2012, മാർ 10

ഇതുവഴി ചാതുര്‍വര്‍ണ്യം തിരിച്ചുവരുന്നു- രവീന്ദ്രന്‍ രാവണേശ്വരം


''ശൂദ്രാണാം മാസികം കാര്യം
വപനം ന്യായ വര്‍ത്തിനാം
വൈശ്യവച്ഛൗചകല്‍പഞ്ച
ദ്വിജോച്ഛിഷ്ടം തു ഭോജനം.''
ബ്രാഹ്മണന് സേവചെയ്യുന്ന ശൂദ്രന് തലമുണ്ഡനം ചെയ്യാം. വൈശ്യര്‍ക്ക് തുല്യമായി ശുദ്ധികര്‍മങ്ങള്‍ ചെയ്യാം. അങ്ങനെയുള്ള ശൂദ്രന് ബ്രാഹ്മണന്റെ ഉച്ഛിഷ്ടം ഭക്ഷണമാക്കാം എന്നാണ് മനുസ്മൃതിയില്‍ ബ്രാഹ്മണന് സേവ ചെയ്യുന്ന ശൂദ്രന് വിധിച്ചിരിക്കുന്നത്. ബ്രാഹ്മണന്റെ  എച്ചിലിന് നല്‍കിയിരിക്കുന്ന പദവിയും ശ്രദ്ധേയം. അത് ശൂദ്രന് ഭക്ഷണമാക്കാനുള്ള ഭാഗ്യമുണ്ട്. എന്തെങ്കിലും സുകൃതം ചെയ്ത ശൂദ്രന് മാത്രമേ ഈ ഭാഗ്യമുണ്ടാകുകയുള്ളൂ. ബ്രാഹ്മണന്റെ ഏറ്റവും അടുത്തുനില്‍ക്കുന്ന ശൂദ്രന്‍ അയാളുടെ സേവകനായ ശൂദ്രനാകുന്നതിനാല്‍  അയാളുടെ രക്തം ബ്രാഹ്മണന്റെ ഉച്ഛിഷ്ടത്താല്‍ ശുദ്ധീകരിക്കപ്പെടുന്നത് നീചത്വത്തിന് കുറവുണ്ടാകുകയും ബ്രാഹ്മണനിലെ ബ്രഹ്മത്വത്തിന് ഇടിവ് തട്ടാതിരിക്കുകയും ചെയ്യുമെന്ന് ഈ സ്മൃതി ശ്ലോകത്തിന് വ്യാഖ്യാനം. ബ്രാഹ്മണന് സേവചെയ്യുന്ന ശൂദ്രന് മനുസ്മൃതി മറ്റു ചില ആനുകൂല്യങ്ങള്‍കൂടി നല്‍കുന്നുണ്ട്്.
എന്നാല്‍, ഭാരതീയ സ്മൃതികളിലും ഉപനിഷത്തുകളിലും വേദങ്ങളിലും ബ്രാഹ്മണന്‍ തന്റെ എച്ചിലില്‍ ശൂദ്രനെ കുളിപ്പിച്ചതായി പറഞ്ഞു കേട്ടിട്ടില്ല. ബ്രാഹ്മണന്റെ എച്ചില്‍ എന്നുപറയുന്നത് ദൈവത്തിന്റെ പ്രതിപുരുഷനായ ബ്രാഹ്മണന്‍ കഴിച്ചതിന്റെ ബാക്കിയാണ് എന്ന പ്രത്യേകതയുണ്ട്. മനുസ്മൃതിയില്‍ തന്നെ 56ാമത്തെ ശ്ലോകത്തില്‍ ഉച്ഛിഷ്ടം ആര്‍ക്കും കൊടുക്കരുതെന്നും ബാക്കിവെച്ച് എഴുന്നേറ്റ് പോകരുത് എന്നും പറയുന്നു. എങ്കിലും ബാക്കിവരുന്നത് ശൂദ്രനാകാം എന്ന ന്യായവിധിയാണ് മനു മറ്റൊരിടത്ത്  പറയുന്നത്.
