനി വയ്യാ. തുണ്ടുകയറില്‍ ജീവിതം ഒടുക്കുന്നു. ഈ മരണത്തിന് മറ്റാരും ഉത്തരവാദിയല്ല. പുതുപ്പള്ളിയില്‍നിന്ന് എന്റെ ജീവിതത്തിലേക്ക് കയറിവന്ന ആ പൊടിമീശക്കാരന്‍. അയാള്‍മാത്രമാണ് എന്നെ നശിപ്പിച്ചത്- എന്ന് സ്വന്തം കോണ്‍ഗ്രസിന്റെ ആത്മാഭിമാനം.

ഈ കുറിപ്പ് പൊലീസ് മുക്കിയെന്നും പകരം ഒരു എസ് കത്തി സംഭവസ്ഥലത്തെത്തിച്ചുവെന്നും ശ്രുതിയുണ്ട്. എന്തായാലും ആത്മാഭിമാനത്തെ പിന്നീട് പുറത്താരും കണ്ടിട്ടില്ല. പുറത്തുപറയാനാകാത്ത രോഗത്തിന് രഹസ്യചികിത്സയിലാണെന്ന് പറഞ്ഞുപരത്തുന്നവരുമുണ്ട്. സാഹചര്യത്തെളിവുവച്ച് ആത്മഹത്യ നടന്നിരിക്കാനാണ് സാധ്യത. ഇനി അഥവാ വിജയകരമായി ആത്മഹത്യ സംഭവിച്ചില്ലെങ്കില്‍ പത്തലൊടിച്ചെടുത്ത് തല്ലിക്കൊല്ലാന്‍ ഗാന്ധിമാര്‍ഗത്തിലുള്ള ആരെങ്കിലും വരും.

ഇപ്പോള്‍ കോണ്‍ഗ്രസ് എന്നു പറയുന്നതുതന്നെ മാനക്കേടാണ്. പി സി ജോര്‍ജ് നയിക്കുന്ന പാര്‍ടിക്ക് അല്ലെങ്കിലും എന്ത് മാനം; എന്ത് നാണം. ദല്ലാള്‍ നന്ദകുമാര്‍, മഞ്ഞ നന്ദകുമാര്‍, താജ്മഹലിന്റെ മേസ്തിരി തുടങ്ങിയവരെക്കൂടി വര്‍ക്കിങ് കമ്മിറ്റിയിലെടുത്താല്‍ സംഗതി ഇനിയും ജോറാകും. ക്ലീന്‍ ആന്റണി ക്ലീന്‍ ബൗള്‍ഡാകുന്ന കാലമാണ്. പറഞ്ഞുവന്നാല്‍ ചെന്നിത്തലതന്നെ ഇമേജുള്ള നേതാവ്. ബ്ലോക്ക് പ്രസിഡന്റിന്റെ കപ്പാസിറ്റിയേ ഉള്ളൂ എന്നത് ഒരു കുറവല്ല. സംസ്ഥാനം നയിക്കാന്‍ ഇറ്റലിയില്‍നിന്ന് കപ്പലില്‍ ആളെ ഇറക്കേണ്ടിവരും.

*
എങ്കെടാ ഉങ്ക മന്ത്രി എന്ന് എഴുതിക്കണ്ടാല്‍ പാവം മാക് അലി കരയും. ഒരുകാലത്ത് സിനിമ പിടിച്ചുനടന്നപ്പോള്‍ കുറെയാളെ വെറുപ്പിച്ചിട്ടുണ്ട്. അങ്ങനെയൊരാള്‍ തമിഴില്‍ പോയി പണി പറ്റിച്ചു- പെരിന്തല്‍മണ്ണയില്‍ പോസ്റ്റര്‍ വന്നു. കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് പ്രകടനം നടത്താന്‍മാത്രമല്ല, പോസ്റ്റര്‍ കീറിക്കളയാനും ചെലവാണിപ്പോള്‍. ഒരുനാള്‍ മന്ത്രിയായിരുന്ന വീരന്റെ റെക്കോഡ് തകര്‍ക്കാന്‍ ഒരുനാളും കസേരയിലിരിക്കാത്ത അഞ്ചാംമന്ത്രി. എങ്കെടാ ഉങ്ക മന്ത്രി എന്ന് അലീക്കാന്റെ ആളുകള്‍ ഇനി പാണക്കാട്ട് ചെന്ന് ചോദിക്കുമോ എന്നാണ് സംശയം.

ലീഗായതുകൊണ്ട് വാക്കിന് വിലയും വേണ്ട; അഭിമാനത്തിന്റെ പ്രശ്നവുമില്ല. ആത്മീയാചാര്യനും സാമുദായികനേതാവും അഖിലേന്ത്യാ പ്രസിഡന്റിനേക്കാള്‍ വലിയ സംസ്ഥാന പ്രസിഡന്റുമായ ജനാബ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വാക്കിന് വലിയ വിലയാണ്. പഴയ ചാക്കിനേക്കാള്‍ വിലയുണ്ട്. വില ഏറിയാലും കുറഞ്ഞാലും തല്‍ക്കാലം ആര്‍ക്കും ചേതമില്ല. വാക്കല്ലേ, അതല്ലേ മാറ്റാന്‍ കഴിയൂ.

അഭിമാനത്തിന്റെ കാര്യം പറയുമ്പോഴാണ് നെയ്യാറ്റിന്‍കരയിലെ ആത്മഹത്യാശ്രമത്തെ ഓര്‍ക്കേണ്ടത്. വെള്ള കീറുന്നതിനുമുമ്പ് തലയില്‍ മുണ്ടിട്ട് ക്ലിഫ്ഹൗസില്‍ ചെന്ന് ചാക്കുംചുമന്ന് തിരിച്ചുവന്ന മഹാന്‍ എന്തിനാണ് ആത്മഹത്യക്ക് ശ്രമിക്കുന്നതെന്ന് പെട്ടെന്ന് പറയാന്‍ പറ്റില്ല. യുഡിഎഫില്‍ പോകുന്നതിനേക്കാള്‍ ആത്മഹത്യ നല്ലതെന്നാണ് പറഞ്ഞത്. ആത്മഹത്യയേക്കാള്‍ മോശമായ കാര്യമാണ് ഇപ്പോള്‍ ചെയ്തതെന്നര്‍ഥം. കണ്ണടച്ചുതന്നെ പാല്‍ കുടിക്കണം. എല്ലാം എല്ലാവരും അറിഞ്ഞു. ഇനിയിപ്പോള്‍ അമാന്തിച്ചുനിന്നാല്‍ കൈവിട്ടുപോകും. അണികള്‍ നിര്‍ബന്ധിക്കുന്നുണ്ട്. അണികള്‍ വലിയ സംഭവമാണ്. കണ്‍വന്‍ഷന്‍ നടത്തിയപ്പോള്‍ ഷൊര്‍ണൂര്‍ മുരളിയും തലസ്ഥാനത്തെ ദുശ്ശീലനും പിന്നെ ഭാര്യയും പിഎയും ഡ്രൈവറും പിന്നെ ഞാനും. അണികള്‍ നാനാഴി വേണ്ട. അണികളുടെ നിര്‍ബന്ധംകൊണ്ടും ആത്മഹത്യ ആവാം.

*
പാണക്കാട് തങ്ങള്‍ കൊടപ്പനയ്ക്കല്‍ തറവാട്ടിന്റെ ഉമ്മറത്തിരുന്നാണ് രാഷ്ട്രീയനിലപാടുകള്‍ അറിയിക്കുക. ഏറിയാല്‍ കോഴിക്കോട്ടെ ലീഗ് ഹൗസ് വരെ പോകും. പറഞ്ഞാല്‍ പറഞ്ഞതാണ്. നിര്‍ബന്ധിച്ചാലേ പുറത്തേക്കിറങ്ങൂ. അഞ്ചാം മന്ത്രിസ്ഥാനത്തിന് അനന്തപുരിയിലേക്ക് പോയത് അങ്ങനെയൊരു നിര്‍ബന്ധംകൊണ്ടാണ്. അവിടെച്ചെന്നപ്പോള്‍ കാണേണ്ടയാള്‍മാത്രം വന്നില്ല. തമ്പാനൂരില്‍നിന്ന് നേരെ പുതുപ്പള്ളിക്ക് കയറി. കോട്ടയത്ത് ആളെ കണ്ടുകിട്ടി. തങ്ങള്‍ ആവശ്യപ്പെട്ടതും ഉമ്മന്‍ചാണ്ടി മറുപടി പറഞ്ഞതും ആര്‍ക്കും മനസ്സിലായില്ല. എല്ലാം ഒരു ബബ്ബബ്ബ സ്റ്റൈല്‍. അഞ്ചാംമന്ത്രി ഉണ്ടെന്നും ഇല്ലെന്നും ഉണ്ടില്ലെന്നും വ്യാഖ്യാനിക്കാം.

ലീഗിന് പവറൊക്കെയുണ്ട്. അത് കുഞ്ഞീക്കായുടെ കുപ്പായക്കീശയിലാണെന്നുമാത്രം. പുള്ളി വിചാരിച്ചാല്‍ എന്തും നടക്കും. കോണ്‍ഗ്രസിനെയും ഭരണത്തെയും ആ പവറുകൊണ്ട് നയിക്കുന്നുണ്ടെങ്കിലും അഞ്ചാംമന്ത്രിക്കാര്യത്തില്‍ കുഞ്ഞീക്കായ്ക്ക് വലിയ താല്‍പ്പര്യമില്ല. പാണക്കാട് തങ്ങളുടെ വാക്കിന്റെ വില എത്രയുണ്ടെന്ന് നാലാള്‍ അറിഞ്ഞാലേ കുഞ്ഞീക്കയുടെ വില പെട്രോളിന്റെ വിലപോലെ കുതിച്ചുകയറൂ.

