2011, ഡിസം 29

വിശുദ്ധരാകാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്/ആത്മകഥയില്‍നിന്ന് .. ലോനപ്പന്‍ നമ്പാടന്‍

മന്ത്രിയായിരിക്കുമ്പോള്‍ നാട്ടില്‍നിന്ന് ഹോളിഫാമിലി(തിരുക്കുടുംബം) മഠത്തിലെ മേലധികാരികളായ ചില കന്യാസ്ത്രീകള്‍ തിരുവനന്തപുരത്ത്  ഞാന്‍ താമസിച്ചിരുന്ന മന്ത്രിമന്ദിരമായ അജന്ത ബംഗ്ളാവില്‍ വന്നു. രാവിലെയായിരുന്നു അവര്‍ എത്തിയത്. അന്ന് സഭയുമായി ഞാന്‍ വളരെ അടുപ്പത്തിലായിരുന്നു. തങ്ങള്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന്  കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു. എന്തിനുവേണ്ടിയാണെന്ന് ഞാന്‍ തിരക്കിയപ്പോള്‍ അവര്‍ ഇങ്ങനെ പറഞ്ഞു:
‘‘മരിച്ചുപോയ തിരുക്കുടുംബാംഗമായ മറിയം ത്രേസ്യായോടു പ്രാര്‍ഥിച്ച് മാഷിനുകിട്ടിയ അനുഗ്രഹങ്ങള്‍ സാക്ഷ്യപ്പെടുത്തി ഒരു സര്‍ട്ടിഫിക്കറ്റ് തരണം.’’
‘‘സര്‍ട്ടിഫിക്കറ്റ് എന്തിനുവേണ്ടിയാണ്?’’ ഞാന്‍ വീണ്ടും ചോദിച്ചു.
‘‘റോമിലേക്ക് അയക്കാന്‍വേണ്ടിയാണ്’’, കന്യാസ്ത്രീകള്‍ വ്യക്തമാക്കി.
പുത്തന്‍ചിറയിലെ മറിയം ത്രേസ്യയെ വിശുദ്ധയാക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ഇപ്പോഴും അവസാനിച്ചിട്ടില്ല. ഒരാളെ വിശുദ്ധയാക്കാന്‍ ചില നിബന്ധനകളുണ്ട്.
മരിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞശേഷമേ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ പാടുള്ളൂ. ജീവിച്ചിരിക്കുന്ന കാലത്തും മരണശേഷവും രണ്ടു അദ്ഭുതപ്രവൃത്തികള്‍വീതമെങ്കിലും ചെയ്തിരിക്കണം. ഇക്കാര്യങ്ങള്‍ റോമിനെ ബോധ്യപ്പെടുത്തുകയും വേണം. അതിനുവേണ്ടിയാണ് എന്‍െറ സര്‍ട്ടിഫിക്കറ്റ് കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടത്. മന്ത്രി എന്ന നിലയില്‍ എന്‍െറ സര്‍ട്ടിഫിക്കറ്റിനു പ്രാധാന്യം കൂടുകയും ചെയ്യുമല്ളോ.
ഞാന്‍ എം.എല്‍.എ ആയതും മന്ത്രിയായതും മറിയം ത്രേസ്യയോട് പ്രാര്‍ഥിച്ചതുകൊണ്ടാണെന്ന് ഞാന്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്താല്‍ മരണാനന്തര അദ്ഭുതപ്രവൃത്തിയായി അത് പരിഗണിക്കുമെന്ന് കന്യാസ്ത്രീകള്‍ കരുതി. വാസ്തവത്തില്‍, മറിയം ത്രേസ്യയെക്കുറിച്ച് എനിക്ക് ഒരു അറിവുമില്ലായിരുന്നു. ഞാന്‍ അവരോട് പ്രാര്‍ഥിച്ചിട്ടില്ല, എനിക്ക് അവരുടെ അനുഗ്രഹം ലഭിച്ചിട്ടുമില്ല. അത്തരത്തിലുള്ള എന്നോടാണ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്.
കന്യാസ്ത്രീകളുടെ നിര്‍ബന്ധത്തി നു വഴങ്ങി വലിയ രണ്ടു ലെറ്റര്‍ പാഡ് എടുത്ത് അവര്‍ക്കു കൊടുത്തശേഷം ഞാന്‍ പറഞ്ഞു: ‘‘ആവശ്യമായ വിവരങ്ങള്‍ ഇതില്‍ ടൈപ്പുചെയ്തുകൊണ്ടുവരുക.’’
എന്‍െറ മൂത്ത സഹോദരിയുടെ മക്കള്‍ പാവുളയും ഫ്രെഡറിക്കും ഹോളിഫാമിലി കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീകളായിരുന്നു. കന്യാസ്ത്രീകള്‍ ലെറ്റര്‍പാഡുമായി പുറത്തുപോകുകയും തിരിച്ചെത്തുകയും ചെയ്തു. ലെറ്റര്‍പാഡിലെഴുതിയ വാചകങ്ങള്‍ കണ്ട് ഞാന്‍ അദ്ഭുതപ്പെട്ടു. വാചകങ്ങള്‍ ഇപ്രകാരമായിരുന്നു:
‘‘മറിയം ത്രേസ്യായോടു പ്രാര്‍ഥിച്ചതിനാല്‍ എനിക്കു ധാരാളം അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഞാന്‍ എം.എല്‍.എയും മന്ത്രിയുമായത് ആ പ്രാര്‍ഥനയുടെ ഫലമാണ്.’’
പച്ചക്കള്ളമാണ് എഴുതിപ്പിടിപ്പിച്ചിരുന്നതെങ്കിലും ഞാന്‍ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ട് സീലുവെച്ചു നല്‍കി. കന്യാസ്ത്രീകള്‍ ആഹ്ളാദത്തോടെ നന്ദി പറഞ്ഞു പോകുകയും ചെയ്തു. എന്‍െറ പി.എയായ ആന്‍േറാ കോക്കാട് ഈ സംഭവത്തിനു സാക്ഷിയായിരുന്നു.
ഞാന്‍ കൊടുത്ത സര്‍ട്ടിഫിക്കറ്റ് കന്യാസ്ത്രീകള്‍ റോമിലേക്ക് അയച്ചുകൊടുത്തുവെന്ന് ഞാന്‍ പിന്നീട് അറിഞ്ഞു.
ഇരിങ്ങാലക്കുട ബിഷപ് ഡോ. ജെയിംസ് പഴയാറ്റില്‍ റോമില്‍ പോയപ്പോള്‍ ഒരു പ്രസിദ്ധീകരണത്തില്‍ മറിയം ത്രേസ്യായോടു പ്രാര്‍ഥിച്ചതിന്‍െറ ഫലമായി നടന്ന ഒരു അദ്ഭുതപ്രവൃത്തിയെക്കുറിച്ച് വായിച്ചു.
ഈ അദ്ഭുതപ്രവൃത്തി നടന്നതായി പറയുന്നത് ഇരിങ്ങാലക്കുട രൂപതയില്‍പ്പെട്ട താഴേക്കാടു പള്ളി ഇടവകയിലായിരുന്നു. ഇരിങ്ങാലക്കുട ബിഷപ്പിന്‍െറ രൂപതയില്‍പ്പെട്ട ഇടവകയാണിത്. അവിടെ നടന്ന അദ്ഭുതപ്രവൃത്തിയെപ്പറ്റി ബിഷപ് കേട്ടിട്ടുപോലുമില്ലായിരുന്നു. താഴേക്കാട് ഇടവകയില്‍പ്പെട്ട കാലിനു സുഖമില്ലാത്ത ഒരു പെണ്‍കുട്ടിയുടെ അസുഖം മറിയം ത്രേസ്യയോട് പ്രാര്‍ഥിച്ചു സുഖപ്പെടുത്തി. പള്ളിപ്പാടന്‍ മാത്യൂസിന്‍െറ മകളുടെ കാലാണ് സുഖപ്പെടുത്തിയത്. ഇതായിരുന്നു അദ്ഭുതപ്രവൃത്തി. പഴയാറ്റില്‍ ബിഷപ് നാട്ടിലെത്തിയശേഷം ഈ അദ്ഭുതപ്രവൃത്തിയെപ്പറ്റി വികാരി ഫാ.ജോസ് യു.വാഴപ്പിള്ളിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ചുമതലപ്പെടുത്തി. അദ്ദേഹത്തിന്‍െറ അന്വേഷണത്തില്‍ അദ്ഭുതപ്രവൃത്തി വ്യാജമാണെന്ന് ബോധ്യപ്പെട്ടു. അക്കാര്യം ബിഷപ്പിനു റിപ്പോര്‍ട്ട് ചെയ്തു. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ബിഷപ്പിന്‍െറ കുടുംബക്കാരനായ ഡോ. സണ്ണി പഴയാറ്റിലാണ്. വീടും പുത്തന്‍ചിറയാണ്.  ആധുനികവൈദ്യശാസ്ത്രം പരാജയപ്പെട്ടിടത്താണ് മറിയം ത്രേസ്യയോടു പ്രാര്‍ഥിച്ച് അസുഖം മാറ്റിയത് എന്നായിരുന്നു സര്‍ട്ടിഫിക്കറ്റിലെ ഒരു പരാമര്‍ശം. ഇതേ ഡോക്ടര്‍തന്നെയാണ് എവുപ്രാസ്യാമ്മയെ വിശുദ്ധയാക്കുന്നതിനുള്ള ഒരു അദ്ഭുതപ്രവൃത്തിയും സാക്ഷ്യപ്പെടുത്തിയത്. വാസ്തവത്തില്‍, ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഡോ. സണ്ണി പഴയാറ്റിലിന് യോഗ്യതയില്ല. എവുപ്രാസ്യാമ്മയുടെ വീട് ഇരിങ്ങാലക്കുടയിലെ കാട്ടൂരാണ്.
ഇടവകവികാരിയും ബിഷപ്പും അറിയാതെയാണ് ഈ അദ്ഭുതപ്രവൃത്തി നടന്നതായുള്ള സര്‍ട്ടിഫിക്കറ്റ് കന്യാസ്ത്രീകള്‍ റോമിലേക്ക് അയച്ചത്. കളവ് പുറത്തായതോടെ കുട്ടിയുടെ വീട്ടുകാര്‍ വികാരിയച്ചനെ കൈയേറ്റംചെയ്തു. അതോടെ, അദ്ദേഹം സ്ഥലം മാറിപ്പോയി. ഇതു സംബന്ധിച്ച് പൊലീസ് കേസ് എടുത്തിരുന്നു.
ക്രിസ്തുവും സഭയുടെ വിശുദ്ധരും