മനുസ്മൃതിയുടെ കാലത്ത് ബ്രാഹ്മണന്റെ എച്ചിലിനുള്ള ദിവ്യസ്ഥാനം  ഓര്‍ക്കാവുന്നതേയുള്ളൂ. ക്ഷേത്രത്തിലെ പ്രസാദത്തിനുള്ള സ്ഥാനമാണ് ബ്രാഹ്മണന്റെ ഉച്ഛിഷ്ടത്തിനെന്ന് മതം. ആത്യന്തികമായ വിധികര്‍തൃത്വം ബ്രാഹ്മണന് നല്‍കിയാണ് മനുസ്മൃതി അവസാനിക്കുന്നത്. എന്നാല്‍, സ്മൃതികള്‍ അതത് യുഗത്തിലേക്കുവേണ്ടി മാത്രം നിശ്ചയിച്ചിട്ടുള്ളതാണെന്ന് മനുവിനെപോലെ മറ്റൊരു സ്മൃതികാരന്‍ പരാശരന്‍ പറയുന്നു:
''കൃതേതു മാനവ ധര്‍മ
സ്ത്രേതായാം ഗൗതമാഃസ്മൃതാഃ
ദ്വാപരേ ശംഖ ലിഖിതാഃ.''
സത്യയുഗത്തിലെയും കൃതയുഗത്തിലെയും ജനങ്ങളെ ഉദ്ദേശിച്ചാണ് മനുസ്മൃതി രചിച്ചിരിക്കുന്നത് എന്നാണ് പരാശരസ്മൃതിയില്‍ പരാശരന്‍ പറഞ്ഞിരിക്കുന്നത്. മനു ഭൃഗുവിനോട് പറഞ്ഞ കാര്യങ്ങളാണ് മനുസ്മൃതിയായി വന്നത്. പില്‍ക്കാലത്തുള്ളവര്‍ അത് പിന്തുടരണമെന്ന് നിര്‍ബന്ധമില്ല എന്നാണ് പരാശരന്‍ മനുസ്മൃതിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
 എന്നാല്‍, ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്റെ മകന് കുഷ്ഠരോഗം മാറിയതിന്റെ പേരില്‍ കീഴ്ജാതിക്കാരെ മുഴുവന്‍ എച്ചില്‍ തീറ്റിക്കുകയും ഇലയില്‍കിടത്തി ഉരുളിക്കുകയും ചെയ്യുകയാണ് കുക്കെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍. ദക്ഷിണ കാനറയിലെ ഈ പ്രമുഖ ക്ഷേത്രത്തിലെ നീചകൃത്യത്തിന് കേരളത്തിലും ശാഖകള്‍ മുളക്കുന്നുവെന്ന് അറിയുമ്പോള്‍ വര്‍ണവ്യവസ്ഥയിലേക്ക് തിരിച്ചുപോകുന്നതിനു മുന്നില്‍ കാഴ്ചശക്തി നഷ്ടപ്പെടുകയാണെന്ന് കാണാം.
ദൈവികാംശം ഉണ്ടെന്ന്  പറയുന്ന ബ്രാഹ്മണ ഉച്ഛിഷ്ടം ശൂദ്രന് നല്‍കിയതിനെക്കാള്‍ നീചമാണ് ബ്രാഹ്മണന്റെ എച്ചിലിലയില്‍ രോഗശാന്തി നേടുന്നതെന്ന് മനുസ്മൃതി വായിച്ചാല്‍പോലും തോന്നും. മനുസ്മൃതിയെക്കാള്‍ ഭീകരമാണ് കുക്കെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഷഷ്ഠി നാളില്‍ നടക്കുന്ന മഡെ മഡെ  സ്നാന അഥവാ, എച്ചിലില്‍ കുളി നേര്‍ച്ച. ബ്രാഹ്മണന്‍ ഭക്ഷണം കഴിച്ച് എഴുന്നേറ്റാല്‍ അവരുടെ ഉച്ഛിഷ്ടം കിടക്കുന്ന ഇലയില്‍ കിടന്ന് ഉരുളുക. ക്ഷേത്രവുമായി  ബന്ധപ്പെട്ട എല്ലാ ബ്രാഹ്മണരും കീഴ്ജാതിക്കാര്‍ വീണ്ടും തങ്ങളുടെ കീഴിലമര്‍ന്ന് ഇലയില്‍ കിടന്ന് പിടയുന്നത് കാണാന്‍ കൊതിച്ചിരിക്കുന്ന മറ്റ് ബ്രാഹ്മണരും അന്നേ ദിവസം സുബ്രഹ്മണ്യത്ത് എത്തിച്ചേരും. കഴിഞ്ഞ ജനുവരിയില്‍ നടന്ന ഷഷ്ഠി ഉത്സവത്തില്‍ 4000 പേര്‍ ഇലയില്‍ കിടന്ന് ഉരുളാനുണ്ടായിരുന്നു. എച്ചിലിലകള്‍ക്കുവേണ്ടി ആര്‍ത്തിമൂത്ത് പിടഞ്ഞുനീങ്ങുന്ന കാഴ്ച  കണ്ട് ''ഹാ,  രമണീയം ആ ബ്രാഹ്മണ കാലം വീണ്ടും വരുന്നു'' എന്ന് പറഞ്ഞ്  ആത്മനിര്‍വൃതിയില്‍ ആറാടിയാണ് ബ്രാഹ്മണര്‍ തിരികെപോയത്.  ഇതിനെതിരെ ഉയര്‍ന്ന നേര്‍ത്ത എതിര്‍പ്പ് അടിച്ചമര്‍ത്തപ്പെട്ടുവെന്ന് മാത്രമല്ല, അതിന് താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ വിലക്ക് എടുത്തുമാറ്റുകയും ചെയ്തു ബി.ജെ.പി സര്‍ക്കാര്‍.
സുബ്രഹ്മണ്യക്ഷേത്രം
ഹിന്ദു മിത്തോളജിയില്‍ ധാര്‍മിക അടിത്തറയുള്ളതും വിശ്വാസികള്‍ക്ക് ദൈവം എന്നതിലുപരി അരുമയുമായ ഭഗവാനാണ് ശിവപുത്രനായ സുബ്രഹ്മണ്യന്‍. കുക്കെ സുബ്രഹ്മണ്യ  ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തി സുബ്രഹ്മണ്യനാണ്.
പുത്തൂര്‍ താലൂക്കിലെ കുക്കെ ഗ്രാമം മലക്കുടിയന്മാരുടെ അധിവാസമേഖലയാണ്. തുളുനാട് എന്നറിയപ്പെടുന്ന ഇന്നത്തെ കാസര്‍കോട് ഉള്‍പ്പെടെയുള്ള മേഖലകളിലും ദക്ഷിണ കാനറയിലുമാണ് മലക്കുടിയന്മാര്‍ ഉള്ളത്. കാട്ടില്‍നിന്ന് വള്ളി കൊണ്ടുവന്ന് വട്ടിയും കുട്ടയും ഉണ്ടാക്കി ഉപജീവനം കഴിച്ചുപോന്നിരുന്ന വിഭാഗമാണ് മലക്കുടിയര്‍. മലെക്കുടി എന്ന തുളുപദത്തിന്റെ അര്‍ഥംതന്നെ വനവാസികള്‍ എന്നാണ്. കുക്കെ എന്നാല്‍ വട്ടി എന്നാണര്‍ഥം. കുക്കെ പട്ടണം എന്നായിരുന്നു സുബ്രഹ്മണ്യത്തെ പണ്ട് അറിയപ്പെട്ടിരുന്നത്്. വട്ടി പട്ടണം ആണ് പിന്നിട് കാലിപട്ടണം ആയി മാറിയത്. കാസര്‍കോട്ടെ കര്‍ഷകര്‍ കന്നുകാലികളെ വാങ്ങിയിരുന്നത് സുബ്രഹ്മണ്യ കാലിച്ചന്തയില്‍ നിന്നായിരുന്നു. ക്ഷേത്രത്തിന് കാര്‍ഷിക ബന്ധം നല്‍കിയത് കാലിച്ചന്തയാണ്. ഇപ്പോള്‍ കാലിച്ചന്തയും ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
ഈ പശ്ചിമഘട്ട  മലനിരയില്‍ സുബ്രഹ്മണ്യന്റെ വിഗ്രഹം പ്രത്യക്ഷപ്പെട്ടത് ശ്രീ ശങ്കരാചാര്യരുടെ സന്ദര്‍ശനത്തിന് ശേഷമായിരുന്നു. ബ്രാഹ്മണമതത്തിന് താത്ത്വികാടിത്തറ നല്‍കിയ ശങ്കരദര്‍ശനംതന്നെയാണ് സുബ്രഹ്മണ്യത്തെ ആദിവാസികളെ തുരത്തി അവിടെ ബ്രാഹ്മണാധിപത്യം സ്ഥാപിക്കുന്നതിന് പ്രേരകശക്തി. ''സുബ്രഹ്മണ്യ ഭുജംഗ പ്രയാതാ'' എന്ന ശങ്കര സ്തോത്രത്തില്‍ ഇത് വായിച്ചെടുക്കാം. ഭജെ കുക്കെ ലിംഗം എന്നാണ് ഇവിടെയുള്ള വിഗ്രഹത്തെ കുറിച്ച് ശങ്കരന്‍ പറയുന്നത്. കുക്കെ എന്ന ആദിവാസി ഗോത്ര പദത്തെ ശങ്കരന്‍ തന്നെയെന്നു  പറയുന്നു, സംസ്കൃതവത്കരിച്ചു. ഇതിന്റെ വട്ടി എന്ന അര്‍ഥം വെട്ടിമാറ്റി. മറിച്ച്, രഘുവംശം സര്‍ഗം രണ്ടില്‍ ശ്ലോകം 38ല്‍  പറയുന്ന ഗുഹ  എന്ന അര്‍ഥമുള്ള കുഷിയാണ് എന്ന് ആര്യവത്കരിച്ചു. ഈ ഗുഹയിലാണ് വിഗ്രഹം കണ്ടെത്തിയത് എന്നാണ് പറയുന്നത്. ബ്രാഹ്മണ്യം ശാസ്ത്രീയമായി ആധിപത്യം സ്ഥാപിക്കുന്നത് എങ്ങനെയെന്നും നാട്ടറിവിനെ ആര്യവത്കരിക്കുന്നത് എങ്ങനെയെന്നും ഈ രീതികളില്‍നിന്ന് വ്യക്തമാകുന്നു. യഥാര്‍ഥത്തില്‍ മലക്കുടിയന്മാരുടെ ആരാധനാ കേന്ദ്രം ബ്രാഹ്മണര്‍ കൈയടക്കുകയായിരുന്നു. കുക്കെയെന്നാല്‍ കുഷിയെങ്കില്‍ കാസര്‍കോട്ടെ കാട്ടുകുക്കെ എങ്ങനെ വന്നുവെന്ന് ശങ്കരന്‍ പറഞ്ഞിട്ടുണ്ടാകുമോയെന്ന് അറിയില്ല. കാട്ടുകുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലും മഡെ മഡെ സ്നാന ഉണ്ട് എന്നത് കേരളത്തില്‍ എത്ര പേര്‍ക്ക് അറിയാം എന്ന് പറയാന്‍ കഴിയില്ല. 'മഡെ' എന്നാല്‍  എച്ചില്‍ ഇല എന്നാണ്,'സ്നാന' എന്നാല്‍ കുളിയും.
എച്ചില്‍കുളിയുടെ ഐതിഹ്യം
കുമാരപര്‍വതത്തില്‍നിന്ന് ഒഴുകിവരുന്ന കുമാരധാര നദിയുടെ തീരത്താണ് സുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൈലാസത്തിന് സമാനമെന്ന് ബ്രാഹ്മണര്‍ പ്രചരിപ്പിച്ച കുമാരധാര ഗംഗാനദിക്കും തുല്യമത്രെ. താരകാസുരനെ വധിച്ച ഗണപതി ആയുധം കഴുകാനാണ് ഈ നദിയെ സൃഷ്ടിച്ചത് എന്ന് പുരാവൃത്തം. കുമാരപര്‍വതത്തില്‍ സന്ന്യാസിമാരുടെ ഹോമം നടന്നിരുന്നു. ഈ ഹോമത്തില്‍നിന്നുള്ള ദ്രവ്യങ്ങള്‍ ഒഴുകി പുണ്യനദിയായിതീര്‍ന്നു അതാണ് കുമാരധാര. ഔഷധഗുണമുള്ള ഈ നദിയില്‍ കുളിച്ചാല്‍ രോഗങ്ങള്‍ക്ക് ശമനമുണ്ടാകും എന്നതാണ് മഡെ മഡെ  സ്നാനത്തിന് ബീജാവാപം ചെയ്ത മിത്ത്. ഈ നദിയില്‍ കുളിച്ച് ക്ഷേത്രത്തിലേക്ക് ശയനയാത്രയും ചെയ്യണം. ഫലം സുനിശ്ചിതം.
