2010, ഒക്ടോ 24

കവി,കുരീപ്പുഴ ശ്രീകുമാരിന്റെ നർമബോധമുള്ള ആറ്‌ കവിതകൾ. 

-കഴുകന്മാര്‍

അവര്‍ വരും
ജാതിമതങ്ങളുപേക്ഷിച്ചു
മനുഷ്യനായവന്‍
മരിക്കുമ്പോള്‍ 
അവര്‍ വരും .

പൂവും ജലവും
കോടിയുമായി
അന്ധതയുടെ 
കൊക്ക് പിളര്‍ത്തി
ദുരാചാരത്ത്തിന്റെ
നഖങ്ങള്‍ നീട്ടി 
ചിറകു വിരിച്ചു 
അവര്‍ വരും.
ശവംതീനികള്‍ 

*

ജ്യോത്സ്യന്‍

ജ്യോത്സ്യന്റെ ഭാര്യയെ
കാണ്മാനില്ല.
ചന്ദ്രന്‍ അപഹരിച്ചോ?
രാഹുവോ കേതുവോ
തെക്കോട്ട്‌ നടത്തിച്ചോ?
ചൊവ്വ പിടിച്ചോ?
ശനി മറച്ചോ?

അയാള്‍
കാവടി നിരത്തിയതെയില്ല.
നേരെ നടന്നു
പോലിസ് സ്റ്റേഷനിലേക്ക്

-കാളി

കാളിയമ്പലത്തിലെ
കാണിക്കകളുടെ
കണക്കെടുത്തപ്പോള്‍ 
അമ്പലക്കമ്മിറ്റി
അമ്പരന്നു.

ഒരു പൊതി. 
അതില്‍
ബ്ലൌസും ബ്രായും

സുവിശേഷം

ഹല്ലേലുയ്യ സ്തോത്രം '

കണ്ണുള്ളവര്‍ കാണ്മിന്‍
കാതുള്ളവര്‍ കേള്‍പ്പിന്‍
അതിശയമേ അതിശയമേ
ഇതാ
കുരുടന്‍ സംസാരിക്കുന്നു
ചെകിടന്‍ കാണുന്നു.

ഹല്ലേലുയ്യ സ്തോത്രം

-പൊങ്കാല

അംബികാനയര്‍
അമ്പതു കലത്തില്‍
പൊങ്കാലയിട്ടു.

അമ്മിണിയക്കച്ച്ചി
ഒറ്റക്കലത്തിലും. 

അംബികാനായരുടെ അടുക്കള 
പഴയത് പോലെ സുഭിക്ഷം.

ദോഷം പറയരുതല്ലോ
അമ്മദൈവതതിന്‍്റ
അനുഗ്രഹത്താല്‍ 
അമ്മിണിയക്കച്ച്ചിയുടെ
കുടിലടുപ്പും
പഴയതുപോലെതന്നെ.
പുകഞ്ഞിട്ടേയില്ല. 


-രാഹുകാലം


ഒന്നര മണിക്കൂര്‍
അയാള്‍ പിടിച്ചുനിന്നു .
രാഹുകാലത്തില്‍
മൂത്രമൊഴിക്കുന്നത് എങ്ങനെ?
കുറെക്കാലമായപ്പോള്‍
ഡോക്ടറെ കാണേണ്ടി വന്നു.
അന്ന് തുടങ്ങി
ഗുളികകാലം

രാഷ്ടീയ അജണ്ട

മലങ്കര ഒ​‍ാർത്തഡോക്സ് സഭയുടെ തൃശൂർ ഭദ്രാസനൻ യുഹാനോൻ മോർ മിലിത്തിയോസ് മെത്രാപോലീത്ത പറയുന്നത് ശ്രദ്ധി ച്ചോ?അതിങ്ങനെയാണ്‌:“ഞങ്ങളിൽ ചിലർക്ക്(പുരോഹിതർ) ഒരു ഭീമമായ തെറ്റിദ്ധാരണയുണ്ട്.ഞങ്ങൾ പള്ളിയിൽ പറയുന്നതെല്ലാം വിശ്വാസികൾ അപ്പാടെ
വിഴുങ്ങുമെന്നാണത്.ഞയറാഴ്ചകളിൽ പള്ളികളെല്ലാം ഹൗസ് ഫുൾ ആകുമ്പോൾ ആധാരണ ഒന്നുകൂടി
ശക്തിപ്പെടും.അവിടെ പുരോഹിതർ എന്തുപറഞ്ഞാലും ആരും ഒന്നും തിരിച്ചു പറയില്ല.ഇവിടെ
എന്താണ്‌ യഥാർഥത്തിൽ സംഭവിക്കുന്നത്?ആരും ഒന്നും വിഴുങ്ങുന്നില്ല.പള്ളിയിൽ
ക്രമസമാധാന പ്രശ്നം ഉണ്ടാകരുതെന്ന് കരുതി അവർ സമാധാനപരമായി തിരിച്ചുപോകുന്നു.
എന്നാൽ അവരുടെ ഉള്ളറിയാതെ പള്ളികളിൽ ഇടയലേഖനങ്ങൾ
വായിച്ചുകൊണ്ടേയിരിക്കുന്നു.മെത്രാന്മാരുടെ വിശ്വാസമാണ്‌ വിശ്വാസികൾക്കെന്ന്
വരുത്തിത്തീർക്കുന്നതിനു പിന്നിൽ വലിയൊരു രാഷ്ടീയ അജണ്ടയുണ്ട്‌.”
 
ഈ പ്രസ്താവനയെ ഇതര സഭാനേതാക്കൾ എങ്ങിനെ നോക്കിക്കാണുമെന്ന് പറയാൻ പറ്റില്ല. 

2010, ഒക്ടോ 15

ENTE CHONNA MANNINTE PATTU SELF SUNG MALAYALAM POEM BY KARIVELLUR MURALI

2010, ഒക്ടോ 11

യദ്യൂരപ്പയും ഈശ്വരനും!

വിമതശല്ല്യം ഒഴിവാക്കാനായി കർണാടക മുഖ്യമന്ത്രി യദ്യൂരപ്പ ഓടിയെത്തിയത്‌,കണ്ണൂർജില്ലയിലെ തളിപ്പറമ്പിലുള്ള രാജരാജേശ്വരി ക്ഷേത്രത്തിലാണ്‌.കർണാടകത്തിൽ അപ്പന്മാർ ഇല്ലാത്തതുകൊണ്ടല്ല.തളിപ്പറമ്പത്തപ്പനാണ്‌ ഇഷ്ടദേവൻ.ശത്രുസംഹാരത്തിൽ കേമൻ.കഴിഞ്ഞതവണ ഒരാനയെ നടയിരുത്തി.ഇത്തവണയും ഏതാണ്ടൊക്കെ കൊടുത്തു.ദർശനാന്തരം പത്രക്കാരോട്പറഞ്ഞു:ഉറപ്പ്,നിയമസഭയിൽ വിശ്വാസവോട്ട് നേടും.നാട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും വിമതന്മാരൊക്കെ യ്ദ്യൂരപ്പയുടെ കാല്ക്കീഴിലെതിയിരിക്കുന്നു.ഇതുസമ്പന്ധിച്ച് മാത്ര്ഭൂമിയിൽ വന്നവാർത്ത“ഇഷ്ടദേവനെ വന്ദിക്കാൻ ക്ഷേത്രത്തിലെത്തിയ യദ്യൂരപ്പയുടെ പ്രാർഥനകളും ഇതോടെ ഫലം കണ്ടു”വെന്നാണ്‌! ഈവാർത്ത വായനക്കാരിൽ ഉണ്ടാക്കുന്ന അനുഭവമെന്താണ്‌ എന്നതാണ്‌ ഈകുറിപ്പിന്റെ അടിസ്ഥാനം. അടിമുടി അഴിമതിയിൽ കുളിച്ച്നില്ക്കുന്ന യദ്യൂരപ്പസർക്കാരിനെ ദൈവം തുണച്ചുവെന്നാണോ കരുതേണ്ടത്?അത്രക്ക് മോശക്കാരനാണോ ദൈവം?അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.....