ക്രൈസ്തവരില്‍ അന്ധവിശ്വാസവും വിഗ്രഹാരാധനയും വര്‍ധിച്ചുവരുകയാണ്. സ്രഷ്ടാവിനുപകരം സൃഷ്ടിയെയാണ് ആരാധിക്കുന്നത്. സഭാധികാരികളുടെ വഴിപിഴച്ച നയമാണ് ഇതിനു കാരണം. ക്രിസ്തുവിനെക്കാള്‍ പ്രാധാന്യം വിശുദ്ധന്മാര്‍ക്കാണ്. അദ്ഭുതങ്ങളൊക്കെ പ്രവര്‍ത്തിക്കുന്നത് വിശുദ്ധരാണ്. പള്ളികളും പെരുന്നാളുകളുമെല്ലാം വിശുദ്ധരുടെ പേരിലാണ്. എല്ലാ പള്ളികളിലും ഇപ്പോള്‍ ഊട്ടുപെരുന്നാളുകളാണ്. ക്രിസ്തുവിന്‍െറ പേരില്‍ മാത്രം ഊട്ടില്ല! പത്രങ്ങളിലും ടി.വി ചാനലുകളിലും മറ്റും പരസ്യങ്ങള്‍ നല്‍കി ആളുകളെ ആകര്‍ഷിക്കുന്നു. ജനക്കൂട്ടം വരുന്നതിനനുസരിച്ച് നേര്‍ച്ചപ്പിരിവും വര്‍ധിക്കും. വിശുദ്ധന്മാര്‍ പ്രധാന വരുമാനസ്രോതസ്സുകളാണ്. ക്രിസ്തുവിന്‍െറ അമ്മ പരിശുദ്ധ മറിയം പല പേരുകളിലാണ് അറിയപ്പെടുന്നത്. അമലോദ്ഭവമാതാവ്, ഫാത്തിമാ മാതാവ്, ഉത്തരീയമാതാവ്, വ്യാകുലമാതാവ്, വേളാങ്കണ്ണിമാതാവ്, ഒട്ടകമാതാവ്, കൊരട്ടിമുത്തി എന്നീ വിവിധ നാമധേയങ്ങളില്‍ പള്ളികളും കപ്പേളകളും സ്ഥാപിച്ച് നേര്‍ച്ചപ്പെട്ടികള്‍വെച്ച്  ലക്ഷക്കണക്കിന് രൂപ നേര്‍ച്ച പിരിക്കുന്നുണ്ട്. ക്രിസ്തുവിനെക്കാളും വിശുദ്ധരെക്കാളും പ്രാധാന്യം ഇപ്പോള്‍ വസ്തുക്കള്‍ക്കാണ് നല്‍കുന്നത്.
തിരുനാളിനു രൂപക്കൂട്ടില്‍വെച്ചിരുന്ന ക്രിസ്തുവിനെയും കൊരട്ടിമുത്തിയെയും തൊട്ടുമുത്താതെ താഴെവെച്ചിട്ടുള്ള സ്വര്‍ണപൂവന്‍കുല മുത്തി നേര്‍ച്ചയിട്ട് വിശ്വാസികള്‍ മടങ്ങുന്നു. വിശുദ്ധ സെബസ്റ്റ്യാനോസിന്‍െറ അമ്പും മാതാവിന്‍െറ വളയും മാലാഖയുടെ മീനും ആരാധിക്കപ്പെടുന്നു. യേശുവിന്‍െറ പേരില്‍ പെരുന്നാളുകള്‍ കുറവാണ്. നേര്‍ച്ചപ്പിരിവുണ്ടാകില്ല. കുര്‍ബാനയുടെ തിരുനാള്‍, ക്രിസ്തുരാജതിരുനാള്‍, തിരുഹൃദയതിരുനാള്‍ എന്നിവയെല്ലാം ഇല്ലാതാക്കി. പഴയ വിശുദ്ധര്‍ക്കുപുറമെ പത്തു പുതിയ വിശുദ്ധരുടെ തിരുശേഷിപ്പുകൂടി തൃശൂരിലെ ഒരു ധ്യാനകേന്ദ്രം റോമില്‍നിന്ന് കൊണ്ടുവന്നിട്ടുണ്ട്. കേരളത്തില്‍ ഓരോ സഭക്കും ഓരോ വിശുദ്ധനെ നല്‍കാനാണ് റോമിന്‍െറ തീരുമാനം. ഒരാളെ വിശുദ്ധനാക്കണമെങ്കില്‍ കോടിക്കണക്കിനു രൂപ ചെലവ് വരും. വിശുദ്ധനായാല്‍ ലോകം മുഴുവനും പള്ളികളും കപ്പേളകളും സ്ഥാപിച്ച് നേര്‍ച്ചപ്പെട്ടികള്‍ വെക്കാം. വിഗ്രഹങ്ങളും ചിത്രങ്ങളും വിറ്റു കാശുണ്ടാക്കാം. ചാവറ അച്ചന്‍ സി.എം.ഐ സഭയുടെ പ്രതിനിധിയായിട്ടാണ് വിശുദ്ധനാകുന്നത്. അല്‍ഫോന്‍സാമ്മ സീറോ മലബാര്‍ സഭയുടെ ക്ളാരമഠത്തിന്‍െറ പ്രതിനിധിയായി ഇതിനകം വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. മറിയം ത്രേസ്യാ ഹോളിഫാമിലി തിരുക്കുടുംബസഭാംഗമാണ്. എവുപ്രാസ്യാമ്മ സി.എം.സി  സഭയുടെ പ്രതിനിധിയാണ്. മദര്‍ തെരേസ മിഷനറീസ് ഓഫ് ചാരിറ്റിസഭയിലെ അംഗമാണ്.
വിശുദ്ധരാക്കണമെങ്കില്‍ ജീവിച്ചിരുന്നപ്പോള്‍ രണ്ടും മരണശേഷം രണ്ടും അദ്ഭുതങ്ങള്‍ ചെയ്തിരിക്കണമെന്നാണ് നിയമം. ഇവരൊന്നും ഒരദ്ഭുതവും ചെയ്തിട്ടില്ല. മറിയം ത്രേസ്യയുടെ മരണാനന്തരം അവരുടെ പേരില്‍ അദ്ഭുതപ്രവൃത്തികള്‍ അടിച്ചേല്‍പിക്കുകയാണുണ്ടായത്. നിരന്തരമായി അദ്ഭുതങ്ങള്‍ ചെയ്ത് ശക്തി കുറഞ്ഞതിനാല്‍ പഴയ വിശുദ്ധര്‍ക്കുപകരം പുതിയ വിശുദ്ധരെ കണ്ടെത്തണം. കത്തോലിക്കാസഭയില്‍ ഓരോ വര്‍ഷവും നൂറുകണക്കിനു വിശുദ്ധരെ സൃഷ്ടിക്കുന്നുണ്ട്.
മറിയക്കുട്ടി കൊലക്കേസിലെ പ്രതിയായിരുന്ന ഫാദര്‍ ബനഡിക്ടിനെ കത്തോലിക്കാസഭ വിശുദ്ധനാക്കാന്‍ പോവുകയാണ്. സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരെയും കത്തോലിക്കാസഭ ഭാവിയില്‍ വിശുദ്ധരാക്കുമെന്നുറപ്പാണ്.
ജീവിതകാലത്ത് സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്തത് മദര്‍ തെരേസ മാത്രമാണ്. അവര്‍ അദ്ഭുതങ്ങളൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. അവരെയും വിശുദ്ധയാക്കാനുള്ള നടപടികള്‍ നടന്നുവരുകയാണ്. ഇവരെക്കാള്‍ മുമ്പ് വിശുദ്ധയാക്കേണ്ടത് സിസ്റ്റര്‍ അഭയയെയാണ്! കൊല്ലപ്പെട്ട് 18 വര്‍ഷത്തിനുശേഷം കൊലയാളികളെ കണ്ടെത്താന്‍ കഴിഞ്ഞത് അദ്ഭുതംതന്നെയാണ്.
പള്ളിസ്വത്തുക്കള്‍
പഴയകാലങ്ങളില്‍ പള്ളിസെമിത്തേരികളില്‍ ധര്‍മ,10 രൂപ, 25രൂപ, 50 രൂപ, 100 രൂപ എന്നിങ്ങനെ കുഴികളുടെ വിലനിലവാരം എഴുതിവെച്ചിരുന്നു. ഏറ്റവും പാവപ്പെട്ടവരുടെ ശവം ധര്‍മക്കുഴിയില്‍; പിന്നെ സാമ്പത്തികനിലയനുസരിച്ച് മറ്റുള്ളവരുടേത് വിവിധ ഉയര്‍ന്ന നിരക്കിലുള്ള കുഴികളില്‍. പില്‍ക്കാലത്ത് ഒരു വിഭാഗം യുവവിശ്വാസികളുടെ എതിര്‍പ്പിന്‍െറ ഫലമായി ഇത്തരം വിലനിലവാര ബോര്‍ഡുകള്‍ നീക്കംചെയ്തു (പള്ളിക്കര്‍മങ്ങള്‍ക്കുള്ള വിലനിലവാര ബോര്‍ഡുകള്‍ ഇപ്പോഴും നിലവിലുണ്ട്). പാവങ്ങളുടെ ശവമടക്കിന് മരക്കുരിശ്, പണക്കാര്‍ക്ക് പണത്തിനനുസരിച്ച് വെള്ളിക്കുരിശ്, പൊന്‍കുരിശ്, രണ്ടു വെള്ളിക്കുരിശും ഒരു പൊന്‍കുരിശും, മൂന്നു പൊന്‍കുരിശ് എന്നിങ്ങനെ. പാവങ്ങള്‍ക്ക് ഒരു അച്ചന്‍ മാത്രം, പണക്കാര്‍ക്ക് മൂന്നു അച്ചന്‍, വികാരി ജനറാള്‍, മെത്രാന്‍. ഇതിനൊക്കെ പ്രത്യേകം പ്രത്യേകം കാശ്. പോരാത്തതിന് ഇപ്പോള്‍ കുടുംബക്കല്ലറ സംവിധാനവുമുണ്ട്. കുടുംബക്കല്ലറക്കു പതിനായിരത്തില്‍തുടങ്ങി ഇപ്പോള്‍ പത്തുലക്ഷം രൂപവരെയായി.
കുഴിവെട്ടാന്‍ കാശ്, കല്ലറ തുറക്കാന്‍ കാശ്, കല്ലറ മൂടാന്‍ കാശ്, മണിയടിക്കാന്‍ കാശ്, മെഴുകുതിരിക്ക് കാശ്, മെഴുകുതിരിക്കാലിന് കാശ്, കുരിശിന് കാശ്, ശവവണ്ടിക്ക് കാശ്, അത് തള്ളാന്‍ കാശ്, മാമ്മോദീസക്ക് കാശ്, സ്ഥൈര്യലേപനത്തിന് കാശ്, ആദ്യകുര്‍ബാന, ഒടുവിലത്തെ ഒപ്രുശുമ ഇവക്കെല്ലാം കാശ്. പിന്നെ വിവാഹത്തിന് കാശ്, വിവാഹത്തിന് തിരിതെളിക്കാന്‍ കാശ്, ലൈറ്റിടാന്‍ കാശ്, ഫോട്ടോയും വീഡിയോയും എടുക്കാന്‍ കാശ്. പത്തു വിവാഹം ഒരുമിച്ചാണെങ്കിലും പത്തു കൂട്ടരും വേറെ വേറെ കൊടുക്കണം.
ഈ പിരിവുകളില്‍നിന്ന് ഒരു പൈസപോലും ഇടവകക്കാര്‍ക്കുവേണ്ടി ചെലവുചെയ്യുന്നില്ല. ഈ പിരിവുകള്‍ എന്തുചെയ്യുന്നുവെന്ന് ചോദിക്കാന്‍ ഇടവകക്കാര്‍ക്ക് അവകാശമില്ല. ചോദിച്ചവന്‍ ധിക്കാരി. കമ്മിറ്റിക്കാര്‍ക്കുപോലും അറിയാന്‍ അവകാശമില്ല. ഏതെങ്കിലും കമ്മിറ്റിക്കാരന്‍ അറിയാന്‍ ശ്രമിച്ചാല്‍ അവന്‍െറ വഴി കമ്മിറ്റിയില്‍നിന്ന് പുറത്തേക്ക്. ഇപ്പോള്‍ ഇടവകപ്പള്ളിയുടെ സ്വത്ത് ഇടവകക്കാരുടേതല്ല; പണ്ട് അങ്ങനെയായിരുന്നു. അക്കാലത്ത് പള്ളിയോഗങ്ങളായിരുന്നു പള്ളിസ്വത്തുക്കള്‍ ജനാധിപത്യപരമായി ഭരിച്ചിരുന്നത്. മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും ആധ്യാത്മികാധികാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പള്ളിസ്വത്തുക്കളുടെ ഭരണാവകാശം ഇല്ലായിരുന്നു. ഇന്ന് ഇടവകക്കാരുടെ സ്വത്തെല്ലാം മെത്രാന്‍േറതാക്കിയിരിക്കുന്നു. ‘‘പള്ളിസ്വത്തിന്‍െറ ഭരണാവകാശം ഇടവകക്കാര്‍ക്ക്’’ എന്ന തത്ത്വത്തിന്‍െറ അടിസ്ഥാനത്തില്‍ നിയമനിര്‍മാണം നടത്തുന്നതിന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്കരണക്കമീഷന്‍ സര്‍ക്കാറിലേക്ക് ശിപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. ഒരു കാരണവശാലും ഈ നിയമം പാസാക്കാന്‍ അനുവദിക്കില്ളെന്നാണ് മെത്രാന്മാരുടെയും ചില പുരോഹിതന്മാരുടെയും നിലപാട്. പള്ളിസ്വത്തിന്‍െറ ഭരണാവകാശം അതിന്‍െറ യഥാര്‍ഥ അവകാശികളായ വിശ്വാസികളെ ഏല്‍പിക്കുന്നത് സഭക്ക് ദോഷകരമാകുമെന്നാണ് മെത്രാന്മാരും അവരുടെ ‘കൈമുത്തികളും’ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഇതു ദോഷകരമാകുന്നത് ആരോടും കണക്കു ബോധിപ്പിക്കാതെ തങ്ങളുടെ തന്നിഷ്ടപ്രകാരം സഭാസ്വത്തുക്കള്‍ വിനിയോഗിക്കുന്ന മെത്രാന്മാര്‍ക്കും പുരോഹിതന്മാര്‍ക്കുമാണ്.
