2010, ഒക്ടോ 4

ചേകന്നൂര്‍ മൗലവി

ചേകന്നൂര്‍ മൗലവി വധം

.പുരോഗമനവാദിയും മതപ്രഭാഷകനുമായ ചേകന്നൂര്‍ മൗലവിയെ കൊലപ്പെടുത്തിയ മലപ്പുറം സ്വദേശി വി.വി. ഹംസയ്ക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

ശത്രുതയ്ക്ക് കാരണം ചേകന്നൂരിന്റെ പരിഷ്‌കരണവാദം

ഇസ്‌ലാം മതമണ്ഡലത്തില്‍ വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ പുസ്തകങ്ങളും പ്രസംഗങ്ങളുമായിരുന്നു ചേകന്നൂര്‍ മൗലവിക്ക് എതിരാളികളെ സൃഷ്ടിച്ചുകൊടുത്തത്.സമുദായത്തിന്റെ പല നിലപാടുകളിലും സംശയാലുവും വിമര്‍ശകനുമായിരുന്നു
പല ഇസ്‌ലാമിക കോളേജുകളിലും അധ്യാപകനായെങ്കിലും ആശയപരമായ ഭിന്നാഭിപ്രായങ്ങള്‍മൂലം അവിടങ്ങളില്‍നിന്നൊക്കെ വിട്ടുപോകേണ്ടിവന്നിരുന്നു.
'നിരീക്ഷണം' എന്ന പേരില്‍ ഒരു മാസിക തുടങ്ങി.
അതിലൂടെ ആശയപ്രചാരണം തുടര്‍ന്നു.
.
ഖുര്‍ആനെ മാത്രമേ ജീവിതത്തിന് ആധാരമാക്കാവൂ എന്നതായിരുന്നു മൗലവിയുടെ ശക്തമായ നിലപാട്. ഹദീസുകള്‍ പലതും മതത്തിന്റെ അന്തസ്സ് കെടുത്തുന്ന വ്യാഖ്യാനങ്ങളാണെന്ന് അദ്ദേഹം സമര്‍ഥിച്ചു. 'ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി' എന്ന സംഘടന രൂപവത്കരിച്ച് ഇസ്‌ലാമിലെ 'ഖുര്‍ആന്‍ വിരുദ്ധകാര്യ'ങ്ങള്‍ക്കെതിരെ മൗലവി തുറന്നടിച്ചു. ഒരു ഡസനിലേറെ പുസ്തകങ്ങള്‍ ചേകന്നൂര്‍ എഴുതിയിട്ടുണ്ട്. മതത്തിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാന്‍ പുസ്തകങ്ങളിലൂടെ നടത്തിയ ശ്രമം യാഥാസ്ഥിതിക മതവക്താക്കളെ പ്രകോപിപ്പിക്കുംവിധമായിരുന്നു. 'നമസ്‌കാരം എങ്ങനെ, എപ്പോള്‍, എത്ര', 'നമസ്‌കാരം മൂന്ന് മാത്രം', 'ഖുര്‍ആനിലെ നമസ്‌കാരരൂപം' തുടങ്ങിയ പുസ്തകങ്ങളിലൂടെ വന്‍ വിവാദമാണുണ്ടായത്. അഞ്ചുനേരം നിസ്‌കാരം നിര്‍ബന്ധമല്ലെന്ന് മൗലവി വാദിച്ചു.
സക്കാത്തിനെ സംബന്ധിച്ചും മൗലവിയുടെ നിലപാടുകള്‍ വ്യത്യസ്തമായിരുന്നു. മുതലിന്റെ രണ്ടുശതമാനം മാത്രം വര്‍ഷത്തില്‍ സക്കാത്തായി നല്‍കിയാല്‍ മതിയെന്ന് മുസ്‌ലിം പണ്ഡിതര്‍ വാദിച്ചപ്പോള്‍ 10 ശതമാനം നല്‍കല്‍ നിര്‍ബന്ധമാണെന്ന് മൗലവി സമര്‍ഥിച്ചു. പിന്തുടര്‍ച്ചാ നിയമത്തില്‍ നിലവിലുള്ള വ്യവസ്ഥകള്‍ ഇസ്‌ലാംവിരുദ്ധമാണെന്ന് 'പിന്തുടര്‍ച്ചാ നിയമം' എന്ന പുസ്തകത്തിലൂടെ മൗലവി വ്യാഖ്യാനിച്ചു.

