2009, ഡിസം 19
എന്താണ് ഒരു ഭീകരവാദ ആക്രമണം?
എന്താണ് ഒരു ഭീകരവാദ ആക്രമണം? തെളിയിക്കപ്പെട്ട ഒരു ഭീകരവാദി ഒരു ആക്രമണം നടത്തിയാല്‍ അത് ഭീകരവാദാക്രമണമെന്നു വിശേഷിപ്പിക്കാമോ? പാണന്‍ പാടുന്ന പാട്ടിനെ പാണപ്പാട്ടെന്നും പുള്ളുവന്‍ പാടിയാല്‍ പുള്ളുവപ്പാട്ടെന്നും പറയപ്പെടുന്നതുപോലെ ഒരു യുക്‌തി അതിനുണ്ട്. അതല്ലെങ്കില്‍ ഏതെങ്കിലും ഒരു പ്രവൃത്തി തന്നെ അതിന്റെ സ്വഭാവംകൊണ്ട് ഭീകരവാദപ്രവൃത്തിയായി മാറിത്തീരാറുണ്ടോ? ഇത്തരം സംശയങ്ങള്‍ ഉയര്‍ന്നുവരുന്നതിന് ഒരു കാരണമുണ്ട്. ഇപ്പോള്‍ മലയാള പത്രങ്ങളെല്ലാം മത്സരിച്ചുകൊണ്ടാടുന്നത് തടിയന്റവിട നസീര്‍ എന്ന ഭീകരനെക്കുറിച്ചുള്ള വാര്‍ത്തകളാണ്. വാര്‍ത്തകളിലൂടെയുള്ള വിശദാംശങ്ങളല്ലാതെ ഈ കൊടിയ ഭീകരന്റെ മുഖം എങ്ങനെയിരിക്കുമെന്നു മാലോകര്‍ക്കറിയില്ല. അതിനാല്‍ മാധ്യമലോകത്ത് ഈ ഭീകരന്‍ മുഖമില്ലാത്ത ഒരു ശരീരം മാത്രമാണ്. മുഖത്തിന്റെ സ്‌ഥാനത്ത് മുഖംമൂടിയായിരിക്കുന്നതിനാല്‍ ആ മുഖം നമുക്കെങ്ങനെയും സങ്കല്‍പ്പിക്കാം. കേരളത്തില്‍ അറസ്‌റ്റിലാക്കപ്പെട്ട 'ഭീകരവാദി'കളെ മുഖം മറച്ചല്ല പോലീസുകാര്‍ അവതരിപ്പിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ദില്ലിയിലും ഗുജറാത്തിലും മഹാരാഷ്‌ട്രയിലുമെല്ലാം ഭീകരവാദികള്‍ക്ക് ഒരു യൂണിഫോം പോലെ മുഖംമൂടി നല്‍കിയിട്ടുണ്ട്. അതിനാല്‍ കേരളത്തിലെത്തുമ്പോഴെങ്കിലും ഇവരെയെല്ലാം കാണാനെങ്ങനെയിരിക്കും എന്ന പ്രതീക്ഷ നമുക്കുണ്ടായിരുന്നു. എന്നാല്‍ നസീറിന്റെ കാര്യത്തില്‍ അതുണ്ടായില്ല. എന്താണ് ഭീകരവാദ പ്രവര്‍ത്തനം എന്നായിരുന്നല്ലോ ചര്‍ച്ചാപ്രമേയം. ഭരണഘടനാനുസൃതമായി രൂപംകൊണ്ടിട്ടുള്ള ഒരു സര്‍ക്കാരിനെ അതിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായി അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമത്തെയാണ് ഭീകരവാദം എന്നു പറയുന്നത്. ലക്കും ലഗാനുമില്ലാത്ത കൊലപാതകമടക്കമുള്ള ഭീകരത അതിലന്തര്‍ലീനമായിരിക്കും. എന്നാല്‍ നസീറിന്റെ കാര്യത്തില്‍ ബംഗളുരു സ്‌ഫോടനപരമ്പരയോടെ വാര്‍ത്തകളുടെ കൂട്ടത്തില്‍ കളമശേരി ബസ് കത്തിക്കല്‍ എന്ന പ്രവൃത്തിയും തീവ്രവാദമായി