2011, ഒക്ടോ 22

ആരുടെയെങ്കിലും ദാക്ഷിണ്യത്തില്‍ അല്ല എന്റെ ജീവിതം


ആരുടെയെങ്കിലും ദാക്ഷിണ്യത്തില്‍ അല്ല എന്റെ ജീവിതം
ജോണ്‍ ബ്രിട്ടാസ്
എസ്.എഫ്.ഐയിലൂടെ രംഗത്തുവന്ന ഒരാള്‍. അറിയപ്പെടുന്ന ഇടതുപക്ഷ മാധ്യമ പ്രവര്‍ത്തകന്‍. ഇപ്പോള്‍ മാധ്യമങ്ങളില്‍ ബ്രിട്ടാസ് വീണ്ടും വിചാരണ ചെയ്യപ്പെടുന്ന സാഹചര്യം. എന്തു തോന്നുന്നു?
പഠിക്കുമ്പോള്‍ എസ്.എഫ്.ഐയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ, നേതൃപദവികളിലൊന്നും ഞാന്‍ ഉണ്ടായിരുന്നില്ല. കോഴിക്കോട് സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ ഭാരവാഹിയായിരുന്നു. എസ്.എഫ്‌ഐയുടെ ജില്ലാ, പ്രാദേശിക കമ്മിറ്റികളിലൊന്നും ഒരിക്കലും ഞാന്‍ ഉണ്ടായിട്ടില്ല.
പഠന രംഗത്തെ മികവിലൂടെയാണ് എനിക്ക് അവസരങ്ങള്‍ ലഭിച്ചത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബി.എയും എം.എയും ഒന്നാം റാങ്കോടെയാണ് പാസായത്. പിന്നീട്, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍നിന്ന് എം.ഫിലിനു പുറമെ നാലു വര്‍ഷത്തോളം മാധ്യമമേഖലയില്‍ ഗവേഷണവും പൂര്‍ത്തീകരിച്ചു. പതിനാറുകൊല്ലം ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകനായി ജോലിചെയ്തു. ബാബരി മസ്ജിദ് ധ്വംസനവും ഗുജറാത്ത് കലാപവും ഉള്‍പ്പെടെ 1988 മുതല്‍ ദേശീയ രാഷ്ട്രീയത്തെ ഇളക്കി മറിച്ച മിക്ക സംഭവങ്ങളും നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞു. സംഘര്‍ഷ കാലത്ത് ഇറാഖ് സന്ദര്‍ശിച്ചും റിപ്പോര്‍ട്ട് നല്‍കി.

ദേശാഭിമാനിയുടെ സാധാരണ ദല്‍ഹി റിപ്പോര്‍ട്ടര്‍ പദവിയില്‍നിന്ന് പിന്നീട് കൈരളി ചാനലിന്റെ തലപ്പത്തേക്ക്?
കൈരളി ചാനലിന്റെ തുടക്കത്തില്‍തന്നെ എന്റെ വിയര്‍പ്പുണ്ട്. ചാനലിന്റെ അനുമതി രേഖകള്‍ ശരിപ്പെടുത്താന്‍ ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങിയതിനു കണക്കില്ല. പ്രതികൂല രാഷ്ട്രീയ കാലാവസ്ഥ നിലനില്‍ക്കുമ്പോഴാണ് ചാനലിന്റെ ലൈസന്‍സിനു ശ്രമിക്കുന്നത്. സി.പി.എം നിയന്ത്രണത്തിലുള്ള ഒരു ചാനലിന് അനുമതി നല്‍കുന്നത് മുടക്കാന്‍ കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാറിനുമേല്‍ അന്ന് ബി.ജെ.പി ഉള്‍പ്പെടെ പല ഭാഗത്തുനിന്നും ശക്തമായ സമ്മര്‍ദം ഉണ്ടായിരുന്നു. അരുണ്‍ ജയ്റ്റ്‌ലിയായിരുന്നു അന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി . അദ്ദേഹത്തെ സമീപിച്ച് രേഖകള്‍ ശരിപ്പെടുത്താന്‍ വലിയ അധ്വാനംതന്നെ വേണ്ടിവന്നു. ചാനലിന്റെ തുടക്കത്തില്‍ ദല്‍ഹി ബ്യൂറോ കെട്ടിപ്പടുക്കാനും തലസ്ഥാന നഗരിയില്‍ അതിന്റെ സ്വാധീനം വിപുലീകരിക്കാനും പരമാവധി യത്‌നിച്ചു.