എണ്‍പതുകളില്‍ ശരീഅത്ത് വിവാദം ഉണ്ടായപ്പോള്‍ മൗലവി എടുത്ത വിശാലമായ കാഴ്ചപ്പാട് മതയാഥാസ്ഥിതികരുടെ നിലപാടിന് വിരുദ്ധമായിരുന്നു. 'ഇസ്‌ലാമിക ശരീഅത്തും സുപ്രീംകോടതി വിധിയും' എന്ന പുസ്തകം അദ്ദേഹം ഇതിനായി എഴുതി.

'സര്‍വമത സത്യവാദം ഖുര്‍ആനില്‍' എന്ന അദ്ദേഹത്തിന്റെ ഒടുവിലത്തെ കൃതിയാണ് ചേകന്നൂരിന്റെ തിരോധാനത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. മാര്‍ച്ച്മാസം പുസ്തകം പുറത്തുവന്നു, ജൂലായില്‍ മൗലവി മറയുകയുംചെയ്തു.

35 പേജുകള്‍ മാത്രമുള്ള 'സര്‍വമത സത്യവാദം ഖുര്‍ആനില്‍' യാഥാസ്ഥിതികരെ വളരെ ചൊടിപ്പിച്ച പുസ്തകമായിരുന്നു. ഏകദൈവ വിശ്വാസം മാത്രമാണ് ശരിയെന്ന വാദത്തെയും ഇന്ത്യയിലെ മത-ദൈവരൂപങ്ങളിലെ ബഹുസ്വരതയെയും ചേകന്നൂര്‍ ഇതില്‍ അംഗീകരിക്കുന്നുണ്ട്. മറ്റുമതങ്ങള്‍ അസാധുവാക്കാനാണ് ഖുര്‍ആന്‍ വന്നത് എന്ന വാദം ഖുര്‍ആന്‍ വിരുദ്ധമാണ്. എല്ലാ ദൈവിക മതങ്ങളും സത്യം, എല്ലാ മതക്കാര്‍ക്കും മോക്ഷമുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍, ദൈവിക മതങ്ങളെല്ലാം ഖുര്‍ആന്റെ ഭാഷയില്‍ ഇസ്‌ലാംതന്നെ, ഇതര മതക്കാരുടെ ദേവാലയങ്ങള്‍ നശിപ്പിക്കാന്‍ പാടില്ല, ഹിന്ദുവിനെ മുസ്‌ലിം കൊന്നാല്‍ ആ മുസ്‌ലിമിനെയും കൊല്ലണമെന്ന് വിശുദ്ധ ഖുര്‍ആന്‍, ഒരു സമുദായത്തിന്റെ മതാചാരം മറ്റുള്ളവര്‍ക്ക് ശല്യമാകരുത് എന്നീ അധ്യായങ്ങളാണീ പുസ്തകത്തിലുള്ളത്. ഖുര്‍ആന്‍ ഉപയോഗിച്ചുതന്നെ നിലവിലുള്ള ഇസ്‌ലാം നിലപാടുകളെ ഖണ്ഡിക്കാനാണ് മൗലവി ശ്രമിച്ചത്. ഇതോടെ ഇസ്‌ലാംമതത്തിലെ ഉത്പതിഷ്ണു, പുരോഗമനവാദിയായ മതപണ്ഡിതന്‍ എന്നീ തലത്തിലേക്ക് ചേകന്നൂര്‍ മൗലവി വിശേഷിപ്പിക്കപ്പെട്ടു.
കടപ്പാട്:മാത്ര്ഭൂമിയോട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