ഈ കഥ പിന്നീട് വികസിക്കുന്നത് ദ്വാപരയുഗത്തിലെ കൃഷ്ണനുമായി ബന്ധപ്പെട്ടാണ്. കൃഷ്ണന്റെ മകന്‍ സാംബന്‍ ഒരു കാട്ടുസ്ത്രീയെ ആക്രമിച്ചത് മഹര്‍ഷിമാരുടെ ശാപത്തിന് ഇടയാക്കി. സാംബന്റെ സുന്ദരമായ രൂപം വികൃതമാകാന്‍ കുഷ്ഠരോഗം ബാധിക്കട്ടെയെന്നാണ് ശാപം. സാംബന്‍ കുഷ്ഠരോഗിയായി. ഇത് നാരദമഹര്‍ഷിക്ക് താങ്ങാനായില്ല. നാരദന്‍ നിര്‍ദേശിച്ച വഴിയാണ് കുമാരധാരയില്‍ പോയി കുളിക്കാന്‍. തുടര്‍ന്ന് തീരത്തെ മണ്ണ് ദേഹത്ത് പുരട്ടാനും ശേഷം ബ്രാഹ്മണന്റെ എച്ചിലിലയില്‍ കിടന്ന് ഉരുളാനും. ഇതോടെ സാംബന് സൗന്ദര്യം തിരിച്ചുകിട്ടി. രോഗമുക്തനുമായി.
ഈ കെട്ടുകഥയില്‍ ആദിവാസികളെ വശീകരിച്ചിരുത്തിയത് ആദിശങ്കരന്റെ തന്ത്രം. അവരെ വരിഞ്ഞുകെട്ടിയ ആഭിചാര മന്ത്രത്തിന്റെ വ്യാഖ്യാനങ്ങളായിരുന്നു ഈ കഥകള്‍. ബ്രാഹ്മണന്‍ നടന്നുനീങ്ങുന്ന വഴികള്‍ അവര്‍ക്കുതന്നെ ശൂന്യതയില്‍ എഴുതിയ പട്ടയങ്ങളായി മാറിയ കാലത്ത് ഇതും ഇതിനപ്പുറവും അവര്‍ വിശ്വസിച്ചു. തൊഴില്‍ കാര്‍ഷിക ബന്ധങ്ങളിലൂടെ രൂപപ്പെട്ട മലക്കുടിയന്‍ ഗോത്രജീവിതവും അടിതെറ്റി അടിമത്തത്തിലേക്ക് നിപതിച്ചു.  ചൊറിച്ചില്‍ വന്ന മലക്കുടിയന്‍ മരുന്നിനുവേണ്ടി ജന്മിയായ ബ്രാഹ്മണന്റെ അടുത്തുവന്നപ്പോള്‍ ''എന്റെ എച്ചില്‍ ഇലയില്‍ ഉരുണ്ടോളൂ'' അതാണ് വൈദ്യം എന്ന് പറഞ്ഞിടത്തുനിന്നാണ് എച്ചില്‍കുളിയുടെ ആധുനിക ബ്രേക്കിങ്. ഇന്ന് ഇത് പ്രാര്‍ഥനയായി. മാറാരോഗങ്ങള്‍ക്ക് നേര്‍ച്ചയായി. കുഷ്ഠം മാത്രമല്ല, ശ്വാസം മുട്ടല്‍, കാന്‍സര്‍, ഹൃദ്രോഗം തുടങ്ങി ബ്രാഹ്മണന്റെ എച്ചിലിലയില്‍ നീന്തിയാല്‍ സര്‍വരോഗ സംഹാരം. കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കേരളത്തിന്റെ മലബാര്‍ മേഖലയില്‍നിന്നും ഭക്തര്‍ എച്ചിലില്‍ കുളിക്കാനെത്തുന്നുവെന്ന് ക്ഷേത്രം ക്ളര്‍ക്ക് വെങ്കടരാജ് പറയുന്നു. ആറ്റുകാല്‍ പൊങ്കാലക്ക് സ്ത്രീകള്‍ എത്തുന്നതുപോലെയാണ് ദ്വിജന്റെ ഉച്ഛിഷ്ടത്തില്‍ കിടന്നുരുളാന്‍ കെട്ടുകഥകളുടെ പിന്‍ബലത്തില്‍ ഭക്തജനങ്ങള്‍ എത്തുന്നത് എന്ന് സാരം. ക്ഷേത്രത്തിന്റെ പ്രദക്ഷിണ സ്ഥലത്തും ക്ഷേത്രത്തിന്റെ മുന്നില്‍ നീണ്ടുകിടക്കുന്ന നടപ്പാതയിലും ബ്രാഹ്മണര്‍ സദ്യക്കിരിക്കും. അതിനു പിറകില്‍ കോഫിഹൗസിലെ ക്യൂപോലെ നേര്‍ച്ചനേര്‍ന്നവര്‍ ഉരുളാന്‍ കാത്തുകെട്ടി നില്‍ക്കും; ഇലകളില്‍ കണ്ണും നട്ട്. മത്സ്യം മുറിക്കുന്ന സ്ഥലത്ത് ശിഷ്ടത്തിനുവേണ്ടി പട്ടിയും പൂച്ചയും നില്‍ക്കുന്നതുപോലെ. ബ്രാഹ്മണര്‍ ഏമ്പക്കമിട്ട് എഴുന്നേല്‍ക്കുന്നതോടെ ഇലയില്‍ വീണുരുണ്ടു തുടങ്ങും. ഒരിലയില്‍നിന്ന് മറ്റൊരിലയിലേക്ക് ആര്‍ത്തിയോടെ ഉരുളുന്നത് കാണാം. കൂടുതല്‍ എച്ചിലിലകള്‍ ലഭിക്കുന്നവര്‍ കൂടുതല്‍ അനുഗൃഹീതരായി. അവരുടെ രോഗം എളുപ്പത്തില്‍ മാറും!
മൂവായിരത്തോളം പേരാണ് ഇത്ത വണ എത്തിയതെന്ന് ക്ഷേത്രത്തിന്റെ സമീപവാസിയായ ബിളിനലെയിലെ മനോജ്കുമാര്‍ പറയുന്നു. ഇതിനെതിരെ നാട്ടുകാരില്‍ ചെറിയ എതിര്‍പ്പുകള്‍ ഉയര്‍ന്നു. ദലിത് സംഘര്‍ഷ സമിതി മൈസൂരിലും മാനവതാ വേദികെ മംഗലാപുരത്തും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഇതോടെ ക്ഷേത്രപരിസരം സംഘര്‍ഷത്തിലായി. മഡെ മഡെ  സ്നാന നിരോധിച്ചു. നിരോധത്തിനെതിരെ എച്ചില്‍കുളി പ്രാര്‍ഥന നേര്‍ന്നവര്‍ ക്ഷുഭിതരായി. എതിര്‍ത്തവരെ എച്ചിലിലക്കുവേണ്ടി നേര്‍ച്ചനേര്‍ന്നവര്‍ തന്നെ മര്‍ദിച്ചു. പ്രതിഷേധക്കാര്‍ പിന്തിരിഞ്ഞോടി. നിരോധം  പിന്‍വലിച്ചില്ലെങ്കില്‍ രഥം വലിക്കില്ലെന്ന് മലക്കുടിയ വിഭാഗക്കാര്‍തന്നെ മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ്, ബി.ജെ.പി, ജനതാദള്‍ പാര്‍ട്ടികളുടെ ബെല്‍ങ്ങാടി പുത്തൂര്‍ ഘടകങ്ങള്‍ എച്ചില്‍കുളി പുനഃസ്ഥാപിക്കണമെന്ന് പറഞ്ഞു. വിശ്വാസികളുടെ സ്വാതന്ത്രൃം എന്നാണ് അവരുടെ വാദം. ഇതോടെ ദക്ഷിണകാനറാ ഡെപ്യൂട്ടി കമീഷണര്‍ നിരോധം പിന്‍വലിച്ചു.
ക്ഷേത്രം ഉദ്യോഗസ്ഥന്‍ വെങ്കടരാജ പറയുന്നത് ഇങ്ങനെ: ''മഡെ മഡെ സ്നാനവുമായി ക്ഷേത്രത്തിന് ബന്ധമില്ല. അത് വിശ്വാസികളുമായി ബന്ധപ്പെട്ട കാര്യമാണ്. അതില്‍ ഇടപെടാന്‍ ക്ഷേത്രത്തിന് അവകാശമില്ല.''