ഒടുവില്‍ അപ്രതീക്ഷിതമെന്നോണമായിരുന്നോ കൈരളി ചാനലിന്റെ മാനേജിങ് ഡയറക്ടര്‍ പദവിയിലേക്കുള്ള നിയമനം?
2003ല്‍ ആണ് എന്നെ കൈരളി ചാനല്‍ എം.ഡിയാക്കുന്നത്. ചാനലിന്റെ അവസ്ഥ അന്ന് ഒട്ടും ശുഭകരമായിരുന്നില്ല. ശമ്പളം കൊടുക്കാന്‍തന്നെ ഞെരുങ്ങുന്ന സ്ഥിതി. കുമിഞ്ഞുകൂടിയ കടംകൊണ്ട് വലയുന്ന ഒരു ചാനല്‍. പക്ഷേ, ചുമതല ഏറ്റെടുത്ത് ഒറ്റവര്‍ഷംകൊണ്ട് സ്ഥിതിഗതികളില്‍ വലിയ മാറ്റം വരുത്താനായി. രണ്ടാമത്തെ വര്‍ഷംതന്നെ കമ്പനിക്ക് അറ്റാദായം നേടാനായി. അധികം വൈകാതെ കമേഴ്‌സ്യലി വയബ്ള്‍ ആകുന്ന അവസ്ഥ കൈവന്നു. അതായത് വരവുചെലവുകള്‍ ഒത്തുപോകുന്ന സാഹചര്യം.
തിരുവനന്തപുരം നഗര ഹൃദയത്തിലെ 80 സെന്റ് സ്ഥലത്ത് ബഹുനില കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചു.ബാങ്ക് വായ്പയിലൂടെയും മറ്റും ഇതിനുള്ള തുക കണ്ടെത്താന്‍ കഴിയുമെന്നും കണക്കുകൂട്ടി. വാടക കെട്ടിടത്തിനുപകരം സ്വന്തം കെട്ടിടം. ഇതിനുപുറമെ ഏതാനും നിലകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് പുറത്തുകൊടുക്കാന്‍ കഴിയുക. വെറും ഭ്രാന്താണിതെന്ന് തുടക്കത്തില്‍ വിശേഷിപ്പിച്ചവരുണ്ട്. പക്ഷേ, കുമിഞ്ഞു കൂടിയ നഷ്ടത്തിന്റെ (accumulated loss) അവസ്ഥയില്‍നിന്ന് ഓരോ വര്‍ഷവും ലാഭം ഉയരുന്ന സ്ഥിതിയിലേക്ക് കൈരളിയെ കൊണ്ടുവരാന്‍ എനിക്കായി.
അധിക ബാധ്യതയൊന്നും കൂടാതെ 'പീപ്പ്ള്‍', 'വി' ചാനലുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. രണ്ടു വര്‍ഷംകൊണ്ടാണ് കൈരളി ടവര്‍ യാഥാര്‍ഥ്യമായത്. 75,000 ചതുരശ്ര അടിയിലുള്ള ഈ സമുച്ചയം നിര്‍മിക്കാന്‍ ചെലവ് 12 കോടി. ആറു കോടി ധനലക്ഷ്മി ബാങ്കില്‍നിന്ന് വായ്പയെടുത്തു. ആഭ്യന്തര വരുമാന വിഹിതത്തില്‍നിന്ന് ആറു കോടിയും നീക്കിവെച്ചു. പണി പൂര്‍ത്തിയായതോടെ ടവറിന്റെ മൂല്യം 75 കോടിയെങ്കിലും വിലമതിക്കും. വാണിജ്യ ആവശ്യങ്ങള്‍ക്ക് നല്‍കുന്ന നിലകളിലൂടെ മാത്രം ടവറിന്റെ ചെലവ് തിരിച്ചുപിടിക്കാം.

നഷ്ടത്തില്‍നിന്ന് കൈരളിയെ ലാഭത്തില്‍ എത്തിക്കുക. ഇത്ര മാത്രമായിരുന്നോ ബ്രിട്ടാസിന്റെ മനസ്സില്‍?
തുടക്കം മുതല്‍ക്കേ ഡയറക്ടര്‍ ബോര്‍ഡിനുമുമ്പാകെ ഒരു കാര്യം ഞാന്‍ വ്യക്തമാക്കിയതാണ്. 'കുമിഞ്ഞു കൂടിയ നഷ്ട'ത്തിന്റെ അവസ്ഥ മറികടന്നാല്‍ എന്നെ പോകാന്‍ അനുവദിക്കണം. കഴിഞ്ഞവര്‍ഷത്തോടെ നഷ്ടം തീര്‍ത്തും മാറി. ലാഭകരമായി നടക്കുന്ന ഒരു കമ്പനിയായി മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് മാറി. ഇന്ത്യയിലെ പല പ്രമുഖ ചാനല്‍ കമ്പനികളും നഷ്ടത്തിലാണ്. അങ്ങനെയിരിക്കെയാണ്, 35 ശതമാനം വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ കൈരളിക്കു കഴിഞ്ഞത്. പോയവര്‍ഷം വളര്‍ച്ച 40 ശതമാനത്തിലെത്തി.
അഞ്ചു വര്‍ഷത്തേക്കായിരുന്നു എന്റെ ചുമതല. കുറച്ചു കാലംകൂടി തുടരണമെന്ന് ഡയറക്ടര്‍ ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞവര്‍ഷം അവസാനത്തോടെ എന്തായാലും പിരിയണം എന്ന് ഞാന്‍ തീരുമാനിച്ചതാണ്. പക്ഷേ, അധികം കഴിയും മുമ്പേ ഇലക്ഷന്‍ പ്രഖ്യാപനം വന്നു. നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ വന്നുനില്‍ക്കെ, കൈരളി ചാനലിന്റെ എം.ഡി പദവിയില്‍നിന്ന് ഞാന്‍ ഒഴിവാകുന്നത് തെറ്റായ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് തോന്നി.
ഒടുവില്‍ ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ എന്നെ പിന്തുണച്ച എല്ലാവരുടെയും അനുമതി വാങ്ങി അവരുടെയൊക്കെ ആശീര്‍വാദത്തോടെതന്നെയാണ് ഞാന്‍ കൈരളിയോട് വിടപറഞ്ഞത്. തികച്ചും മാന്യമായ ഒരു വിടവാങ്ങല്‍.