ചിത്രീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സംഭവിച്ച വലിയ തീവ്രവാദ പ്രവര്‍ത്തനങ്ങളിലൊന്ന് 26/11 ല്‍ നടന്ന മുംബൈ തീവ്രവാദാക്രമണമായിരുന്നു. അതില്‍ പിടിക്കപ്പെട്ട ഏക പ്രതി അജ്‌മല്‍ കസബ് പറയുന്നത് പരമാവധി ആളുകളെ കൊന്നുതള്ളാനുള്ള നിര്‍ദേശമായിരുന്നു തങ്ങള്‍ക്ക് ലഭിച്ചിരുന്നതെന്നതാണ്. പ്രതിദിനം 20 ലക്ഷത്തിലധികം ആളുകള്‍ വരികയും പോകുകയും ചെയ്യുന്ന സി.എസ്.ടി. ടെര്‍മിനല്‍ സ്‌റ്റേഷനില്‍ത്തന്നെ 52 പേരെയാണ് ആക്രമണകാരികള്‍ കൊന്നൊടുക്കിയത്. പൊടുന്നനെയുണ്ടായ ആക്രമണത്തില്‍ അന്ധാളിച്ചുപോയ ആര്‍.പി.എഫുകാര്‍ തിരിച്ചു വെടിവയ്‌പ് ആരംഭിച്ചതോടെ ഭീകരവാദികള്‍ അവിടംവിട്ട് കാമാ ആശുപത്രിയിലേക്ക് പോയി. ഈ ആക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. ദില്ലിയിലെ സ്‌ഫോടനപരമ്പരയിലും ധാരാളമാളുകള്‍ വധിക്കപ്പെടുകയുണ്ടായി. പരമാവധി ആളുകളെ കൊന്നുകൊണ്ടുതന്നെയാണ് ഭീകരവാദികള്‍ ആക്രമണം സംഘടിപ്പിക്കുന്നത്. ബംഗളുരു സ്‌ഫോടന കേസ്, മുംബൈ ആക്രമണം തുടങ്ങിയവയ്‌ക്കു തുല്യമായി കളമശേരി ബസ് കത്തിക്കല്‍ കേസ് അവതരിപ്പിക്കുന്നത് നമ്മുടെ പത്രങ്ങള്‍ ഒരു ശീലമാക്കിയിട്ടുണ്ട്. അതുവഴി ബംഗളുരുവിലോ മുംബൈയിലോ നടന്നതുപോലെയുള്ള വലിയൊരാക്രമണമാണ് ബസ് കത്തിക്കല്‍ എന്ന പ്രതീതി ജനിക്കുന്നുമുണ്ട്. എന്നാല്‍ യാഥാര്‍ഥ്യം എന്താണ്? എറണാകുളം സ്‌റ്റാന്‍ഡില്‍നിന്നും തിരിച്ച തമിഴ്‌നാട് ബസാണ് കളമശേരിയില്‍ തടഞ്ഞിട്ടത്. ആ ബസില്‍ സഞ്ചാരികളുടെ ഭാഗം അഭിനയിച്ചിരുന്നവരാണ് ഭീഷണിപ്പെടുത്തി ബസ് നിര്‍ത്തിച്ചത്. എന്നിട്ട് ബസിലെ മുഴുവന്‍ ആളുകളേയും പുറത്തിറക്കിയശേഷമാണ് തീ വച്ചത്. ഈ ആക്രമണത്തില്‍ ഒരാള്‍പോലും കൊല്ലപ്പെടരുതെന്ന് ആക്രമണകാരികള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്നു വ്യക്‌തം. പരമാവധി ആളുകളെ കൊല്ലുക എന്നതാണു ഭീകരവാദാക്രമണത്തിന്റെ മുഖമുദ്രയെങ്കില്‍ ഇവിടെയാകട്ടെ ഒരാളെപ്പോലും കൊല്ലരുതെന്നാണ് അക്രമികള്‍ തീരുമാനിച്ചത്. എന്നിട്ടും പത്രലോകം ഇതിനെ തീവ്രവാദാക്രമണമായി വിശേഷിപ്പിക്കുന്നു. ഇനി തീവ്രവാദികളാണോ ഇത് ചെയ്‌തതെന്നും