കര്‍ത്താവിനെന്തിനാ കാശ്?
കത്തോലിക്കാസഭപോലെ ശവത്തിന്‍െറപേരില്‍ കാശുണ്ടാക്കുന്ന വേറൊരു മതവും ലോകത്തിലില്ല. മാമ്മോദീസയോടൊപ്പം മരണാവശ്യങ്ങള്‍ക്കുള്ള തുകകൂടി പിരിക്കുന്നത് നന്നായിരിക്കും. ജനിച്ചാല്‍ എന്തായാലും മരിക്കണമല്ളോ. മരണാവശ്യത്തിനുള്ള കാശുകൂടി ജീവിച്ചിരിക്കുമ്പോള്‍ വാങ്ങിയാല്‍ മരണശേഷമുള്ള ക്രിയകള്‍ക്ക് പണത്തിനായി പരക്കംപായേണ്ടതില്ലല്ളോ. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവര്‍പോലും അഭിമാനത്തിന്‍െറ പേരില്‍ ഈ വക കര്‍മങ്ങള്‍ ചെയ്യും; ചെയ്തേപറ്റൂ. ഒടുവില്‍, കടത്തിന്മേല്‍ കടമായി കടംവീട്ടാന്‍ ചതി, വഞ്ചന, കളവ്, കള്ളവാറ്റ്, കള്ളക്കടത്ത്, കഞ്ചാവുവില്‍പന, വ്യഭിചാരം മുതലായവക്ക് തുനിഞ്ഞിറങ്ങുന്നു. ഇങ്ങനെയാണ് സമൂഹത്തില്‍ ക്രിമിനലുകള്‍ ഉണ്ടാകുന്നത്. ചികിത്സിച്ച് മുടിഞ്ഞും ചികിത്സിക്കാന്‍ കഴിയാതെയുമാണ് മിക്കവാറും പാവങ്ങളുടെ മരണം. ശവമടക്കിന് അച്ചന്‍ വരണോ കര്‍മാദികള്‍ ചെയ്യണോ, വേണ്ട തുക അടച്ചേ പറ്റൂ. ഇല്ളെങ്കില്‍ അച്ചനില്ലാതെ ശവമെടുക്കേണ്ടിവരും. മരിച്ചയാള്‍ ഒരുപക്ഷേ, നല്ലകാലത്ത് പള്ളിപ്പണിക്കായി വന്‍തുക കൊടുത്തിരിക്കാം. എന്നാല്‍, ഇന്ന് ദരിദ്രനാണ്. പക്ഷേ, ഇതൊന്നും കത്തോലിക്കാസഭക്കുമുന്നില്‍ വിലപ്പോവില്ല. ഇതൊക്കെക്കൊണ്ടാണ് പെന്തക്കോസ്ത് സഭയിലേക്കും മറ്റു സഭയിലേക്കും കത്തോലിക്കാ സഭാംഗങ്ങളുടെ വന്‍തോതിലുള്ള കുത്തൊഴുക്കു സംഭവിക്കുന്നത്.
അപ്പനപ്പൂപ്പന്മാര്‍ അവര്‍ ചോര നീരാക്കി ഉണ്ടാക്കിയ കാശ് പള്ളിക്കു സംഭാവനകൊടുത്തത് അവരുടെ ശുദ്ധഗതികൊണ്ടാണ്. പള്ളി അവരേല്‍പിക്കുന്ന പണം സമൂഹത്തിന്‍െറ നന്മക്കുവേണ്ടി വിനിയോഗിക്കുമെന്ന് അവര്‍ വ്യാമോഹിച്ചു. വിശ്വാസികളെ, നിങ്ങള്‍ ഒരൊറ്റ ചില്ലിക്കാശുപോലും പള്ളികള്‍ക്കു നേര്‍ച്ചയായോ സംഭാവനയായോ കൊടുക്കരുത്. കര്‍ത്താവിനെന്തിനാ കാശ്? പള്ളി നിര്‍ധനരെ സഹായിക്കും എന്ന പ്രതീക്ഷയിലാണ് രണ്ടായിരം വര്‍ഷങ്ങളായി വിശ്വാസികള്‍ നേര്‍ച്ചയിട്ടുപോരുന്നത്. അതൊക്കെ അതതു കാലത്ത് പള്ളി ദരിദ്രര്‍ക്കുവേണ്ടി ചെലവഴിച്ചിരുന്നെങ്കില്‍ സഭയില്‍ ഇത്ര ഭീമമായ സമ്പത്ത് വന്നു കുമിഞ്ഞുകൂടില്ലായിരുന്നു. സമ്പത്തിന്‍െറ കാര്യത്തില്‍ ലോകത്തു മറ്റൊരു മതവും കത്തോലിക്കാസഭയുടെ അഞ്ചയല്‍പക്കത്തുപോലും വരില്ല.
മാമോനെ പൂജിക്കുന്ന സഭാധികാരം
യേശുക്രിസ്തു ഒരു പുരോഹിതനായിരുന്നില്ല. പൗരോഹിത്യത്തെ അവിടന്ന് അങ്ങേയറ്റം വെറുത്തു. കപടനാട്യക്കാര്‍, കപടഭക്തര്‍, സര്‍പ്പങ്ങള്‍, അണലിസന്തതികള്‍, വെള്ളപൂശിയ ശവക്കല്ലറകള്‍, അന്ധരായ വഴികാട്ടികള്‍ എന്നെല്ലാമുള്ള വിശേഷണങ്ങളാണ് അവര്‍ക്കു ചാര്‍ത്തിക്കൊടുത്തത്. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും എതിരെ അതേ വാക്കുകള്‍തന്നെ അവിടന്ന് ഉപയോഗിക്കുമായിരുന്നു. ക്രിസ്തു ഒരു സമഗ്രവിമോചകനായിരുന്നു. ദരിദ്രരോട് ദൈവരാജ്യത്തിന്‍െറ സുവിശേഷം പ്രഘോഷിക്കാന്‍, ബന്ധിതര്‍ക്കു മോചനം നല്‍കാന്‍, മര്‍ദിതര്‍ക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍വേണ്ടിയാണ് അവിടന്ന് തച്ചന്‍െറ മകനായി പുല്‍ത്തൊട്ടിയില്‍ ജനിച്ച് പാവങ്ങളോടൊത്തു ജീവിച്ച്  കാല്‍വരിയില്‍ കുരിശുമരണം വരിച്ചത്. സത്യവും സ്നേഹവും നീതിയും പുലര്‍ന്നിരുന്ന യേശുവിന്‍െറ ദൈവരാജ്യം എന്ന സ്വപ്നം അപ്പോസ്തല കാലത്ത് സാക്ഷാത്കരിക്കപ്പെട്ടുവെങ്കിലും ആ മാതൃകാസമൂഹം പെട്ടെന്നുതന്നെ അസ്തമിച്ചു. രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ചക്രവര്‍ത്തിമാരും രാജാക്കന്മാരും ക്രിസ്തുമതത്തെ ആശ്ളേഷിച്ചപ്പോള്‍ സഭാധികാരികള്‍ ഭൗതികനേട്ടങ്ങള്‍ക്കുവേണ്ടി ക്രിസ്തുവിനെ മറന്ന് മാമോനെ പൂജിക്കാന്‍ തുടങ്ങി. സ്വാര്‍ഥപൂര്‍ത്തിക്കായി അവര്‍ വര്‍ഗരഹിതസമൂഹമായ ക്രിസ്തുവിന്‍െറ സഭയെ വൈദികരെന്നും അവൈദികരെന്നും രണ്ടു വര്‍ഗമായി തിരിച്ചു. ക്രിസ്തു മര്‍ദിതരുടെ പക്ഷംചേര്‍ന്നെങ്കില്‍ പുരോഹിതശ്രേണി മര്‍ദകരുടെ പക്ഷത്തേക്കു കൂറുമാറി. അന്നുമുതല്‍ ഇന്നുവരേക്കും പള്ളിയധികാരികള്‍ ഏകാധിപതികളെയും ജനമര്‍ദകരെയും മാത്രമേ പിന്തുണച്ചിട്ടുള്ളൂ.
‘‘നിങ്ങള്‍ ക്രിസ്തുവിന്‍െറ ശരീരമാകുന്നു. ഓരോരുത്തരും അവയവങ്ങളും’’ (1 കൊറി 12:27). ക്രിസ്തുവിന്‍െറ ഈ ഭൗതികശരീരത്തെ പള്ളിപ്പിതാക്കന്മാര്‍ ഇന്ന് എത്രമാത്രം വികലമാക്കിയിരിക്കുന്നു. കത്തോലിക്കാസഭയുള്‍പ്പെടെ മിക്ക സഭകളിലും ഇന്നുകാണുന്ന മെത്രാന്‍, പുരോഹിതന്‍, അല്‍മേനി എന്ന വര്‍ഗപരവും അധികാരപരവുമായ വിഭജനം ക്രിസ്തുദര്‍ശനത്തിലില്ളെന്നു മാത്രമല്ല അത് ക്രൈസ്തവവിരുദ്ധവുമാണ്. ആദിമസഭയില്‍ ക്രിസ്ത്യാനികളെല്ലാം തുല്യരായിരുന്നു. വിവിധ ജോലികള്‍ ചെയ്തിരുന്നെങ്കിലും ഒരുവിഭാഗം മറ്റൊരു വിഭാഗത്തെക്കാള്‍ സാമൂഹികമോ അധികാരപരമോ ആയി ഒൗന്നത്യമുള്ളവരായിരുന്നില്ല. എന്നാല്‍, ഇന്ന് മാര്‍പാപ്പയും മെത്രാനും അച്ചനും അല്‍മേനിയും തമ്മിലുള്ള ഉച്ചനീചത്വം ടാറ്റയും ടാറ്റാകമ്പനിയിലെ തൊഴിലാളികളും തമ്മിലുള്ളതിനെക്കാള്‍ എത്രയോ അധികമാണ്. യേശുവിന്‍െറ ഉപമയിലെ ധനവാനെപ്പോലെ സുഖസമൃദ്ധിയിലാണ് മാര്‍പാപ്പയും മെത്രാന്മാരും പുരോഹിതരും ജീവിച്ചുകൊണ്ടിരിക്കുന്നത്. ഭരിക്കണം, ഭരിക്കണം എന്ന ഏകചിന്തയാണ് അവരെ ഭരിക്കുന്നത്. പള്ളി, പള്ളിക്കൂടം, കോളജ്, ആശുപത്രി തുടങ്ങിയവയൊക്കെ നിയന്ത്രിക്കാനുള്ള കഴിവ് ദൈവം ളോഹയിട്ടവര്‍ക്കു മാത്രമേ നല്‍കിയിട്ടുള്ളൂ!
ലോകമെമ്പാടുമുള്ള കള്ളപ്പണക്കാരുടെ വത്തിക്കാനായ സ്വിറ്റ്സര്‍ലന്‍ഡിലെ സ്വിസ് ബാങ്കില്‍ ഏറ്റവുമധികം നിക്ഷേപമുള്ളത് ആര്‍ക്കാണെന്നോ? പരിശുദ്ധ കത്തോലിക്കാസഭക്ക്. അന്താരാഷ്ട്ര കുറ്റവാളിസംഘടനയായ ഇറ്റാലിയന്‍ മാഫിയക്കു രണ്ടാംസ്ഥാനം മാത്രം. ഈ പണമെല്ലാം സഭക്ക് എവിടെനിന്നു കിട്ടി? രണ്ടായിരം വര്‍ഷങ്ങളായി വിശ്വാസികള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവനയിനത്തിലും നേര്‍ച്ചപ്പണമിനത്തിലും സഭയെ ഏല്‍പിച്ചതാണ്.
കണക്കിലെ കള്ളക്കളി