മറഞ്ഞുപോയ അത്ഭുത ജീവികള്‍

എന്നന്നേക്കുമായി വംശമറ്റുപോയ ഒട്ടേറെ ജീവികളുണ്ട് ചരിത്രത്തില്‍. ജുറാസിക് യുഗത്തില്‍ ജീവിച്ചിരുന്ന ചില അത്ഭുതജീവികളെ നമ്മളിന്ന് ചലച്ചിത്രങ്ങളില്‍ പുനരാവിഷ്‌ക്കരിക്കുന്നു. ചരിത്രാതീതകാലത്ത് സംഭവിച്ച അത്തരം നഷ്ടങ്ങള്‍ക്കൊപ്പം, ഡോഡൊ, സുവര്‍ണ തവള തുടങ്ങി ആധുനികമനുഷ്യന്റെ കണ്‍മുന്നില്‍ നിന്ന് അപ്രത്യക്ഷമായ ജീവികളുമുണ്ട്. അവയെയൊന്നും ആര്‍ക്കുമിനി കാണാനാവില്ലെന്നത് എത്ര സങ്കടകരമാണ്. ജീവലോകം നേരിടുന്ന ഭീഷണിക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പുകളാണ് അന്യംനിന്ന ഓരോ ജീവിയും. ആ മുന്നറിയിപ്പുകളില്‍ നിന്ന് മനുഷ്യന്‍ എന്തെങ്കിലും പഠിക്കുമോ എന്നതാണ് പ്രശ്‌നം. വംശനാശം സംഭവിച്ച ചില ജീവികളെ ഇവിടെ പരിചയപ്പെടുക. 



1. ടൈനോസറസ് റെക്‌സ് (Tyrannosaurus Rex): ആറര കോടി വര്‍ഷം മുമ്പ്, ജുറാസിക് യുഗത്തിന്റെ അവസാനം ഈ ജീവി ലോകത്തുനിന്ന് അപ്രത്യക്ഷമായി. കരയില്‍ ജീവിച്ചിരുന്ന മാംസഭുക്കുകളില്‍ എക്കാലത്തേയും ഏറ്റവും വലിയ ജീവികളിലൊന്നാണ് ടി. റെക്‌സ്-43.3 അടി നീളം, 16.6 അടി ഉയരം, ഏതാണ്ട് ഏഴ് ടണ്‍ ഭാരം! ക്രിറ്റേഷ്യസ്-ടെര്‍ഷ്യറി കാലത്തെ കൂട്ടവംശനാശം വരെ ഇവ നിലനിന്നു. ഏതാണ്ട് 30 ടി.റെക്‌സ് ഫോസിലുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ചിലവ പൂര്‍ണരൂപത്തിലുള്ളതാണ്. 




2. ക്വാഗ്ഗ (Quagga): ആഫ്രിക്കയുടെ ചരിത്രത്തില്‍, വംശനാശം സംഭവിച്ച ഏറ്റവും പ്രശസ്തമായ ജീവി. പകുതി വരയന്‍ കുതിരയും പകുതി കുതിരയും എന്ന് പറയാവുന്ന ബാഹ്യരൂപമായിരുന്നു ക്വാഗ്ഗയുടേത്. 1883-ഓടെ അന്യംനിന്നു. ആഫ്രിക്കയുടെ തെക്കന്‍ മേഖലയില്‍ ഒരു കാലത്ത് സുലഭമായിരുന്ന ജീവിയാണിത്. മനുഷ്യന്‍ വേട്ടയാടി കൊല്ലുകയായിരുന്നു. മാംസത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി വ്യാപകമായി കൊന്നൊടുക്കി. 1870-കളോടെ വേട്ട പൂര്‍ത്തിയായി. കൂട്ടില്‍ അവശേഷിച്ച അവസാനത്തെ ക്വാഗ്ഗ, 1883 ആഗസ്ത് 12-ന് ചത്തതോടെ ആ വര്‍ഗത്തിന്റെ തിരോധാനം പൂര്‍ത്തിയായി. 




3. തൈലാസിന്‍ (Thylacine): 'ടാസ്മാനിയന്‍ കടുവ' എന്നും അറിയപ്പെട്ടിരുന്ന ഈ ജീവിവര്‍ഗം 1936-ഓടെ അവസാനിച്ചു. ഓസ്‌ട്രേലിയയിലും ന്യൂ ഗിനിയിലും കാണപ്പെട്ടിരുന്ന ജീവിയാണിത്. യൂറോപ്യന്‍ ജനത കുടിയേറുന്നതിനും ആയിരക്കണക്കിന് വര്‍ഷം മുമ്പ് തന്നെ ഈ ജീവിവര്‍ഗം, ഓസ്‌ട്രേലിയന്‍ വന്‍കരയില്‍ നിന്ന് അപ്രത്യക്ഷമായി. രാജ്യത്തിന്റെ ഭാഗമായ ടാസ്മാനിയ ദ്വീപില്‍ മാത്രമാണ് ഇവ അവശേഷിച്ചത്. വ്യാപകമായ വേട്ടയുടെ ഫലമായി ഈ ജീവിവര്‍ഗം അസ്തമിക്കുകയായിരുന്നു. അതോടോപ്പം ഇവയുടെ പാര്‍പ്പിട മേഖലകള്‍ മനുഷ്യന്‍ കൈയടക്കിയതും, നായകളുടെ വരവും, രോഗങ്ങളുമെല്ലാം ടാസ്മാനിയന്‍ കടുവയുടെ അന്ത്യത്തിന് ആക്കംകൂട്ടി. 




4. സ്‌റ്റെല്ലാര്‍സ് കടല്‍പ്പശു (Steller's Sea Cow): ബെറിങ് കടലില്‍ ഏഷ്യാറ്റിക് തീരപ്രദേശത്ത് കഴിഞ്ഞിരുന്ന ഈ ജീവിയെ ആദ്യമായി കണ്ടെത്തുന്നത് പ്രകൃതിശാസ്ത്രജ്ഞനായ ജോര്‍ജ് സ്‌റ്റെല്ലാര്‍ ആണ്; 1741-ല്‍. ഈ കടല്‍പ്പശു 25.9 അടി നീളം വരെ വളരുന്നവയായിരുന്നു, മൂന്ന് ടണ്‍ വരെ ഭാരവും ഉണ്ടാകുമായിരുന്നു. വലിയ സീലിനെ അനുസ്മരിപ്പിക്കുന്ന ആകൃതിയായിരുന്നു ഇവയുടേത്. പ്രാചീനകാലത്ത് വടക്കന്‍ പെസഫിക് തീരപ്രദേശത്താകെ ഇവ കാണപ്പെട്ടിരുന്നുവെന്ന് ഫോസില്‍ തെളിവുകള്‍ പറയുന്നു. എന്നാല്‍, ഇവയെ തിരിച്ചറിയുന്ന കാലത്ത് ചെറിയൊരു പ്രദേശത്തായി ഇവ ചുരുങ്ങിയിരുന്നു. 1768-ഓടെ ഈ ജീവിവര്‍ഗം അന്യംനിന്നു. ഇവയുടെ പാര്‍പ്പിട മേഖലയിലേക്കുള്ള മനുഷ്യന്റെ കടന്നുവരവാണ്, നാശത്തിന് വഴിവെച്ചതെന്നാണ് നിഗമനം.




5. ഐറിഷ് മാന്‍ (Irish Deer): ഭൂമുഖത്ത് ജീവിച്ചിരുന്നവയില്‍ ഏറ്റവും വലിയ മാന്‍. 'ഭീമന്‍ മാന്‍' (Giant Deer) എന്നും ഇവയ്ക്ക് പേരുണ്ട്. 7700 വര്‍ഷം മുമ്പ് വംശനാശം നേരിട്ടു. 'ലേറ്റ് പ്ലീസ്റ്റോസീന്‍' കാലത്തിനും 'ഹോളോസീന്‍' യുഗത്തിനും ഇടയ്ക്കാണ് ഇവ നിലനിന്നത്. അറിയപ്പെടുന്നതില്‍ ഏറ്റവും പ്രായം കുറഞ്ഞ ഫോസില്‍ 5700 ബി.സി.യിലേതാണെന്ന് (7700 വര്‍ഷം മുമ്പത്തേത്) കാര്‍ബണ്‍ ഡേറ്റിങില്‍ തെളിഞ്ഞിട്ടുണ്ട്. വലിപ്പമായിരുന്നു ഇവയുടെ പ്രത്യേകത. ഏഴടി ഉയരവും, 12 അടി നീളവും 90 പൗണ്ട് ഭാരവും. പ്രാചീന മനുഷ്യന്‍ വേട്ടയാടി നശിപ്പിച്ചതാണ് ഇവയെ എന്നൊരു വാദമുണ്ടെങ്കിലും, വലിപ്പക്കൂടുതല്‍ തന്നെ ഈ വര്‍ഗത്തിന്റെ നാശത്തിന് നിമിത്തമായിരിക്കാം എന്നാണ് കരുതുന്നത്. 