എന്നിട്ടും വിടവാങ്ങല്‍ വിവാദമായിരിക്കുന്നു. എന്തായിരിക്കാം കാരണം?
കൈരളി എല്ലാ നിലക്കും മാന്യമായാണ് എന്നോട് പെരുമാറിയത്. നിറപ്പകിട്ടാര്‍ന്ന യാത്രയയപ്പു ചടങ്ങുതന്നെ അവര്‍ എനിക്കുവേണ്ടി ഒരുക്കി. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ചടങ്ങിനെത്തി.സൗഹര്‍ദപരമായും ആരോഗ്യപരമായും ഉള്ള ഒരു വിടവാങ്ങലായിരുന്നു അത്. ഒരാള്‍ക്കും ഒരു തെറ്റിദ്ധാരണയുമില്ലാത്തവിധം ഹൃദ്യമായ ഒന്ന്.
ജോലിചെയ്യുന്ന സ്ഥാപനം വിടുമ്പോള്‍ ഒരാള്‍ തെറ്റിവേണം അവിടെനിന്ന് പിരിയാന്‍ എന്നൊന്നുമില്ല. ആരെയും വിഷമിപ്പിക്കാതെ വേണമായിരുന്നു പിരിയല്‍. അതല്ലായിരുന്നേല്‍ രണ്ടു വരി രാജിക്കത്തുനല്‍കി ഇറങ്ങി പോന്നാല്‍ മതിയായിരുന്നല്ലോ. എനിക്കൊരു പകരക്കാരനെ കണ്ടെത്താന്‍ സാവകാശം നല്‍കിയും മുന്‍കൂട്ടി അറിയിച്ചും തന്നെയാണ് കൈരളി വിട്ടത്.
ആരോഗ്യകരമായ ഒരു തൊഴില്‍ സംസ്‌കാരംപോലും കേരളത്തില്‍ ഇല്ലെന്ന് ഈ വിവാദം എന്നെ പഠിപ്പിക്കുന്നു. സ്ഥാപനം വിടുന്നവര്‍ ആരായാലും കലഹിച്ചുവേണം പോകാനെന്ന് നാം ഉറപ്പിച്ചപോലെ. ദല്‍ഹിയിലും മറ്റും അങ്ങനെയുള്ള സാഹചര്യമല്ല. നല്ല അവസരങ്ങള്‍ വരുമ്പോള്‍ ആളുകള്‍ മാറുന്നു. അവര്‍ നല്‍കിയ സംഭാവനകള്‍ സ്ഥാപനങ്ങള്‍ മാനിക്കുന്നു.

മാധ്യമപ്രവര്‍ത്തകന്‍ എന്നതോടൊപ്പം ഒരു ഇടതുപക്ഷ പ്രവര്‍ത്തകന്‍ എന്ന മേല്‍വിലാസം ബ്രിട്ടാസിനെ ചൂഴ്ന്നുനില്‍ക്കുന്നുണ്ട്. അതുകൊണ്ടായിരിക്കുമോ ഇപ്പോഴത്തെ ഈ വിവാദം?
വ്യക്തിപരമായി എന്റെ പ്രൊഫൈല്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്നതുതന്നെയാണ്. അടിസ്ഥാനപരമായും ഞാന്‍ അതാണ്. അടിമുടി മാധ്യമ പ്രഫഷനല്‍ - അതാണ് എന്റെ ജീവിതം. എനിക്കുലഭിച്ച എല്ലാ പുരസ്‌കാരങ്ങളും ആ നിലക്കുതന്നെ. സംസ്ഥാന സര്‍ക്കാറിന്റെ മാധ്യമ പുരസ്‌കാരങ്ങള്‍ എത്രയോ വര്‍ഷമായി എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു.
ഒരിടത്ത് നാം നമ്മുടെ ദൗത്യം പൂര്‍ത്തീകരിച്ചാല്‍ പിന്നെ അതിലും വലിയ ഒന്നിലേക്ക് നാം നമ്മെ നവീകരിക്കണം. ആ നിലപാടാണ് എന്‍േറത്. ഏല്‍പിച്ച മിഷന്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ പിന്നെ അവിടെ നില്‍ക്കരുത്. കൈരളിയുടെ ദൗത്യം ഭംഗിയായി പൂര്‍ത്തീകരിച്ചു. അതിനെ ഒരു ട്രാക്കില്‍ കയറ്റുക മാത്രമല്ല അതില്‍ വിജയക്കൊടി പാറിക്കാനും എനിക്കായി.
ഏതൊരു സ്ഥാപനത്തിലും ഒരാളുടെ സെല്‍ഫ് ലൈഫ് എന്നത് അഞ്ചോ ആറോ വര്‍ഷം മാത്രം. പുതിയ ആളുകള്‍ക്കും വളര്‍ന്നുവരുന്നവര്‍ക്കും അവസരം നല്‍കാന്‍ നാം വഴിമാറണം. നിങ്ങള്‍ സ്വയം നവീകരിക്കണം. ഇല്ലെങ്കില്‍ മുരടിക്കും.

കൈരളി വിടേണ്ട മറ്റു വല്ല സാഹചര്യവും?
കൈരളിയില്‍ എനിക്കിനിയും തുടരാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ തുടര്‍ന്നാല്‍ സ്വാഭാവികമായ ഒരു ആലസ്യത്തിലേക്ക് വഴിമാറും. ഞാന്‍ മുരടിക്കും എന്ന തിരിച്ചറിവ്. എനിക്കാണെങ്കില്‍ ഇനിയും പ്രായവും സമയവുമുണ്ട്. ആരോടും കലഹിച്ചല്ല കൈരളി വിട്ടതും. വിവരങ്ങള്‍ നേര്‍ക്കുനേരെ പറഞ്ഞ് അനുമതി വാങ്ങി തന്നെയാണ് പോന്നത്. മാനേജ്‌മെന്റുമായി നല്ല നിലയില്‍ പിരിഞ്ഞു. പക്ഷേ, അതിന്റെ പേരില്‍ കേരളം ഇപ്പോള്‍ എന്നോട് ചെയ്യുന്നത് തികഞ്ഞ നന്ദികേടാണ്. എന്നോടു മാത്രമല്ല, എല്ലാ മാധ്യമ പ്രഫഷനലുകളോടുമുള്ള ഈ സമീപനം മാറണം.
മറ്റൊന്നുകൂടി നിങ്ങള്‍ അറിയണം. മാധ്യമ മേഖലയില്‍ ഞാന്‍ ആര്‍ജിച്ച കഴിവുകള്‍ തന്നെയായിരുന്നു കൈരളി ചാനലിന്റെ എം.ഡിയായി എന്നെ നിയോഗിക്കാന്‍ മാനദണ്ഡമായത്.
ഇടത്തരം കര്‍ഷക കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ കഠിനാധ്വാനവും പ്രയത്‌നവും തന്നെയാണ് മാധ്യമ രംഗത്ത് എന്നെ വളര്‍ത്തിയതും. ആരുടെയെങ്കിലും ശിപാര്‍ശയുടെ ബലത്തിലല്ല എവിടെയെങ്കിലും എത്തിപ്പെട്ടത്. സംതൃപ്തിയോടെ പുതിയൊരു ദൗത്യം ഏറ്റെടുക്കാന്‍ എനിക്ക് അവകാശമുണ്ട്. ഒന്നുകൂടി വ്യക്തമാക്കട്ടെ-ആരുടെയെങ്കിലും ദാക്ഷിണ്യത്തില്‍ ജീവിതം പുലര്‍ത്തുന്ന ഒരാളല്ല ജോണ്‍ ബ്രിട്ടാസ്. അതില്‍ എനിക്ക് തികഞ്ഞ അഭിമാനംതന്നെയുണ്ട്.