ആലോചിക്കാവുന്നതാണ്. അബ്‌ദുള്‍ നാസര്‍ മഅ്‌ദനിക്ക് തമിഴ്‌നാട് ജയിലില്‍ ഒരു വിചാരണത്തടവുകാരനു ലഭിക്കേണ്ട ജനാധിപത്യാവകാശങ്ങള്‍ ലഭിച്ചുവോ എന്നു നോക്കാം. അദ്ദേഹത്തിന് അതു ലഭിച്ചില്ല എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. ഒരു വിചാരണത്തടവുകാരന് ലഭിക്കേണ്ട എല്ലാ സൗകര്യങ്ങളും അദ്ദേഹത്തിന് നല്‍കണമെന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒന്നിച്ചുനിന്നുകൊണ്ടാണ് കേരള നിയമസഭ പ്രമേയം പാസാക്കിയത്. അപ്പോള്‍ അദ്ദേഹത്തിന് അതു ലഭിച്ചിരുന്നില്ലെന്നു സ്‌പഷ്‌ടം. കോയമ്പത്തൂര്‍ സ്‌ഫോടനവുമായി മഅ്‌ദനിയെ ബന്ധപ്പെടുത്താനുള്ള പ്രസക്‌തമായ ഏതെങ്കിലും തെളിവ് പോലീസിനില്ലായിരുന്നുവെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ മഅ്‌ദനിയെ ഒന്‍പതുവര്‍ഷം തമിഴ്‌നാട് ജയിലിലിട്ട് പീഡിപ്പിച്ചതിനു മതിയായ കാരണമില്ലായിരുന്നു എന്നു സ്‌പഷ്‌ടം. ബാബറി പള്ളി പൊളിച്ചതിനുശേഷം അതേ സംബന്ധിച്ച് തീപ്പൊരി പ്രസംഗം നടത്തി തീവ്രവാദ സാഹചര്യം മഅ്‌ദനിയുണ്ടാക്കുന്നു എന്ന ആക്ഷേപം അന്നുണ്ടായിരുന്നു. അക്കാലത്ത് മഅ്‌ദനിയുമായി രഹസ്യമായ തെരഞ്ഞെടുപ്പു ധാരണകള്‍ യു.ഡി.എഫ് ഉണ്ടാക്കിയിരുന്നതിനാല്‍ എല്‍.ഡി.എഫാണ് ഈ ആക്ഷേപമുന്നയിച്ചിരുന്നത്. എന്നാല്‍ ഇന്ന് ലിബറാന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നുകഴിഞ്ഞു. യു.പിയിലെ പോലീസുകാര്‍ കര്‍സേവകരെക്കാള്‍ കഷ്‌ടമായ നിലയിലാണ് അന്നു പ്രവര്‍ത്തിച്ചിരുന്നതെന്ന് ജസ്‌റ്റിസ് ലിബറാന്‍ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല രാഷ്‌ട്രീയ എതിരാളികള്‍പോലും ആക്ഷേപിക്കാത്ത വാജ്‌പേയി പോലും ഇക്കാര്യത്തില്‍ തെറ്റുകാരനാണെന്നാണ് ലിബറാന്‍ കണ്ടെത്തുന്നത്. 17 വര്‍ഷങ്ങള്‍ക്കുശേഷം ജസ്‌റ്റിസ് ലിബറാന്‍ പറഞ്ഞ കാര്യങ്ങള്‍ അന്നുതന്നെ പൊതുവേദികളില്‍ പ്രസംഗിച്ചു എന്ന തെറ്റുമാത്രമാണ് മഅ്‌ദനി ചെയ്‌തത്. ബാബറി പള്ളിയുടെ മിനാരങ്ങള്‍ തകര്‍ക്കുമ്പോള്‍ യഥാര്‍ഥത്തില്‍ തകര്‍ന്നുവീണത് ഇന്ത്യന്‍ മതേതരത്വംതന്നെയായിരുന്നു എന്ന് ഇന്നു ഭൂരിപക്ഷം പേരും സമ്മതിക്കും. ആ തകര്‍ച്ചയില്‍ ഇന്ത്യന്‍ ഭരണക്രമത്തില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന മുസ്ലിം മതന്യൂനപക്ഷാംഗങ്ങള്‍ ഭയവിഹ്വലരായി മാറിയെന്ന കാര്യത്തിനും ആര്‍ക്കും തര്‍ക്കമില്ല. ഭൂരിപക്ഷ സമുദായം എല്ലാ നിയമവും കാറ്റില്‍പ്പറത്തി ന്യൂനപക്ഷത്തെ ആക്രമിച്ചാല്‍ അതില്‍ അവര്‍ പകയ്‌ക്കുകയും അരക്ഷിതത്വം അനുഭവിക്കുകയും ചെയ്യുമെന്നു തീര്‍ച്ചയാണ്. അത്തരമൊരു സാഹചര്യത്തിലാണ് ഇല്ലാത്തത് എന്നു പില്‍ക്കാലത്തു തെളിഞ്ഞ ഒരു ഗൂഢാലോചനയുടെ പേരില്‍ ഇപ്പോള്‍ ലിബറാന്‍ കണ്ടെത്തിയ കാര്യങ്ങള്‍ അന്നു പൊതുവേദിയില്‍ വിളിച്ചുപറഞ്ഞ മഅ്‌ദനിയെ അറസ്‌റ്റുചെയ്‌തത്. അതുകൊണ്ടും അരിശം തീരാതെ മഅ്‌ദനിക്ക് ചികിത്സാ സൗകര്യംപോലും നിഷേധിക്കുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ് പി.ഡി.പി പ്രവര്‍ത്തകര്‍ കളമശേരിയില്‍വച്ച് തമിഴ്‌നാട് ബസ് കത്തിച്ചത്. തമിഴ്‌നാട് സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തോടുള്ള പ്രതിഷേധമായിരുന്നു ആ കത്തിക്കല്‍. കാവേരി നദീജല തര്‍ക്കം വന്നപ്പോള്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഇത്തരം ധാരാളം സംഭവങ്ങള്‍ നടക്കുകയുണ്ടായിട്ടുണ്ട്. മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ തമിഴനാട്ടിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കേരളത്തിലേക്കു വരുന്ന വാഹനങ്ങള്‍ തടഞ്ഞിട്ടു പ്രതിഷേധിച്ചിട്ടുണ്ട്. ഈ സംഭവങ്ങളൊന്നും ഭീകരവാദ പ്രവൃത്തിയുടെ പട്ടികയില്‍ വരാത്തപ്പോള്‍ കളമശേരി ബസ് കത്തിക്കല്‍മാത്രം എന്തുകൊണ്ട് ആ പട്ടികയില്‍വരുന്നു? അതാണ് നാം അന്വേഷിക്കേണ്ടത്. നസീര്‍ എന്ന ആളെ അറസ്‌റ്റുചെയ്‌തത് ബംഗ്ലാദേശില്‍നിന്നാണ്. അവിടെ അദ്ദേഹം പോയത് ഇന്ത്യയില്‍ ഭീകരവാദാക്രമണങ്ങള്‍ സംഘടിപ്പിക്കാനുള്ള തയാറെടുപ്പിന്റെ ഭാഗമായാണെന്നു പോലീസ് പറയുന്നു. ഇപ്പോള്‍ പത്രങ്ങളില്‍വരുന്ന വാര്‍ത്തകള്‍ പോലെയാണെങ്കില്‍ ബംഗളുരിലെ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്‌തത് നസീര്‍ ആയിരുന്നു. അതുകൊണ്ട് ഭീകരവാദ ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന നിലയ്‌ക്കാണ് പോലീസ് നസീറിനെ കാണുന്നത്. കൂടാതെ ലഷ്‌കറെ തോയ്‌ബയുടെ ദക്ഷിണ മേഖലാ കമാന്‍ഡറാണത്രേ നസീര്‍. കളമശേരിയില്‍ ബസ് കത്തിച്ചവരില്‍ നസീറും ഉള്‍പ്പെട്ടിട്ടുണ്ടെന്നതിനാലാണ് ആ ആക്രമണത്തെ ഒരു ഭീകരവാദാക്രമണമായി ചിത്രീകരിക്കേണ്ടിവരുന്നതെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ ബസ് കത്തിക്കുന്ന സമയത്ത് ഈ നസീര്‍ തന്നെ ഇന്നു നാമറിയുന്നതുപോലെ ഒരു ഭീകരവാദ സംഘത്തിലംഗമായിരുന്നോ എന്ന കാര്യമാണ് പരിശോധിക്കേണ്ടത്. ഇപ്പോള്‍ പോലീസിനു ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ ലഷ്‌കറിന്റെ നേതാവായ ഇമാം ആലീമായി അടുപ്പം സ്‌ഥാപിച്ചതിനു ശേഷമാണ് നസീര്‍ ഭീകരവാദി ആയതെന്നു പറയുന്നു. അതിനുമുന്‍പ് മഅ്‌ദനിയെ ജയിലിലടച്ചുകഴിഞ്ഞിരുന്നു. അതിനാല്‍ ഇപ്പോള്‍ ലഭിക്കാവുന്ന യുക്‌തിയുടെ അടിസ്‌ഥാനത്തിലാണെങ്കില്‍ ബസ് കത്തിക്കല്‍ നടക്കുമ്പോള്‍ നസീര്‍ ഒരു ലഷ്‌കര്‍ ഭീകരപ്രവര്‍ത്തകനല്ല. അതുകൊണ്ടുതന്നെ ഈ ബസ് കത്തിക്കല്‍ ഒരു ഭീകരപ്രവൃത്തിയായി വ്യാഖ്യാനിക്കുന്നതിനും അടിസ്‌ഥാനമില്ല. പി.ഡി.പി എന്ന പാര്‍ട്ടി ഭരണഘടനയ്‌ക്ക് അനുസൃതമായി തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്‌ഥാനമാണ്. അതുകൊണ്ട് ആ പ്രസ്‌ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അതിരുവിട്ട ഒരു നടപടിയായിവേണം ബസ് കത്തിക്കലിനെ കാണേണ്ടത്. അങ്ങനെവരുമ്പോള്‍ കേരളത്തിലെ വലുതും ചെറുതുമായ എല്ലാ പാര്‍ട്ടികളും ബസിനുനേരേ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്. കേന്ദ്ര-സംസ്‌ഥാനതലങ്ങളില്‍ മന്ത്രിമാരായിരിക്കുന്ന ആളുകളടക്കം പലരും ഇത്തരം കേസുകളില്‍ പ്രതികളുമായിരുന്നവരാണ്. അത്രമാത്രം ലളിതമായ ഒരു കാര്യത്തെയാണ് തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്നതുകൊണ്ട് വലിയ ഭീകരവാദാക്രമണമായി മാധ്യമലോകം ചിത്രീകരിക്കുന്നത്. ബസ് കത്തിക്കല്‍ നടന്നപ്പോള്‍ ഇവിടെ അധികാരത്തിലിരുന്നത് യു.ഡി.