6. കാസ്​പിയന്‍ കടുവ(Caspian Tiger): കടുവകളുടെ ഉപവര്‍ഗമായ ഇവയ്ക്ക് പേര്‍ഷ്യന്‍ കടുവ എന്നും പേരുണ്ട്. ലോകത്തുള്ള കടുവയിനങ്ങളില്‍ മൂന്നാമത്തെ വലിയ കടുവകളായിരുന്നു ഇവ. മധ്യ-പശ്്ചിമ ഏഷ്യന്‍ രാജ്യങ്ങളില്‍ കാണപ്പെട്ടിരുന്ന ഈ ജീവിവര്‍ഗം 1970-ഓടെ അന്യംനിന്നു. കാസ്​പിയന്‍ കടുവകളില്‍ ആണുങ്ങളായിരുന്നു വലുത് - 169 മുതല്‍ 240 കിലോഗ്രാം വരെ ഭാരം. പെണ്‍കടുവകള്‍ ചെറുതായിരുന്നു - ഭാരം 85 മുതല്‍ 135 കിലോഗ്രാം വരെ മാത്രം.




7. ഔറോക്‌സ് (Aurochs): വംശനാശം സംഭവിച്ച ഏറ്റവും പ്രശസ്തമായ യൂറോപ്യന്‍ മൃഗമാണിത്. വളരെ വലിപ്പം കൂടിയ വളര്‍ത്തുമൃഗമായിരുന്നു അത്. 20 ലക്ഷം വര്‍ഷം മുമ്പ് ഇന്ത്യയില്‍ ആവിര്‍ഭവിച്ച ഈ ജീവിവര്‍ഗം, പശ്ചിമേഷ്യ വഴി പടിഞ്ഞാറോട്ട് കുടിയേറുകയും, രണ്ടര ലക്ഷം വര്‍ഷം മുമ്പ് യൂറോപ്പിലെത്തുകയും ചെയ്തു എന്നാണ് നിഗമനം. പതിമൂന്നാം നൂറ്റാണ്ടോടെ ഔറോക്‌സിന്റെ സാന്നിധ്യം പോളണ്ട്, ലിത്വാനിയ, മോള്‍ഡാവിയ, ട്രാന്‍സില്‍വാനിയ, കിഴക്കന്‍ പ്രൂഷ്യ എന്നിവിടങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടു. വേട്ടയാണ് ഇവയെ നശിപ്പിച്ചത്. 1564 ആയപ്പോഴേക്കും 38 മൃഗങ്ങള്‍ മാത്രമായി ഇവ ചുരുങ്ങി. അറിയപ്പെടുന്ന അവസാനത്തെ ഔറോക്‌സിന് പോളണ്ടില്‍ 1627-ല്‍ അന്ത്യമായി. അതോടെ ആ വര്‍ഗം കുറ്റിയറ്റു. 



8. ഭീമന്‍ ഓക്ക് (Great Auk): പെന്‍ഗ്വിനുകളെ അനുസ്മരിപ്പിക്കുന്ന ഈ പക്ഷികള്‍ക്ക് പറക്കാന്‍ കഴിവില്ലായിരുന്നു. ഓക്ക് വര്‍ഗത്തില്‍ ഏറ്റവും വലിപ്പമുള്ള ഇവ 1844-ഓടെ അന്യംനിന്നു. 75 സെന്റീമീറ്ററോളം ഉയരമുള്ള ഈ വര്‍ഗത്തിന് അഞ്ച് കിലോഗ്രാം ഭാരമുണ്ടായിരുന്നു. വെളുപ്പും കറുപ്പും നിറമുള്ളതായിരുന്നു ഇവ. കിഴക്കന്‍ കാനഡ ദ്വീപുകളിലും, ഗ്രീന്‍ലന്‍ഡ്, ഐസ്‌ലന്‍ഡ്, നോര്‍വെ, അയര്‍ലന്‍ഡ്, ബ്രിട്ടന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഒരു കാലത്ത് സുലഭമായിരുന്നു ഭീമന്‍ ഓക്ക്. മാംസത്തിനായി ഇവയെ വന്‍തോതില്‍ വേട്ടയാടിയാതാണ് വംശനാശത്തിന് ഇടയാക്കിയത്.




9. ഗുഹാസിംഹം (Cave Lion): പ്രാചീനകാലത്തെ ഗുഹാചിത്രങ്ങളില്‍ ഈ സിംഹത്തെ കാണാം. ഭൂമുഖത്ത് ജീവിച്ചിരുന്നവയില്‍ ഏറ്റവും വലിയ സിംഹവര്‍ഗമായിരുന്നു ഇവയെന്ന് ഫോസിലുകള്‍ തെളിയിക്കുന്നു. 2000 വര്‍ഷം മുമ്പ് ഇവ അന്യംനിന്നു എന്നാണ് കരുതുന്നത്. ആധുനിക കാലത്തെ സിംഹങ്ങളെ അപേക്ഷിച്ച് പത്തു ശതമാനം വരെ വലിപ്പക്കൂടുതലുണ്ടായിരുന്നു ഗുഹാസിംഹങ്ങള്‍ക്ക് എന്ന് ഫോസിലുകള്‍ തെളിയിക്കുന്നു. ഹിമയുഗത്തിന്റെ ഫലമായി പതിനായിരം വര്‍ഷം മുമ്പാകണം ഈ വര്‍ഗത്തിന് വന്‍തോതില്‍ നാശം നേരിട്ടത്. എന്നാല്‍, 2000 വര്‍ഷം മുമ്പുവരെ ബാള്‍ക്കന്‍ മേഖലയില്‍ ഇവ നിലനിന്നതിന് തെളിവുണ്ട്.

10. ഡോഡൊ (Dodo): ജീവലോകം നേരിടുന്ന വംശനാശ ഭീഷണിയുടെ പ്രതീകമായി മാറിയ പക്ഷിയാണിത്. മനുഷ്യന്റെ ചെയ്തി മൂലം പൂര്‍ണമായും വംശമറ്റ ജീവി. പ്രാവുകളുമായി ബന്ധമുള്ള, പറക്കാന്‍ കഴിവില്ലാത്ത പക്ഷിയായിരുന്നു ഡോഡൊ. മൗറീഷ്യസാണ് ഇവയുടെ നാട്. തറയില്‍ കൂടുകൂട്ടി മുട്ടയിടുന്ന ഇവയ്ക്ക് സമാന്യം നല്ല വലിപ്പമുണ്ടായിരുന്നു. 40 ഇഞ്ച് പൊക്കത്തില്‍ വളരുന്ന ഇവയെ ഇറച്ചിക്കായി മനുഷ്യന്‍ കൊന്നൊടുക്കുകയാണുണ്ടായത്. ഈ ജീവിയെ ആദ്യമായി കണ്ടെത്തി ഒരു നൂറ്റാണ്ട് തികയും മുമ്പ് ഇവയുടെ കഥ കഴിഞ്ഞു. പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ ഡോഡൊ ചരിത്രമായി.

11. പാസഞ്ചര്‍ പ്രാവ് (Passenger Pigeon): വടക്കേയമേരിക്കന്‍ ഭൂഖണ്ഡത്തില്‍ റോക്കി പര്‍വതനിരയ്ക്ക് കിഴക്കുള്ള പ്രദേശത്ത് ഒരു കാലത്ത് കോടിക്കണക്കിന് പാസഞ്ചര്‍ പ്രാവുകള്‍ ജീവിച്ചിരുന്നു. മുമ്പ് വടക്കേയമേരിക്കയിലെ പക്ഷികളില്‍ 40 ശതമാനത്തോളം പാസഞ്ചര്‍ പ്രാവുകളായിരുന്നു. 19-ാം നൂറ്റാണ്ടില്‍ ഇവയുടെ സംഖ്യ ഏതാണ്ട് 500 കോടി വരുമായിരുന്നു എന്നാണ് കണക്ക്. കൂട്ടമായി പറക്കുമ്പോള്‍ മണിക്കൂറുകളോളം ഇവ ആകാശം മറയ്ക്കുമായിരുന്നു. മനുഷ്യന്റെ ആര്‍ത്തിയാണ് പാസഞ്ചര്‍ പ്രാവുകളെ ഇല്ലാതാക്കിയത്. ദിവസവും ആയിരങ്ങളെ വീതം കൊന്നൊടുക്കി. ഇവയുടെ പ്രജനനകേന്ദ്രങ്ങളില്‍ വരെ വേട്ട നീണ്ടു. പക്ഷികള്‍ എവിടെയുണ്ടെന്ന വിവരം വേട്ടക്കാര്‍ക്ക് എത്തിക്കാന്‍ ടെലഗ്രാഫ് സങ്കേതം വരെ ഉപയോഗിക്കപ്പെട്ടു. വേട്ടയാടിയ ആയിരക്കണക്കിന് പ്രാവുകള്‍ കമ്പോളത്തിലെത്തി. അറിയപ്പെടുന്ന അവസാനത്തെ പാസഞ്ചര്‍ പ്രാവിന്റെ പേര് മാര്‍ത്ത എന്നായിരുന്നു. 1914 സപ്തംബര്‍ ഒന്ന് പകല്‍ ഒരു മണിക്ക് സിന്‍സിനാറ്റി മൃഗശാലയില്‍ ആ ജീവി അന്ത്യശ്വാസം വലിച്ചു.



