2010, നവം 15

വെളിച്ചം കാണാതെ 2200ലേറെ രാഷ്ട്രീയത്തടവുകാര്‍

സൂകിയുടെ മോചനത്തില്‍ ബര്‍മന്‍ജനത ആഹ്ളാദിക്കുമ്പോഴും രാജ്യത്ത് 2200ല്‍പ്പരം രാഷ്ട്രീയത്തടവുകാര്‍ ഇപ്പോഴും നീതി നിഷേധിക്കപ്പെട്ട് തടങ്കലില്‍ കഴിയുന്നു. ഇവരില്‍ 68 വര്‍ഷംവരെ തടവിന് ശിക്ഷിക്കപ്പെട്ടവരുണ്ട്. രാജ്യത്തെ 43 ജയിലിലായാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. വിദ്യാര്‍ഥിനേതാക്കളും ബുദ്ധസന്ന്യാസിമാരും മനുഷ്യാവകാശപ്രവര്‍ത്തകരും തടവുകാരില്‍ ഉള്‍പ്പെടുന്നു. രാജ്യത്ത് 1988ല്‍ അലയടിച്ച വിദ്യാര്‍ഥിപ്രക്ഷോഭത്തിന്റെ നേതാക്കളായിരുന്ന ക്യാവ് മിന്‍യു (കോ ജിമ്മി), നിലര്‍ തീന്‍ എന്നിവര്‍ തടവറയില്‍ കഴിയുന്ന ദമ്പതികളാണ്. 65 വര്‍ഷത്തെ തടവിനാണ് ഇവരെ ശിക്ഷിച്ചിട്ടുള്ളത്. കോ ജിമ്മി 16 വര്‍ഷമായും നിലര്‍ തീന്‍ എട്ടുവര്‍ഷമായും ജയിലിലാണ്. സൂകിയുടെ പാര്‍ടിയായ നാഷണല്‍ ലീഗ് ഡെമോക്രസിയുടെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പടെ 413 പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി ജയിലിലാണ്. രാജ്യത്ത് 2007ല്‍ ഉയര്‍ന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത ബുദ്ധസന്ന്യാസിമാരെയും തടവിലാക്കി. അക്കൊല്ലം ആഗസ്തില്‍ അലയടിച്ച പ്രക്ഷോഭത്തിന് ബുദ്ധസന്ന്യാസിമാരുടെ സംഘടനയാണ് നേതൃത്വം നല്‍കിയത്. നവംബര്‍ നാലിന് പ്രക്ഷോഭം അടിച്ചമര്‍ത്തിയശേഷം നേതാക്കളെ തെരഞ്ഞുപിടിച്ച് തടവറയില്‍ തള്ളുകയായിരുന്നു. സന്ന്യാസിമാരുടെ നേതാവ് യു ഗംഭീരയെ 68 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചിട്ടുള്ളത്. രാജ്യത്തെ പ്രമുഖ നടനായിരുന്ന സര്‍ഗനാറിനെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് 2006ല്‍ അഭിനയം വിലക്കി. അദ്ദേഹം വീറോടെ സൈനികഭരണത്തിനെതിരെ നിലകൊണ്ടു. ഇതേത്തുടര്‍ന്ന് 2008ല്‍ 20 സഹപ്രവര്‍ത്തകര്‍ക്കൊപ്പം സര്‍ഗനാറിനെ അറസ്റ്റുചെയ്തു. 59 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. പിന്നീട് കാലാവധി 35 വര്‍ഷമായി കുറച്ചു. നിരവധി മാധ്യമപ്രവര്‍ത്തകരും തടവറകളിലുണ്ട്.

*
കടപ്പാട്: ദേശാഭിമാനി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