പുതിയ തീരുമാനം അടുത്ത ചില സുഹൃത്തുക്കള്‍ക്കുപോലും ദഹിച്ചിട്ടില്ലെന്ന് അവരുടെ പ്രതികരണങ്ങള്‍ തെളിയിക്കുന്നു. എന്തുപറയുന്നു?
സ്റ്റാര്‍ ഏഷ്യാനെറ്റിന്റെ ബിസിനസ് ഹെഡ് എന്ന ചുമതലയാണ് എനിക്കിപ്പോള്‍. അടിസ്ഥാനപരമായി ഞാനൊരു മാധ്യമ പ്രവര്‍ത്തകനാണെന്ന് നേരത്തേ പറഞ്ഞല്ലോ. സിനിമയും വിനോദമേഖലയും വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഒരു കാലം. ഒരുപാട് കാര്യങ്ങള്‍ ഈ രംഗത്ത് സംഭവിക്കുന്നു. വിനോദ മേഖലയില്‍ വന്‍ വിപ്ലവത്തിന്റെ യുഗം. അവിടെ എനിക്ക് എന്നെതന്നെ സമ്പുഷ്ടമാക്കാന്‍ (എന്റിച്ച്) വേണ്ടിയാണ് എന്റെ ശ്രമം. അല്ലാതെ, അവരുടെ നിലപാടുകളെ ചോദ്യം ചെയ്യാനല്ല നീക്കം.
തൊഴില്‍മാറ്റം എന്നത് സ്വാഭാവികമാണ്. ഒരു മേഖലയില്‍നിന്ന് അടുത്തതിലേക്ക് മാറുന്നതില്‍ ആര്‍ക്കെങ്കിലും തടസ്സമുണ്ടോ? അല്ലെങ്കില്‍ അങ്ങനെ തടസ്സം നില്‍ക്കാന്‍ പാടുണ്ടോ? തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ ഓരോരുത്തര്‍ക്കുമില്ലേ?
എന്നെ സംബന്ധിച്ചിടത്തോളം ഏറ്റെടുത്ത എല്ലാം മാധ്യമ ലോകവുമായി ബന്ധപ്പെട്ട ദൗത്യങ്ങള്‍ മാത്രമാണ്. മറ്റുള്ള ചിലരുടെ സഹായം കൂടി ലഭിച്ചതുകൊണ്ട് അവിടങ്ങളിലൊക്കെ എനിക്ക് മികവ് കാട്ടാനും കഴിഞ്ഞു.

ഫാരിസ് അബൂബക്കര്‍, റുപര്‍ട്ട് മര്‍ഡോക്-ഇരുവരും വെറുക്കപ്പെട്ടവര്‍ എന്ന വിഭാഗത്തിലാണെന്ന് വലിയൊരു വിഭാഗം കേരളീയര്‍ ഉറച്ചുവിശ്വസിക്കുന്നു. ഇടതുമാധ്യമ പ്രവര്‍ത്തകനായ ബ്രിട്ടാസ് ഇവരുമായൊക്കെ സന്ധി ചെയ്യുന്നു എന്നാണ് ആക്ഷേപം?
ആദ്യം ഫാരിസ് അബൂബക്കറിന്റെ കാര്യം. അയാള്‍ നല്ലവനാണെന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല. വെറുക്കപ്പെട്ടവനാണെന്ന് സ്ഥാപിക്കുക എന്റെ ലക്ഷ്യവുമായിരുന്നില്ല. കേരള ടെലിവിഷന്‍ മാധ്യമരംഗത്തെ ഏറ്റവും മികച്ച ഒരു സ്‌കൂപ്പ് ആയിരുന്നു ഫാരിസ് അബൂബക്കറുമായി ഞാന്‍ നടത്തിയ ആ അഭിമുഖം. അതിന്റെ പശ്ചാത്തലംകൂടി പരിഗണിക്കപ്പെടണം. ദുരൂഹമായ ഒരു വ്യക്തിയായി ഫാരിസ് മാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്ന സമയം. ആരും പക്ഷേ, കഥാപാത്രത്തെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ല. ഫാരിസിന്റെ ഒരു ചിത്രംപോലും ആരുടെ പക്കലുമില്ല. ആള്‍ ഒറ്റക്കണ്ണന്‍ ആണെന്നുവരെ പ്രചരിപ്പിച്ചു. ചെന്നൈയും കേരളവും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏതോ ഒരാള്‍. അതോടെ അപസര്‍പ്പക കഥകളെപോലും വെല്ലുമാറുള്ള പരിവേഷമാണ് കേരളത്തില്‍ ഫാരിസിന് ലഭിച്ചത്.
ഞാന്‍ കൈരളിയിലെ സഹപ്രവര്‍ത്തകരോട് പറഞ്ഞു, അജ്ഞാതനാണെന്നു പറയുന്ന ഈ ആളെ നമുക്ക് കണ്ടുപിടിക്കണം. അപസര്‍പ്പക കഥകളുടെ എല്ലാ യാഥാര്‍ഥ്യങ്ങളും പുറത്തുകൊണ്ടുവരണം. എങ്കില്‍ അതുതന്നെയും വലിയൊരു വാര്‍ത്തയാകും. തിരുവനന്തപുരം ലേഖകന്‍ എബ്രഹാം മാത്യുവിനെയായിരുന്നു ഞാന്‍ ഈ ദൗത്യം ആദ്യം ഏല്‍പിച്ചത്്. എന്തുകൊണ്ടോ അത് നടക്കാതെ പോയി. അങ്ങനെ വന്നപ്പോള്‍ ഞാന്‍തന്നെ ഇറങ്ങിപ്പുറപ്പെട്ടു. കൈരളി ചാനല്‍ ചെയര്‍മാനും നടനുമായ മമ്മൂട്ടിക്ക് ഫാരിസിനെ അറിയാമായിരുന്നു. ആ ബലത്തില്‍ ചെന്നൈയിലെത്തി ഫാരിസ് അബൂബക്കര്‍ എന്ന വ്യക്തിയെ ആദ്യമായി കണ്ടു. ചെറുപ്പക്കാരനായ, ശരിക്കും ഒരു ചുള്ളന്‍. ദാവൂദ് ഇബ്രാഹിമിനെയോ മറ്റോ പോലുള്ള ഒരാള്‍ ആയിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. വളരെ നിര്‍ബന്ധിക്കേണ്ടി വന്നു അഭിമുഖത്തിന് സമ്മതം ലഭിക്കാന്‍.