12. ബ്രിട്ടീഷ് ചെന്നായ (British Wolf): ഒരു കാലത്ത് ബ്രിട്ടനിലാകെ കാണപ്പെട്ടിരുന്ന ജീവിയാണിത്. രണ്ടായിരം വര്‍ഷം മുമ്പ് അവയുടെ സംഖ്യ പതിനായിരം വരുമായിരുന്നു എന്ന് കണക്കാക്കുന്നു. മനപ്പൂര്‍വം ബ്രിട്ടന്‍ ഈ ജീവിവര്‍ഗത്തെ നശിപ്പിക്കുകയായിരുന്നു. രാജ്യത്തെ മുഴുവന്‍ ചെന്നായകളെയും കൊന്നൊടുക്കാന്‍ 1281-ല്‍ എഡ്വേര്‍ഡ് രാജാവ് ഉത്തരവിട്ടു. ആ ക്യാമ്പയിന്‍ വിജയമായിരുന്നു. പതിനാറാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് ചെന്നായയുടെ അവസാന അംഗവും നശിച്ചു. ചെന്നായകളെ തങ്ങളുടെ മണ്ണില്‍ നിന്ന് പൂര്‍മായി ഉന്‍മൂലനം ചെയ്ത രാജ്യമെന്ന ദുഷ്‌പേര് ബ്രിട്ടനുള്ളതാണ്.



13. സുവര്‍ണ തവള (Golden Toad): ആഗോളതാപനത്തിന്റെ ആദ്യഇരയെന്ന് കണക്കാക്കപ്പെടുന്ന ജീവിയാണ് സുവര്‍ണ തവള. കോസ്റ്റാറിക്കയിലെ കോടവനങ്ങളുടെ ഭാഗമായ ചെറിയൊരു പ്രദേശത്ത് മാത്രം കാണപ്പെട്ടിരുന്ന ഈ മനോഹര ജീവിയെ 1966-ലാണ് ആദ്യമായി കണ്ടെത്തിയത്. ഒരുകാലത്ത് മുപ്പതിനായിരത്തോളം സുവര്‍ണ തവളകള്‍ ആ കാട്ടില്‍ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. ആഗോളതാപനത്തിന്റെ ഫലമായി അവയുടെ വാസഗേഹമായ കാട്ടിലെ ഈര്‍പ്പം കുറഞ്ഞതാണ് ആ ജീവിയെ നാശത്തിലേക്ക് തള്ളിവിട്ടത്. 1987-88 ലെ എല്‍നിനോ പ്രതിഭാസം അവയുടെ നാശത്തിന് ആക്കംകൂട്ടി. അവസാനമായി ഒരു സുവര്‍ണ തവളയെ മനുഷ്യന്‍ കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത് 1989 മെയ് 15-നാണ്.(കടപ്പാട്: ICUN; UNEP; World Watch Institute). 

2010, ഒക്ടോ 7

ന്യൂമാന്‍ എന്ന പേരിനും വേണ്ടേ അര്‍ഹത?

തൊടുപുഴ ന്യൂമാൻസ് കോളേജിലെ അധ്യാപകൻ ടി.ജെ ജോസഫ് ചോദ്യപേപ്പർവഴി മതനിന്ദ നടത്തിയെന്നാരോപിച്ച് ദൈവനാമത്തിൽ കത്തോലിക്കൻ പള്ളിപ്രമാണിമാരും ഇസ്ലാംതീവ്രവാദികളും ക്രൂരമായ രണ്ട്തരം ശിക്ഷാവിധികളാണ്‌ നടപ്പിലാക്കിയത്.എന്നാൽ,ഇതിനെതിരെ ഇടതുപക്ഷ-മതേതര സമൂഹത്തിന്റെ ഭാഗത്തുനിന്ന് കൂട്ടായ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.ദൗർഭാഗ്യകരമാണത്.ഒറ്റപ്പെട്ടനിലയിൽ ചില വ്യക്തികൾ ശക്തമായഭാഷയിൽ അപലപിച്ചിട്ടുണ്ട്.അതിലൊന്നാണ്‌ ഇന്ന് മാത്രുഭൂമിയിൽ വന്ന ജസ്റ്റീസ് കെ.ടി
തോമസ്സിന്റെ ലേഖനം.ചുവടെ ചേർക്കുന്നു:










തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ പ്രൊഫസര്‍ ടി.ജെ. ജോസഫ് ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതുവഴി മതനിന്ദ നടത്തിയെന്ന ആരോപണത്തിന്റെ പേരില്‍ അതിക്രൂരമായ രണ്ട് ശിക്ഷകളാണ് അദ്ദേഹത്തിന് നല്‍കപ്പെട്ടിരിക്കുന്നത്.


ഇസ്‌ലാം മതത്തിന്റെ മഹത്ത്വം മനസ്സിലാക്കാത്ത ഏതോ തീവ്രവാദികള്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ അദ്ദേഹത്തിന്റെ കൈ വെട്ടിക്കളഞ്ഞു. ക്രൈസ്തവമതത്തിന്റെ സാരാംശം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലാത്ത മതനേതാക്കള്‍ അടങ്ങിയ കോളേജ് മാനേജ്‌മെന്റ് അദ്ദേഹത്തിന്റെ ഏക ഉപജീവനമാര്‍ഗവും ഇല്ലാതാക്കി.


രണ്ടാമത്തെ ശിക്ഷയാണ് ആദ്യം കിട്ടിയിരുന്നതെങ്കില്‍പ്പോലും അത് അക്രൈസ്തവവും അധാര്‍മികവും ആണെന്ന് ഞാന്‍ പറയുമായിരുന്നു. അദ്ദേഹത്തിന്റെ കൈ വെട്ടിമാറ്റിയതിനെപ്പറ്റി ഞാന്‍ ഒന്നും പറയേണ്ട കാര്യമില്ല. സാംസ്‌കാരിക സമൂഹം മുഴുവന്‍ ഒന്നടങ്കം അതിനെതിരായി ശബ്ദമുയര്‍ത്തി. അത് ആര് ചെയ്തുവെന്നതും ചെയ്തവര്‍ക്ക് എന്തുശിക്ഷ നല്‍കണമെന്നുള്ളതും നീതിന്യായകോടതിയുടെ ചുമതലയിലുള്ള കാര്യമായതിനാല്‍ അതേപ്പറ്റി കൂടുതല്‍ പരാമര്‍ശം നടത്തുന്നില്ല.


പ്രൊഫ. ജോസഫ് മതസ്​പര്‍ധ വര്‍ധിപ്പിക്കുന്നതിനിടയാക്കിയെന്നും ആദ്യം അദ്ദേഹത്തിന് നല്‍കപ്പെട്ട ശിക്ഷകൊണ്ട് രണ്ടാമത്തെ ശിക്ഷയില്‍നിന്നും അദ്ദേഹം കുറ്റവിമുക്തനാകുന്നില്ലെന്നുമാണ് പുറത്താക്കിയതിന് കോളേജ് മാനേജ്‌മെന്റിന്റെ ന്യായീകരണം.


മിതമായ ഭാഷയില്‍ പറയട്ടെ; ഈ രണ്ട് ന്യായീകരണങ്ങളും അര്‍ഥശൂന്യവും കഴമ്പില്ലാത്തതുമാണ്.


പ്രൊഫസര്‍ തയ്യാറാക്കിയ ചോദ്യപ്പേപ്പറിലെ പ്രസക്തഭാഗംമൂലം വിശുദ്ധ പ്രവാചകനോ തങ്ങളുടെ മതത്തിനോ യാതൊരുതരത്തിലും അപകീര്‍ത്തിയുണ്ടായിട്ടില്ലെന്ന യാഥാര്‍ഥ്യം ഇസ്‌ലാം മതത്തിലെ വിദ്യാസമ്പന്നരും നല്ലവരുമായ ഞാനറിയുന്ന പലരും പറഞ്ഞിട്ടുണ്ട്.