പിറവത്ത് അനൂപ് ജയിച്ചാലെങ്കിലും കൊടിവച്ച കാറില്‍ കയറാമെന്നു നിനച്ച മഞ്ഞളാംകുഴി വലിയ കുഴിയിലാണ്. ഇനിയിപ്പോള്‍ ആടിന്റെ മുന്നില്‍ പ്ലാവിലയെന്നപോലെ നെയ്യാറ്റിന്‍കരയിലെ ആത്മഹത്യക്കാരനും വച്ചുനീട്ടണം പ്ലാവില. എങ്കെടാ ഉങ്ക മന്ത്രി എന്ന ചോദ്യം പെരിന്തല്‍മണ്ണയില്‍നിന്ന് പിറവവും കടന്ന് പോവുകയാണ്. സെല്‍വരാജിന് സങ്കടം വരേണ്ടതില്ല. സിപിഐ എം വിട്ട് സ്ഥാനമോഹങ്ങളുമായി കോണ്‍ഗ്രസിലേക്ക് ചേക്കേറിയ ഡോ. കെ എസ് മനോജ് വിദേശത്തേക്ക് പോവുകയാണ്. സിന്ധുജോയിയുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്. സെല്‍വരാജിനെ നെയ്യാറ്റിന്‍കരക്കാര്‍ ശരിയാക്കിയാലും വെയ്റ്റിങ്ങ് ലിസ്റ്റുകാരുടെ ഉറച്ച പദവി യുഡിഎഫിലുണ്ട്. കാത്തിരുന്നാല്‍ വല്ല ചാക്കുവികസന കോര്‍പറേഷന്റെയോ കുതിരപ്പട്ടാള ബോര്‍ഡിന്റെയോ ചെയര്‍മാനാകാം.

2012, മാർ 31

ടിന്റുമോന്‍ ആരുടെ സൃഷ്ടിയാണ് -വി കെ ദിലീപ്



  • "എ" ഫോര്‍ ആപ്പിള്‍ എന്നുപറയുന്നതുപോലെ "ടി" ഫോര്‍ ടിന്റുമോന്‍ എന്ന് മലയാളികള്‍ ഉപയോഗിച്ചു തുടങ്ങിയതായാണ് ടിന്റുമോന്‍ പ്രസാധകരുടെ സാക്ഷ്യം. "മലയാളികളുടെ എസ്എംഎസ് ഹീറോ", "രസിക കേസരി" തുടങ്ങി നിരവധി പട്ടങ്ങളാണ് ടിന്റുമോനില്‍ ചാര്‍ത്തിയിരിക്കുന്നത്. ടിന്റുമോന്‍ തമാശകളുടെ ജനപ്രിയതയാണ് മുന്നേ ചൊല്ലിവച്ചത്. ടിന്റുമോന്‍ ഈ അവാര്‍ഡുകളെല്ലാം വാങ്ങിക്കൂട്ടുമ്പോള്‍ "പുതിയ കാലഘട്ടത്തിന്റെ താര"മെന്ന നിലയില്‍ ടിന്റുമോന്റെ ജനപ്രീതി വിശകലനം അര്‍ഹിക്കുന്നത് തന്നെയല്ലെ?

    ടിന്റുമോന്‍ ആരുടെ സൃഷ്ടിയാണെന്ന് ആര്‍ക്കുമറിയില്ലെന്നാണ് ടിന്റുമോന്‍ ജോക്സിന്റെ പ്രസാധകരായ ഒ&ഇ പബ്ലിഷിങ് ഹൗസ് പറയുന്നത്. ഈ "പിതൃശൂന്യത" തന്നെയാണ് പ്രാഥമികമായി വിലയിരുത്തപ്പെടേണ്ടതും. ബോബനും മോളിക്കും ഉണ്ണിക്കുട്ടനും എല്ലാം ജന്മം നല്‍കിയവരാരാണെന്ന് നമുക്ക് അറിയാവുന്നതുകൊണ്ട് അവരുടെ നര്‍മം ആസ്വദിക്കുന്നതോടൊപ്പം അവരുടെ കൊള്ളരുതായ്മകള്‍ക്കെതിരെ കുറഞ്ഞപക്ഷം നമുക്ക് പരാതിപ്പെടുകയെങ്കിലും ചെയ്യാം. എന്നാല്‍ ടിന്റുമോന്റെ കാര്യത്തില്‍ അത് സാധ്യമല്ല. പക്ഷേ, ഒറ്റ ജനയിതാവിനെ സൂചിപ്പിക്കുന്ന വിധത്തില്‍ ടിന്റുമോന്‍ തമാശകള്‍ക്ക് ചില സാമാന്യരൂപം കണ്ടെത്താനാവും. പലര്‍ കൂടിനിര്‍മിച്ച തമാശകള്‍ക്ക് എങ്ങനെ ഒരു സാമാന്യരൂപം കൈവരുന്നു എന്നന്വേഷിക്കുമ്പോഴാണ് സമൂഹത്തില്‍ വിശിഷ്യാ യുവതലമുറയില്‍ രൂപം കൊള്ളുന്ന പുതിയ പ്രതിലോമ മൂല്യബോധങ്ങള്‍ക്ക് ഇതില്‍ നിശ്ചയമായും ഒരു ഭാഗധേയം ഉണ്ടെന്ന് കണ്ടെത്താനാവുക. അതായത് ടിന്റുമോന്റെ പിതൃത്വം അന്വേഷിച്ച് ഒരു ഡിഎന്‍എ ടെസ്റ്റ് നടത്തുകയാണെങ്കില്‍ അത് തീര്‍ച്ചയായും നവഉദാരവല്‍കരണത്തിന്റെ സാംസ്കാരിക ഭൂമികയില്‍ തന്നെയാവും ചെന്നെത്തുക. അതുകൊണ്ട് ഏത് തമാശയും ടിന്റുമോന്റെ പേരില്‍ ചെലവാകില്ലെന്നര്‍ഥം. ഉദാരവല്‍കരണത്തിന്റെ ചില മിനിമം മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുമ്പോഴാണ് ഒരു ജോക്ക് ടിന്റുമോന്‍ ജോക്ക് എന്ന വിഭാഗത്തിലേക്ക് "ക്വാളിഫൈ" ചെയ്യപ്പെടുക എന്നു കാണാം. പൊതുവില്‍ അവയെ ഇങ്ങനെ തിരിക്കാം: കഴുത്തറപ്പന്‍ ഉപയുക്തതാവാദം, തികഞ്ഞ പ്രായോഗികമതിത്വം, ബന്ധങ്ങളോ (അച്ഛന്‍ അമ്മ മുത്തച്ഛന്‍ മുത്തശ്ശി, ഗുരുനാഥന്‍)ടുള്ള നിരാസം, മഹത് വ്യക്തികളോടും മഹത്വത്തോടുമുള്ള അവഹേളനം, പ്രായത്തിനു ചേരാത്ത ലൈംഗികത പ്രയോഗങ്ങള്‍, പ്രണയത്തിലെ പ്രായോഗികവാദം തുടങ്ങി സൂക്ഷ്മവിശകലനത്തില്‍ തെളിഞ്ഞുവരുന്നത് അകംപൊത്തായിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ സമകാലിക ദുരന്തമുഖങ്ങള്‍ തന്നെയാണ്്. തമാശകള്‍ക്ക് മാംസവും മജ്ജയും നല്‍കുന്ന സാമൂഹിക വിമര്‍ശനം എന്ന ഘടകം ടിന്റുമോന്‍ തമാശകളില്‍ തൊട്ടുതീണ്ടിയിട്ടില്ല. അതുകൊണ്ട് യാതൊരു "കോപ്പിറൈറ്റും" അവകാശപ്പെടാത്ത നിഷ്കളങ്കവും നിര്‍ദോഷകരവുമായ ഫലിതങ്ങള്‍ എന്ന പ്രസാധകരുടെ അവകാശവാദം ശരിയല്ല എന്ന് കണ്ടെത്താനാവും. ലോകത്തെ കമ്പോളമായിക്കാണുന്ന, ഉപഭോഗത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തുറന്നിട്ടുകൊണ്ടിരിക്കുന്ന, ബന്ധങ്ങളേയും മൂല്യങ്ങളേയും വലിച്ചെറിഞ്ഞ് ഉപയുക്തതാവാദത്തിന് കീഴ്പ്പെട്ട് സ്വാര്‍ഥമതികളായി ജീവിക്കാന്‍ ഉദ്ഘോഷിച്ചു കൊണ്ടിരിക്കുന്ന പുതിയ മൂലധന പ്രയോക്തതയ്ക്കു തന്നെയാണ് അതിന്റെ "കോപ്പിറൈറ്റ്". അതിന്റെ നവലിബറല്‍ ആശയങ്ങളോട് തന്നെയാണ് അത് കടപ്പെട്ടിരിക്കുന്നതും.

    ടിന്റുമോന്റെ ബയോഡേറ്റ ഇങ്ങനെയാണ് പ്രസാധകര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പേര് - ടിന്റുമോന്‍ ഡാഡി മമ്മിയുടെ ഒറ്റ പുത്രന്‍ പഠിക്കുന്നത് - നഴ്സറിയില്‍ എല്‍കെജി-ബി ഇഷ്ടവിനോദം - കുറുമ്പ് പ്രധാന ആയുധം - ബെല്ലും ബ്രേക്കുമില്ലാത്ത നാക്ക് അതുകൊണ്ട് എല്‍കെജി ക്കാരനായ ടിന്റുമോന് എന്തും പറയാം. വേണ്ട, ഇനി തുടര്‍ന്ന് സ്കൂളില്‍ എത്തി എന്നുതന്നെ കരുതുക. ടിന്റുമോന്റെ പ്രയോഗങ്ങളുടെ എരിവും പുളിയും ഒന്നുവേറെ തന്നെ.

    ദുബായിലുള്ള അമ്മയ്ക്ക് ടിന്റുമോന്‍ കത്തെഴുതി ""മമ്മി വരുമ്പോള്‍ എന്തായാലും ഒരു ബെഡ് കൊണ്ടുവരണം. എക്സ്ട്രാ ബെഡ് ഇല്ലാത്തതിനാല്‍ ഡാഡിയും വേലക്കാരിയും ഇപ്പോള്‍ ഒരു ബെഡിലാ കിടക്കുന്നത്. ....... അച്ഛന്‍: നിന്നെയൊക്കെ ഒണ്ടാക്കിയ സമയത്ത് രണ്ട് തെങ്ങ് വച്ചിരുന്നെങ്കില്‍... ടിന്റു: ഒന്നു ചുമ്മാതിരി ഡാഡി; നട്ടപ്പാതിരയ്ക്കല്ലേ തെങ്ങുവയ്ക്കുന്നത്! .......................................

    ടിന്റുമോന്‍ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുന്നത് കണ്ടപ്പോള്‍ അച്ഛന്‍: എന്താടാ നോക്കുന്നത്? ടിന്റു: ശ്ശ്.... മിണ്ടല്ലേ- ജോലിക്കാരി നമ്മുടെ സോപ്പെടുത്ത് കുളിക്കുന്നുണ്ടോന്നു നോക്കുവാ... ....................................... ടീച്ചര്‍: ഈ വാചകം മലയാളത്തിലാക്കൂ... ക ടമം മ എശഹാ ്യലെലേൃറമ്യ. ടിന്റുമോന്‍: ഞാനിന്നലെ "എ" പടം കണ്ടു. ...... ടീച്ചര്‍: കുചേലന്‍ ശ്രീകൃഷ്ണനെ കാണാന്‍ പോകുമ്പോള്‍ അദ്ദേഹത്തിന്റെ കക്ഷത്തില്‍ എന്തായിരുന്നു ടിന്റുമോന്‍: അതുപറയാന്‍ എന്റെ സംസ്കാരം എന്നെ അനുവദിക്കുന്നില്ല ടീച്ചര്‍. .......................................

