2022, ഒക്ടോ 14

കണ്ണേട്ടൻ...
എന്നെന്നും ഞങ്ങളുടെ കണ്ണേട്ടൻ
നടുവിൽ,അറക്കൽതാഴെ ബ്രാഞ്ച് സമ്മേളനത്തിന്റെ
കൊടിഉയർത്തിയത് കണ്ണേട്ടനായിരുന്നു.
കൊടിഉയർത്തി എല്ലാരും പിരിഞ്ഞിട്ടും
കണ്ണേട്ടൻ കൊടിമരച്ചുവട്ടിൽ തന്നെ...
മുഷ്ടിചുരുട്ടി അഭിവാദ്യമർപ്പിച്ചുകൊണ്ടെയിരുന്നു...
അതാണ് കണ്ണേട്ടൻ!
രക്തത്തിൽ കമ്മ്യൂണിസം അലിഞ്ഞുചേർന്ന മനുഷ്യൻ.
വലിയ പഠിപ്പും പത്രാസുമൊന്നുമില്ല.
പക്ഷെ,പത്രവിവരങ്ങളെ അടിസ്ഥാനമാക്കി
കമ്മ്യൂണിസ്റ്റ് വിമർശകർക്കുമുമ്പിൽ
കണ്ണേട്ടൻ പ്രതിരോധം തീർക്കും.
ഉറച്ച കമ്മ്യൂണിസ്റ്റ് കുടുംബമാണ് അദ്ദേഹത്തിന്റേത്.
കഠിനാദ്ധ്വാനിയാണ്.
നടുവിൽ പ്രദേശത്തെ വലിയ ആഴം വരുന്ന
പഴയകാല കിണറുകളൊക്കെ കുഴിച്ചത്
കണ്ണേട്ടനും മരിച്ചുപോയ ഏട്ടൻ കിട്ടേട്ടനും കൂടിയാണ്
ചാരുതയാർന്ന കിണറുകൾ കണ്ടാൽ
ആരും നമിച്ചുപോകും
ജ്യേഷ്ടന്റെ മരണം കണ്ണേട്ടനെ വല്ലാതെ തളർത്തി.
പ്രായത്തോടൊപ്പം വാതരോഗവും.
ശാരീരിക ബുദ്ധിമൂട്ടുകളേറെ.
ഊന്നുവടിയിലാണ് സമ്മേളനത്തിനെത്തിയത്
കണ്ണേട്ടന് എന്റെ അഭിവാദ്യങ്ങൾ.....

2015, നവം 13

ഇപ്പോഴവര്‍ ചരിത്രത്തില്‍ നിന്നും ഇരകളെ നിര്‍മ്മിക്കുന്നു, ഒരു തുടര്‍ച്ചയെന്നോണം. സ്വാമി വിവേകാനന്ദന്‍ മുതല്‍ സര്‍ദാര്‍ പട്ടേല്‍ വരെ അവര്‍ ചരിത്രത്തിന്റെ വ്യാജ നിര്‍മ്മിതിയിലൂടെ അവരുടേതാക്കി. ‘വഴങ്ങാത്ത’ അക്ബര്‍ മുതല്‍ നെഹ്‌റു വരെയുള്ളവര്‍ക്ക് ‘കുറ്റപത്രം’ തയ്യാറാക്കി, ദേശ ഹൈന്ദവ വിരുദ്ധരെന്നു മുദ്രകുത്തി. ഇപ്പോഴവര്‍ മഹാനായ, ചരിത്രത്തിലെ സമാനതകളില്ലാത്ത പോരാളിയായ ടിപ്പുവിനെ തേടി വന്നിരിക്കുന്നു. വേട്ടക്കാരന്റെ പെരുംമുരള്‍ച്ചകള്‍ കര്‍ണ്ണാടകയില്‍ നിന്ന് കേട്ട് തുടങ്ങിയിരിക്കുന്നു…!! 