മൂന്നുതരം കണക്കുകളാണ് പള്ളികളിലുള്ളത്. സര്‍ക്കാറിനും അതിരൂപതക്കും വെവ്വേറെ കണക്കുകളാണ് സമര്‍പ്പിക്കുന്നത്. യഥാര്‍ഥ കണക്ക് പള്ളിയിലും! കള്ളക്കണക്കെഴുതാനുള്ള പരിശീലനം ഇടവകതലത്തില്‍തന്നെ വിശ്വാസികള്‍ക്ക് നല്‍കുന്നുണ്ട്. സര്‍ക്കാറിനു നികുതി കൊടുക്കാതിരിക്കാനും രൂപതക്കു വിഹിതം കൊടുക്കാതിരിക്കാനുമാണ് ഈ കള്ളക്കണക്കുകള്‍ സമര്‍പ്പിക്കുന്നത്. വികാരിയച്ചന്മാര്‍ക്കു കിട്ടുന്ന വരുമാനത്തിനു ഒരു കണക്കുമില്ല. ബിഷപ്പുമാര്‍ക്ക് ലഭിക്കുന്ന പണത്തിന് കൈയും കണക്കുമില്ല. കൊച്ചി ആര്‍ച്ച് ബിഷപ് ജോണ്‍ തട്ടുങ്കല്‍ അടുത്തകാലത്ത് ഒരു യുവതിയെ അരമനയില്‍ താമസിപ്പിച്ച് കാട്ടിക്കൂട്ടിയ കോപ്രായങ്ങളെല്ലാം നമ്മള്‍ കണ്ടവരാണ്. അരമനയുടേതായി ബാങ്കുകളിലുണ്ടായിരുന്ന കോടിക്കണക്കിനു രൂപ മുഴുവനും അദ്ദേഹം സ്വന്തമാക്കി. ദശലക്ഷക്കണക്കിനു രൂപ, വഴിപിഴച്ച ആ യുവതിക്കും പാരിതോഷികമായി കൊടുത്തു. അദ്ദേഹം നാടുവിട്ടു. പാവപ്പെട്ട വിശ്വാസികളുടെ നേര്‍ച്ചയും കാഴ്ചകളും വഴിപാടുകളുമാണിപ്രകാരം കൊള്ളയടിച്ചത്. സിസ്റ്റര്‍ അഭയക്കേസിലെ പ്രതികളെ രക്ഷപ്പെടുത്താനും ഹൈകോടതിയിലും സുപ്രീംകോടതിയിലും കേസുകള്‍ നടത്താനും കഴിഞ്ഞ 17 വര്‍ഷത്തിനിടെ കോടിക്കണക്കിനു രൂപ വാരിക്കോരി ചെലവഴിച്ചു. വിശ്വാസികളുടെ പണമാണിവര്‍ ധൂര്‍ത്തടിച്ചത്. ഇനിയും കേസുകള്‍ നടത്താന്‍ കോടികള്‍ ചെലവഴിക്കേണ്ടിവരും. ആരും ചോദിക്കാനില്ല.
സര്‍ക്കാറിനെതിരെ കേസ് നടത്താന്‍ ക്രൈസ്തവസ്വാശ്രയകോളജ് മാനേജര്‍മാര്‍ ഹൈകോടതിയിലും സുപ്രീംകോടതിയിലും കോടിക്കണക്കിനു രൂപ ചെലവഴിച്ചു. നിരവധി കേസുകള്‍ ഇപ്പോഴും നിലവിലുണ്ട്. യാക്കോബായ സഭയിലെ മെത്രാന്‍-ബാവ കക്ഷിവഴക്കുകള്‍ തുടങ്ങിയിട്ട് നൂറു വര്‍ഷത്തിലേറെയായി. ഹൈകോടതിയിലും സുപ്രീംകോടതിയിലും നൂറുകണക്കിനു കേസുകളുണ്ട്. നൂറുകണക്കിനു കോടി രൂപ കേസുകള്‍ നടത്തുന്നതിനുവേണ്ടി സഭകള്‍ ചെലവഴിച്ചുകൊണ്ടിരിക്കുകയാണ്. വിശ്വാസികളുടെ പണമാണിവര്‍ കണക്കില്ലാതെ ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ കേസുകളില്‍ ആര്‍ ജയിച്ചു? ആര്‍ തോറ്റു? ആര്‍ക്കും അറിയില്ല! ലോകാവസാനംവരെ ഈ കേസുകള്‍ തുടരും. സഭയുടെ സ്വത്തുക്കള്‍ മുഴുവനും മെത്രാന്മാരും വൈദികരും അനധികൃതമായി കൈകാര്യം ചെയ്യുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍തന്നെ പുതിയ നിയമനിര്‍മാണം നടത്തണം. ആധ്യാത്മികകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാതിരുന്നാല്‍ മതി. വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്കരണ കമീഷന്‍ സര്‍ക്കാറിലേക്കു സമര്‍പ്പിച്ച ശിപാര്‍ശകള്‍ അംഗീകരിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്തി പുതിയ നിയമം ഉണ്ടാക്കണം. ‘‘പള്ളിസ്വത്തിന്‍െറ ഭരണാവകാശം ഇടവകക്കാര്‍ക്ക്’’ എന്ന് തത്ത്വത്തില്‍ അംഗീകരിച്ച് ജനാധിപത്യ ഭരണസംവിധാനം നടപ്പാക്കണം.
ഒരു വിശ്വാസിയുടെ വരുമാനത്തിന്‍െറ സിംഹഭാഗവും വിവിധ പേരുകളില്‍ സഭാധികാരികള്‍ തട്ടിയെടുക്കുകയാണ്. ജനനംമുതല്‍ മരണംവരെയും മരണാനന്തരവും വിശ്വാസികളെ ഇവര്‍ വേട്ടയാടിക്കൊണ്ടിരിക്കും. കാശില്ലാതെ ഒരു കാര്യവും പള്ളിയില്‍നിന്ന് സാധിച്ചുകിട്ടുകയില്ല. തൊട്ടതിനൊക്കെ നിര്‍ബന്ധപിരിവാണ്. പള്ളിപ്പണിക്ക് ലക്ഷക്കണക്കിനു രൂപ സംഭാവന നല്‍കിയ സത്യവിശ്വാസിയാണെങ്കിലും അവസാനം ദരിദ്രനായി മരിക്കേണ്ടിവന്നാല്‍ ‘ധര്‍മക്കുഴി’ മാത്രമേ കിട്ടുകയുള്ളൂ. പള്ളിയില്‍നിന്നും പത്തുപൈസയുടെ സൗജന്യം ലഭിക്കുകയില്ല.
ഓരോ പള്ളിക്കും കോടിക്കണക്കിനു രൂപയുടെ സ്ഥാവരജംഗമ സ്വത്തുക്കളുണ്ട്. സമ്പത്തും സ്ഥാനമാനങ്ങളും നിലനിര്‍ത്താനുള്ള നെട്ടോട്ടമാണ് സഭാധികാരികള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വിശ്വാസികള്‍ വെറും കാഴ്ചക്കാരായി അധഃപതിച്ചിരിക്കുകയാണ്. ഈ അതിക്രമങ്ങള്‍ക്കും അഴിമതികള്‍ക്കും അറുതിവരുത്തിയില്ളെങ്കില്‍ കേരളസഭ യൂറോപ്പിലേതുപോലെ നശിക്കുമെന്നുറപ്പാണ്.
2000 കൊല്ലത്തെ പാരമ്പര്യം അവകാശപ്പെടുന്ന കേരളസഭക്ക് അമൃത ആശുപത്രിപോലെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരാശുപത്രി തുടങ്ങാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അമൃതാനന്ദമയിദേവി കേരളത്തിനകത്തും പുറത്തും വിദേശങ്ങളിലും അമൃത ആശുപത്രിപോലെ നിരവധി ആതുരാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും സ്ഥാപിച്ച് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരക്കണക്കിനു കോടി രൂപ പാവപ്പെട്ടവര്‍ക്ക് വീടു വെക്കാനും നിര്‍ധനരായ വിദ്യാര്‍ഥികളെ പഠിപ്പിക്കാനും ചെലവഴിക്കുന്നുണ്ട്. അമൃതാനന്ദമയിദേവിക്കു ലഭിക്കുന്നതിന്‍െറ പതിന്മടങ്ങ് വിദേശ സഹായം കേരളത്തിലെ വിവിധ ക്രൈസ്തവസഭകള്‍ക്കു ലഭിക്കുന്നുണ്ട്. പാവപ്പെട്ട വിശ്വാസികളില്‍നിന്ന് നിരന്തരമായി നിര്‍ബന്ധപ്പിരിവ് നടത്തുന്നതൊഴിച്ച് ഒരു സഹായവും അവര്‍ക്ക് നല്‍കുന്നില്ല. പ്രഫ.ജോസഫ് പുലിക്കുന്നേല്‍ വിദേശസഹായത്തോടെ ‘ഓശാന’ സമ്പൂര്‍ണ ബൈബ്ള്‍ അച്ചടിച്ച് 25 രൂപക്കു വില്‍ക്കുന്നു. ‘ഓശാന’ ബൈബ്ള്‍ ഇല്ലായിരുന്നുവെങ്കില്‍ പി.ഒ.സി ബൈബ്ളിന് ഇരുനൂറിലേറെ രൂപ ഈടാക്കുമായിരുന്നു. പെന്‍ഷന്‍പറ്റിയ വേലൂരിലെ പാവപ്പെട്ട ജോണ്‍കള്ളിയത്ത് മാസ്റ്റര്‍ ഇതുവരെ 22,000 ഓശാന ബൈബ്ള്‍ പണംകൊടുത്തു വാങ്ങി പാവപ്പെട്ടവര്‍ക്ക് സൗജന്യമായി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഏതെങ്കിലും സ്ഥാപനമോ വ്യക്തിയോ ഇതുപോലെ സൗജന്യ ബൈബ്ള്‍ വിതരണം നടത്തിയിട്ടുണ്ടോ? വേലൂരില്‍ അര്‍ണോസ് പാതിരി സ്ഥാപിച്ച പുരാതന പള്ളിയും അര്‍ണോസ്ഭവനും ഇന്നത്തെപ്പോലെ നിലനില്‍ക്കുന്നത് ജോണ്‍ കള്ളിയത്തു മാസ്റ്ററുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍കൊണ്ടുമാത്രമാണ്. ഞാനും ഇക്കാര്യത്തില്‍ പരമാവധി സഹായങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട്.
കേരളസഭയുടെ വഴിപിഴച്ച പോക്കില്‍ മനംനൊന്ത് നിരവധി വിശ്വാസികള്‍ സഭവിട്ട് മറ്റു മതങ്ങളിലേക്കും സഭകളിലേക്കും മാറിക്കൊണ്ടിരിക്കുകയാണ്. സഭാധികാരികളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ വിശ്വാസികള്‍ ആരും ധൈര്യപ്പെടാറില്ല.
സത്യവിശ്വാസികള്‍ വിശ്വാസസംരക്ഷണത്തിനുവേണ്ടി സംഘടിച്ച് ഒരു പുതിയ വിമോചനസമരത്തിനു സന്നദ്ധരാകണം. അല്ളെങ്കില്‍, ഭാവിതലമുറ നമുക്കു മാപ്പുതരുകയില്ല. ഇക്കാര്യത്തില്‍ കേരളത്തിനുമാത്രമേ നേതൃത്വംകൊടുക്കാന്‍ കഴിയുകയുള്ളൂ.
(ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘സഞ്ചരിക്കുന്ന വിശ്വാസി’ എന്ന ആത്മകഥയില്‍നിന്ന്.)