ക്ഷേത്രത്തിനകത്താണ് ഈ അയിത്തം നടക്കുന്നത്. ക്ഷേത്രത്തിന്റെ പുസ്തകത്തില്‍ രേഖപ്പെടുത്താതെ നടത്തുന്നതാണെന്ന് പറയുന്നവര്‍ മഡെ മഡെ സ്നാന പൂര്‍വാധികം ശക്തിയോടെ അടുത്തവര്‍ഷം നടത്തും. ഹിന്ദുവര്‍ഗീയതയുടെ ദക്ഷിണേന്ത്യന്‍ ഉല്‍പാദന കേന്ദ്രമെന്ന് വിശ്വസിക്കുന്ന ഉഡുപ്പി പേജാവര്‍ മഠത്തിലെ സ്വാമി വിശ്വേശ്വര തീര്‍ഥ ഇതിനിടയില്‍ ബംഗളൂരുവില്‍നടന്ന സന്ന്യാസിമാരുടെ സമ്മേളനത്തില്‍ എച്ചില്‍ കുളി ബ്രാഹ്മണര്‍ വിഭാവനം ചെയ്യുന്നതല്ലെന്നാണ് പറഞ്ഞത്. എന്നാല്‍, നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ല.
കേരളത്തില്‍
കാസര്‍കോട്നിന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് എച്ചില്‍കുളി നേരുക മാത്രമല്ല, അല്‍പം പരിഷ്കാരത്തോടെ ഇവിടെ നടക്കുന്നുമുണ്ട്.
കാട്ടുകുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് മഡെ മഡെ  സ്നാനയുള്ളത്. ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ചശേഷം എച്ചിലില മാറ്റി നിലത്താണ് ഉരുളുകയെന്ന് ക്ഷേത്രം അധികാരി സഞിവറൈ പറഞ്ഞു.
ഇവിടെ ബ്രാഹ്മണര്‍ അവരുടെ എച്ചില്‍ ഇലകിടന്നിരുന്ന സ്ഥലത്ത് ഉരുളുമത്രെ. ഇല നീക്കംചെയ്തിട്ടാണെങ്കിലും പേര് മഡെ മഡെ  സ്നാന എന്നുതന്നെയാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ഇല നീങ്ങിയതാണെന്നേ പറയാനാവൂ. പൈവളിഗെ, എന്‍മകജെ, പുത്തിഗെ, പനത്തടി, വൊര്‍ക്കാടി എന്നീ പഞ്ചായത്ത് പരിധിയില്‍നിന്ന് സ്നാനത്തിന് പോകുന്നവരുണ്ടെന്ന് പുത്തിഗെ ഗ്രാമപഞ്ചായത്ത് അംഗം വാസന്തി പറയുന്നു. മലക്കുടിയ എസ്.ടി.എസ്.സി സംവരണ സീറ്റിലാണ് വാസന്തി ജയിച്ചത്.