2015, സെപ്റ്റം 11

മൗനം പ്രതിരോധമല്ല, കീഴടങ്ങലാണെന്ന് കര്‍ണാടകത്തിലെ സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം മനസ്സിലാക്കിയിരിക്കുന്നു. കല്‍ബുര്‍ഗിയുടെ ഘാതകരെ പിടികൂടുന്നതില്‍ കാലതാമസം വരുന്നതിനെതിരെ 
ശക്തമായ പ്രതിഷേധം ആ സംസ്ഥാനത്ത് ഉയരുന്നു. പലരും തങ്ങള്‍ക്ക് കിട്ടിയ ബഹുമതികള്‍ തിരികെ നല്‍കാനൊരുങ്ങി മോശമായൊരു രാജ്യനീതിയെ വെല്ലുവിളിക്കുന്നു. ഒരു വെടിയുണ്ട തങ്ങള്‍ക്കു വേണ്ടിയും എവിടെയോ ലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കിയിട്ടും അവര്‍ ശബ്ദം ഉയര്‍ത്തുകയാണ്. 
കാവി സദസിലെ വിദൂഷകരാകുന്നതിനേക്കാള്‍ മരണം ബഹുമതിയെന്നു കരുതുന്നവര്‍.എന്നിട്ടുമെന്തേ ഈ കേരളത്തില്‍, സാംസ്‌കാരിക ലേബല്‍ നെറ്റിയിലൊട്ടിച്ച ഒരു നാട്ടില്‍ 
മൗനം എന്ന വിഷം കുടിച്ച് ഇവിടുത്തെ നായകന്മാര്‍ ചത്തു ജീവിക്കാന്‍ തീരുമാനിക്കുന്നത്? വെടിയുണ്ടകള്‍ തറച്ചില്ലെങ്കിലും ഇവിടെയും ബഷീറുമാര്‍ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. 
അടുത്തത് നിങ്ങളാണെന്ന് ഭയപ്പെടുത്തുന്ന സന്ദേശങ്ങള്‍ എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതു മുന്‍കൂട്ടി കണ്ടിട്ടാണോ ഈ കീഴടങ്ങല്‍?

2014, ഒക്ടോ 2

ഒരു പ്രണയ ദുരന്തത്തിന്റെ ക്‌ളൈമാക്സ്

അയാൾക്ക് അവളെയും അവൾക്ക് അയാളെയും
ഒരുപാടിഷ്ടമായിരുന്നു....ഇരുവരും അവരവരുടെ
സ്വപ്നലോകങ്ങളിൽ വിഹരിച്ചു...പാട്ടുപാടി...നൃ
ത്തം ചവുട്ടി...ആലിംഗനങ്ങളിൽ.....
ആ ഇഷ്ടങ്ങളെ പക്ഷെ,എന്തുകൊണ്ടൊ പരസ്പരം
കൈമാറാൻ അവർക്ക് കഴിഞ്ഞില്ല!...
************************************
ഇനി ആ പ്രണയദുരന്തത്തിന്റെ ക്‌ളൈമാക്സിലേക്ക്
കടക്കാം.വർഷങ്ങൾക്ക് ശേഷം-
ഒരു കൊടുംവേനലിന്റെ ഉച്ചയിൽ പടികടന്നെത്തിയ
അവളെ കണ്ട് അയാൾ വല്ലാതെ വിസ്മയിച്ചു...
കൂടെ ഒരു ചെരുപ്പക്കാരനും.മകനാണ്.കല്ല്യാണം
വിളിക്കാൻ വന്നതാ.
മൗനങ്ങൾ എവിടയൊക്കയൊ കൂട്ടിമുട്ടി.
അവരുടെ സംസാരങ്ങളിൽ പഴയപ്രണയം കടന്ന്
വന്നതേയില്ല.
പിരിയാൻ നേരം അവളുടെ കണ്ണുകളിലെ അസാധാ
രണ തിളക്കകണ്ട് അയാൾ തെല്ലൊന്ന് അമ്പരന്നു.
മുറ്റത്തിറങ്ങിയ അവൾ സൊകാര്യമായി അയാളോട്
പറഞ്ഞു:"വരണം,വരാതിരിക്കരുത്...വന്ന്
അനുഗ്രഹിക്കണം.. അഛാനില്ലാത്ത
കുട്ടിയാ.നമുക്ക് പിറക്കേണ്ടിയിരുന്ന മകനാ...
അന്നൊരു വാക്ക് പറഞ്ഞിരുന്നെങ്കിൽ..."
അവളുടെ വിറയാർന്ന വാക്കുകൾ അയാളെ തളർത്തി.
തന്നിലെ ആപഴയ ഭീരുവിനെകുറിച്ചോർത്ത്
അയാളിൽ വെറുപ്പ് കുമിഞ്ഞ് കൂടുകയായിരുന്നു...