2011, ഒക്ടോ 29

കൈഫി ആസ്മിയുടെ ഒരു കവിത.

‘‘തളര്‍ന്നു, എന്‍െറ പാദങ്ങള്‍
പരിത്യജിച്ചപ്പോള്‍ ഞാനറിഞ്ഞു
ഞാനല്ലാതെ എനിക്കൊരു വഴികാട്ടി ഇല്ല.
എന്‍െറ മേലെ ഭരിക്കാന്‍ ഒരു
തമ്പുരാന് പുറമേ മറ്റൊന്ന്.
എനിക്ക് മടുത്തു; ഞാന്‍ പറഞ്ഞു,
എനിക്കൊരു തമ്പുരാനുമില്ല.’’

2011, ഒക്ടോ 28

വെറുതെ ഒരു കവിത

പ്രത്യയശാസ്ത്ര കാലുഷ്യങ്ങൾക്ക്‌ ആഴംവെക്കുന്ന ഈപുതിയകാലത്ത്‌ പ്രസിദ്ധ റഷ്യൻ കവിയായ യെവ്ഗനിയവ്‌ ന്യഷങ്കോയുടെ ഈകവിത വളരെ പ്രസക്തമാണെന്നു തോന്നുന്നു.
കുട്ടികളോട്‌ നുണപറയുന്നത്‌ തെറ്റാണ്‌. നുണ സത്യമാണെന്ന്-
അവർക്ക്‌ തെളിയിച്ചുകൊടുക്കുന്നത്‌ തെറ്റാണ്‌.
ദൈവം സർഗ്ഗത്തിലുണ്ടെന്നും
ലോകത്തിൽ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്നും
അവരോട്‌ പറയുന്നത്‌ തെറ്റാണ്‌
നിങ്ങളെന്താണ്‌ ഉദ്ദേശിക്കുന്നതെന്ന്
കുട്ടികൾക്കറിയാം
കുട്ടികൾ ജനങ്ങളണ്‌
ബുദ്ധിമുട്ടുകൾ എണ്ണമറ്റവയാണെന്ന്
അവരോട്‌ പറയുക
ഭാവി എങ്ങനെ ആയിരിക്കുമെന്നു മാത്രമല്ല
വർത്തമാനകാലം എങ്ങനെയാണെന്നതും
വ്യക്ത തയോടെ അവർ കാണട്ടെ
തടസ്സങ്ങളെ നേരിടേണ്ടിവരുമെന്ന്
അവരോട്‌ പറയുക
സങ്കടങ്ങൾ സംഭവിക്കുന്നു
വൈഷമ്യങ്ങൾ സംഭവിക്കുന്നു
അതെല്ലാം പോയിതുലയട്ടെ
സന്തോഷത്തിന്റെ
വില അറിയാത്തവർക്ക്‌
സന്തോഷിക്കാനാവില്ല
നിങ്ങൾ തിരിച്ചറിയുന്ന ഒരു തെറ്റിനും
മാപ്പുകൊടുക്കാതിരിക്കുക
കാരണം അതാവർത്തിക്കും,വലുതാവും
പിന്നീട്‌ നാം മാപ്പാക്കിയ കാര്യങ്ങൾക്ക്‌
നമ്മുടെ കുട്ടികൾ നമുക്ക്‌ മാപ്പുതരില്ല