വെറുക്കപ്പെട്ട ഫാരിസിന് മാന്യത നല്‍കിയെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ തെറി വിളിക്കാന്‍ അയാള്‍ക്ക് ഇടതു ചാനലില്‍ അവസരം നല്‍കി എന്നൊക്കെയാണ് കുറ്റപത്രം?
ഫാരിസിനെ മാത്രമല്ലല്ലോ ഞാന്‍ അഭിമുഖം നടത്തിയത്. മാതാ അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരുമായൊക്കെ ഞാന്‍ അഭിമുഖം നടത്തിയിട്ടുണ്ട്. ഒരു കാര്യത്തില്‍ എനിക്ക് നിഷ്ഠയുണ്ട്. എന്താണോ അവര്‍ക്കൊക്കെ പറയാനുള്ളത് അതപ്പടി ഒരു വെട്ടിമാറ്റലും കൂടാതെ നല്‍കണം എന്ന കാര്യത്തില്‍. ഞാന്‍ അഭിമുഖം നടത്തിയവരൊക്കെ ഇക്കാര്യം തുറന്നു സമ്മതിക്കും. മലയാളത്തിന്റെ പ്രിയ കഥാകൃത്ത് ടി. പത്മനാഭന്റെ അഭിമുഖംതന്നെ ഉദാഹരണം. കൈരളിയെയും സി.പി.എമ്മിനെയുമൊക്കെ നിശിതമായി പത്മനാഭന്‍ വിമര്‍ശിച്ചു. അത് അപ്പടി തന്നെ ഞാന്‍ സംപ്രേഷണം ചെയ്തു. ആശ്ചര്യത്തോടെ, പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടി പത്മനാഭന്‍തന്നെ നിരവധി വേദികളില്‍ എന്നെ പേരെടുത്തു പറഞ്ഞ് അനുമോദിച്ചതാണ്. നിങ്ങള്‍ക്കു വേണേല്‍ പപ്പേട്ടനെ വിളിച്ചു ചോദിക്കാം. പറയുന്ന കാര്യങ്ങള്‍ മുറിച്ചുമാറ്റാതെ പൂര്‍ണതോതില്‍ നല്‍കണം-ഇതാണ് മാധ്യമ നൈതികത എന്നുറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.
ഒരു മാധ്യമ പ്രവര്‍ത്തകന്‍ അവിടെ വേണം നില്‍ക്കാന്‍. എന്തിന്റെ പേരിലായാലും അതിനപ്പുറം അവന്‍ നോക്കരുത്. ഫാരിസ് അബൂബക്കറുമായുള്ള അഭിമുഖം ആ നിലക്കുതന്നെയാണ് ഞാന്‍ നടത്തിയത്. മറ്റൊരു ലക്ഷ്യവും എനിക്കുണ്ടായിരുന്നില്ലെന്ന് ആരെയെങ്കിലും വിശ്വസിപ്പിക്കേണ്ട ബാധ്യത എനിക്കില്ല. ഞാന്‍ നടത്തിയ മാധ്യമ പ്രവര്‍ത്തനങ്ങളില്‍ തരിമ്പും പശ്ചാത്താപവുമില്ല.
പാര്‍ട്ടിയെയും നേതാക്കളെയും സംരക്ഷിക്കേണ്ട ബാധ്യത ഒരു പാര്‍ട്ടി ചാനലിന് ഇല്ലെന്നാണോ?
gകേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചാനലാണിത്. വാര്‍ത്തകളില്‍ അമ്പതുശതമാനമെങ്കിലും ഇടതു വിരുദ്ധ പാളയത്തില്‍നിന്നുള്ളത്. കേരളത്തിലെ യു.ഡി.എഫ് നേതാക്കള്‍ സി.പി.എമ്മിനെയും അതിന്റെ നേതാക്കളെയും കുറ്റപ്പെടുത്തുക സ്വാഭാവികം. അക്കാര്യമൊന്നും വാര്‍ത്തയില്‍ വരാന്‍ പാടില്ലെന്നാണോ പറയുന്നത്? പിണറായിക്കും കാരാട്ടിനും വി.എസിനും എതിരായി മറുപക്ഷത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ ഒരു ചാനലിന് അനുവദിക്കേണ്ടി വരും. കൈരളിയുടെ പീപ്പ്ള്‍ വാര്‍ത്തയില്‍ പകുതിയെങ്കിലും ഇങ്ങനെ ഉള്‍പ്പെടുത്തേണ്ടി വരുക സ്വാഭാവികം. അതൊന്നും അറിയാതെ ഏത് യുക്തിയുടെ അടിസ്ഥാനത്തിലാണ് വെറുതെ ഓരോന്നു വിളിച്ചുപറയുന്നത്?