എഫായിരുന്നു. അവരും അത്ര ഗൗരവതരമായി ആ സംഭവത്തെ കണ്ടില്ല. അതിനാല്‍ അന്ന് ഒന്നാം പ്രതിസ്‌ഥാനത്തു വന്നത് ഈ കേസില്‍ ഒരു ബന്ധവുമില്ലാത്ത മറ്റൊരാളായിരുന്നു. പില്‍ക്കാലത്ത് കോടതിയുടെ ആഭിമുഖ്യത്തില്‍ അന്വേഷണം ആരംഭിക്കുകയും നസീറിന്റെ പുതിയ വിവരങ്ങള്‍ ഗ്രഹിക്കുകയും ചെയ്‌തശേഷമാണ് പോലീസിന് ഇക്കാര്യത്തില്‍ ജാഗ്രതയുണ്ടായത്. എന്നിട്ടും നസീറിനെ അന്നുതന്നെ അറസ്‌റ്റുചെയ്‌തിരുന്നുവെങ്കില്‍ ബംഗളുരു സ്‌ഫോടനമടക്കമുള്ള മറ്റൊരു സംഭവവും നടക്കുമായിരുന്നില്ല എന്നാണ് യു.ഡി.എഫ് കണ്‍വീനര്‍ വാദിച്ചത്. ഇക്കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ എണ്‍പതോളം ഭീകരാക്രമണങ്ങള്‍ ഇന്ത്യയില്‍ നടന്നു. നമ്മുടെ സംസ്‌ഥാനത്ത് അത്തരമൊരാക്രമണം ഇതുവരെ നടന്നിട്ടില്ല എന്നത് ആശ്വാസകരമാണ്. ഈ 80 ആക്രമണത്തിലും ആളുകള്‍ പിടിക്കപ്പെടുന്നുണ്ട്. എന്നിട്ടും ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നെങ്കില്‍ ഒരേ ആളുകളല്ല തുടര്‍ന്നും ഇതിലിടപെടുന്നതെന്ന് വ്യക്‌തമാകുന്നുണ്ടല്ലോ. അത്രയെങ്കിലും ആലോചിക്കാനുള്ള വിവേകം യു.ഡി.എഫ് കണ്‍വീനര്‍ക്കില്ലാതെപോയി. ഭീകരവാദാക്രമണത്തിന്റെ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന രംഗത്തെല്ലാം നമ്മുടെ രാഷ്‌ട്രീയ നേതാക്കള്‍ക്കും പത്രക്കാര്‍ക്കും ഇത്തരം യുക്‌തിരാഹിത്വം സംഭവിക്കുന്നുണ്ട്. ഐ.ജി: ടോമിന്‍ തച്ചങ്കരി നസീറിനെ ചോദ്യംചെയ്യാന്‍ ബംഗളുരിലേക്ക് പോയപ്പോള്‍ അത് മഅ്‌ദനിയെ രക്ഷിക്കാന്‍ കോടിയേരി ബാലകൃഷ്‌ണന്റെ നിയോഗമായി കണ്ട പത്രക്കാരും രാഷ്‌ട്രീയക്കാരുമുണ്ട്. ഭീകരവാദികളെ ചോദ്യം ചെയ്യുന്നതിന്റെ പ്രാഥമിക നടപടികളെക്കുറിച്ചുപോലും ഒരു പിടിപാടുമില്ലാത്തതുകൊണ്ടാണ് മുഖ്യധാരാ പത്രങ്ങള്‍ ഒന്നാംപേരില്‍ ഈ വിഡ്‌ഢിത്തം എഴുന്നള്ളിച്ചത്. വിവിധ ഏജന്‍സികള്‍ ഒന്നിച്ചിരുന്നാണ് ചോദ്യം ചെയ്യുന്നതെന്നും അതിന്റെ വിശദാംശങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നുണ്ടെന്നും എഴുതി നല്‍കാത്ത ഒരു ചോദ്യവും ചോദിക്കാനാവില്ലെന്ന പ്രാഥമിക ധാരണപോലും രാഷ്‌ട്രീയത്തിമിരം ബാധിച്ച പത്രങ്ങള്‍ക്കില്ലാതെപോയി. അന്നു സ്‌ഥലത്തില്ലാതിരുന്ന ഡി.ഐ.ജി: വിനോദ് കുമാറാണ് പോകേണ്ടതെന്നും ഐ.ജി തച്ചങ്കരി പോകരുതെന്നും അവര്‍ എല്ലാം പറയുകയുണ്ടായി. വളരെ പണ്ട് നാട്ടിന്‍പുറങ്ങളില്‍ എസ്.