2011, ഒക്ടോ 22

ആരുടെയെങ്കിലും ദാക്ഷിണ്യത്തില്‍ അല്ല എന്റെ ജീവിതം


ആരുടെയെങ്കിലും ദാക്ഷിണ്യത്തില്‍ അല്ല എന്റെ ജീവിതം
ജോണ്‍ ബ്രിട്ടാസ്
എസ്.എഫ്.ഐയിലൂടെ രംഗത്തുവന്ന ഒരാള്‍. അറിയപ്പെടുന്ന ഇടതുപക്ഷ മാധ്യമ പ്രവര്‍ത്തകന്‍. ഇപ്പോള്‍ മാധ്യമങ്ങളില്‍ ബ്രിട്ടാസ് വീണ്ടും വിചാരണ ചെയ്യപ്പെടുന്ന സാഹചര്യം. എന്തു തോന്നുന്നു?
പഠിക്കുമ്പോള്‍ എസ്.എഫ്.ഐയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ, നേതൃപദവികളിലൊന്നും ഞാന്‍ ഉണ്ടായിരുന്നില്ല. കോഴിക്കോട് സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ ഭാരവാഹിയായിരുന്നു. എസ്.എഫ്‌ഐയുടെ ജില്ലാ, പ്രാദേശിക കമ്മിറ്റികളിലൊന്നും ഒരിക്കലും ഞാന്‍ ഉണ്ടായിട്ടില്ല.
പഠന രംഗത്തെ മികവിലൂടെയാണ് എനിക്ക് അവസരങ്ങള്‍ ലഭിച്ചത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബി.എയും എം.എയും ഒന്നാം റാങ്കോടെയാണ് പാസായത്. പിന്നീട്, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍നിന്ന് എം.ഫിലിനു പുറമെ നാലു വര്‍ഷത്തോളം മാധ്യമമേഖലയില്‍ ഗവേഷണവും പൂര്‍ത്തീകരിച്ചു. പതിനാറുകൊല്ലം ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകനായി ജോലിചെയ്തു. ബാബരി മസ്ജിദ് ധ്വംസനവും ഗുജറാത്ത് കലാപവും ഉള്‍പ്പെടെ 1988 മുതല്‍ ദേശീയ രാഷ്ട്രീയത്തെ ഇളക്കി മറിച്ച മിക്ക സംഭവങ്ങളും നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞു. സംഘര്‍ഷ കാലത്ത് ഇറാഖ് സന്ദര്‍ശിച്ചും റിപ്പോര്‍ട്ട് നല്‍കി.

ദേശാഭിമാനിയുടെ സാധാരണ ദല്‍ഹി റിപ്പോര്‍ട്ടര്‍ പദവിയില്‍നിന്ന് പിന്നീട് കൈരളി ചാനലിന്റെ തലപ്പത്തേക്ക്?
കൈരളി ചാനലിന്റെ തുടക്കത്തില്‍തന്നെ എന്റെ വിയര്‍പ്പുണ്ട്. ചാനലിന്റെ അനുമതി രേഖകള്‍ ശരിപ്പെടുത്താന്‍ ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങിയതിനു കണക്കില്ല. പ്രതികൂല രാഷ്ട്രീയ കാലാവസ്ഥ നിലനില്‍ക്കുമ്പോഴാണ് ചാനലിന്റെ ലൈസന്‍സിനു ശ്രമിക്കുന്നത്. സി.പി.എം നിയന്ത്രണത്തിലുള്ള ഒരു ചാനലിന് അനുമതി നല്‍കുന്നത് മുടക്കാന്‍ കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാറിനുമേല്‍ അന്ന് ബി.ജെ.പി ഉള്‍പ്പെടെ പല ഭാഗത്തുനിന്നും ശക്തമായ സമ്മര്‍ദം ഉണ്ടായിരുന്നു. അരുണ്‍ ജയ്റ്റ്‌ലിയായിരുന്നു അന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി . അദ്ദേഹത്തെ സമീപിച്ച് രേഖകള്‍ ശരിപ്പെടുത്താന്‍ വലിയ അധ്വാനംതന്നെ വേണ്ടിവന്നു. ചാനലിന്റെ തുടക്കത്തില്‍ ദല്‍ഹി ബ്യൂറോ കെട്ടിപ്പടുക്കാനും തലസ്ഥാന നഗരിയില്‍ അതിന്റെ സ്വാധീനം വിപുലീകരിക്കാനും പരമാവധി യത്‌നിച്ചു.

ഒടുവില്‍ അപ്രതീക്ഷിതമെന്നോണമായിരുന്നോ കൈരളി ചാനലിന്റെ മാനേജിങ് ഡയറക്ടര്‍ പദവിയിലേക്കുള്ള നിയമനം?
2003ല്‍ ആണ് എന്നെ കൈരളി ചാനല്‍ എം.ഡിയാക്കുന്നത്. ചാനലിന്റെ അവസ്ഥ അന്ന് ഒട്ടും ശുഭകരമായിരുന്നില്ല. ശമ്പളം കൊടുക്കാന്‍തന്നെ ഞെരുങ്ങുന്ന സ്ഥിതി. കുമിഞ്ഞുകൂടിയ കടംകൊണ്ട് വലയുന്ന ഒരു ചാനല്‍. പക്ഷേ, ചുമതല ഏറ്റെടുത്ത് ഒറ്റവര്‍ഷംകൊണ്ട് സ്ഥിതിഗതികളില്‍ വലിയ മാറ്റം വരുത്താനായി. രണ്ടാമത്തെ വര്‍ഷംതന്നെ കമ്പനിക്ക് അറ്റാദായം നേടാനായി. അധികം വൈകാതെ കമേഴ്‌സ്യലി വയബ്ള്‍ ആകുന്ന അവസ്ഥ കൈവന്നു. അതായത് വരവുചെലവുകള്‍ ഒത്തുപോകുന്ന സാഹചര്യം.
തിരുവനന്തപുരം നഗര ഹൃദയത്തിലെ 80 സെന്റ് സ്ഥലത്ത് ബഹുനില കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചു.ബാങ്ക് വായ്പയിലൂടെയും മറ്റും ഇതിനുള്ള തുക കണ്ടെത്താന്‍ കഴിയുമെന്നും കണക്കുകൂട്ടി. വാടക കെട്ടിടത്തിനുപകരം സ്വന്തം കെട്ടിടം. ഇതിനുപുറമെ ഏതാനും നിലകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് പുറത്തുകൊടുക്കാന്‍ കഴിയുക. വെറും ഭ്രാന്താണിതെന്ന് തുടക്കത്തില്‍ വിശേഷിപ്പിച്ചവരുണ്ട്. പക്ഷേ, കുമിഞ്ഞു കൂടിയ നഷ്ടത്തിന്റെ (accumulated loss) അവസ്ഥയില്‍നിന്ന് ഓരോ വര്‍ഷവും ലാഭം ഉയരുന്ന സ്ഥിതിയിലേക്ക് കൈരളിയെ കൊണ്ടുവരാന്‍ എനിക്കായി.
അധിക ബാധ്യതയൊന്നും കൂടാതെ 'പീപ്പ്ള്‍', 'വി' ചാനലുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. രണ്ടു വര്‍ഷംകൊണ്ടാണ് കൈരളി ടവര്‍ യാഥാര്‍ഥ്യമായത്. 75,000 ചതുരശ്ര അടിയിലുള്ള ഈ സമുച്ചയം നിര്‍മിക്കാന്‍ ചെലവ് 12 കോടി. ആറു കോടി ധനലക്ഷ്മി ബാങ്കില്‍നിന്ന് വായ്പയെടുത്തു. ആഭ്യന്തര വരുമാന വിഹിതത്തില്‍നിന്ന് ആറു കോടിയും നീക്കിവെച്ചു. പണി പൂര്‍ത്തിയായതോടെ ടവറിന്റെ മൂല്യം 75 കോടിയെങ്കിലും വിലമതിക്കും. വാണിജ്യ ആവശ്യങ്ങള്‍ക്ക് നല്‍കുന്ന നിലകളിലൂടെ മാത്രം ടവറിന്റെ ചെലവ് തിരിച്ചുപിടിക്കാം.

നഷ്ടത്തില്‍നിന്ന് കൈരളിയെ ലാഭത്തില്‍ എത്തിക്കുക. ഇത്ര മാത്രമായിരുന്നോ ബ്രിട്ടാസിന്റെ മനസ്സില്‍?
തുടക്കം മുതല്‍ക്കേ ഡയറക്ടര്‍ ബോര്‍ഡിനുമുമ്പാകെ ഒരു കാര്യം ഞാന്‍ വ്യക്തമാക്കിയതാണ്. 'കുമിഞ്ഞു കൂടിയ നഷ്ട'ത്തിന്റെ അവസ്ഥ മറികടന്നാല്‍ എന്നെ പോകാന്‍ അനുവദിക്കണം. കഴിഞ്ഞവര്‍ഷത്തോടെ നഷ്ടം തീര്‍ത്തും മാറി. ലാഭകരമായി നടക്കുന്ന ഒരു കമ്പനിയായി മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് മാറി. ഇന്ത്യയിലെ പല പ്രമുഖ ചാനല്‍ കമ്പനികളും നഷ്ടത്തിലാണ്. അങ്ങനെയിരിക്കെയാണ്, 35 ശതമാനം വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ കൈരളിക്കു കഴിഞ്ഞത്. പോയവര്‍ഷം വളര്‍ച്ച 40 ശതമാനത്തിലെത്തി.
അഞ്ചു വര്‍ഷത്തേക്കായിരുന്നു എന്റെ ചുമതല. കുറച്ചു കാലംകൂടി തുടരണമെന്ന് ഡയറക്ടര്‍ ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞവര്‍ഷം അവസാനത്തോടെ എന്തായാലും പിരിയണം എന്ന് ഞാന്‍ തീരുമാനിച്ചതാണ്. പക്ഷേ, അധികം കഴിയും മുമ്പേ ഇലക്ഷന്‍ പ്രഖ്യാപനം വന്നു. നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ വന്നുനില്‍ക്കെ, കൈരളി ചാനലിന്റെ എം.ഡി പദവിയില്‍നിന്ന് ഞാന്‍ ഒഴിവാകുന്നത് തെറ്റായ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് തോന്നി.
ഒടുവില്‍ ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ എന്നെ പിന്തുണച്ച എല്ലാവരുടെയും അനുമതി വാങ്ങി അവരുടെയൊക്കെ ആശീര്‍വാദത്തോടെതന്നെയാണ് ഞാന്‍ കൈരളിയോട് വിടപറഞ്ഞത്. തികച്ചും മാന്യമായ ഒരു വിടവാങ്ങല്‍.