    യുകെജിയില്‍ പഠിക്കുന്ന ടിന്റുമോനോട് എല്‍കെജിയില്‍ പഠിക്കുന്ന പപ്പിമോള്‍ ക ഹീ്ല ്യീൗ ഡാ ടിന്റുമോന്‍: ഒന്നു പോ മോളെ.... മൊട്ടേന്നു വിരിയാത്ത നിന്നെ കിട്ടിയിട്ട് ഞാനെന്തു ചെയ്യാനാ... ................... മൃദുലൈംഗികത  യുടെ മാര്‍ക്കറ്റ് നല്ലവണ്ണം തിരിച്ചറിഞ്ഞവനാണ് ടിന്റു. ഇന്ന് സകല മാധ്യമങ്ങളുടെയും നിലനില്‍പ്പിന്റെ അടിസ്ഥാനങ്ങളില്‍ ഒന്ന് ഈ െുലരശമഹ യീഃ ഐറ്റങ്ങളാണ്. ഇത് ടിന്റുമോനിലും പ്രകടമാണ്. ഒരു യുവാവില്‍ നിന്ന് പ്രതീക്ഷിക്കുന്നതിലുമേറെ ദ്വയാര്‍ഥപ്രയോഗങ്ങളും അന്തരാര്‍ഥ പ്രയോഗങ്ങളും ഈ എല്‍കെജിക്കാരന് സുസാധ്യം. സമകാലീന മാധ്യമ വാര്‍ത്തകളില്‍ എല്‍കെജി വിദ്യാര്‍ഥികള്‍ പോലും ഇരകളും പ്രതികളുമാവുന്നുണ്ടെന്നത് നാം ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

    അധ്യാപകന്‍: ഗാന്ധിജിയുടെ മകന്റെ പേര്? ടിന്റുമോന്‍: ദിനേശന്‍ അധ്യാപകന്‍: ആരു പറഞ്ഞു? ടിന്റുമോന്‍: സാറല്ലേ പറഞ്ഞത്, ഗാന്ധിജി ഭഎമവേലൃ ീള ദിനേശന്‍" ആണെന്ന്. ....................................... അധ്യാപകന്‍: ഗാന്ധിജി കഠിനപ്രയത്നം ചെയ്തതിന്റെ ഫലമായി ആഗസ്ത് 15ന് ഇന്ത്യയ്ക്ക് എന്തുകിട്ടി. ടിന്റുമോന്‍: അവധി ......... ടിന്റുമോന്‍: എന്നെപ്പോലുള്ള സയന്‍സ് സ്റ്റുഡന്റ്സിന്റെ ഏറ്റവും വലിയ നടക്കാത്ത ആഗ്രഹം എന്താണെന്നറിയാമോ? ടീച്ചര്‍: എന്താ അത്? ടിന്റുമോന്‍: ആപ്പിള്‍ വീഴുന്നതിനുപകരം ന്യൂട്ടന്റെ തലയില്‍ വല്ല ബോംബും വീണിരുന്നേല്‍ എന്ന്.. ഞങ്ങള്‍ രക്ഷപ്പെട്ടേനെ. ....

    മഹത്തായ സംഭവങ്ങളെയും മഹാന്മാരെയും ഇകഴ്ത്തിക്കാണിക്കുന്നതിനാണോ തമാശ എന്നു വിളിക്കുന്നത്. അസാധാരണമായ ത്യാഗവും പോരാട്ടവും കൊണ്ട് നേടിയെടുത്ത സ്വാതന്ത്ര്യം അതിന് നേതൃത്വം കൊടുത്ത ഗാന്ധിജി എല്ലാം വികൃതമാക്കപ്പെടുന്നതിലെ സൂക്ഷ്മരാഷ്ട്രീയം വായിച്ചെടുക്കേണ്ടതു തന്നെയുണ്ട്. ബന്ധങ്ങളുടെ നിരാസമാണ് അഥവാ അഴിച്ചുപണിയാണ് ആഘോഷിക്കപ്പെടുന്ന മറ്റൊരിനം. തെറ്റിദ്ധരിക്കരുത്, ബന്ധങ്ങളിലെ ജനാധിപത്യവല്‍ക്കരണമല്ല ഇവിടെ ആഘോഷിക്കപ്പെടുന്നത് മറിച്ച് അവയുടെ അപമാനവീകരണമാണ്. ചില ഐറ്റങ്ങള്‍ ഇങ്ങനെ....

    ടിന്റുമോന്‍ ഫോണില്‍: എനിക്കിന്ന് സ്കൂളില്‍ വരാന്‍ പറ്റില്ല ടീച്ചര്‍; മുത്തശ്ശി മരിച്ചു. ടീച്ചര്‍: കഴിഞ്ഞ മാസമല്ലേ മുത്തശ്ശി മരിച്ചെന്നുപറഞ്ഞ് നീ അവധിയെടുത്തത്. ടിന്റുമോന്‍: മുത്തച്ഛന്‍ വീണ്ടും കല്യാണം കഴിച്ചു ടീച്ചര്‍. ...... അപ്പൂപ്പന്‍: മോനേ, നിന്റെ ടീച്ചര്‍ വരുന്നു. വേഗം പോയി ഒളിച്ചേ... ടിന്റുമോന്‍: ആദ്യം അപ്പൂപ്പന്‍ പോയി ഒളി. അപ്പൂപ്പന്‍ മരിച്ചെന്നു പറഞ്ഞാ ഞാന്‍ കഴിഞ്ഞയാഴ്ച ലീവ് എടുത്തത്. .......

    ടിന്റുവിന്റെ അച്ഛന്‍: എടാ, ടെസ്റ്റിനു പോയിട്ടു എന്തായി ടിന്റുമോന്‍: ഞാന്‍ തോറ്റുപോയി അച്ഛാ... അച്ഛന്‍: നീ ഇനി എന്നെ അച്ഛാ എന്നു വിളിക്കേണ്ട ടിന്റുമോന്‍: ഇതു വെറും ക്ലാസ് ടെസ്റ്റാ. അല്ലാതെ ഡിഎന്‍എ ടെസ്റ്റല്ല. ......

    മലയാളം ഗ്രാമര്‍ ക്ലാസില്‍ ടിന്റുമോന്‍: ഞാന്‍ ഇന്നലെ രാത്രി അച്ഛനോടൊപ്പം ഉറങ്ങും. ടീച്ചര്‍: അതു ശരിയല്ല. ഞാന്‍ ഇന്നലെ രാത്രി അച്ഛനോടൊപ്പം ഉറങ്ങി. അതാണ് ശരി. ടിന്റുമോന്‍: അപ്പോ ഞാന്‍ ഉറങ്ങിക്കഴിഞ്ഞായിരിക്കും ടീച്ചര്‍ വന്നത്. ..... കഴുത്തറുപ്പന്‍ ഉപയുക്തതാവാദത്തിനും പ്രായോഗികവാദത്തിനും സര്‍ട്ടിഫിക്കറ്റ് നല്‍കി അഭിനന്ദിക്കുന്നതിനെയാണ് പലപ്പോഴും നാം "തമാശ" എന്ന് അറിയാതെ പേരിട്ട് വിളിക്കുന്നത്.

    ആഗോളവല്‍ക്കരണത്തിന്റെ കെട്ട നൈതികത തന്നെയാണ് ടിന്റുമോന്‍ തമാശകളുടെ ആന്തരികസത്ത. ചില ഉദാഹരണങ്ങള്‍. അഞ്ചുരൂപയുടെ നാണയം നിന്റെ അനുജന്‍ വിഴുങ്ങിക്കളഞ്ഞിട്ട് നീ എന്തു ചെയ്തു എന്ന് കൂട്ടുകാരന്‍. ഞാനത് അമ്മയുടെ അടുത്തുനിന്ന് കടംവാങ്ങി അഡ്ജസ്റ്റ് ചെയ്തു എന്ന് ടിന്റു. അല്ല, അവനെ ഡോക്ടറെടുത്തു കൊണ്ടുപോകേണ്ടെ? അവന് വല്ലതും സംഭവിക്കില്ലെ എന്ന് കൂട്ടുകാരന്‍. ""എടോ മണ്ടാ അഞ്ചുരൂപ ലാഭിക്കാന്‍ വേണ്ടി ഡോക്ടര്‍ക്ക് 100 രൂപ ഫീസുകൊടുക്കാന്‍ ഞാനത്രയ്ക്കു വിഡ്ഢിയാണോ" എന്ന് ടിന്റു. ""അങ്കിള്‍ എന്താ മെഡിക്കല്‍ ഷോപ്പിനുമുന്‍പില്‍? അങ്കിളിന്റെ ഭാര്യയുടെ ബോധം ഇനിയും തിരിച്ചുകിട്ടിയില്ലേ?"" എന്നു ടിന്റുമോന്‍ ""മരുന്നു മാറിക്കഴിച്ചുപോയതുകൊണ്ടാണ് അവളുടെ ബോധം പോയത്. ഇപ്പോള്‍ ബോധം തിരിച്ചുകിട്ടി. ആ മരുന്നിന്റെ പേരന്വേഷിച്ചു വന്നതാ"" എന്ന് ടിന്റുമോനോട് അങ്കിള്‍. ടിന്റുമോന്‍ തമാശകളുടെ പ്രത്യയശാസ്ത്രം സങ്കടക്കടലില്‍ അപൂര്‍വമായെത്തുന്ന ആശ്വാസത്തിന്റെ തിരമാലകളായിരുന്നു നമുക്ക് തമാശകള്‍. ചിരിയുടെ വേലിയേറ്റം സൃഷ്ടിക്കുന്ന ആ നൈമിഷിക ആഹ്ലാദത്തില്‍ ജീവിതപ്രയാസങ്ങളത്രയും മറന്നുകൊണ്ട് ഹൃദയത്തില്‍ നിന്ന ്ഒരു നിറകണ്‍ചിരി വിടരുക തന്നെ ചെയ്യും.