ഐ.യെക്കാള്‍ കേമനാണ് 'ഹെഡ്‌അങ്ങത്ത' എന്ന വിശ്വാസം നിലനിന്നിരുന്നു. നമ്മുടെ ഇന്നത്തെ പത്രക്കാര്‍ക്ക് ഐ.ജി.യെക്കാള്‍ കൂടിയ ആളാണ് ഡി.ഐ.ജി! ഭീകരവാദം വളരെ വികാരപരമായ ഒരു പ്രമേയമാണ്. ഒരു പ്രത്യേക മതന്യൂനപക്ഷത്തിനെതിരേ തിരിയുമെന്നതിനാല്‍ അത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു പ്രമേയവുമാണ്. യഥാര്‍ഥത്തില്‍ നിരപരാധിയായ ഒരാള്‍ ഇതിലൊക്കെപ്പെട്ടുപോയാല്‍ എന്താണ് സംഭവിക്കുകയെന്നത് മഅ്‌ദനിയുടെ ഒന്‍പതു വര്‍ഷത്തെ ജയില്‍ ജീവിതം നമ്മെ പഠിപ്പിക്കണം. മുന്‍ അനുഭവങ്ങള്‍ എല്ലാവര്‍ക്കും പാഠങ്ങളാകണം. താത്‌കാലിക വിജയങ്ങള്‍ ലക്ഷ്യംവയ്‌ക്കുന്ന പ്രമേയമായി തീവ്രവാദം മാറരുത്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇവിടെ അതാണു നടക്കുന്നത്
2009, ഡിസം 3
അന്തിയ്ക്ക് വിരിയുന്ന ബുദ്ധി ജീവികള്
ഇതെന്താണ് ഈ അന്തിയ്ക്ക് വിരിയുന്ന പുതിയ ജീവി?അങ്ങനെയും ഒരു തരം ജീവികള്‍ ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ട്. വേണമെങ്കില്‍ നിങ്ങള്‍ക്കും ഈ ജീവി വര്‍ഗ്ഗത്തിലേയ്ക്ക് കുടിയേറാം.അല്പം പണിപ്പെടണം എന്ന് മാത്രം. അതിന് വേണ്ടത് എന്തെന്നല്ലേ?നിങ്ങള്‍ക്ക് മുന്‍ നക്സലൈറ്റെന്നോ,ഭരണ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവനെന്നോ ഉള്ള പേരുണ്ടോ?അഡ്വക്കേറ്റ്, ഡോക്ടര്‍, മാധ്യമ പ്രവര്‍ത്തകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നിങ്ങനെ എന്തെങ്കിലും വര്‍ഗ്ഗത്തില്‍ പെടുത്താനുള്ള യോഗ്യതയുണ്ടോ? ക്യാമറ കണ്ടാല്‍ വാതോരാതെ എന്തിനെക്കുറിച്ചും പറയാനുള്ള ഉളുപ്പില്ലായ്മ ഉണ്ടോ?ആകാശത്തിന് ചുവട്ടിലുള്ള എന്തിനെക്കുറിച്ചും ഉളുപ്പില്ലാതെ അഭിപ്രായം പറയാനുള്ള ധൈര്യം (നാണമില്ലാത്ത) ഉണ്ടോ?സംസാരിയ്ക്കുന്നതിനിടയ്ക്ക് വല്ലപ്പോഴുമൊക്കെ ജാക് ദറിദ, നോം ചോംസ്കി തുടങ്ങിയവരെ ഉദ്ധരിയ്ക്കാന്‍ കഴിയുമോ? ഇതൊന്നുമല്ലെങ്കിലും പ്രശ്നമല്ല. ഏതെങ്കിലും ആനുകാലിക പ്രസിദ്ധീകരണത്തില്‍ സമകാലീന സംഭവങ്ങളെ ആര്‍ക്കും മനസ്സിലാകാത്ത തരത്തില്‍ വിശദീകരിയ്ക്കുന്ന ഒന്നോ രണ്ടോ ലേഖനം എഴുതുക. ഇതിലും