എന്നിട്ടും വിടവാങ്ങല്‍ വിവാദമായിരിക്കുന്നു. എന്തായിരിക്കാം കാരണം?
കൈരളി എല്ലാ നിലക്കും മാന്യമായാണ് എന്നോട് പെരുമാറിയത്. നിറപ്പകിട്ടാര്‍ന്ന യാത്രയയപ്പു ചടങ്ങുതന്നെ അവര്‍ എനിക്കുവേണ്ടി ഒരുക്കി. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ചടങ്ങിനെത്തി.സൗഹര്‍ദപരമായും ആരോഗ്യപരമായും ഉള്ള ഒരു വിടവാങ്ങലായിരുന്നു അത്. ഒരാള്‍ക്കും ഒരു തെറ്റിദ്ധാരണയുമില്ലാത്തവിധം ഹൃദ്യമായ ഒന്ന്.
ജോലിചെയ്യുന്ന സ്ഥാപനം വിടുമ്പോള്‍ ഒരാള്‍ തെറ്റിവേണം അവിടെനിന്ന് പിരിയാന്‍ എന്നൊന്നുമില്ല. ആരെയും വിഷമിപ്പിക്കാതെ വേണമായിരുന്നു പിരിയല്‍. അതല്ലായിരുന്നേല്‍ രണ്ടു വരി രാജിക്കത്തുനല്‍കി ഇറങ്ങി പോന്നാല്‍ മതിയായിരുന്നല്ലോ. എനിക്കൊരു പകരക്കാരനെ കണ്ടെത്താന്‍ സാവകാശം നല്‍കിയും മുന്‍കൂട്ടി അറിയിച്ചും തന്നെയാണ് കൈരളി വിട്ടത്.
ആരോഗ്യകരമായ ഒരു തൊഴില്‍ സംസ്‌കാരംപോലും കേരളത്തില്‍ ഇല്ലെന്ന് ഈ വിവാദം എന്നെ പഠിപ്പിക്കുന്നു. സ്ഥാപനം വിടുന്നവര്‍ ആരായാലും കലഹിച്ചുവേണം പോകാനെന്ന് നാം ഉറപ്പിച്ചപോലെ. ദല്‍ഹിയിലും മറ്റും അങ്ങനെയുള്ള സാഹചര്യമല്ല. നല്ല അവസരങ്ങള്‍ വരുമ്പോള്‍ ആളുകള്‍ മാറുന്നു. അവര്‍ നല്‍കിയ സംഭാവനകള്‍ സ്ഥാപനങ്ങള്‍ മാനിക്കുന്നു.

മാധ്യമപ്രവര്‍ത്തകന്‍ എന്നതോടൊപ്പം ഒരു ഇടതുപക്ഷ പ്രവര്‍ത്തകന്‍ എന്ന മേല്‍വിലാസം ബ്രിട്ടാസിനെ ചൂഴ്ന്നുനില്‍ക്കുന്നുണ്ട്. അതുകൊണ്ടായിരിക്കുമോ ഇപ്പോഴത്തെ ഈ വിവാദം?
വ്യക്തിപരമായി എന്റെ പ്രൊഫൈല്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്നതുതന്നെയാണ്. അടിസ്ഥാനപരമായും ഞാന്‍ അതാണ്. അടിമുടി മാധ്യമ പ്രഫഷനല്‍ - അതാണ് എന്റെ ജീവിതം. എനിക്കുലഭിച്ച എല്ലാ പുരസ്‌കാരങ്ങളും ആ നിലക്കുതന്നെ. സംസ്ഥാന സര്‍ക്കാറിന്റെ മാധ്യമ പുരസ്‌കാരങ്ങള്‍ എത്രയോ വര്‍ഷമായി എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു.
ഒരിടത്ത് നാം നമ്മുടെ ദൗത്യം പൂര്‍ത്തീകരിച്ചാല്‍ പിന്നെ അതിലും വലിയ ഒന്നിലേക്ക് നാം നമ്മെ നവീകരിക്കണം. ആ നിലപാടാണ് എന്‍േറത്. ഏല്‍പിച്ച മിഷന്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ പിന്നെ അവിടെ നില്‍ക്കരുത്. കൈരളിയുടെ ദൗത്യം ഭംഗിയായി പൂര്‍ത്തീകരിച്ചു. അതിനെ ഒരു ട്രാക്കില്‍ കയറ്റുക മാത്രമല്ല അതില്‍ വിജയക്കൊടി പാറിക്കാനും എനിക്കായി.
ഏതൊരു സ്ഥാപനത്തിലും ഒരാളുടെ സെല്‍ഫ് ലൈഫ് എന്നത് അഞ്ചോ ആറോ വര്‍ഷം മാത്രം. പുതിയ ആളുകള്‍ക്കും വളര്‍ന്നുവരുന്നവര്‍ക്കും അവസരം നല്‍കാന്‍ നാം വഴിമാറണം. നിങ്ങള്‍ സ്വയം നവീകരിക്കണം. ഇല്ലെങ്കില്‍ മുരടിക്കും.

കൈരളി വിടേണ്ട മറ്റു വല്ല സാഹചര്യവും?
കൈരളിയില്‍ എനിക്കിനിയും തുടരാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ തുടര്‍ന്നാല്‍ സ്വാഭാവികമായ ഒരു ആലസ്യത്തിലേക്ക് വഴിമാറും. ഞാന്‍ മുരടിക്കും എന്ന തിരിച്ചറിവ്. എനിക്കാണെങ്കില്‍ ഇനിയും പ്രായവും സമയവുമുണ്ട്. ആരോടും കലഹിച്ചല്ല കൈരളി വിട്ടതും. വിവരങ്ങള്‍ നേര്‍ക്കുനേരെ പറഞ്ഞ് അനുമതി വാങ്ങി തന്നെയാണ് പോന്നത്. മാനേജ്‌മെന്റുമായി നല്ല നിലയില്‍ പിരിഞ്ഞു. പക്ഷേ, അതിന്റെ പേരില്‍ കേരളം ഇപ്പോള്‍ എന്നോട് ചെയ്യുന്നത് തികഞ്ഞ നന്ദികേടാണ്. എന്നോടു മാത്രമല്ല, എല്ലാ മാധ്യമ പ്രഫഷനലുകളോടുമുള്ള ഈ സമീപനം മാറണം.
മറ്റൊന്നുകൂടി നിങ്ങള്‍ അറിയണം. മാധ്യമ മേഖലയില്‍ ഞാന്‍ ആര്‍ജിച്ച കഴിവുകള്‍ തന്നെയായിരുന്നു കൈരളി ചാനലിന്റെ എം.ഡിയായി എന്നെ നിയോഗിക്കാന്‍ മാനദണ്ഡമായത്.
ഇടത്തരം കര്‍ഷക കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ കഠിനാധ്വാനവും പ്രയത്‌നവും തന്നെയാണ് മാധ്യമ രംഗത്ത് എന്നെ വളര്‍ത്തിയതും. ആരുടെയെങ്കിലും ശിപാര്‍ശയുടെ ബലത്തിലല്ല എവിടെയെങ്കിലും എത്തിപ്പെട്ടത്. സംതൃപ്തിയോടെ പുതിയൊരു ദൗത്യം ഏറ്റെടുക്കാന്‍ എനിക്ക് അവകാശമുണ്ട്. ഒന്നുകൂടി വ്യക്തമാക്കട്ടെ-ആരുടെയെങ്കിലും ദാക്ഷിണ്യത്തില്‍ ജീവിതം പുലര്‍ത്തുന്ന ഒരാളല്ല ജോണ്‍ ബ്രിട്ടാസ്. അതില്‍ എനിക്ക് തികഞ്ഞ അഭിമാനംതന്നെയുണ്ട്.

പുതിയ തീരുമാനം അടുത്ത ചില സുഹൃത്തുക്കള്‍ക്കുപോലും ദഹിച്ചിട്ടില്ലെന്ന് അവരുടെ പ്രതികരണങ്ങള്‍ തെളിയിക്കുന്നു. എന്തുപറയുന്നു?
സ്റ്റാര്‍ ഏഷ്യാനെറ്റിന്റെ ബിസിനസ് ഹെഡ് എന്ന ചുമതലയാണ് എനിക്കിപ്പോള്‍. അടിസ്ഥാനപരമായി ഞാനൊരു മാധ്യമ പ്രവര്‍ത്തകനാണെന്ന് നേരത്തേ പറഞ്ഞല്ലോ. സിനിമയും വിനോദമേഖലയും വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഒരു കാലം. ഒരുപാട് കാര്യങ്ങള്‍ ഈ രംഗത്ത് സംഭവിക്കുന്നു. വിനോദ മേഖലയില്‍ വന്‍ വിപ്ലവത്തിന്റെ യുഗം. അവിടെ എനിക്ക് എന്നെതന്നെ സമ്പുഷ്ടമാക്കാന്‍ (എന്റിച്ച്) വേണ്ടിയാണ് എന്റെ ശ്രമം. അല്ലാതെ, അവരുടെ നിലപാടുകളെ ചോദ്യം ചെയ്യാനല്ല നീക്കം.
തൊഴില്‍മാറ്റം എന്നത് സ്വാഭാവികമാണ്. ഒരു മേഖലയില്‍നിന്ന് അടുത്തതിലേക്ക് മാറുന്നതില്‍ ആര്‍ക്കെങ്കിലും തടസ്സമുണ്ടോ? അല്ലെങ്കില്‍ അങ്ങനെ തടസ്സം നില്‍ക്കാന്‍ പാടുണ്ടോ? തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ ഓരോരുത്തര്‍ക്കുമില്ലേ?
എന്നെ സംബന്ധിച്ചിടത്തോളം ഏറ്റെടുത്ത എല്ലാം മാധ്യമ ലോകവുമായി ബന്ധപ്പെട്ട ദൗത്യങ്ങള്‍ മാത്രമാണ്. മറ്റുള്ള ചിലരുടെ സഹായം കൂടി ലഭിച്ചതുകൊണ്ട് അവിടങ്ങളിലൊക്കെ എനിക്ക് മികവ് കാട്ടാനും കഴിഞ്ഞു.