എന്താണ് വി.എസിന് ജോണ്‍ ബ്രിട്ടാസിനോട് ഇത്ര മാത്രം പക?
(ചിരിക്കുന്നു) വി.എസിനെ തികഞ്ഞ ആദരവോടെയാണ് ഞാന്‍ കാണുന്നത്. അദ്ദേഹത്തെ ചാനലുമായി സഹകരിപ്പിക്കാന്‍ എല്ലാ ഘട്ടത്തിലും ഞാന്‍ ശ്രമിച്ചതാണ്. കൈരളി ടവറിന്റെ തറക്കല്ലിടല്‍ ചടങ്ങിന് വി.എസിനെ ഞാന്‍ നേരിട്ടുചെന്നാണ് ക്ഷണിച്ചത്. പ്രതിരോധ മന്ത്രി എ.കെ ആന്റണിയും സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംബന്ധിച്ച ആ ചടങ്ങില്‍ വി.എസ് ആയിരുന്നു അധ്യക്ഷ പദവിയില്‍. സാധാരണഗതിയില്‍ കമ്പനി ചെയര്‍മാനാണ് ചടങ്ങില്‍ അധ്യക്ഷപദം അലങ്കരിക്കേണ്ടത്. കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനോട് ഏതെങ്കിലും വിധത്തിലുള്ള നീരസമുണ്ടെങ്കില്‍ കൈരളി ചടങ്ങില്‍ അധ്യക്ഷത വഹിക്കണമെന്നാവശ്യപ്പെട്ട് ഞാന്‍തന്നെ ചെന്ന് അദ്ദേഹത്തെ ക്ഷണിക്കുമോ? എന്നെ ആര്‍ക്കും വിമര്‍ശിക്കാം. അങ്ങനെ വിമര്‍ശം ഉന്നയിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധിയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല.

പടിയിറങ്ങുന്ന ബ്രിട്ടാസിന് കൈരളി മാന്യമായ യാത്രയയപ്പ് നല്‍കി. പിണറായി വിജയനെപോലുള്ളവര്‍ ബ്രിട്ടാസിന്റെ ഭാവി ദൗത്യങ്ങള്‍ക്ക് ഭാവുകങ്ങള്‍ നേര്‍ന്നു. എപ്പോള്‍ തിരികെ വന്നാലും കൈരളിയുടെ വാതിലുകള്‍ ബ്രിട്ടാസിനു മുന്നില്‍ മലര്‍ക്കെ തുറന്നിരിക്കുമെന്ന് ചെയര്‍മാന്‍ മമ്മൂട്ടി ഉറപ്പു നല്‍കി. സാധാരണഗതിയില്‍ ഒരു മാധ്യമ പ്രവര്‍ത്തകന് അസൂയ തോന്നുന്ന സാഹചര്യമല്ലേ ഇത്?
സി.പിഎമ്മിനും സഖാവ് പിണറായി വിജയനുമെതിരെ പരസ്യമായി നാല് തെറിവിളിച്ചാണ് ഞാന്‍ കൈരളിയുടെ എം.ഡി സ്ഥാനം വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോരുന്നതെന്നു സങ്കല്‍പിക്കുക. എങ്കില്‍ ഉറപ്പാണ്, എന്നെ ഒരു ഹീറോ ആയി കേരള സമൂഹം കൊണ്ടുനടന്നേനെ.
ഒരു കാര്യം പക്ഷേ, തുറന്നു പറയട്ടെ. വിലകുറഞ്ഞതും തരംതാണതുമായ അത്തരം ഒന്നിന് ബ്രിട്ടാസിനെ കിട്ടില്ല. ഒരു സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിനോട് അതിരറ്റ പ്രതിബദ്ധതയും കൂറും പുലര്‍ത്തുക. ഒടുവില്‍ ആരോഗ്യകരവും മാന്യവുമായി അതിന്റെ പടിയിറങ്ങുക.
ചെറിയൊരു ഗോളത്തിലാണ് നാം ജീവിക്കുന്നത്. നാളെ എല്ലാവരുമായും നമുക്ക് സഹകരിക്കേണ്ടി വരുമെന്ന ഉത്തമബോധ്യത്തോടെ ആരോഗ്യകരമായ ഒരു ബന്ധം വേണം സമൂഹത്തില്‍ നാം പുലര്‍ത്താന്‍. കേരളത്തിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരെയും ഇക്കാര്യം ഓര്‍മിപ്പിക്കാന്‍കൂടി ആഗ്രഹിക്കുന്നു.

ജേണലിസ്റ്റുകളുടെ തൊഴില്‍മാറ്റം അത്ര വലിയ പാതകമായി സമൂഹം കാണുന്നുണ്ടോ?
മുമ്പ് മലയാള മാധ്യമ സ്ഥാപനങ്ങളില്‍നിന്നും കൂടുമാറ്റം വളരെ കുറവായിരുന്നു. എന്നാല്‍, വിഷ്വല്‍ മാധ്യമങ്ങളുടെ അരങ്ങേറ്റത്തോടെ സ്ഥിതി മാറി. പക്ഷേ, തൊഴില്‍മാറ്റത്തോടുള്ള നമ്മുടെ സമീപനത്തിന് ഇനിയും പൂര്‍ണ മുക്തി ലഭിച്ചിട്ടില്ല. ജോലി മാറ്റത്തോട് ആരോഗ്യകരമായ സമീപനം പുലര്‍ത്താന്‍ നമുക്ക് കഴിയണം. ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ സ്ഥാപനവുമായി സൗഹൃദപരമായി കാര്യങ്ങള്‍ പറഞ്ഞു പിരിയാം.

