2009, സെപ്റ്റം 9

'വീട്ടില്‍ കയറുന്നത്‌ പാപം... ദൈവത്തിനെന്തിനാ സ്വര്‍ണവും പണവും..'

വീട്ടില്‍ മോഷ്ടിക്കാന്‍ കയറുന്നത്‌ പാപമാണ്‌. അതുകൊണ്ടാ ഞാന്‍ ക്ഷേത്രങ്ങളില്‍ കയറുന്നത്‌.... ദൈവത്തിനെന്തിനാ സ്വര്‍ണവും പണവും.... ക്ഷേത്രക്കവര്‍ച്ചക്കേസില്‍ ചൊവ്വാഴ്‌ച പേരാവൂരില്‍ അറസ്റ്റിലായ പാമ്പാളി ശശിയുടെ വാക്കുകളാണിത്‌. അറസ്റ്റ്‌ വിവരം അറിയിക്കാന്‍ ഇരിട്ടി ഡിവൈ.എസ്‌.പി. വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിനിടെ നിറഞ്ഞ ചിരിയോടെയാണ്‌ ശശി തന്റെ മോഷണത്തെക്കുറിച്ച്‌ വിവരിച്ചത്‌. 'ഒരു ക്ഷേത്രം ഞാന്‍ കണ്ണുവെച്ചാല്‍ മോഷ്ടിക്കും മുമ്പ്‌ വിളക്ക്‌ കത്തിക്കും. എന്നിട്ട്‌ പ്രാര്‍ഥിക്കും. അതുകൊണ്ടുതന്നെ മോഷണത്തിന്‌ പോകുമ്പോള്‍ ഇതുവരെ പാമ്പോ പട്ടിയോ ഒന്നും കടിച്ചിട്ടില്ല...' ശശി പറഞ്ഞു. 12-ാം വയസ്സില്‍ മോഷണക്കുറ്റത്തിന്‌ ദുര്‍ഗുണപരിഹാര പാഠശാലയില്‍ കഴിഞ്ഞിട്ടുണ്ട്‌ ഇയാള്‍. ആദ്യ കേസില്‍ ഞാന്‍ മോഷണം നടത്തിയിട്ടില്ലെന്ന്‌ ശശി പറഞ്ഞു. പിന്നീട്‌ അങ്ങനെയായി. പിന്നെ നന്നായി ജീവിക്കാന്‍ ശ്രമിച്ചാലും നാട്ടുകാരും പോലീസും സമ്മതിക്കില്ല. എവിടെ മോഷണം നടന്നാലും എന്നെ പൊക്കും. 12 വയസ്സിനുശേഷം താന്‍ ജയിലിനുപുറത്ത്‌ ജിവിച്ചത്‌ രണ്ടോ മൂന്നോ വര്‍ഷം മാത്രമാണെന്ന്‌ ശശി പറഞ്ഞു. ഭൂരിഭാഗം കാലവും കേരളത്തിലെയും കര്‍ണാടകയിലെയും ജയിലുകളിലായിരുന്നു. കുടകിലാണ്‌ കൂടുതല്‍ ക്ഷേത്രമോഷണങ്ങള്‍ നടത്തിയത്‌. അവിടത്തെ ഭണ്ഡാരങ്ങള്‍ പൊളിച്ചാല്‍ വന്‍ തുക കിട്ടും. ഒരിക്കല്‍ ഒരുക്ഷേത്രത്തില്‍ നിന്ന്‌ മൂന്നുലക്ഷം രൂപവരെ ലഭിച്ചിട്ടുണ്ടത്രെ. ക്ഷേത്രത്തിനുള്ളില്‍ കയറിയാലും ശശി വിഗ്രഹം മോഷ്ടിക്കാറില്ല. അതിന്മേല്‍ ചാര്‍ത്തിയ ആഭരണങ്ങളാണ്‌ ലക്ഷ്യം. ഈ ആഭരണങ്ങള്‍ തുച്ഛമായ വിലയ്‌ക്കാണ്‌ ഇയാള്‍ വില്‍ക്കുക. താന്‍ മൂലം പണക്കാരായ ഒട്ടേറെ സ്വര്‍ണക്കടക്കാരുണ്ടെന്ന്‌ ശശി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. കുടകില്‍ ശശി 'മലയാളി ശശി' എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. തിത്തിമത്തിലായിരുന്നു ഇയാളുടെ ഭാര്യവീട്‌. ഇപ്പോള്‍ ഭാര്യ വിട്ടുപോയി. ഇനിയെങ്കിലും നന്നാകാന്‍ ആഗ്രഹമുണ്ടോ എന്ന്‌ പോലീസ്‌ ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു മറുപടി-'നിങ്ങള്‍ സഹായിച്ചാല്‍ ഞാന്‍ നന്നായി ജീവിക്കാം'