    കാലത്തില്‍നിന്ന് കാലത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടാനുണ്ടായിരുന്ന ആ തമാശകളുടെ പ്രാഥമികമായ യോഗ്യത ഈ ജീവിതഗന്ധം തന്നെയായിരുന്നു. നമ്പൂതിരി ഫലിതങ്ങളിലും സര്‍ദാര്‍ജി തമാശകളിലും എന്തിനേറെ "സീതിഹാജി" തമാശകളില്‍ വരെ ഈ ജീവിതഗന്ധം ഒരു ഗ്രാമവീഥിയിലൂടെ നടക്കുമ്പോഴെന്ന പോലെ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് തിരിച്ചറിയാനാവും. ഈ തമാശകളില്‍ പ്രത്യക്ഷാര്‍ഥത്തില്‍ തന്നെ നിലനില്‍ക്കുന്ന കീഴാള വിരുദ്ധത; സ്ത്രീവിരുദ്ധത; മതവിവേചനം എന്നിവയൊന്നും കാണാതെയല്ല ഇതു കുറിക്കുന്നത്. എങ്കിലും സാധാരണ മനുഷ്യന്റെ ജീവിതത്തോട് നേരിട്ട് സംവദിക്കുന്ന സവിശേഷമായ എന്തോ ഒന്ന് അവയില്‍ നിശ്ചയമായും ഉണ്ടായിരുന്നു. അവന്റെ എണ്ണമറ്റ ജീവിത പ്രയാസങ്ങള്‍ക്കിടയില്‍ ആ തമാശകള്‍ സ്വയം ഇടം കണ്ടെത്തിയത് അങ്ങനെയായിരുന്നു. ഇംഗ്ലീഷില്‍ "ബ്ലാക് ഹ്യൂമര്‍" എന്നറിയപ്പെടുന്ന "കറുത്ത ഹാസ്യം" ആണ് തമാശകളുടെ ലോകത്ത് ചിരിക്കാനുംഅതിലേറെ ചിന്തിപ്പിക്കാനും വഴിയൊരുക്കിയത്.

    കുറിക്കുകൊള്ളുന്ന ഒരു കറുത്ത ഹാസ്യത്തിന് ജീവിത ക്ലിഷ്ടതകളെ നേരിട്ടുകൊണ്ടുതന്നെ ഒരു പ്രതിബോധം ഉയര്‍ത്തിവിടാനുള്ള അസാമാന്യമായ ഒരു കരുത്തു തന്നെയുണ്ടായിരുന്നു. ആമ്പലിന്റെ ചിരിപോലെ അതിന്റെ വേരു പടര്‍ന്നു നില്‍ക്കുന്ന ചേറിന്റെ കരുത്തില്‍നിന്നു തന്നെയായിരുന്നു ഓരോ കറുത്ത ഹാസ്യത്തിന്റെയും പിറവിയും. ചാര്‍ലി ചാപ്ലിന്റെ കണ്ണീരണിഞ്ഞ ജീവിതവും നമ്മെ പഠിപ്പിക്കുന്ന പാഠം മറ്റൊന്നല്ലല്ലോ. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ഈ കറുത്ത ഹാസ്യത്തെ മനോഹരമായ ദര്‍ശനമാക്കി മാറ്റിയത് ശ്രീനാരായണ ഗുരുവായിരുന്നു. എണ്ണമറ്റ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും നേരിടാന്‍ അദ്ദേഹം തെരഞ്ഞെടുത്ത രീതി ഹാസ്യത്തിന്റേതു കൂടിയായിരുന്നു. ജനങ്ങളെ കാലുമണ്ണിലുറപ്പിച്ച് യുക്തിബോധത്തിന്റെ വെളിച്ചം കടത്തിവിടാന്‍ സഹായിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ തമാശകള്‍. എന്നാലിപ്പോള്‍ തമാശകളുടെ "ബ്രാന്റ് അംബാസഡര്‍" ആയി വിലസുന്നത് സാക്ഷാല്‍ ടിന്റുമോന്‍ ആണ്. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതും ഇപ്പോള്‍ അനിമേഷന്‍ രൂപം വരെ കൈക്കലാക്കിയതുമായ ടിന്റുമോന്‍ അരങ്ങുവാഴുകയാണ്. ആയിരക്കണക്കിന് എസ്എംഎസുകളാണ് ടിന്റുമോന്റേതായി ഓരോ സെക്കന്റിലും മലയാളക്കരയാകെ പ്രവഹിക്കുന്നത്.

    പുസ്തകരൂപത്തിലും ടിവി ചാനലുകളിലും നിറഞ്ഞുനില്‍ക്കുന്ന ഈ "വിചിത്രകഥാപാത്ര"ത്തിന് ഗംഭീരവരവേല്‍പ് തന്നെയാണ് നമ്മള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ടിന്റുമോന്‍ തമാശകളില്‍ ഹാസ്യത്തിന്റെ ചില മേമ്പൊടികള്‍ അവിടെയവിടെ ഉണ്ടായിരിക്കാം. ടിന്റുവിനെ കേവലം ഒരു കുസൃതിക്കാരനോ/കുറുമ്പുകാരനോ ആയി മാത്രം കണ്ട് അവന്റെ തമാശകള്‍ ആസ്വദിക്കുക മാത്രമല്ലേ ചെയ്യേണ്ടത് എന്നത് സ്വാഭാവികമായ ഒരു സംശയവുമായിരിക്കാം. എന്നാല്‍ കേവല നിഷ്കളങ്കതയ്ക്കപ്പുറം ടിന്റുവില്‍ മറ്റേതെങ്കിലും സ്വാധീനം ഉണ്ടോ എന്ന് വിലയിരുത്തേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ ടിന്റുവിന്റെ തമാശകളില്‍ പൊട്ടിച്ചിരിക്കുമ്പോള്‍ നമ്മളില്‍ എന്തൊക്കെയോ ചിലത് പൊട്ടിത്തകരുന്നുണ്ടോ എന്നും തിരിച്ചറിയാനാകും.

    ടിന്റുവിന്റേതായി ഇങ്ങനെയും ഒരു തമാശയുണ്ട്. ടീച്ചര്‍: ഇപ്പോള്‍ ഉള്ളതും പത്തുവര്‍ഷം മുമ്പ് ഇല്ലാത്തതുമായ ഒരു പ്രധാന കണ്ടുപിടിത്തത്തിന്റെ പേരു പറയൂ. ടിന്റുമോന്‍: ഞാന്‍. ..... അതെ; ടിന്റുമോന്‍ ഒരു കണ്ടുപിടിത്തം തന്നെയാണ്. പത്തു വര്‍ഷം മുമ്പില്ലാതിരുന്ന ഒരു കണ്ടുപിടിത്തം. അഥവാ പത്തുവര്‍ഷത്തിലേറെയായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നവ ഉദാരവല്‍ക്കരണത്തിന്റെ സാംസ്കാരിക സൃഷ്ടി തന്നെയാണ് "ടിന്റുമോന്‍".

    ആഗോളവല്‍ക്കരണത്തിന്റെ പ്രയോക്താക്കള്‍ ഏതെങ്കിലും നിക്ഷിപ്ത താല്പര്യത്തോടെ ഇത്തരം ഒരു കഥാപാത്രത്തെ ജനങ്ങളിലേക്കു സന്നിവേശിപ്പിച്ചു എന്നല്ല പറയുന്നത്. ടിന്റുമോന്‍ തമാശകളുടെ സൃഷ്ടി നടത്തുന്നവരില്‍ അവരറിഞ്ഞോ അറിയാതെയോ അവര്‍ വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന നവലിബറല്‍ നയങ്ങളുടെ സാംസ്കാരിക സ്വാധീനം സ്പഷ്ടമാണ് എന്ന അര്‍ഥത്തിലാണ് ഇങ്ങനെയൊരു വാദം മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ട് ടിന്റുമോന്‍ തമാശകളില്‍ സാമൂഹിക വിമര്‍ശനത്തിന്റെ ചോര്‍ച്ച സംഭവിച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ല. കേവല കൗതുകത്തിന്റെ സമയംകൊല്ലി ചിരിക്കപ്പുറം ടിന്റുമോന്റെ ഹാസ്യത്തിന് സമൂഹത്തില്‍ ഒരു ചലനവും സൃഷ്ടിക്കാനാവില്ല. പക്ഷേ; ടിന്റുമോന്‍ തമാശകളില്‍ നാം എത്രത്തോളം ആസക്തരാകുന്നു എന്നത്, എത്രത്തോളം അവയെ ആസ്വദിക്കാനാവുന്നു എന്നത് നവലിബറല്‍ സാംസ്കാരിക അവസ്ഥയ്ക്ക് നാം എത്രത്തോളം കീഴ്പ്പെട്ടു എന്ന് തിരിച്ചറിയാനുള്ള ഒരു "ലിറ്റ്മസ്" ടെസ്റ്റെങ്കിലും ആണ്. അതെ. ഈ ""ടിന്റു ആരാ മോന്‍"" എന്ന് തിരിച്ചറിഞ്ഞു തുടങ്ങുന്നതിന്റെ ലിറ്റ്മസ് ടെസ്റ്റ്്.

2012, മാർ 21

ആരവമൊഴിഞ്ഞിടത്തെ ദൃശ്യരൂപങ്ങള്‍ -സുവീരന്‍/സജീവന്‍ ചോറോട്



അരങ്ങില്‍ അമ്പരപ്പിക്കുന്ന ദൃശ്യ വിന്യാസങ്ങള്‍ ഒരുക്കുന്ന നാടക സംവിധായകനാണ് സുവീരന്‍ . നാടകം എന്ന സംഘര്‍ഷങ്ങളുടെ കലയെ സ്ഫോടനാത്മകമായി തന്നെ പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുന്നതിലുള്ള അസാധാരണമായ മെയ്വഴക്കമാണ് ഈ സംവിധായകന്റെ പ്രത്യേകത. ഇതിവൃത്തം ആവശ്യപ്പെടുന്നതിനുമപ്പുറം ക്രിയാംശങ്ങളുടെ വെടിക്കെട്ടുകള്‍ തീര്‍ക്കുന്നുവെന്ന നിരൂപക വിമര്‍ശനങ്ങളൊന്നും സുവീരന്‍ ശ്രദ്ധിക്കാറില്ല. നാടകങ്ങള്‍ സിനിമാറ്റിക് ആകുന്നുവെന്ന പരാതികള്‍ക്ക് അറുതിയില്ല. എന്നാല്‍ "ബ്യാരി" എന്ന ആദ്യ സിനിമയ്ക്കുതന്നെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതോടെ സുവീരനിലെ ചലച്ചിത്രകാരനെ സിനിമാലോകം ഞെട്ടലോടെയാണ് അറിഞ്ഞത്.