കൈരളിയില്‍നിന്ന് ബ്രിട്ടാസ് പോയിരിക്കുന്നത് 'വെറുക്കപ്പെട്ട'വരുടെ പട്ടികയില്‍ പെടുന്ന റുപര്‍ട്ട് മര്‍ഡോക്കിന്റെ നിയന്ത്രണത്തിലുള്ള സ്റ്റാര്‍ ഏഷ്യാനെറ്റ് ചാനലിലേക്ക്. ഈ വൈരുധ്യമാകില്ലേ ഇപ്പോഴത്തെ വിവാദങ്ങള്‍ക്കു കാരണം?
റുപര്‍ട്ട് മര്‍ഡോക് എന്നയാളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഇപ്പോള്‍ ചേര്‍ന്ന സ്ഥാപനത്തില്‍ എനിക്കൊപ്പം ഒരുപാടുപേര്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ക്കാര്‍ക്കും എന്തെങ്കിലും പ്രയാസം മര്‍ഡോക് മൂലം ഉണ്ടെന്നും എനിക്കു തോന്നിയിട്ടില്ല. ഓരോ മാധ്യമ സംരംഭത്തിനും അതിന്‍േറതായ സ്വഭാവം കാണും. പ്രഫഷനലുകള്‍ എന്ന നിലക്ക് എല്ലാവരും സൗഹൃദപരമായി നീങ്ങുന്നു. ബിസിനസ് ഹെഡ് എന്ന ദൗത്യം ഭംഗിയായി നിര്‍വഹിക്കും. അല്ലാതെ എന്റെ മുന്നില്‍ ആരും ഒരുപാധിയും വെച്ചിട്ടില്ല.

മാധ്യമപ്രവര്‍ത്തകന്‍ അടിമവേലക്കാരന്‍ ആയിരിക്കണമെന്ന ചിന്തയാണോ വിവാദങ്ങള്‍ക്കു പിന്നില്‍?
ഒരു മാധ്യമ പ്രവര്‍ത്തകനെയും അടിമ വേലക്കാരന്‍(bonded labour) ആയി ഒരു സ്ഥാപനവും സമൂഹവും കരുതരുത്. കേരളത്തില്‍ അത്തരമൊരു തൊഴില്‍സംസ്‌കാരം എത്തിക്കാന്‍ നമുക്ക് കഴിയണം. ഒരു മാധ്യമ പ്രഫഷനലിന് എവിടെ പോകണമെന്നു തോന്നിയാലും അതിനു കഴിയണം. പക്ഷേ, എന്റെ കാര്യത്തില്‍ അതുപോലും നിഷേധിക്കപ്പെടുന്നു. അതാണ് ഏറെ സങ്കടകരം.

വിടവാങ്ങുമ്പോള്‍ ബ്രിട്ടാസിന് ആഡംബര കാര്‍ നല്‍കിയതും വിവാദമായെന്ന് പത്രവാര്‍ത്ത കണ്ടു?
ഒരു കമ്പനിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ചീഫ് എക്‌സിക്യൂട്ടിവിന് മാനേജ്‌മെന്റ് തലത്തില്‍ എന്തെങ്കിലും സമ്മാനം നല്‍കുന്ന പതിവുണ്ട്. എട്ടുവര്‍ഷം എം.ഡിയെന്ന എന്റെ മികച്ച പ്രവര്‍ത്തനം മുന്‍നിര്‍ത്തി ഞാന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന പഴയ ഹോണ്ട സിറ്റി കാര്‍ കൈമാറണമെന്ന ധാരണ ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നു. അവര്‍ അത് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, കാര്‍ വേണ്ടതില്ലെന്ന നിലപാടാണ് ഞാന്‍ സ്വീകരിച്ചത്. എന്റെ പേരിലേക്ക് കാര്‍ മാറ്റട്ടെ എന്നു ചോദിച്ചപ്പോള്‍ വേണ്ടതില്ല എന്ന് പടിയിറങ്ങിയ ദിവസംതന്നെ ഞാന്‍ പറയുകയും ചെയ്തു. ഈ ഒരു ചെറിയ സംഭവത്തെപോലും ഊതി വീര്‍പ്പിച്ച് വാര്‍ത്തയാക്കിയത് അല്‍പത്തം അല്ലാതെ മറ്റെന്താണ്?

പോകുന്നത് സ്റ്റാര്‍ ഏഷ്യാനെറ്റ് ചാനലിലേക്കാണെന്ന് യാത്രയയപ്പു യോഗത്തിന് മുമ്പ് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നോ?
ഒരു ദേശീയ നെറ്റ്‌വര്‍ക് സംരംഭത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നു മാത്രമാണ് എല്ലാവരോടും പറഞ്ഞത്.

ഒരു ജേണലിസ്റ്റിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണോ പ്രശ്‌നം?
ഒരാള്‍ ഒരു സ്ഥാപനം വിട്ടുകഴിഞ്ഞാല്‍ അയാള്‍ പിന്നെ എവിടെ പ്രവര്‍ത്തിക്കുന്നു എന്ന് സമൂഹം നോക്കരുത്. അയാള്‍ എങ്ങനെ, എന്തു ചെയ്യണം എന്ന് അടിച്ചേല്‍പിക്കുന്നതും ശരിയല്ല. അവസാനനിമിഷം വരെയും ഞാന്‍ കൈരളിയില്‍തന്നെ തുടരണം എന്നുള്ള ശാഠ്യം ശരിയാണോ? നില്‍ക്കുന്ന സമയത്ത് അര്‍പ്പണബോധത്തോടെ അതിനുവേണ്ടി പ്രവര്‍ത്തിക്കുക. അതു കഴിഞ്ഞാല്‍ പിന്നെ, ഞാന്‍ എനിക്കുള്ള പ്രഫഷനല്‍ താല്‍പര്യം മുന്‍നിര്‍ത്തി എന്റെ അടുത്ത ദൗത്യം കണ്ടെത്തും. അത്രയേ ഉള്ളൂ.