മഡെ മഡെ സ്നാനം നിരോധിക്കാന്‍ കര്‍ണാടകയിലെ ബ്രാഹ്മണസമൂഹം ഒരുക്കമല്ല. തങ്ങളുടെ എച്ചിലില്‍ മറ്റുള്ളവര്‍ കുളിക്കണം എന്ന് അവര്‍ക്ക് നിര്‍ബന്ധമില്ല. എന്നാല്‍, അവരില്‍ ഉണ്ട് എന്ന് വിശ്വസിക്കുന്ന സിദ്ധിക്ക് നേരെ ഉയരുന്ന വാള്‍  നിലനില്‍പിനെയാകെ ബാധിക്കുമെന്നതിനാല്‍ അത് ഉപേക്ഷിക്കാന്‍ സന്ന്യാസി സമൂഹം തയാറുമല്ല. സുബ്രഹ്മണ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിന് ഇടിച്ചില്‍തട്ടുന്ന എല്ലാം ഹിന്ദു മതമൗലികവാദത്തിന് ഏല്‍ക്കുന്ന ആഘാതമാണ്. അത് തടയാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയാറാകില്ല. ഇത് ബ്രാഹ്മണര്‍ വിഭാവനം ചെയ്യുന്നതല്ലെന്ന് പേജാവര്‍ മഠവും ഇത് നിരോധിക്കുന്നതിനെതിരെ വിശ്വാസികള്‍തന്നെ രംഗത്തുവന്നതും വര്‍ണവ്യവസ്ഥക്ക് സാമൂഹിക നിലമൊരുങ്ങുന്നതിന്റെ ലക്ഷണമാണ്. മനുസ്മൃതി യുഗാന്ത്യത്തില്‍ അവസാനിപ്പിച്ച് ഒരു സ്മൃതിയായി കൊണ്ടുനടക്കാമെന്ന് മനുതന്നെ പറഞ്ഞാലും ഈ യുഗത്തിന് മറ്റൊരു സ്മൃതിയുണ്ടാകുന്നതുവരെ മനുസ്മൃതിതന്നെയാണ് ആശ്രയം എന്ന് എച്ചില്‍കുളി മാഹാത്മ്യത്തിലൂടെ സമര്‍ഥിക്കപ്പെടുന്നു. ഇത് കേരളത്തിലേക്കും മെല്ലെ കടന്നുവരുന്നുവെന്നതാണ് ഉത്കണ്ഠ ജനിപ്പിക്കുന്നത്. തങ്ങള്‍ക്ക് ചാതുര്‍വര്‍ണ്യവ്യവസ്ഥ മതിയെന്ന് കര്‍ണാടകയിലെ സംഘ്പരിവാര്‍ ഭരണകൂടം ജനങ്ങളെക്കൊണ്ട് പറയിപ്പിക്കുന്നു.
കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പോകാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ കര്‍ണാടകത്തിന്റെ വിവിധ ക്ഷേത്രങ്ങളെ മഡെ മഡെ  സ്നാനത്തിന് ഉപയോഗിക്കുകയാണ്. ക്ഷേത്രങ്ങള്‍ക്ക് വലിയ വരുമാനമായി മാറുന്ന ഈ ചടങ്ങിനെ നിരോധിക്കാന്‍ ആര്‍ക്കും ധൈര്യമില്ല.
ഉഡുപ്പി ഷിരൂര്‍ മഠത്തില്‍ ചെറിയ തോതിലാണ് സ്നാനം നടക്കുന്നത്. ഇത്തവണ 20 ഭക്തരാണ് സ്നാനം നടത്തിയത്. ഇത് നേര്‍ച്ചയെന്നാണ് മഠാധിപതി ലതവ്യ ആചാര്യ പറയുന്നത്. ഇത് അനുവദിച്ചില്ലെങ്കില്‍ വിശ്വാസികളെ വഞ്ചിക്കുന്നതിന് തുല്യമാണ്.
മഡെ മഡെ സ്നാന, കഴിഞ്ഞ എട്ടുവര്‍ഷമായി നിര്‍വഹിക്കുന്ന ആളാണ് താനെന്ന് ഭക്തനായ ഗുരുരാജ് ഭട്ട് പറഞ്ഞതായി ഒരു ഇംഗ്ളീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് നിര്‍വഹിച്ചശേഷം പല പുതിയ കാര്യങ്ങളും ജീവിതത്തില്‍ സംഭവിച്ചുവത്രെ.
''കര്‍ണാടക സര്‍ക്കാര്‍ മഡെ മഡെ സ്നാന നിരോധിക്കണം എന്ന നിലപാടിലാണ്. എന്നാല്‍, 500വര്‍ഷം പഴക്കമുള്ള ആചാരം നിരോധിക്കുമ്പോള്‍ വിശ്വാസികളെ ബോധ്യപ്പെടുത്തേണ്ടിവരും. ശക്തി ഉപയോഗിച്ച് നിരോധിക്കാന്‍ കഴിയില്ല''- മന്ത്രി വി.എസ്. ആചാര്യ പറയുന്നു.
പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ ജി. രാജശേഖരന്‍ ആചാരത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ നടന്നുവരുന്ന ആചാരം നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആചാരം ചിലരുടെ വിശ്വാസത്തിന്റെ ഭാഗമായിരിക്കാം. എന്നാല്‍, കീഴ്ജാതിക്കാരെ അപമാനിക്കുന്ന ആചാരമാണത് എന്ന് അദ്ദേഹം പ്രതികരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