അക്ഷരാര്‍ഥത്തില്‍ ഒരു സിനിമാറ്റിക് വാര്‍ത്തയായിരുന്നു അത്. സിനിമയുടെ മാസ്മരിക പ്രപഞ്ചത്തില്‍ ഒറ്റ നക്ഷത്രമായി ഒറ്റ ദിവസം കൊണ്ട് ഉദയം ചെയ്യുകയായിരുന്നു. ആളും ഉടയവരും ആരവവുമില്ലാത്തതെന്ന് കരുതിയ ഒരു ഭാഷയിലേക്കാണ് സുവീരന്‍ ക്യാമറയുമായി ഇറങ്ങിയത്. ഇപ്പോള്‍ ബ്യാരി ഭാഷ ഇന്ത്യ കാതോര്‍ക്കുന്ന ഭാഷയാണ്. സുവീരന്‍ ഇന്ത്യ കണ്‍പാര്‍ക്കുന്ന സംവിധായകനും. കേരളത്തിന്റെ വടക്കേ അറ്റത്ത് കര്‍ണാടകത്തോട് ചേര്‍ന്ന് കിടക്കുന്ന കടലോര നിവാസികളുടെ ഭാഷയില്‍ ആദ്യ സിനിമ നിര്‍മിക്കാന്‍ സുവീരന്‍ കാണിച്ച ധൈര്യത്തിന് അവാര്‍ഡിനോളം വലിപ്പമുണ്ട്. മടപ്പള്ളി ഗവ.കോളേജില്‍ സുവോളജി വിദ്യാര്‍ഥിയായിരിക്കെയാണ് പി എം താജിന്റെ രചനയില്‍ വടകര വരദ അവതരിപ്പിച്ച "എന്നും പ്രിയപ്പെട്ട അമ്മ"യില്‍ മൃത്യുഞ്ജയനായി വേഷമിട്ട് നാടകത്തിലെത്തിയത്.

കോളേജില്‍ എസ്എഫ്ഐയുടെ പ്രവര്‍ത്തകനായും സ്റ്റുഡന്റ് എഡിറ്ററായും യുയുസിയായും പ്രവര്‍ത്തിച്ചു. നാടകത്തിന്റെ മാത്രം വഴികളില്‍ അലഞ്ഞും എരിപൊരികൊണ്ടും ജീവിച്ച ഒരു കലാകാരന്‍ കുറച്ച് ദിവസങ്ങളായി അനുമോദനങ്ങളാലും സ്നേഹപ്രകടനങ്ങളാലും വല്ലാതെ വീര്‍പ്പുമുട്ടുന്നു. പൂമാലകളാല്‍ അലങ്കരിച്ച തുറന്ന ജീപ്പിലായിരുന്നു ദേശീയ അവാര്‍ഡ് ജേതാവിനെ ജന്മനാടായ അഴിയൂരിലേക്ക് ആനയിച്ചത്. തൊഴിലാളികളും കലാകാരന്മാരും ഒരു നാടൊന്നാകെ ജേതാവിനെ വിജയാശംസകള്‍കൊണ്ട് വീര്‍പ്പുമുട്ടിച്ചു. അഴിയൂരിലെ പ്രശസ്ത ആയുര്‍വേദ ഭിഷഗ്വരനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കെ പി കുഞ്ഞിരാമന്‍ വൈദ്യരുടെയും കൗസല്യ അമ്മയുടെയും എട്ടു മക്കളില്‍ ഇളയവനാണ് സുവീരന്‍ . അഴിയൂര്‍ ഈസ്റ്റ് യുപി സ്കൂള്‍ , അഴിയൂര്‍ ഹൈസ്കൂള്‍ , കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ്, മടപ്പള്ളി ഗവ. കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം തൃശൂരിലെ സ്കൂള്‍ ഓഫ് ഡ്രാമയിലും പഠിച്ചു. തുടര്‍ന്ന് നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിനുശേഷം പെര്‍ഫോമിങ് ആര്‍ട്സില്‍ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഎ ബിരുദം നേടി. പത്താം ക്ലാസ് മുതല്‍ സുവീരന്‍ നാടകം സംവിധാനം ചെയ്തു തുടങ്ങി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഇന്റര്‍സോണ്‍ മത്സരത്തില്‍ ഏഴുതവണ നല്ല നാടകത്തിനുള്ള സമ്മാനം കരസ്ഥമാക്കി.

1977ല്‍ "ഉടമ്പടിക്കോലം", 2002ല്‍ "അഗ്നിയും വര്‍ഷവും", 2008ല്‍ "ആയുസ്സിന്റെ പുസ്തകം" എന്നീ നാടകങ്ങള്‍ക്ക് കേരള സംഗീത നാടക അക്കാദമിയുടെ നിരവധി അവാര്‍ഡുകള്‍ നേടി. പഞ്ചാബ്, ഹിന്ദി ഭാഷകള്‍ സമന്വയിപ്പിച്ച് "യെര്‍മ" എന്ന നാടക പരീക്ഷണത്തിന് പഞ്ചാബ് സര്‍ക്കാര്‍ അവാര്‍ഡ് നല്‍കി. ഗുജറാത്ത്, ജബല്‍പൂര്‍ എന്നിവിടങ്ങളിലെ ആദിവാസി മേഖലകളില്‍ നാടക പ്രവര്‍ത്തനം നടത്തി ദളിത് ജനവിഭാഗത്തിന്റെ ആദരവ് നേടി. കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച ദേശീയതല നാടക മത്സരങ്ങളിലും സമ്മാനാര്‍ഹനായി. ഭൂപല്‍കാക്കര്‍ എന്നവിഖ്യാത ചിത്രകാരനോടൊപ്പം മുംബൈയില്‍ ഡിസൈന്‍ എക്സിക്യൂട്ടീവായി പ്രവര്‍ത്തിച്ചു. ഫരീദാമേത്തയുടെ കാലിസല്‍വാര്‍ എന്ന ഹിന്ദി ചലചിത്രത്തിന്റെ അണിയറയിലും പ്രവര്‍ത്തിച്ചു. മലയാളത്തില്‍ ഉദയനാണ് താരം, കഥപറയുമ്പോള്‍ എന്നീ ചിത്രങ്ങളില്‍ വേഷങ്ങള്‍ ചെയ്തു. "ക്രോസ് ഡിസ്ട്രാക്ഷന്‍" "മേരിയും ലോറന്‍സും" "സൗണ്ട് മെഷീന്‍" എന്നീ ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനായി.

?-ഇനി ബ്യാരിയുടെ വിശേഷങ്ങള്‍ . ബ്യാരി നിനച്ചിരിക്കാതെയാണ് എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. ഒരു ദിവസം അഴിയൂരിലെ എന്റെ വീട്ടില്‍ അല്‍ത്താഫ് ഹുസൈന്‍ എന്നൊരാള്‍ എന്നെ കാണാന്‍ വന്നു. അയാള്‍ക്ക് ഒരു സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ട്. ഒരു സ്ക്രിപ്റ്റുമായിട്ടാണ് അയാളുടെ വരവ്. മതസൗഹാര്‍ദത്തെ ആസ്പദമാക്കിയുള്ള ഒരു കഥ. അയാളുടെ നാട്ടില്‍ നിരന്തരമായി നടക്കുന്ന മതസ്പര്‍ധകളും സംഘര്‍ഷങ്ങളുമൊക്കെ കോര്‍ത്തിണക്കി സാഹോദര്യം ഉദ്ഘോഷിക്കുന്ന ഒരു കഥയായിരുന്നു അത്. കഥ കേട്ടതോടെ ഞാന്‍ മറ്റൊന്നും ആലോചിക്കാതെ ഒഴിഞ്ഞുമാറി. ഈ സിനിമ ചെയ്യാന്‍ പറ്റിയ ആള്‍ ഞാനല്ലെന്നും ഒരു നല്ല സംവിധായകനെ കൊണ്ട് സിനിമ ചെയ്യിക്കണമെന്നും ഞാന്‍ അയാളെ ഉപദേശിച്ചു. ഒരു കൊമേഴ്സ്യല്‍ സെറ്റപ്പില്‍ മാത്രമേ ഇത് ചെയ്യാനാവുകയുള്ളൂവെന്ന് ഞാന്‍ അയാളെ ബോധ്യപ്പെടുത്തി.


?- കൈയില്‍ വന്ന നിര്‍മാതാവിനെ കൈവിട്ട് കളയുന്നത് ശരിയാണോ. അതെ, അതുതന്നെയാണ് അല്‍ത്താഫ് ഹുസൈനെയും അത്ഭുതപ്പെടുത്തിയത്. ഇയാളെന്തൊരു മനുഷ്യനാണ് എന്ന മട്ടിലാണ് എന്നെ നോക്കിയത്. അയാള്‍ എന്റെ ആയുസ്സിന്റെ പുസ്തകം എന്ന നാടകം കണ്ടിരുന്നു. കൂടാതെ ബ്യാരി ഭാഷക്ക് മലയാളവുമായി നല്ല ബന്ധമുണ്ട്. തങ്ങളുടെ പൂര്‍വികര്‍ മലയാളികളാണെന്ന് അവര്‍ വിശ്വസിക്കുന്നു. മലയാളിയായ ഒരു സംവിധായകനെകൊണ്ട് ചിത്രം ചെയ്യിക്കണമെന്നും ആഗ്രഹമുണ്ട്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ബ്യാരിഭാഷ അറിയില്ല. അവിടുത്തെ സംസ്കാരം, ജിവിതരീതി ഒന്നുമറിയില്ല. മലയാളത്തിലാണെങ്കില്‍ ഒരു കൈനോക്കാമെന്ന് ഞാന്‍ അയാളോട് സൂചിപ്പിച്ചു. എന്നാല്‍ ബ്യാരി ഭാഷയിലല്ലാതെ ഒരു സിനിമയെടുക്കാന്‍ അയാള്‍ക്കും താല്‍പര്യമില്ല. അങ്ങനെ അല്‍ത്താഫ് ഹുസൈന്‍ തെല്ലു പരിഭവത്തോടെ തിരിച്ചു പോവുകയാണുണ്ടായത്.