ജാക് ദറിദ, നോം ചോംസ്കി തുടങ്ങിയവരെ ഉദ്ധരിയ്ക്കാന്‍ മറക്കരുത്. ചാനലില്‍ നിന്നുള്ള വിളി താനേ വന്നോളും. ഇല്ലെങ്കില്‍ ഈ പ്രസിദ്ധീകരണങ്ങളുടെ കോപ്പികള്‍ ചാനലുകളില്‍ നിങ്ങള്‍ക്ക് അറിയാവുന്നവര്‍ക്ക് വേണ്ട കുറിപ്പോടെ വിതരണം ചെയ്യുക. മേല്‍പറഞ്ഞതിനൊപ്പം വേണ്ട ചില കാര്യങ്ങള്‍ കൂടി ഉണ്ട്. തേച്ച് മിനുക്കിയ ഉടുപ്പ് (വസ്ത്രം ഖാദിയോ സാധാരണ പരുത്തിയോ ആണ് നല്ലത്. വേഷം പരുക്കന്‍ പരുത്തി കുര്‍ത്തയാണെങ്കില്‍ കൊള്ളാം. സാധാരണ ഉടുപ്പോ സാരിയോ ആയാലും തരക്കേടില്ല). കുറച്ച് ആധുനിക മുഖം സ്വീകരിയ്ക്കണമെങ്കില്‍ നമ്മുടെ ധനമന്ത്രി തോമസ് ഐസക്ക് ഇടുന്നപോലുള്ള കുര്‍ത്തകള്‍ നന്ന്. ഇതിനോടൊപ്പം ഒരു വടക്കേ ഇന്ത്യന്‍ മേല്‍മുണ്ട് (സ്റ്റോള്‍ എന്ന് ആംഗലേയം) കൂടി ആവാം. വൈകുന്നേരമായാല്‍ മറ്റെല്ലാ പരിപാടികളും മാറ്റിവച്ച് ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ നിര്‍ദ്ദേശിയ്ക്കുന്ന സ്ഥലത്തെത്താന്‍ തയ്യാറായിരിയ്ക്കുക. അതിനായ കുളിച്ച് സുന്ദരി - സുന്ദരന്‍ ആവുക. ചാനലുകാര്‍ ഒരു മേക്കപ്പ് നടത്തുമെന്നതുകൊണ്ട് സ്വന്തമായി അത് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. ചെയ്താലും ചാനലുകാര്‍ പിണങ്ങില്ല. ഇനി ക്യാമറയ്ക്ക് മുന്നിലെത്തിയാല്‍ - ചോദ്യം ചോദിയ്ക്കുന്ന ആളോ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരോ പറയുന്നതൊന്നും തന്നെ ശ്രദ്ധിയ്ക്കാതിരിയ്ക്കുക. എപ്പോള്‍ സംസാരിയ്ക്കാന്‍ ആവശ്യപ്പെട്ടാലും തനിയ്ക്ക് പറയാന്‍ ഉള്ളത് മാത്രം പറഞ്ഞുകൊണ്ടേയിരിയ്ക്കുക. (ശ്രദ്ധിയ്ക്കുക - നിങ്ങള്‍ പറയുന്നത് കണ്ട്-കേള്‍ക്കുന്നവര്‍ക്ക് ബുദ്ധി ഉണ്ടെന്ന കാര്യം സമ്പൂര്‍ണമായി മറക്കുക). ബുദ്ധി ജീവി സ്വഭാവം കളയാതിരിയ്ക്കാനായി, ക്യാമറയിലേയ്ക്ക് നോക്കാതിരിയ്ക്കുക. പകരം എപ്പോഴും അനന്തതയിലേയ്ക്ക് നോക്കുക. ആകാശ ലക്ഷ്യത്തിലേയ്ക്കാവുന്നതാണ് എങ്കില്‍ ടെലിവിഷന്‍ വാര്‍ത്ത/ചര്‍ച്ച എന്ന ആവാസ വ്യവസ്ഥ നിലനില്‍ക്കുന്നടത്തോളം കാലം നിങ്ങള്‍ക്ക് അന്തിയ്ക്ക് വിരിയുന്ന ബുദ്ധിജീവിയായി വിലസാം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)