ചോദ്യക്കടലാസിലെ പ്രസ്തുത ഭാഗംകൊണ്ടുമാത്രം അപകീര്‍ത്തിപ്പെടുന്നതല്ല ഇസ്‌ലാം മതമെന്ന് അവരും സമൂഹവും വിശ്വസിക്കുന്നു. എങ്കിലും ഏതാനും തീവ്രവാദികള്‍ക്ക് ചോദ്യപ്പേപ്പറിലെ ആ വിവരണം എതിര്‍പ്പുണ്ടാക്കിയിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടാണല്ലോ അവര്‍ താലിബാന്‍ മോഡല്‍ ശിക്ഷ നല്‍കിയത്.


കൈ വെട്ടിമാറ്റപ്പെട്ടുകിടന്ന അവസ്ഥയിലായിരുന്നെങ്കിലും സംസാരിക്കാവുന്ന മാനസികനില വീണ്ടെടുത്തപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞതായി ഞാന്‍ വായിച്ചു.


''ഞാനെഴുതിയ ചോദ്യംമൂലം ഇത്രയും പ്രയാസങ്ങള്‍ ഉണ്ടാകാനിടയാകുമായിരുന്നെന്ന് മനസ്സിലാക്കാന്‍ സാധിക്കാതെവന്ന കുറ്റത്തിന്റെ ശിക്ഷയായി ഞാനിതിനെ കാണുന്നു.''


ഞാന്‍ പ്രൊഫ. ജോസഫിനെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ കണ്ടിട്ടില്ല. അവരുമായി ഫോണില്‍പോലും സംസാരിച്ചിട്ടില്ല.


എങ്കിലും ഏതുനിലയില്‍ ചിന്തിച്ചിട്ടും സമകാലീന രാഷ്ട്രീയ മതമൗലികതയുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ പ്രൊഫ. ജോസഫിന്റെ പ്രവൃത്തിയെ faux pas (ഫൗപാ) അഥവാ 'ഒരു മണ്ടത്തരം' എന്നതിനേക്കാള്‍ കൂടുതലായി കാണുന്നവര്‍ മതങ്ങളിലെ ആത്മീയതയൊ സാരാംശങ്ങളൊ ഉള്‍ക്കൊള്ളാത്ത മൗലികവാദികളായ മതഭ്രാന്തന്‍മാരാണ്.


എന്നാല്‍ അദ്ദേഹത്തിന്റെ പ്രവൃത്തി അക്ഷന്തവ്യമായ, ഒട്ടും ദയയര്‍ഹിക്കാത്ത സര്‍വീസ് നിയമത്തിലെ ഏറ്റവും പരമമായ ശിക്ഷയ്ക്കുമാത്രം അര്‍ഹമായ കുറ്റമായികണ്ടവര്‍ അദ്ദേഹത്തിനേല്പിച്ച വേദനയേക്കാള്‍ കഠിനമായി എനിക്കു തോന്നുന്നത് സമൂഹത്തിന്റെ മനഃസാക്ഷിക്ക് അതേല്പിച്ച ആഘാതമാണ്.


പരിഹാരമായി മാനേജ്‌മെന്റ് പറഞ്ഞ കാര്യങ്ങള്‍ അപഹാസ്യമായി എനിക്ക് തോന്നുന്നു.


ഒന്ന്, അദ്ദേഹത്തിന് കോടതിയില്‍ പോയി കുറ്റവിമുക്തി നേടാമെന്നാണ്. രണ്ട്, കോടതി ഉത്തരവിട്ടാല്‍ അദ്ദേഹത്തെ തിരിച്ചെടുക്കാമെന്നും.


കോടതി ഉത്തരവിട്ടാലും ഞങ്ങള്‍ അദ്ദേഹത്തിന് പുനഃപ്രവേശനം കൊടുക്കില്ലെന്ന് മാനേജ്‌മെന്റ് പറഞ്ഞില്ലെന്നുള്ളതാണ് ഇതില്‍ രസകരമായി എനിക്ക് തോന്നുന്നത്.


കോടതിയില്‍ നിവൃത്തിനേടാമെന്ന് പറഞ്ഞവര്‍ കോടതിയില്‍ സമര്‍പ്പിക്കേണ്ട ഹര്‍ജികളിലൊന്നില്‍പ്പോലും ഒപ്പിടാന്‍ അദ്ദേഹത്തിന്റെ കൈയ്ക്ക് സ്വാധീനമില്ലെന്ന അവസ്ഥ എന്തുകൊണ്ട് ഓര്‍ക്കുന്നില്ല?


ആസ്​പത്രിക്കിടക്കയില്‍ കഴിയുന്ന അദ്ദേഹം കോടതിയില്‍ പോകാനുള്ള ചെലവ് സമ്പാദിക്കാനുള്ള അവസ്ഥയിലല്ലെന്ന് അവര്‍ എന്തുകൊണ്ട് ഓര്‍ക്കുന്നില്ല?


നല്ലവരായ സമരിയാക്കാര്‍ ആരെങ്കിലും അദ്ദേഹത്തെ സഹായിക്കുമെന്ന് ബൈബിള്‍ വായിച്ചിട്ടുള്ള അവര്‍ കരുതിക്കാണും. പക്ഷേ, ഒരു കാര്യം കോളേജ് മാനേജ്‌മെന്റ് മറന്നതായി തോന്നുന്നു. കോളേജിന്റെ പേര് 'ന്യൂമാന്‍സ് കോളേജ്' എന്നാണ്. ഭക്തികീര്‍ത്തനങ്ങളില്‍ പ്രധാനമായ, മഹാത്മജിപോലും പാടിയിട്ടുള്ള  "Lead kindly light... (കനിവിന്റെ ദീപമേ ഞങ്ങളെ നടത്തുക.....) എന്നു തുടങ്ങുന്ന ഗാനത്തിന്റെ രചയിതാവാണ് കര്‍ദിനാള്‍ ന്യൂമാന്‍. കനിവ് (kindly) എന്ന വാക്കിന്റെ സ്രഷ്ടാവായ ന്യൂമാന്റെ പേര് തുടര്‍ന്നും പേറിക്കൊണ്ടിരിക്കാനുള്ള ധാര്‍മികമായ അര്‍ഹത ഈ കോളേജിനുണ്ടോയെന്ന് മാനേജ്‌മെന്റ് പുനഃപരിശോധന നടത്തുന്നതു കൊള്ളാം.(apk)

2010, ഒക്ടോ 4

ഒരു കേസിന്റെ കോടതിവിധി

ആറ്‌ പതിറ്റാണ്ട്‌ പഴക്കം വരുന്ന ഒരു കേസിന്റെ കോടതിവിധി പ്രസ്താവത്തിന്റെ മുന്നോടിയായി ഒരു രാജ്യത്തെ ജനതയെ മുഴുവൻ ഭയത്തിന്റെ മുൾമുനയിൽ നിർത്തുകയായിരുന്നു ഇവിടുത്തെ ഭരണകൂടവും രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഒക്കെ.കോടതി വിധി രാജ്യത്തെ പ്രളയത്തിലേക്ക്‌ തള്ളിവിടാൻ പോകുന്നു എന്ന മട്ടിലായിരുന്നു ഇവരുടെ പെരുമാറ്റം.വിധി വന്നപ്പൊഴോ?ഒരില പോലും പൊഴിഞ്ഞില്ല.ഒരു കോണിൽനിന്ന്‌ പോലും അസഹിഷ്ണുത തലപൊക്കിയില്ല.കോടതിയുടേത്‌ ഒരു നിയമപരമായ വിധിയല്ല.രണ്ടുപേർ തമ്മിലുള്ള സ്വത്ത്‌ തർക്കത്തിൽ അംശം അധികാരി നടത്താറുള്ള പതിവ് ഒത്തുതീർപ്പ്‌ വ്യവസ്തയുടെ സ്വഭാവമെ അതിനുണ്ടായിരുന്നുള്ളു.അതിൽ തങ്ങൾക്കെന്ത്‌ കാര്യം എന്നതായിരുന്നു ജനങ്ങളുടെ നിലപാട്‌.മാത്രമല്ല,92ന്‌ ശേഷമുള്ള ആശാസ്യകരമല്ലാത്ത സംഭവങ്ങൾ അവരുടെ മതേതര നിലപാട്തറയെ ഒരുപാട് ബലപ്പെടുത്തിയിരിക്കുന്നു.അയോധ്യാകേസിനെ രണ്ട് മതങ്ങൾ എന്നതിലുപരി രണ്ട് കക്ഷികൾ തമ്മിലുള്ള സ്വത്ത് തർക്കമായി കാണാനാണ്‌ ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്.ഒരു ജനതയുടെ മസ്തിഷ്ക്കത്തെ ഷണ്ഡീകരിക്കുന്ന ജോലിയാണ്‌ മതങ്ങൾ നടത്തുന്നത്.ചിന്താശേഷി നഷ്ടപ്പെട്ട ജനതയെ പറ്റിക്കാനും സ്വന്തംകീശവീർപ്പിക്കാനും മതപ്രമാണികൾക്ക് പെട്ടന്ന് സാധിക്കുന്നു.ഭരണകൂടവും ഒരു പരിധിവരെ കോടതികളും അതിന്‌ സഹായിക്കുന്നു.ജനം തിരിച്ചറിവിന്റെ പാതയിലാണെന്ന് പുതിയ കോടതിവിധി സാക്ഷ്യപ്പെടുത്തുന്നു.