?-പിന്നീട് വീണ്ടും ബ്യാരിയിലേക്ക് എങ്ങനെയെത്തി. അയാള്‍ നാട്ടിലെത്തി വീണ്ടും ഫോണ്‍ ചെയ്യുകയുണ്ടായി. അതായത് അവരുടെ നാട്ടില്‍ താമസിച്ച് ഭാഷയും സംസ്കാരവും പഠിച്ച് ഒരു സിനിമ ചെയ്യണമെന്ന് അയാളുടെ അതിരറ്റ ആഗ്രഹം ഒന്നുകൂടി പ്രകടിപ്പിച്ചു. അങ്ങനെയാണ് ചന്ദ്രഗിരിപ്പുഴ കടന്ന് മംഗലാപുരത്തെ സൂറത്ത്കല്ലിലെത്തി ബ്യാരിയെ അടുത്തറിയാന്‍ തുടങ്ങിയത്. അവിടുത്തെ സ്ത്രീകളുടെ വേവലാതിപൂണ്ട മുഖങ്ങള്‍ , വിളറിവെളുത്ത പ്രകൃതങ്ങള്‍ , അമ്പരപ്പ് മുറ്റി നില്‍ക്കുന്ന ഭാവങ്ങള്‍ ...... ഒരു സിനിമയുടെ പ്രത്യേകതകളും ദൃശ്യ വിന്യാസങ്ങളും മനസ്സിലേക്ക് ചേക്കേറാന്‍ തുടങ്ങി. അങ്ങനെയാണ് ബ്യാരി ഉള്ളില്‍ നിറയുന്നത്. യൂസ്ഡ് വുമണ്‍ . ലൈംഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ട് വലിച്ചെറിയപ്പെട്ട സ്ത്രീത്വം. വ്യഭിചാര വ്യവസ്ഥയെ അരക്കിട്ട് ഉറപ്പിക്കുന്ന വിവാഹ സങ്കല്‍പം. ഇഷ്ടംപോലെ മൊഴി ചൊല്ലി അനാഥമാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ . ഇതൊക്കെയാണ് ബ്യാരിയുമായി അടുക്കാന്‍ എന്നെ ആകര്‍ഷിച്ച ഘടകങ്ങള്‍ .

?- സ്ത്രീകളുടെ പ്രശ്നങ്ങള്‍ നാടക അരങ്ങുകളിലും ശ്രദ്ധേയമായിരുന്നല്ലോ. നമ്മുടെ സമൂഹത്തിലെ ഏറ്റവും പരിഗണന അര്‍ഹിക്കേണ്ട വിഭാഗം സ്ത്രീ സമൂഹമാണ്. ദളിത് വിഭാഗം, സ്ത്രീകളുടെ ദുരിത ജീവിതം, അവരുടെ പ്രശ്നങ്ങള്‍ നേരത്തെയും എന്നെ ആകര്‍ഷിച്ചിരുന്നു. അധികാരഘടനയുടെ കൈകള്‍ എപ്പോഴും നീളുന്നത് ഇത്തരം വിഭാഗങ്ങള്‍ക്കു നേരെയാണ്. അതുകൊണ്ടുതന്നെ നമ്മുടെ മുഖ്യധാരാ വിപ്ലവ പ്രസ്ഥാനങ്ങള്‍ ഈ മേലയിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ബ്യാരിയിലെ നാദിറ എന്ന കഥാപാത്രം സ്വപ്നങ്ങള്‍ ചവിട്ടിമെതിക്കപ്പെട്ട പെണ്‍കുട്ടിയാണ്. തലാഖ് ചൊല്ലലിന്റെ ഇരയായവള്‍ . അവളുടെ അമ്പരപ്പും ബ്യാരി സമുദായത്തിലെ ചോദ്യം ചെയ്യപ്പെടേണ്ട വ്യവസ്ഥയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

?- ചിത്രത്തിന്റെ നിര്‍മാണഘട്ടം വിശദീകരിക്കാമോ. ബ്യാരി ഭാഷക്ക് ലിപിയില്ലെന്നറിയാമല്ലോ. ഞാന്‍ അവിടെയെത്തി ബ്യാരി സമുദായക്കാരുടെ സംസ്കാരവും മറ്റും മനസ്സിലാക്കാന്‍ അവരുടെ സാഹിത്യകൃതികള്‍ തേടി അലഞ്ഞു. ഇംഗ്ലീഷ് പരിഭാഷകളൊന്നും ഇവിടെ കിട്ടാനില്ല. ലൈബ്രറികളിലും അക്കാദമികളിലും ഒരുപാട് പരിശോധന നടത്തി. അങ്ങനെയാണ് ബ്യാരിയില്‍പ്പെട്ട നോവലിസ്റ്റ് സാറാ അബൂബക്കറുടെ പുസ്തകത്തെക്കുറിച്ച് അറിയുന്നത്. അതില്‍നിന്ന് ഇതിവൃത്തത്തിന്റെ ഒരു ബീജം കണ്ടെടുക്കാനായി. ബ്യാരി ഭാഷ മനസ്സിലാക്കാന്‍ രണ്ട് സുഹൃത്തുക്കളെ പരിഭാഷക്കായി നിര്‍മാതാവായ അല്‍ത്താഫ് ഹുസൈന്‍ ഏര്‍പ്പാടാക്കി. ഒരു വര്‍ഷത്തോളം സിനിമയുടെ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയെടുക്കാന്‍ നിരന്തരമായ അലച്ചിലിലായിരുന്നു.

?- സിനിമയിലെ കാസ്റ്റിങ്. ഇതില്‍ പ്രധാനമായും നാദിറ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റിയ നടിയെയായിരുന്നു ആവശ്യം. രണ്ട്, മൂന്ന് ഗെറ്റപ്പുകളില്‍ അവതരിപ്പിക്കേണ്ട കഥാപാത്രമായതിനാല്‍ ആദ്യം മുതലെ മല്ലികയുടെ ഛായ എന്റെ മനസ്സിലുണ്ടായിരുന്നു. എന്നാല്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുമായി ബന്ധപ്പെട്ടപ്പോള്‍ മല്ലികക്ക് തിരക്കാണെന്നും അഞ്ച് ലക്ഷം രൂപയോളം വേണ്ടിവരുമെന്നുമാണ് പറഞ്ഞത്. മാമുക്കോയ, അംബികാ മോഹന്‍ , കെ ടി എസ് പടന്ന തുടങ്ങിയ അഭിനേതാക്കളെ നേരത്തെ കാസ്റ്റ് ചെയ്തിരുന്നു. നിര്‍മാതാവിനെ സംബന്ധിച്ചിടത്തോളം ചെറിയ ബഡ്ജറ്റില്‍ പൂര്‍ത്തിയാക്കേണ്ട ചിത്രമായതിനാല്‍ മല്ലികയെവച്ച് സിനിമ ചെയ്യിനാകില്ലെന്ന് ബോധ്യപ്പെട്ടു. നവ്യാനായരുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അവരും പ്രതിഫലത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രൊജക്ട് കൈയൊഴിയുകയാണുണ്ടായത്. സിനിമാ നിര്‍മാണം മുന്നോട്ടുപോവില്ലെന്ന് കരുതിയപ്പോഴാണ് ഒരു സുഹൃത്ത് വഴി മല്ലികയെ നേരിട്ട് ബന്ധപ്പെടുന്നത്. അപ്പോഴാണ് ഒരുകാര്യം മനസ്സിലായത്. മല്ലിക ഈ പ്രൊജക്ടിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന്. അവര്‍ ബ്യാരി എന്ന സിനിമയെക്കുറിച്ച് കേട്ടിട്ടുപോലുമില്ല. ഇതിനിടയില്‍ ആരോ കളിക്കുകയായിരുന്നു. 2002 മുതല്‍ മലയാളത്തില്‍ ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ച് നിരന്തരമായി ചര്‍ച്ചകളും പ്രൊജക്ടുമായി അലയുന്നവനാണ് ഞാന്‍ . ഇതും നടക്കാതിരിക്കാനാണ് ചിലരുടെ ശ്രമം.

?- മല്ലികയുടെ അഭിനയം. ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ നടിയാണ് അവര്‍ . കഥ കേട്ടപ്പോള്‍ തന്നെ ഏറെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇത് തനിക്ക് ചെയ്യാനാകുമെന്ന് മല്ലിക ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഥാപാത്രത്തിന്റെ കരുത്തില്‍ അവര്‍ക്ക് നല്ല ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു. ?- മലയാള സിനിമയില്‍ താങ്കളുടെ വരവിനെ തടസ്സപ്പെടുത്താന്‍ ആര്‍ക്കെങ്കിലും ഉദ്ദേശ്യമുണ്ടായിരുന്നോ. പ്രത്യേകിച്ച് സൂപ്പര്‍ താരങ്ങളോ സംവിധായകരോ തടസ്സമായി നില്‍ക്കുന്നുവെന്ന് അര്‍ഥമാക്കേണ്ട. എന്നാല്‍ ആരും കാണാത്ത ചില പ്രതിഭാസങ്ങള്‍ മലയാള സിനിമയെ നിയന്ത്രിക്കുന്നുണ്ട്. അത് സാമ്രാജ്യത്വം എന്നൊക്കെ പറയുന്നതുപോലെ പ്രത്യേകിച്ച് ആരെയും ചൂണ്ടിക്കാണിക്കാനാവില്ല. മലയാള സിനിമ ഇന്നും ഓരോ സീന്‍ കഴിയുമ്പോഴും തേങ്ങ ഉടച്ചും പൂജ നടത്തിയും സിനിമക്ക് പേരിടാന്‍ കവടി നിരത്തിയും മുടന്തുകയാണ്. സ്പിരിച്വലിസമാണ് ഈ കലയെ മുന്നോട്ട് നയിക്കുന്നതെന്നാണ് ഇവര്‍ കരുതുന്നത്. ദൈവം മരിച്ചുവെന്ന നീഷെയുടെ വെളിപാടുകളൊന്നും മലയാള സിനിമ പ്രവര്‍ത്തകരില്‍ പലരും കേട്ടിട്ടുപോലുമില്ല. ഇതിനെയെല്ലാം മറികടക്കുന്ന പുതിയ ചെറുപ്പക്കാരുടെ ഒരുനിര സിനിമയില്‍ കടന്നുവന്നിട്ടുണ്ട്. ഇന്ത്യന്‍ റുപ്പിയും ചാപ്പാക്കുരിശും സോള്‍ട്ട് ന്‍ പെപ്പറും മറ്റും ഇതിന് ഉദാഹരണങ്ങളാണ്. സോഷ്യല്‍ റിയലിസം സര്‍ഗാത്മക മുദ്രയാക്കുന്ന ശ്രീനിവാസനെപ്പോലുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളുമാണ് മലയാളത്തിന് ആവശ്യം.