2014, സെപ്റ്റം 29

ഓർമ്മയിൽ നിന്ന്-2തിരിയെ വീണ്ടും ജീവിതത്തിലേക്ക്

മരിക്കണമെന്ന് മനസ്സ്കൊണ്ട് തീരുമാനിച്ചുറപ്പിച്ചതുകൊണ്ട് മാത്രം ഒരാൾക്ക് മരിക്കാൻ കഴിയണമെന്നില്ല.തലയണക്ക്കീഴെ,കുറിപ്പെഴുതിവെച്ച് ക്യാമ്പിന് പുറത്ത്കടന്നപ്പോൾ മരണലോകത്തേക്ക് യാത്രയായതുപോലെതോന്നി.നഗരമദ്ധ്യത്തിലുള്ള ചാർമിനാറിന്റെ പിരിയൻഗോവണീപ്പടികൾ ഒന്നൊന്നായി മുകളിലേക്ക് ചവിട്ടുമ്പോള്,49മീറ്റർ പൊക്കത്തുനിന്ന്ചാടി തിരക്കേറിയറോഡിൽചിന്നിച്ചിതറിക്കിടക്കുന്ന ഒരു ജവാന്റെ ചിത്രമായിരുന്നുമനസ്സിൽ.149പടവുകൾകറി എത്തിച്ചേരുന്നത് മൂന്ന് കിളിവാതിലുകളുള്ള, നാല്പേർക്ക്മാത്രം നിൽക്കാവുന്ന ഒരുപ്രതലത്തിലേക്കാണ്.അവിടെനിന്നുകൊണ്ട്നോക്കിയാൽ തലസ്ഥാനനഗരമായ ഹൈദ്രബാദ് ഒറ്റയടിക്ക്കാണാം."മലയാളിയാണ് അല്ലേ?"നേരത്തെ അവിടെ ചുവടുറപ്പിച്ച ഒരു പെൺകുട്ടിയുടേതാണ് ചോദ്യം."അതെ"..."ഇവിടെ?""ഫോഴ്‌സിലാണ്"കണ്ണൂരാണ് സ്ഥലമെന്ന് കൂട്ടിച്ചേർത്തപ്പോൾ ചോദിക്കാതെതന്നെ അവൾ പറഞ്ഞു:ഞാൻ തലശ്ശേരിയാ.ഇവിടെമിലിറ്ററി നേഴ്‌സാ...പിന്നെയും അവൾ ഒരുപാട് സംസാരിച്ചുകൊണ്ടേയിരുന്നു.അവളുടെ സംസാരത്തിന് ഒരുദാർശനിക സ്വഭാവമുണ്ടെന്ന്പലപ്പൊഴും തോന്നി.അവളുടെ വാചാലതയുംചടുലതയും ഒരുപാടിഷ്ടപ്പെട്ടതുപോലെ ........അകലെ,നൈസാംകുന്നിനുമുകളിൽ ഇരുട്ട് കനംവെച്ചു തുടങ്ങിയിരുന്നു..."നമുക്കൊരു കോഫി കഴിച്ച് പിരിഞ്ഞാലൊ..."അവൾ."ശരി..റോക്കഹാളിന്‌മുമ്പെ എനിക്കും ക്യാമ്പിലെത്തണം!"പടികളൊന്നൊന്നായ് താഴേക്കിറങ്ങുമ്പോൾ തലയണക്കടിയിൽ ഒളിച്ചിരിക്കുന്ന കുറിപ്പ് ആരും കാണരുതേയെന്നായിരുന്നു എന്റെ പ്രാർഥന!!...

2014, സെപ്റ്റം 21

ഓർമ്മയിൽ നിന്ന്-1നുമ്നോംഗ് ബസ്തി(ഗ്രാമം).