ചേകന്നൂര്‍ മൗലവി

ചേകന്നൂര്‍ മൗലവി വധം

.പുരോഗമനവാദിയും മതപ്രഭാഷകനുമായ ചേകന്നൂര്‍ മൗലവിയെ കൊലപ്പെടുത്തിയ മലപ്പുറം സ്വദേശി വി.വി. ഹംസയ്ക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

ശത്രുതയ്ക്ക് കാരണം ചേകന്നൂരിന്റെ പരിഷ്‌കരണവാദം

ഇസ്‌ലാം മതമണ്ഡലത്തില്‍ വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ പുസ്തകങ്ങളും പ്രസംഗങ്ങളുമായിരുന്നു ചേകന്നൂര്‍ മൗലവിക്ക് എതിരാളികളെ സൃഷ്ടിച്ചുകൊടുത്തത്.സമുദായത്തിന്റെ പല നിലപാടുകളിലും സംശയാലുവും വിമര്‍ശകനുമായിരുന്നു
പല ഇസ്‌ലാമിക കോളേജുകളിലും അധ്യാപകനായെങ്കിലും ആശയപരമായ ഭിന്നാഭിപ്രായങ്ങള്‍മൂലം അവിടങ്ങളില്‍നിന്നൊക്കെ വിട്ടുപോകേണ്ടിവന്നിരുന്നു.
'നിരീക്ഷണം' എന്ന പേരില്‍ ഒരു മാസിക തുടങ്ങി.
അതിലൂടെ ആശയപ്രചാരണം തുടര്‍ന്നു.
.
ഖുര്‍ആനെ മാത്രമേ ജീവിതത്തിന് ആധാരമാക്കാവൂ എന്നതായിരുന്നു മൗലവിയുടെ ശക്തമായ നിലപാട്. ഹദീസുകള്‍ പലതും മതത്തിന്റെ അന്തസ്സ് കെടുത്തുന്ന വ്യാഖ്യാനങ്ങളാണെന്ന് അദ്ദേഹം സമര്‍ഥിച്ചു. 'ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി' എന്ന സംഘടന രൂപവത്കരിച്ച് ഇസ്‌ലാമിലെ 'ഖുര്‍ആന്‍ വിരുദ്ധകാര്യ'ങ്ങള്‍ക്കെതിരെ മൗലവി തുറന്നടിച്ചു. ഒരു ഡസനിലേറെ പുസ്തകങ്ങള്‍ ചേകന്നൂര്‍ എഴുതിയിട്ടുണ്ട്. മതത്തിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാന്‍ പുസ്തകങ്ങളിലൂടെ നടത്തിയ ശ്രമം യാഥാസ്ഥിതിക മതവക്താക്കളെ പ്രകോപിപ്പിക്കുംവിധമായിരുന്നു. 'നമസ്‌കാരം എങ്ങനെ, എപ്പോള്‍, എത്ര', 'നമസ്‌കാരം മൂന്ന് മാത്രം', 'ഖുര്‍ആനിലെ നമസ്‌കാരരൂപം' തുടങ്ങിയ പുസ്തകങ്ങളിലൂടെ വന്‍ വിവാദമാണുണ്ടായത്. അഞ്ചുനേരം നിസ്‌കാരം നിര്‍ബന്ധമല്ലെന്ന് മൗലവി വാദിച്ചു.
സക്കാത്തിനെ സംബന്ധിച്ചും മൗലവിയുടെ നിലപാടുകള്‍ വ്യത്യസ്തമായിരുന്നു. മുതലിന്റെ രണ്ടുശതമാനം മാത്രം വര്‍ഷത്തില്‍ സക്കാത്തായി നല്‍കിയാല്‍ മതിയെന്ന് മുസ്‌ലിം പണ്ഡിതര്‍ വാദിച്ചപ്പോള്‍ 10 ശതമാനം നല്‍കല്‍ നിര്‍ബന്ധമാണെന്ന് മൗലവി സമര്‍ഥിച്ചു. പിന്തുടര്‍ച്ചാ നിയമത്തില്‍ നിലവിലുള്ള വ്യവസ്ഥകള്‍ ഇസ്‌ലാംവിരുദ്ധമാണെന്ന് 'പിന്തുടര്‍ച്ചാ നിയമം' എന്ന പുസ്തകത്തിലൂടെ മൗലവി വ്യാഖ്യാനിച്ചു.

എണ്‍പതുകളില്‍ ശരീഅത്ത് വിവാദം ഉണ്ടായപ്പോള്‍ മൗലവി എടുത്ത വിശാലമായ കാഴ്ചപ്പാട് മതയാഥാസ്ഥിതികരുടെ നിലപാടിന് വിരുദ്ധമായിരുന്നു. 'ഇസ്‌ലാമിക ശരീഅത്തും സുപ്രീംകോടതി വിധിയും' എന്ന പുസ്തകം അദ്ദേഹം ഇതിനായി എഴുതി.

'സര്‍വമത സത്യവാദം ഖുര്‍ആനില്‍' എന്ന അദ്ദേഹത്തിന്റെ ഒടുവിലത്തെ കൃതിയാണ് ചേകന്നൂരിന്റെ തിരോധാനത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. മാര്‍ച്ച്മാസം പുസ്തകം പുറത്തുവന്നു, ജൂലായില്‍ മൗലവി മറയുകയുംചെയ്തു.

35 പേജുകള്‍ മാത്രമുള്ള 'സര്‍വമത സത്യവാദം ഖുര്‍ആനില്‍' യാഥാസ്ഥിതികരെ വളരെ ചൊടിപ്പിച്ച പുസ്തകമായിരുന്നു. ഏകദൈവ വിശ്വാസം മാത്രമാണ് ശരിയെന്ന വാദത്തെയും ഇന്ത്യയിലെ മത-ദൈവരൂപങ്ങളിലെ ബഹുസ്വരതയെയും ചേകന്നൂര്‍ ഇതില്‍ അംഗീകരിക്കുന്നുണ്ട്. മറ്റുമതങ്ങള്‍ അസാധുവാക്കാനാണ് ഖുര്‍ആന്‍ വന്നത് എന്ന വാദം ഖുര്‍ആന്‍ വിരുദ്ധമാണ്. എല്ലാ ദൈവിക മതങ്ങളും സത്യം, എല്ലാ മതക്കാര്‍ക്കും മോക്ഷമുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍, ദൈവിക മതങ്ങളെല്ലാം ഖുര്‍ആന്റെ ഭാഷയില്‍ ഇസ്‌ലാംതന്നെ, ഇതര മതക്കാരുടെ ദേവാലയങ്ങള്‍ നശിപ്പിക്കാന്‍ പാടില്ല, ഹിന്ദുവിനെ മുസ്‌ലിം കൊന്നാല്‍ ആ മുസ്‌ലിമിനെയും കൊല്ലണമെന്ന് വിശുദ്ധ ഖുര്‍ആന്‍, ഒരു സമുദായത്തിന്റെ മതാചാരം മറ്റുള്ളവര്‍ക്ക് ശല്യമാകരുത് എന്നീ അധ്യായങ്ങളാണീ പുസ്തകത്തിലുള്ളത്. ഖുര്‍ആന്‍ ഉപയോഗിച്ചുതന്നെ നിലവിലുള്ള ഇസ്‌ലാം നിലപാടുകളെ ഖണ്ഡിക്കാനാണ് മൗലവി ശ്രമിച്ചത്. ഇതോടെ ഇസ്‌ലാംമതത്തിലെ ഉത്പതിഷ്ണു, പുരോഗമനവാദിയായ മതപണ്ഡിതന്‍ എന്നീ തലത്തിലേക്ക് ചേകന്നൂര്‍ മൗലവി വിശേഷിപ്പിക്കപ്പെട്ടു.
കടപ്പാട്:മാത്ര്ഭൂമിയോട്