?- ബ്യാരി അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ. സിനിമയുടെ നിര്‍മാണത്തിന്റെ ഒരോ ഘട്ടത്തിലും ഒരു പാട് പരീക്ഷണ കടമ്പകള്‍ ഉണ്ടായിരുന്നു. ഒന്നാമത് ഒരുപാട് സാമ്പത്തിക പിന്‍ബലമുള്ള ഒരു യൂണിറ്റായിരുന്നില്ല. എഴുതപ്പെട്ട സീനുകള്‍ പൂര്‍ണമായ സമ്പന്നതയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നിര്‍മാണം നിര്‍ത്തിവയ്ക്കേണ്ട സ്ഥിതിപോലുമുണ്ടായി. പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ആര്‍ക്കും വിശ്വാസമില്ലായിരുന്നു. ചിത്രീകരണത്തിനായി ഉപയോഗിച്ച ഒരു വീട് ഏത് സമയവും പൊളിച്ച് വില്‍ക്കാന്‍ കാത്തിരിക്കുകയാണ് ഉടമസ്ഥന്‍ . സീനുകള്‍ പെര്‍ഫക്ഷനില്‍ ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന കുറ്റബോധമുണ്ട്. ചിത്രത്തില്‍ അറക്കാന്‍ കൊണ്ടുപോകുന്ന ഒരു ആട് തന്റെ ഇണയെ അവസാനമായി പ്രാപിക്കുന്ന ഒരു സീനുണ്ട്. രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ആടിനെ തരപ്പെടുത്തി വച്ചിരുന്നു. ഷൂട്ടിങ് സമയത്ത് എത്ര കിണഞ്ഞ് ശ്രമിച്ചിട്ടും ഈ സീന്‍ ശരിയാവുന്നില്ല. പിന്നീടാണ് അറിയുന്നത് വാഹനാപകടത്തില്‍ പരിക്കേറ്റ് "പൗരുഷം" നഷ്ടപ്പെട്ട ആടായിരുന്നു അതെന്ന്. പെര്‍ഫക്ഷന്‍ കംപ്ലീറ്റ് അല്ലാത്തതിനാല്‍ പുരസ്കാരങ്ങളും പ്രതീക്ഷിച്ചിരുന്നില്ല. ബ്യാരി പുരസ്കാരങ്ങള്‍ക്കായി നിര്‍മിച്ച ചിത്രവുമായിരുന്നില്ല.

?- സിനിമ കര്‍ണാടകത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നോ. ഇതൊരു മൊഴിചൊല്ലലിന്റെ കണ്ണീര്‍ക്കഥയാണെന്നും അള്ളാഹു വെറുക്കപ്പെട്ട മൊഴി ചൊല്ലലിന്റെ ഇതിവൃത്തമാണെന്നും തദ്ദേശീയരായ ആരോടും പറഞ്ഞിരുന്നില്ല. യഥാര്‍ഥ പള്ളിയില്‍നിന്നുതന്നെ ചില സീനുകള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. സിനിമ പൂര്‍ത്തീകരിച്ചതോടെയാണ് പള്ളികളില്‍ നിന്നും മറ്റും എതിര്‍പ്പുണ്ടായത്. സിനിമ കാണരുതെന്നും ഈ സിനിമ ബ്യാരി ഭാഷയെയും മുസ്ലിം സമുദായത്തെയും അപമാനിക്കാനുള്ളതാണെന്ന് പ്രചാരണമുണ്ടായി. പള്ളിക്കോ ഖുര്‍ ആനോ സിനിമ എതിരല്ലെന്ന് ഒരു വിഭാഗം ചെറുപ്പക്കാര്‍ ആശയ പ്രചാരണം നടത്തുക പോലുമുണ്ടായി. അവിടുത്തെ രണ്ട് തിയറ്ററുകളിലായി ഇരുപത്തിയഞ്ചോളം ദിവസങ്ങള്‍ സിനിമ ഓടി. ഒരേ സമുദായത്തിലുള്ളവര്‍ രണ്ട് ചേരികളിലായി സിനിമയെക്കുറിച്ച് ചര്‍ചകള്‍ തുടങ്ങി. ദേശീയ അവാര്‍ഡ് ലഭിച്ചതോടെ എതിര്‍പ്പുകള്‍ക്ക് ശക്തി കുറഞ്ഞതായാണ് വിവരം. നിരവധി ബ്യാരിക്കാര്‍ ഫോണിലൂടെ അഭിനന്ദിച്ചിട്ടുണ്ട്. ഇത് തന്നെയാണ് സിനിമയുടെ യഥാര്‍ഥ അവാര്‍ഡെന്ന് ഞാന്‍ കരുതുന്നു.

?- നാടക സിനിമാ പ്രവര്‍ത്തനങ്ങളോട് കുടുംബത്തിന്റെ സമീപനം കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ സയന്‍സ് ഗ്രൂപ്പെടുത്ത് എന്നെ ചേര്‍ത്തത് അച്ഛന് ഞാന്‍ ഒരു ഡോക്ടറാകണമെന്ന ആഗ്രഹത്തില്‍ നിന്നാണ്. അച്ഛന്‍ ആയുര്‍വേദ വൈദ്യനും സംസ്കൃത ഭാഷയില്‍ പണ്ഡിതനുമായിരുന്നു. എട്ടു മക്കളില്‍ ഏഴുപേരും ഡോക്ടറായിട്ടില്ല. ഇളയവനായ എന്നെയെങ്കിലും ഡോക്ടറാക്കനാണ് അച്ഛന്റെ ആഗ്രഹം. നിര്‍മലഗിരിയിലെത്തിയതോടെ നേരത്തെയുള്ള നാടകാഭിരുചി ശക്തിപ്പെടുകയാണുണ്ടായത്. ക്ലാസില്‍ കൃത്യമായി എത്താറില്ലെങ്കിലും പാസായി. മടപ്പള്ളി കോളേജില്‍ ബിഎസ്സിക്ക് ചേര്‍ന്നെങ്കിലും നാടക പ്രവര്‍ത്തനം ഊര്‍ജിതമാക്കി. വടകര വരദയില്‍ അഭിനയിക്കുകയും ചെയ്തു. ബിഎസ്സി കഴിഞ്ഞതിന് ശേഷം സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേരാനുള്ള തീരുമാനം അച്ഛനെ ഞെട്ടിച്ചു. ഒന്നുകില്‍ അകത്ത് അല്ലെങ്കില്‍ പുറത്ത് എന്നാണ് അച്ഛന്‍ പറഞ്ഞത്. കിരീടത്തിലെ മോഹന്‍ലാലിന്റെ അവസ്ഥപോലെയായി ജീവിതം. തീരുമാനമെടുക്കാന്‍ അധികം ആലോചിക്കേണ്ടിവന്നില്ല. അങ്ങനെ ഞാന്‍ കുടുംബത്തിന്റെ അരങ്ങില്‍നിന്ന് പുറത്തായി. പിന്നീടൊരിക്കലും വീട്ടുകാരില്‍ നിന്ന് ജീവിക്കാന്‍ അഞ്ച് പൈസക്ക് കൈനീട്ടിയിട്ടില്ല, ഇന്നുവരെ.

?- അച്ഛനുമായി എന്നെന്നേക്കുമായി പിണങ്ങിയോ. അച്ഛന്‍ കമ്യൂണിസ്റ്റ് മനസ്സുള്ള ഉറച്ച കോണ്‍ഗ്രസ്സുകാരനായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനുമായി നല്ല ബന്ധമായിരുന്നു അച്ഛന്. അച്ഛന്റെ അവസാന നാളുകളില്‍ പലരോടായി പറയുമായിരുന്നു. ഈ ചോമ്പാലില്‍ ഞാനല്ലാതെ ഒറ്റ കോണ്‍ഗ്രസ്സുകാരനും ഇല്ലെന്ന്. കാരണം അച്ഛന്‍ പ്രായമായതോടെ കോണ്‍ഗ്രസ്സിനും തളര്‍ച്ച ബാധിച്ചിരുന്നല്ലോ. എന്നെയും കോണ്‍ഗ്രസ്സുകാരനാക്കാനായിരുന്നു തീരുമാനം. എസ്എഫ്ഐയില്‍ സജീവമായതോടെ ആ ആഗ്രഹം ഉപേക്ഷിക്കുകയാണുണ്ടായത്. തളര്‍വാതം പിടിപെട്ട് കിടപ്പിലായി. അവസാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സിനിമാ മോഹവുമായി മദ്രാസിലേക്ക് വണ്ടി കയറുന്നതിന് മുമ്പ് ഞാന്‍ അച്ഛനെ പോയി കണ്ടു. എന്റെ കൈപിടിച്ച് അച്ഛന്‍ പറഞ്ഞ വാചകം ഇന്നും മനസ്സിലുണ്ട്. "ഒരാള്‍ ഒരേ കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടാല്‍ അംഗീകാരവും വിജയവും അയാളെ തേടിയെത്തും. അത് അയാള്‍ ആഗ്രഹിച്ചില്ലെങ്കിലും അങ്ങനെതന്നെയെ സംഭവിക്കൂ." ഞാന്‍ മദ്രാസില്‍ എത്തുന്നതിന് മുമ്പെ അച്ഛന്‍ മരിച്ചിരുന്നു. വന്നണഞ്ഞ വിജയത്തിനു മുന്നില്‍ , അച്ഛന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഇന്ന് എന്റെ കണ്ണ് നിറയുന്നു. എന്റെ റോള്‍ മോഡലായിരുന്നു അച്ഛന്‍ . അച്ഛന്റെ ചിന്തകള്‍ക്ക് കടക വിരുദ്ധമായാണ് ഞാന്‍ ജീവിച്ചതെങ്കിലും എനിക്ക് കുറ്റബോധമില്ല.