നുമ്നോംഗ് ബസ്തി(ഗ്രാമം).ഞങ്ങളുടെ പുതിയ താവളം!ഇംഫാലിൽനിന്ന് കാൽനടയാത്രയുടെപതിമൂന്ന് മണിക്കൂർ ദൂരം.നാല്പതോളംവരുന്ന സംഘാഗങ്ങൾക്ക് തങ്ങാവുന്നത്രവിസ്താരമുള്ള കുന്നിൻപുറത്താണ് ക്യാമ്പ്.അതിന് താഴെ നൂറ്‌മീറ്റർ അകലെ ഗ്രാമം.ഓടയും മുളയുംകൊണ്ട്പണിത മുട്ടിമുട്ടികിടക്കുന്നഅമ്പതില്പരം വീടുകൾ...രാത്രിയുടെ മറവിൽ പതുങ്ങിയെത്തുന്നനഗാകലാപകാരികൾ...അവർക്ക് വേണ്ടത് ആട്,കോഴി,ഭക്ഷ്യസാധങ്ങൾ..മുളന്തണ്ടിൽ നിറച്ച റാക്ക്,പെൺകുട്ടികൾ!ഒരു നിലവിളിക്ക്പോലും ഇടം കൊടുക്കാതെഎല്ലാം കവർന്നെടുത്ത് ഇരുളിൽ മറയുന്നവർ...അവരിൽനിന്ന് ഗ്രാമത്തെ രക്ഷപ്പെടുത്തുകയെന്നത്ഞങ്ങളുടെ ക്യാമ്പിന്റെ പ്രധാന ദൗത്യമാകുന്നു.കൊയ്തുൽസവം വന്നു.ഇരുൾവീണതോടെ ഗ്രാമം ശബ്ദമുഖരിതമായി.കത്തിക്കൊണ്ടിരുന്ന വിറകിൻ കൂനക്ക്ചുറ്റുംആൺപെൺപ്രായവ്യത്യാസമില്ലാതെപരസ്പരം കൈകൾകോർത്ത് നൃത്തം തുടങ്ങി.കുടിക്കാനും തിന്നാനും നെല്ലിൻറാക്ക്,പന്നിയിറച്ചി...ചെണ്ടയുടെ ദ്രുതതാളം...രാവ് വളരുകയും ലഹരി തളർത്തുകയും ചെയ്തതോടെഓരോരുത്തരും അതാതിടങ്ങളിൽ വീണ്‌മയങ്ങി...സർവ്വത്ര നിശബ്ദത...അപ്പൊഴൊക്കെ ഗ്രാമത്തിന്ചുറ്റും ഞങ്ങൾറോന്ത് ചുറ്റുകയായിരുന്നു!പെട്ടന്നായിരുന്നു,അത്.ഗ്രാമത്തിന്റെ ഒഴിഞ്ഞകോണിലായിനിസ്സഹായ നിലവിളിയുടെ പെൺശബ്ദം!!...ജാഗരൂകരായി നടന്നടുത്തപ്പോൾ കണ്ടത്,ഒരു പെൺകുട്ടിയുടെ നഗ്നതയിൽ സർപ്പത്തെപ്പോലെആഞ്ഞുകൊത്തുന്ന പ്രഛന്നവേഷത്തെയാണ്!...നിമിഷങ്ങൾ...ശരിക്കും കൈകാര്യംചെയ്യപ്പെട്ട അയാളെമരത്തിൽ വരിഞ്ഞ്നിർത്തി.മുഖം മൂടി മാറ്റപ്പെട്ടു.ഞങ്ങൾ ഒന്നടങ്കം ഞെട്ടുകയും വിളറുകയും ചെയ്തു!അത് ഞങ്ങളുടെ ക്യാമ്പ്മേധാവിജമേദാർ ബൽബീർസിംഗ് ആയിരുന്നു!!...

2014, ഓഗ 3

വിയോജിക്കാം,ശക്ത്മായി പ്രതികരിക്കാം.

ഗാന്ധിയെ എനിക്കിഷ്ടമാണ്.
പ്രത്യേകിച്ചും ആ ജീവിത ലാളിത്യം.
അതുകൊണ്ട് ഗാന്ധി വിമർശനാതീതനാണെന്ന
അഭിപ്രായമെനിക്കില്ല.
ഒരു സംഭവം അല്ലെങ്കിൽ ഒരു വസ്തുവിനെ
വ്യത്യസ്ഥ കോണുകൾ വഴി കാണുക എന്നത്
ചിലരുടെ രീതിയാണ്.
അതിനുള്ള സ്വാതന്ത്ര്യം അവർക്ക് അനുവദിച്ച് കൊടുക്കുക.
അതേസ്വാതന്ത്ര്യം മറ്റുള്ളവർക്കുമുണ്ട്.
വിയോജിക്കാം,ശക്ത്മായി പ്രതികരിക്കാം.
അരുന്ധതീറോയ് എന്ത് പറഞ്ഞു എന്നെനിക്കറിയില്ല.
ഗാന്ധിയെ അശ്ലീലിച്ചൊന്നും പറഞ്ഞില്ലെന്നാണറിവ്.
പക്ഷെ,സരിതമാരുടെ വാലിൽ തൂങ്ങികളായ
ഗാന്ധിശിഷ്യന്മാർ ഉണർന്നു!
ഒപ്പം അദ്ദേഹത്തെ വെടിവെച്ചു കൊന്ന സംഘടനയുടെ
ചില വക്താക്കളും!...
അരുന്ധതിക്കെതിരെ കേസെടുക്കുക...
തൂക്കിക്കൊല്ലുക...
വിരോധാഭാസം തോന്നുന്നു!
(റിപ്പോർട്ടുകൾ കാണിക്കുന്നത് അരുന്ധതി
കേസിൽ കുടുങ്ങുമെന്ന് തന്നെയാണ്)