2010, ഒക്ടോ 3

ഈശ്വരന് കഷ്ടകാലം

സുകുമാര്‍ അഴീക്കോട്
ഈശ്വരന് കഷ്ടകാലം എന്ന് പറയാമോ? കഷ്ടവും നഷ്ടവുമൊക്കെ മനുഷ്യന്് വേണ്ടി സൃഷ്ടിക്കപ്പെട്ടവയാണല്ലോ. ദൈവവും അതിനൊക്കെ വിധേയനാണെന്നു വന്നാല്‍ ആ ദൈവം ദൈവമാണെന്ന് വിശ്വസിക്കാന്‍ പറ്റുമോ?
എന്റെ ചോദ്യവും അതുതന്നെയാണ്. ഇപ്പോഴത്തെ ദൈവഭക്തന്മാരുടെ പ്രകടനങ്ങള്‍ നിരീക്ഷിച്ചാല്‍ അവരുടെ ദൈവം ശ്രേഷ്ഠങ്ങളായ മതഗ്രന്ഥങ്ങളില്‍ ഋഷിമാരും പ്രവാചകന്മാരും നിര്‍വചിച്ചുകാണുന്നതല്ലെന്ന് വരും. ദൈവം മനുഷ്യസഹജമായ എല്ലാ വികാരങ്ങളോടൊപ്പം മനുഷ്യനേക്കാള്‍ നിഗ്രഹാനുഗ്രഹ ശക്തി കൂടുതല്‍ ഉള്ളതുമായ ഒരു അമാനുഷ ശക്തിയാണെന്നാണല്ലോ തോന്നുക.
ടി വി ചാനലുകളിലൂടെ പ്രതിദിനം പ്രക്ഷേപണം ചെയ്യപ്പെടുന്ന നാടകം, സിനിമ മുതലായ ദൃശ്യാവിഷ്‌കാരങ്ങളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളാണ് വിവിധ മതവിശ്വാസികളുടെ ആരാധനാമൂര്‍ത്തികളായ പലപല ദൈവങ്ങളും ദൈവതുല്യരായ വ്യക്തികളും. ഒരു യുവതിക്ക് ഇഷ്ടകാമുകനെ ലഭിക്കാന്‍ പ്രയാസം നേരിടുമ്പോള്‍ അവള്‍ ഉടനെ വീട്ടില്‍ത്തന്നെ പൂജാമുറിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവതകളെയോ, വെളിയിലുള്ള ക്ഷേത്രങ്ങളിലും അമ്പലങ്ങളിലും പള്ളികളിലും ഉള്ള ദൈവങ്ങളെയോ പുണ്യവാളരെയോ തൊഴുത് പ്രാര്‍ഥിക്കുന്നു. ഉടനടി അല്ലെങ്കില്‍ വളരെ വൈകാതെ പെണ്‍കുട്ടിയുടെ ആഗ്രഹം സഫലമാകുന്നു. ഭക്തരുടെ മുന്നില്‍ ദൈവബിംബങ്ങളില്‍ നിന്നോ ദേവതാരൂപങ്ങളില്‍ നിന്നോ വെളിച്ചമോ ശക്തിവിശേഷങ്ങളോ പൊട്ടിപ്പുറപ്പെടുന്നത് ചിത്രീകരിക്കപ്പെട്ടു കാണുന്നു.
അരങ്ങില്‍ നടമാടുന്ന ഈ ഈശ്വരവിലാസങ്ങള്‍ നമ്മുടെ ജനങ്ങളുടെ ജീവിതത്തില്‍ പതിവായി നടക്കുന്ന ആരാധനാരീതി തന്നെയായിരിക്കണമല്ലോ. നാം ഹൃദയഭേദകമായി ഒന്ന് കേണു പ്രാര്‍ഥിച്ചാല്‍ തത്‌സമയം അഭീഷ്ടം സാധിച്ചുകൊടുക്കുന്ന ശക്തിയാണ് ഇവരുടെ ദൈവം. ടി വി പരിപാടികളില്‍ കണ്ടുവരുന്ന ഈശ്വര ഭക്തിയ്ക്കപ്പുറത്ത് ഒരു ദൈവവിശ്വാസി ഇന്ന് നടക്കില്ല.
പടത്തില്‍ കാണുന്നത്ര എളുപ്പത്തില്‍ യഥാര്‍ഥ ജീവിതത്തില്‍ അഭീഷ്ടം സാധിക്കുമോ? സംശയമാണ്. നമ്മുടെ നാട്ടില്‍ അമ്പലങ്ങളിലും പള്ളികളിലും പോകുന്നവരുടെ എണ്ണം കൂടിവരികയാണ്. എങ്ങനെയെങ്കിലും ഉദ്ദേശം നിറവേറണം എന്ന മോഹമുള്ളവര്‍ അവസാന കയ്യായി ദൈവത്തെ പിടികൂടിയിരിക്കുകയാണെന്ന് തോന്നുന്നു.
കരഞ്ഞു പ്രാര്‍ഥിച്ചാല്‍ കാര്യം എളുപ്പത്തില്‍ നടക്കുമെങ്കില്‍ പിന്നെയെന്തിനാണ് മനുഷ്യന്‍ പ്രവര്‍ത്തിക്കണമെന്നും പ്രയത്‌നിക്കണമെന്നും മതഗ്രന്ഥങ്ങളില്‍തന്നെ എഴുതിവെച്ചിരിക്കുന്നത്? മനുഷ്യന്റെ വികാരപ്രകടനത്തിന് വഴങ്ങുകയാണോ ഈശ്വരന്റെ സ്വഭാവം? കള്ളന്മാരും പ്രാര്‍ഥിക്കുന്നു. അവര്‍ക്കും ദൈവം കൂട്ടുനില്‍ക്കുമോ?
ഗുരുവായൂരപ്പന്‍, ശബരിമല അയ്യപ്പന്‍, വേളാങ്കണ്ണി മാതാവ് എന്നിവരുടെ സവിധത്തിലാണ് ഭക്തജനങ്ങളുടെ വലിയ തിരക്ക്. ഗുരുവായൂരില്‍ തുലാഭാരം കഴിക്കുന്ന ഒരേര്‍പ്പാടുണ്ട്. ദൈവത്തെ എളുപ്പത്തില്‍ പാട്ടിലാക്കാന്‍ പൊന്നും പണവും പഴവും വെണ്ണയും എന്തും തുലാഭാരത്തിന് ഉപയോഗിക്കാം. ക്ഷേത്രം തന്ത്രി എന്തും സ്വീകരിക്കും. സ്വര്‍ണവും ധനവും മറ്റും ഉപയോഗിക്കുന്നത്, വിലകൂടിയ വസ്തുവാണെങ്കില്‍ ദൈവം കൂടുതല്‍ വേഗത്തില്‍ പ്രസാദിക്കും എന്ന് തെളിയിക്കുന്നു. സാധാരണ മനുഷ്യരെപോലെ വിലപിടിച്ചത് ലഭിക്കുമ്പോള്‍ എളുപ്പത്തില്‍ സന്തുഷ്ടനാകുന്നു ദൈവം എന്നാണ് ഈ നാടകത്തിന്റെ അര്‍ഥം. നമ്മുടെ നാട്ടില്‍ അഴിമതി നടത്തുന്ന ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയ നേതാക്കളും എല്ലാം ഈ ദൈവത്തെപ്പോലെ പൊന്നിനെ കൂടുതല്‍ ഇഷ്ടപ്പെടുന്നു. ഈ അഴിമതിക്കാരും ദൈവവും തമ്മില്‍ എന്താണ് വ്യത്യാസം?
മനുഷ്യന്‍ ലാഭനഷ്ടങ്ങളില്‍ വികാരം കൊള്ളുന്നവനാണെങ്കില്‍ ദൈവം അവയില്‍ അവികാരിയാണെന്ന് മതാചാര്യന്മാര്‍ ഘോഷിക്കുന്നു. പക്ഷേ ദേവാലയങ്ങള്‍ തരുന്ന ചിത്രം കൂടുതല്‍ വിലയുള്ളതിന്റെ മുമ്പില്‍ ദൈവം കൂടുതല്‍ വേഗത്തില്‍ വീഴുന്നതിന്റേതാണ്.
തിരഞ്ഞെടുപ്പിന് ഗുരുവായൂരപ്പനെ കണ്ട് വന്ദിച്ച് വിജയം പ്രാര്‍ഥിക്കുന്ന നേതാക്കള്‍ ഉണ്ട്. ഇവര്‍ എത്രയോ തവണ തോറ്റിട്ടുണ്ട്. അതിരിക്കട്ടെ, എതിര്‍സ്ഥാനാര്‍ഥിയും അതേ ക്ഷേത്രത്തില്‍ അതേ പൂജ നടത്തി അതേ മട്ടില്‍ പ്രാര്‍ഥിച്ചാല്‍ ദൈവം ആരെ ജയിപ്പിക്കും? ആരായാലും ഒരാള്‍, ദൈവം കനിഞ്ഞാലും ഇല്ലെങ്കിലും ജയിക്കണമല്ലോ? ദൈവത്തിന്റെ ഇടപെടല്‍ അനാവശ്യമാണ് ഒരാള്‍ ജയിച്ചു കയറാന്‍. രണ്ടുപേരെയും ജയിപ്പിക്കാനും തോല്‍പിക്കാനും ദൈവത്തിന് സാധ്യമല്ല.