സജീവ മാധ്യമ പ്രവര്‍ത്തനത്തില്‍നിന്ന് ബിസിനസ് ലോകത്തേക്കുള്ള ഈ വഴിമാറ്റം പ്രയാസം സൃഷ്ടിക്കില്ലേ?
കഴിഞ്ഞ അഞ്ചെട്ടു വര്‍ഷത്തിനുള്ളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് മാധ്യമ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പല കാര്യങ്ങളും ഈ മേഖലയില്‍ സംഭവിക്കുന്നു. എല്ലാം നമുക്ക് നമ്മുടെ ഈ ചെറിയ കൈക്കുമ്പിളില്‍ ഒതുക്കിനിര്‍ത്താന്‍ കഴിയില്ല.
ദല്‍ഹി വിടുമ്പോള്‍ എനിക്ക് വലിയ പ്രയാസമായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ ആനുകാലിക സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാതിരുന്നത് തുടക്കത്തില്‍ എന്നെ വേദനിപ്പിച്ചു. പക്ഷേ, മാനേജിങ് ഡയറക്ടര്‍ എന്ന നിലയില്‍ പുതിയ കുറെ അനുഭവങ്ങളുടെ ലോകം എനിക്കു മുന്നില്‍ തുറന്നു. അതോടെ ഞാന്‍ മാറി. ഇപ്പോള്‍ വേറൊരു മേഖലയിലേക്കാണ് എന്റെ മാറ്റം. വാര്‍ത്തയുടെ ലോകത്തുനിന്നുള്ള താല്‍ക്കാലിക വിടവാങ്ങല്‍ തന്നെയാണിത്. ഭാവിയില്‍ വീണ്ടും അവിടേക്ക് തിരിച്ചുവന്നു കൂടായ്കയില്ല.

മാധ്യമ ലോകത്തെ മാറ്റങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു?
വിഭാവന ചെയ്യുന്നതിനും അപ്പുറത്തേക്ക് മാധ്യമലോകം മാറുകയാണ്. ഏറ്റവും വലിയ വിസ്‌ഫോടനമാണ് ഈ മേഖലയില്‍ സംഭവിക്കുന്നത്. സാങ്കേതിക തലത്തിലും ആ മാറ്റം തീവ്രം. ഒന്നുരണ്ടു വര്‍ഷംകൊണ്ട് ഹൈ ഡെഫിനിഷന്‍ സാങ്കേതികത ശക്തിയാര്‍ജിക്കും. എന്തെല്ലാമോ കാര്യങ്ങള്‍ ഇനി സംഭവിക്കാനിരിക്കുന്നു.
വരുമാനത്തിന്റെ കാര്യത്തിലും മാധ്യമ മേഖലയില്‍ വന്‍ കുതിപ്പാണ്. ഐ.പി.എല്‍ മത്സരത്തിന്റെ തുടക്കത്തില്‍ പത്തു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിന് സോണി നാല് ലക്ഷം രൂപ ഈടാക്കിയപ്പോള്‍ എല്ലാവരും അദ്ഭുതപ്പെടുകയായിരുന്നു. നാലായിരം മുതല്‍ പതിനായിരംവരെ മാത്രമായിരുന്നു അപ്പോള്‍ മലയാളത്തിന്റെ പരസ്യനിരക്ക്. ഇന്ത്യ-ശ്രീലങ്ക ലോകകപ്പിലെത്തിയപ്പോള്‍ പത്തു സെക്കന്‍ഡിന് 25 ലക്ഷം എന്നതായി നിരക്ക്. മലയാളത്തിലും ഈ മാറ്റം കാണാം.

ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകളെ നിശിതമായി വിമര്‍ശിക്കുന്ന'അഴിച്ചുപണി' എന്ന പരിപാടി ഇലക്ഷന് മുമ്പ് കൈരളിയില്‍ നിന്നും അപ്രത്യക്ഷമായി. പുതിയ ദൗത്യത്തിന് വഴിയൊരുക്കാന്‍ ബ്രിട്ടാസ് തന്നെ ഇടപെട്ടാണ് പ്രോഗ്രാം നിര്‍ത്തിച്ചതെന്നാണ് മറ്റൊരു ആരോപണം?
കഷ്ടം. പരിപാടിയുടെ അവതാരകനായ എന്‍.പി. ചന്ദ്രശേഖരന്‍തന്നെ ഇതിനു മറുപടി പറയും. ഏതു കാലത്തും മാധ്യമ ധാര്‍മികത പാലിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുവേണ്ടി അരുതായ്കകള്‍ക്ക് എന്നെ കിട്ടില്ല.

2 അഭിപ്രായങ്ങൾ:

  1. ജോണ്‍ ബ്രിട്ടാസിന് അനുമോദനങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
  2. മാധ്യമരംഗത്ത്‌ എക്കാലവും മാനിയ്ക്കപ്പെടേണ്ട വ്യക്തിയാണു് ബ്രിട്ടാസ്‌ എന്നാണെന്റെ അഭിപ്രായം. അദ്ദേഹം ഇന്റർവ്വ്യൂ ചെയ്യുമ്പോൾ ജനപക്ഷത്തുനിന്നും അറിയാനാഗ്രഹിയ്ക്കുന്ന ഒരു ചോദ്യമ്പോലും അദ്ദേഹം ഉപേക്ഷിക്കാറില്ല ഒപ്പം അവർക്ക്‌ പറയാനുള്ളത്‌ പൂർണ്ണമായും പറയാനുള്ള അവസരവും അദ്ദേഹം നൽകാറുണ്ട്‌. അദ്ദേഹത്തിന്റെ ചോദ്യങ്ങളുടെ ശൈലിപോലും ഒരു പ്രത്യേകതയുള്ളതാണു്. അദ്ദേഹത്തിന്റെ ഒരു പരിപാടികളൂം പൂർണ്ണമാകുന്നതിനുമുൻപ്‌ ഞാൻ TV ഓഫാക്കാറില്ല, അത്രയ്ക്ക്‌ അവ എനിക്കിഷ്ടവുമാണു്.

    മറുപടിഇല്ലാതാക്കൂ