?- സ്കൂള്‍ ഓഫ് ഡ്രാമയിലെ ജീവിതം. നാടക സങ്കല്‍പങ്ങള്‍ക്കും ജീവിത വീക്ഷണങ്ങള്‍ക്കും വലിയ സ്വാധീനമാണ് തൃശൂരിലെയും ഡല്‍ഹിയിലെയും നാടക പഠനങ്ങളിലൂടെ ഉണ്ടായത്. നമ്മള്‍ നേരത്തെ ചെയ്ത നാടക രീതികളും മറ്റും ശരിയാംവണ്ണം ബോധ്യപ്പെട്ടത് അവിടെവച്ചാണ്. ലോക നാടകവേദിയെ അറിയാനും പരന്ന വായനയും മാര്‍ക്സിയന്‍ സൗന്ദര്യ ശാസ്ത്രത്തിന്റെ രീതികളും അരങ്ങിന്റെ നൂതനമായ സമ്പ്രദായങ്ങളെല്ലാം പരിശീലിച്ചു. എന്നാല്‍ സാമ്പ്രദായിക ശീലങ്ങളില്‍ മാത്രം തൃപ്തിയടയുന്ന മനസ്സല്ല എന്റേത്. ജി ശങ്കരപിള്ളയുടെ "ഭരതവാക്യം" നേരത്തെ നിരവധി മഹാരഥന്‍മാന്‍ അരങ്ങിലെത്തിച്ചിരുന്നു. എന്നാല്‍ ഞാന്‍ ആ കൃതിയെ വായിച്ചതും വ്യാഖ്യാനിച്ചതും മറ്റൊരു രീതിയിലായിരുന്നു. ഭരതവാക്യം ഏറ്റവും നന്നായി അരങ്ങിലെത്തിച്ചത് സുവീരനാണെന്ന് ശങ്കരപിള്ള പറയുകയുണ്ടായി. സക്കറിയയുടെ "ഭാസ്കരപട്ടേലരും എന്റെ ജീവിതവും" എന്ന കൃതിയെ ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും എന്ന പേരിലാണ് രംഗഭാഷ്യം ഒരുക്കിയത്. അടൂരിന്റെ "വിധേയന്‍" എന്ന സിനിമയെക്കാള്‍ സുവീരന്റെ തൊമ്മിയാണ് മികച്ചതെന്ന് സക്കറിയ പറഞ്ഞുകേട്ടപ്പോള്‍ നല്ല സന്തോഷം തോന്നി. ആന്റിഗണിയും എംപറര്‍ ജോണ്‍സും ചക്രവും തുടങ്ങി സി വി ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം വരെ ഞാന്‍ വ്യാഖ്യാനിച്ചെടുത്ത രീതിയിലാണ് അവതരിപ്പിച്ചത്. ആത്യന്തികമായി സംവിധായകന്‍ ഒരു കൃതിയുടെ നല്ല വ്യാഖ്യാതാവായിരിക്കണം. ചരിത്ര ബോധമാണ് കലാകാരനെ വര്‍ത്തമാനകാലത്തില്‍ ഉറപ്പിച്ച് നിര്‍ത്തുന്നത്.

?- സിനിമാ സംവിധായകന്‍ എന്ന നിലയില്‍ അടുത്ത പ്രൊജക്ട്. രണ്ട് വര്‍ഷം മുമ്പ് ശീനിവാസന്‍ നായകനായി എന്റെ സംവിധാനത്തില്‍ ഒരു പ്രൊജക്ട് നിലവിലുണ്ട്. ശ്രീനിയേട്ടന്റെ അടുത്ത സിനിമ എന്റേതാകുമെന്നാണ് പ്രതീക്ഷ. കൂടാതെ മറ്റൊരു കമേഴ്സ്യല്‍ ചിത്രവും പണിപ്പുരയിലുണ്ട്.

?- മുഖ്യധാരാ സിനിമയില്‍ സജീവമാകാന്‍ താല്‍പര്യമുണ്ടോ. കൊമേഴ്സ്യല്‍ ചിത്രങ്ങള്‍ എന്ന് പറയുന്നത് പണം മുടക്കുന്ന നിര്‍മാതാവ് പറയുന്നതുപോലെ എടുക്കുന്ന ചിത്രം എന്ന അര്‍ഥത്തിലല്ല. ലാറി ബേക്കര്‍ വീട് നിര്‍മിക്കുന്നത് പണം മുടക്കുന്ന ആള്‍ നിര്‍ദേശിക്കുന്ന തരത്തിലല്ല. അയാളുടെ അന്വേഷണത്തിലും പരീക്ഷണത്തിലും നമുക്ക് അനുയോജ്യമായ വീടുകള്‍ പണിത് തരികയാണ് ചെയ്യുന്നത്. നമുക്ക് ഇഷ്ടമുള്ള വീടുകള്‍ പണിയാന്‍ ലാറിബേക്കറോട് ആവശ്യപ്പെടാന്‍ നമുക്ക് കഴിയുമോ. പ്രേക്ഷകന് അനുയോജ്യമായ ചിത്രങ്ങള്‍ ഇതാണെന്ന മട്ടില്‍ പടച്ചുവിടുന്ന രീതി അപകടകരമാണ്.

?- കലയിലെ രാഷ്ട്രീയം, അതിന്റെ സ്വാധീനം. ഞാന്‍ പറഞ്ഞില്ലേ, എന്റെ പ്രവര്‍ത്തന മേഖല കലയാണ്. ചിലപ്പോള്‍ എന്നെ ഒരു ജാഥയില്‍ കണ്ടില്ലെന്ന് വരാം. എന്നാല്‍ അനിവാര്യമായ ഘട്ടത്തില്‍ ഞാന്‍ ജാഥയിലുണ്ടാകും. അടിസ്ഥാനപരമായി കലാകാരന്മാര്‍ ഇടതുപക്ഷ മനോഭാവമുള്ളവരായിരിക്കും. എന്നെ സംബന്ധിച്ച് സിപിഐ എം അനുഭാവിയാണെന്ന്പറയാന്‍ താല്‍പര്യമുണ്ട്. അതുകൊണ്ടുതന്നെ ചില കൃതികള്‍ എന്നെ ഒരുപാട് ആകര്‍ഷിക്കാറുണ്ട്. ബര്‍ത്തോള്‍ട് ബ്രഹ്ത്തിന്റെയും മറ്റും കൃതികള്‍ എനിക്ക് സര്‍ഗാത്മക ഊര്‍ജം പകര്‍ന്നുതരുന്നതാണ്. സത്യം കണ്ടെത്താനും അത് ആവിഷ്കരിക്കാനും മാര്‍ക്സിയന്‍ ദര്‍ശനം കലാകാരന് കരുത്തു പകരും. ഒരു കഥാപാത്രത്തെ മൂന്ന് ആങ്കിളുകളില്‍ കൂടിയാണ് വിശകലനം ചെയ്യുന്നത്. സോഷ്യോളജി, സൈക്കോളജി, ഫിസിയോളജി. കഥാപാത്രത്തിന്റെ പുനര്‍നിര്‍മിതിക്കും കുറ്റമറ്റ ആവിഷ്കാരത്തിനും മാര്‍ക്സിയന്‍ പഠനം കലാകാരനെ സംബന്ധിച്ച് വിലപ്പെട്ടതാണ്.

?- കുടുംബം കുട്ടികള്‍ . വിവാഹം കഴിച്ചിട്ടില്ല. രണ്ട് കുട്ടികളുണ്ട്. പ്ലസ് വണ്ണില്‍ പഠിക്കുന്ന കേകയും അഞ്ചാംക്ലാസുകാരി ഐകയും. അമൃതയാണ് ജീവിതസഖി. സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നാണ് അമൃതയുമായി പരിചയം. പരിചയം വളര്‍ന്ന് ഒന്നിച്ച് ജീവിച്ചു. വിവാഹത്തിന് താലികെട്ടോ രജിസ്ട്രേഷനോ നടന്നിട്ടില്ല. നാടക ക്യാമ്പുകളില്‍ സജീവമായി അമൃത കൂടെയുണ്ടാകും. ബ്യാരിയുടെ സെറ്റിലും അമൃതയുണ്ടായിരുന്നു.


സിനിമയിലെ പാട്ട്. ഈ സിനിമയില്‍ ഒരു പാട്ടുണ്ട്. സിനിമയുടെ ആത്മാവിനോട് ചേര്‍ന്നുനില്‍ക്കുന്ന പാട്ടാണത്. കവി ശിവദാസ് പുറമേരിയാണ് രചയിതാവ്. ലൊക്കേഷനില്‍ കൊണ്ടുപോയി ബ്യാരി ഭാഷയില്‍ സിനിമയുടെ ജീവിത പരിസരങ്ങള്‍ മനസ്സിലാക്കിയ ശേഷമാണ് പാട്ടെഴുതിയത്. "മോഡമേ....മോഡമേ (മേഘമേ...മേഘമേ) എന്ന് തുടങ്ങുന്ന പാട്ട് ചലചിത്രഗതിക്ക് അനുസൃതമായിട്ടുതന്നെ നിലനില്‍ക്കുന്നുണ്ട്.

? കേരളത്തില്‍ ബ്യാരി തിയറ്ററില്‍ കാണാനാവുമോ. അത് തീരുമാനിക്കേണ്ടത് സിനിമ കാണണം എന്നാഗ്രഹിക്കുന്ന പ്രേക്ഷകരാണ്. കഴിഞ്ഞ ദിവസം അവാര്‍ഡ് പ്രഖ്യാപനത്തിന്റെ അന്ന് കോഴിക്കോട് മഹാറാണിയില്‍ വച്ച് അമ്പിളിചേട്ടനെ (ജഗതി ശ്രീകുമാര്‍) കണ്ടിരുന്നു. ദേശീയ അവാര്‍ഡ് ലഭിച്ചതിന് ഒരുപാട് അഭിനന്ദിച്ചു. സംസാരത്തിനിടയില്‍ എന്നോട് ചോദിച്ചു നിന്റെ സിനിമ കാണാനെന്താണ് വഴി. കര്‍ണാടകത്തില്‍ തിയറ്ററുകളില്‍ കളിച്ചിട്ടുണ്ട്. അമ്പിളിച്ചേട്ടന് വേണമെങ്കില്‍ ഡിവിഡിയില്‍ കാണാനുള്ള സൗകര്യം ഒരുക്കിതാരം. അത് കേട്ടതോടെ കയര്‍ക്കുന്ന സ്വരത്തില്‍ എന്നോട് പറഞ്ഞു. "നിന്റെ ഡിവിഡിയും കോപ്പുമൊന്നും എനിക്ക് കേള്‍ക്കേണ്ട" ദേശീയ അവാര്‍ഡ് ലഭിച്ച സിനിമ ഞാന്‍ തിയറ്ററില്‍ മാത്രമേ കാണുന്നുള്ളൂ. അന്ന് പറഞ്ഞ് പിരിഞ്ഞതിന്റെ പിറ്റേദിവസമാണ് ചേട്ടന് അപകടം പറ്റിയത്. യഥാര്‍ഥത്തില്‍ നല്ല സിനിമകള്‍ പ്രേക്ഷകനെ സൗ ജന്യമായി കാണിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാണ് അഭിപ്രായം.

? പുതിയ നാടകം വല്ലതും. അതെ, ഞാനൊരു നാടകക്കാരനാണല്ലോ. മഹാഭാരതം ആസ്പദമാക്കി അന്ധഭാരതം എന്നൊരു നാടകം മനസ്സിലുണ്ട്. വലിയ ഒരു ക്യാന്‍വാസില്‍ ഇന്റര്‍നാഷനല്‍ ലവലില്‍തന്നെ ചെയ്യണമെന്നുണ്ട്.