ലൗകികമായ അത്യാഗ്രഹങ്ങള്‍ നേടാന്‍ ഉദ്യോഗസ്ഥരെയും രാഷ്ട്രീയപ്രവര്‍ത്തകരെയും കോഴകൊടുത്ത് സ്വാധീനിക്കുന്ന അതേ അടവാണ് ഭക്തന്മാര്‍ ദൈവത്തിന്റെ നേരെയും കാട്ടുന്നത്. കോഴപ്പണത്തിന് വഴങ്ങി അവിഹിതമായ ആനുകൂല്യം നേടിക്കൊടുക്കുന്ന ജനപ്രതിനിധി അഴിമതി ചെയ്യുന്നു. പിടിക്കപ്പെട്ടാല്‍ ജയില്‍ശിക്ഷ അനുഭവിക്കണം.
ഇത്ര അധമമായ കുറ്റം ചെയ്യുന്ന ശക്തിയാണ് ദൈവം എന്ന് ഭക്തന്മാര്‍ വരുത്തിത്തീര്‍ക്കുന്നത് ദൈവത്തിന്റെ കഷ്ടകാലമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലേ? സാധാരണമട്ടിലുള്ള അഴിമതി തെറ്റും കുറ്റവും അധര്‍മകര്‍മവുമാണ്. പക്ഷേ ദൈവത്തിന്റെ പേരില്‍ അഴിമതി നടത്തുന്നതില്‍ തെറ്റും കുറ്റവും കൊള്ളരുതായ്മയും നാം ആരോപിക്കുന്നില്ല. വമ്പന്‍ തുലാഭാരവും പൂജയും ഹോമവും മറ്റും നടത്തി ദേവാനുകൂല്യം നേടാന്‍ ശ്രമിക്കുന്നവര്‍ രാഷ്ട്രീയ നേതാക്കളോ സിനിമാതാരങ്ങളോ അതുപോലെ പ്രശസ്തരോ ആണെങ്കില്‍ പത്രങ്ങള്‍ ആ വാര്‍ത്തകള്‍ക്ക് വമ്പന്‍ പ്രാധാന്യം കൊടുത്തുകാണുന്നു. രണ്ടിടത്തും അഴിമതി അഴിമതിയാണ്. പക്ഷെ മനുഷ്യന്റെ അഴിമതി ചീത്തയും ദൈവത്തിന്റെ സമാനമായ അഴിമതി നല്ലതും ആകുന്നു.
ഇതിനിടെ കേരളത്തിലെ പ്രസിദ്ധനായ ഒരു വ്യക്തി ഒരു യോഗത്തില്‍ പോയി അമ്മമാരെ സംരക്ഷിക്കേണ്ട ചുമതലയെക്കുറിച്ച് അതിമഹനീയങ്ങളായ കുറെ ആശയങ്ങള്‍, കിളി പറയുംപോലെ പറഞ്ഞു തീര്‍ന്ന ഉടനെ പോയത് ഗുരുവായൂരമ്പലത്തിലേയ്ക്കാണ്. അവിടെ വെണ്ണയും കദളിപ്പഴവും ഉപയോഗിച്ച് രണ്ടുതുലാഭാരങ്ങള്‍ വഴിക്കുവഴി നടത്തി. ഒന്നുപോരെന്ന് തോന്നിയതുകൊണ്ടാവാം രണ്ടെണ്ണം നടത്തിയത്. രണ്ടു മതിയെന്ന് അദ്ദേഹത്തിന് വിശ്വാസമുള്ളതുകൊണ്ടാവാം മൂന്നെണ്ണം നടത്താതിരുന്നത്. ക്ഷേത്രത്തിന് വലിയ നഷ്ടമായി മൂന്നെണ്ണം നടത്താതിരുന്നത്. രണ്ടിനും കൂടെതന്നെ പത്തുപതിനെണ്ണായിരം രൂപയായി. കൃഷ്ണന്‍ തീര്‍ച്ചയായും ഇത്ര വലിയ ദ്രവ്യത്തിന്റെ മുമ്പില്‍ അടിപതറി ഭക്തന് എന്തുവേണമെങ്കിലും ചെയ്തുകൊടുക്കുന്ന പാകത്തിലായിക്കാണണം.
ദൈവത്തെ നാം ദ്രവ്യമോഹിയും വിലപിടിച്ച സാധനങ്ങളില്‍ അത്യാര്‍ത്തി പൂണ്ടവനും തന്നെ സമ്പത്തുകൊണ്ട് സ്വാധീനിക്കുന്നവര്‍ക്ക് എന്ത് അവിഹിതവും ചെയ്തുകൊടുക്കുന്നവനും (ചെയ്താലും ഇല്ലെങ്കിലും ആ ചീത്തപ്പേര്‍ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു) എല്ലാം ആക്കി ശരിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഗ്രീക്ക് ചിന്തകര്‍ പണ്ടു പറഞ്ഞതുപോലെ, ദൈവത്തെ നാം നമ്മുടെ രൂപത്തില്‍ ഉണ്ടാക്കുന്നു. ഇന്ന് നാം അഴിമതിയില്‍ വളരെ മുന്‍പന്തിയില്‍ എത്തിയ നാടാണ്. നമ്മുടെ ദൈവത്തെയും അഴിമതിക്കയത്തില്‍ മുക്കിയിരിക്കുന്നു.
ദൈവം അനിര്‍വചനീയനും മനുഷ്യന്റെ ഗുണദോഷങ്ങള്‍ക്കപ്പുറത്തുള്ള സത്യവും സമസ്തകാരുണ്യത്തിന്റെ ഇരിപ്പിടവും ആണെന്ന് യഥാര്‍ഥ മതങ്ങള്‍ നമ്മെ പഠിപ്പിക്കുമ്പോള്‍, നാം ദൈവത്തെ നമുക്ക് മേന്‍മ വരുത്തുവാന്‍ സഹായിക്കുന്ന ഏജന്റാക്കി നിര്‍ത്തിയിരിക്കുകയാണ്. മനുഷ്യരെ വീഴ്ത്താന്‍ പറ്റിയ എല്ലാ പ്രലോഭനങ്ങളും ദൈവത്തിന്റെ നേരെയും നാം പ്രയോഗിക്കുന്നു.
ഇതിനപ്പുറത്ത് എന്തു കഷ്ടകാലമാണ് ദൈവത്തിന് വന്നുകൂടേണ്ടത്?
ഇങ്ങനെ ദൈവത്തെ ചെയ്യുന്നവര്‍ ഇന്നത്തെ മതനേതാക്കളുടെ ദൃഷ്ടിയില്‍ ഈശ്വരവിശ്വാസികളും പാവപ്പെട്ടവരെ സ്‌നേഹിക്കണം എന്നു പറയുന്നവര്‍ ദേവാലയോപജീവികളല്ലെങ്കില്‍ അവിശ്വാസികളാണെന്നും കുറ്റപ്പെടുത്തി, ദൈവനിന്ദകര്‍ക്ക് സ്വാഗതം പറയുന്നു.
ടിന്റുമോന്റെ ഒരു നേരമ്പോക്ക് ഇവിടെ ഓര്‍ക്കാവുന്നതാണ്. ഒരു സൈക്കിള്‍ വേണമെന്ന് ടിന്റു യേശുദേവനോട് പലതവണ പ്രാര്‍ഥിച്ചു പറഞ്ഞു. സൈക്കിള്‍ ലഭിച്ചില്ല. നിരാശനായ ചെറുക്കന്‍ ഒടുവില്‍ മേരിമാതാവിന്റെ രൂപം കൈക്കലാക്കിയിട്ട് യേശുദേവനോട് പറഞ്ഞു; 'യേശൂ, സൈക്കിള്‍ വാങ്ങി തന്നേയ്ക്കൂ, താങ്കളുടെ അമ്മ എന്റെ പിടിയിലാണ് ഇപ്പോള്‍'.
നമ്മുടെ കാര്യം നോക്കുന്ന ജോലിക്കാരനാണ് ദൈവമെങ്കില്‍, കാര്യം നടക്കാതെ വന്നാല്‍ ഇതുപോലെ പല പ്രതികരണങ്ങളും ദൈവം നേരിടേണ്ടി വരും.
ദൈവത്തോട് സഹതപിക്കുക
janayugam