ഫാരിസ് അബൂബക്കര്‍, റുപര്‍ട്ട് മര്‍ഡോക്-ഇരുവരും വെറുക്കപ്പെട്ടവര്‍ എന്ന വിഭാഗത്തിലാണെന്ന് വലിയൊരു വിഭാഗം കേരളീയര്‍ ഉറച്ചുവിശ്വസിക്കുന്നു. ഇടതുമാധ്യമ പ്രവര്‍ത്തകനായ ബ്രിട്ടാസ് ഇവരുമായൊക്കെ സന്ധി ചെയ്യുന്നു എന്നാണ് ആക്ഷേപം?
ആദ്യം ഫാരിസ് അബൂബക്കറിന്റെ കാര്യം. അയാള്‍ നല്ലവനാണെന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല. വെറുക്കപ്പെട്ടവനാണെന്ന് സ്ഥാപിക്കുക എന്റെ ലക്ഷ്യവുമായിരുന്നില്ല. കേരള ടെലിവിഷന്‍ മാധ്യമരംഗത്തെ ഏറ്റവും മികച്ച ഒരു സ്‌കൂപ്പ് ആയിരുന്നു ഫാരിസ് അബൂബക്കറുമായി ഞാന്‍ നടത്തിയ ആ അഭിമുഖം. അതിന്റെ പശ്ചാത്തലംകൂടി പരിഗണിക്കപ്പെടണം. ദുരൂഹമായ ഒരു വ്യക്തിയായി ഫാരിസ് മാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്ന സമയം. ആരും പക്ഷേ, കഥാപാത്രത്തെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ല. ഫാരിസിന്റെ ഒരു ചിത്രംപോലും ആരുടെ പക്കലുമില്ല. ആള്‍ ഒറ്റക്കണ്ണന്‍ ആണെന്നുവരെ പ്രചരിപ്പിച്ചു. ചെന്നൈയും കേരളവും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏതോ ഒരാള്‍. അതോടെ അപസര്‍പ്പക കഥകളെപോലും വെല്ലുമാറുള്ള പരിവേഷമാണ് കേരളത്തില്‍ ഫാരിസിന് ലഭിച്ചത്.
ഞാന്‍ കൈരളിയിലെ സഹപ്രവര്‍ത്തകരോട് പറഞ്ഞു, അജ്ഞാതനാണെന്നു പറയുന്ന ഈ ആളെ നമുക്ക് കണ്ടുപിടിക്കണം. അപസര്‍പ്പക കഥകളുടെ എല്ലാ യാഥാര്‍ഥ്യങ്ങളും പുറത്തുകൊണ്ടുവരണം. എങ്കില്‍ അതുതന്നെയും വലിയൊരു വാര്‍ത്തയാകും. തിരുവനന്തപുരം ലേഖകന്‍ എബ്രഹാം മാത്യുവിനെയായിരുന്നു ഞാന്‍ ഈ ദൗത്യം ആദ്യം ഏല്‍പിച്ചത്്. എന്തുകൊണ്ടോ അത് നടക്കാതെ പോയി. അങ്ങനെ വന്നപ്പോള്‍ ഞാന്‍തന്നെ ഇറങ്ങിപ്പുറപ്പെട്ടു. കൈരളി ചാനല്‍ ചെയര്‍മാനും നടനുമായ മമ്മൂട്ടിക്ക് ഫാരിസിനെ അറിയാമായിരുന്നു. ആ ബലത്തില്‍ ചെന്നൈയിലെത്തി ഫാരിസ് അബൂബക്കര്‍ എന്ന വ്യക്തിയെ ആദ്യമായി കണ്ടു. ചെറുപ്പക്കാരനായ, ശരിക്കും ഒരു ചുള്ളന്‍. ദാവൂദ് ഇബ്രാഹിമിനെയോ മറ്റോ പോലുള്ള ഒരാള്‍ ആയിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. വളരെ നിര്‍ബന്ധിക്കേണ്ടി വന്നു അഭിമുഖത്തിന് സമ്മതം ലഭിക്കാന്‍.

വെറുക്കപ്പെട്ട ഫാരിസിന് മാന്യത നല്‍കിയെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ തെറി വിളിക്കാന്‍ അയാള്‍ക്ക് ഇടതു ചാനലില്‍ അവസരം നല്‍കി എന്നൊക്കെയാണ് കുറ്റപത്രം?
ഫാരിസിനെ മാത്രമല്ലല്ലോ ഞാന്‍ അഭിമുഖം നടത്തിയത്. മാതാ അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരുമായൊക്കെ ഞാന്‍ അഭിമുഖം നടത്തിയിട്ടുണ്ട്. ഒരു കാര്യത്തില്‍ എനിക്ക് നിഷ്ഠയുണ്ട്. എന്താണോ അവര്‍ക്കൊക്കെ പറയാനുള്ളത് അതപ്പടി ഒരു വെട്ടിമാറ്റലും കൂടാതെ നല്‍കണം എന്ന കാര്യത്തില്‍. ഞാന്‍ അഭിമുഖം നടത്തിയവരൊക്കെ ഇക്കാര്യം തുറന്നു സമ്മതിക്കും. മലയാളത്തിന്റെ പ്രിയ കഥാകൃത്ത് ടി. പത്മനാഭന്റെ അഭിമുഖംതന്നെ ഉദാഹരണം. കൈരളിയെയും സി.പി.എമ്മിനെയുമൊക്കെ നിശിതമായി പത്മനാഭന്‍ വിമര്‍ശിച്ചു. അത് അപ്പടി തന്നെ ഞാന്‍ സംപ്രേഷണം ചെയ്തു. ആശ്ചര്യത്തോടെ, പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടി പത്മനാഭന്‍തന്നെ നിരവധി വേദികളില്‍ എന്നെ പേരെടുത്തു പറഞ്ഞ് അനുമോദിച്ചതാണ്. നിങ്ങള്‍ക്കു വേണേല്‍ പപ്പേട്ടനെ വിളിച്ചു ചോദിക്കാം. പറയുന്ന കാര്യങ്ങള്‍ മുറിച്ചുമാറ്റാതെ പൂര്‍ണതോതില്‍ നല്‍കണം-ഇതാണ് മാധ്യമ നൈതികത എന്നുറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.
ഒരു മാധ്യമ പ്രവര്‍ത്തകന്‍ അവിടെ വേണം നില്‍ക്കാന്‍. എന്തിന്റെ പേരിലായാലും അതിനപ്പുറം അവന്‍ നോക്കരുത്. ഫാരിസ് അബൂബക്കറുമായുള്ള അഭിമുഖം ആ നിലക്കുതന്നെയാണ് ഞാന്‍ നടത്തിയത്. മറ്റൊരു ലക്ഷ്യവും എനിക്കുണ്ടായിരുന്നില്ലെന്ന് ആരെയെങ്കിലും വിശ്വസിപ്പിക്കേണ്ട ബാധ്യത എനിക്കില്ല. ഞാന്‍ നടത്തിയ മാധ്യമ പ്രവര്‍ത്തനങ്ങളില്‍ തരിമ്പും പശ്ചാത്താപവുമില്ല.
പാര്‍ട്ടിയെയും നേതാക്കളെയും സംരക്ഷിക്കേണ്ട ബാധ്യത ഒരു പാര്‍ട്ടി ചാനലിന് ഇല്ലെന്നാണോ?
gകേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചാനലാണിത്. വാര്‍ത്തകളില്‍ അമ്പതുശതമാനമെങ്കിലും ഇടതു വിരുദ്ധ പാളയത്തില്‍നിന്നുള്ളത്. കേരളത്തിലെ യു.ഡി.എഫ് നേതാക്കള്‍ സി.പി.എമ്മിനെയും അതിന്റെ നേതാക്കളെയും കുറ്റപ്പെടുത്തുക സ്വാഭാവികം. അക്കാര്യമൊന്നും വാര്‍ത്തയില്‍ വരാന്‍ പാടില്ലെന്നാണോ പറയുന്നത്? പിണറായിക്കും കാരാട്ടിനും വി.എസിനും എതിരായി മറുപക്ഷത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ ഒരു ചാനലിന് അനുവദിക്കേണ്ടി വരും. കൈരളിയുടെ പീപ്പ്ള്‍ വാര്‍ത്തയില്‍ പകുതിയെങ്കിലും ഇങ്ങനെ ഉള്‍പ്പെടുത്തേണ്ടി വരുക സ്വാഭാവികം. അതൊന്നും അറിയാതെ ഏത് യുക്തിയുടെ അടിസ്ഥാനത്തിലാണ് വെറുതെ ഓരോന്നു വിളിച്ചുപറയുന്നത്?

എന്താണ് വി.എസിന് ജോണ്‍ ബ്രിട്ടാസിനോട് ഇത്ര മാത്രം പക?
(ചിരിക്കുന്നു) വി.എസിനെ തികഞ്ഞ ആദരവോടെയാണ് ഞാന്‍ കാണുന്നത്. അദ്ദേഹത്തെ ചാനലുമായി സഹകരിപ്പിക്കാന്‍ എല്ലാ ഘട്ടത്തിലും ഞാന്‍ ശ്രമിച്ചതാണ്. കൈരളി ടവറിന്റെ തറക്കല്ലിടല്‍ ചടങ്ങിന് വി.എസിനെ ഞാന്‍ നേരിട്ടുചെന്നാണ് ക്ഷണിച്ചത്. പ്രതിരോധ മന്ത്രി എ.കെ ആന്റണിയും സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംബന്ധിച്ച ആ ചടങ്ങില്‍ വി.എസ് ആയിരുന്നു അധ്യക്ഷ പദവിയില്‍. സാധാരണഗതിയില്‍ കമ്പനി ചെയര്‍മാനാണ് ചടങ്ങില്‍ അധ്യക്ഷപദം അലങ്കരിക്കേണ്ടത്. കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനോട് ഏതെങ്കിലും വിധത്തിലുള്ള നീരസമുണ്ടെങ്കില്‍ കൈരളി ചടങ്ങില്‍ അധ്യക്ഷത വഹിക്കണമെന്നാവശ്യപ്പെട്ട് ഞാന്‍തന്നെ ചെന്ന് അദ്ദേഹത്തെ ക്ഷണിക്കുമോ? എന്നെ ആര്‍ക്കും വിമര്‍ശിക്കാം. അങ്ങനെ വിമര്‍ശം ഉന്നയിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധിയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല.

പടിയിറങ്ങുന്ന ബ്രിട്ടാസിന് കൈരളി മാന്യമായ യാത്രയയപ്പ് നല്‍കി. പിണറായി വിജയനെപോലുള്ളവര്‍ ബ്രിട്ടാസിന്റെ ഭാവി ദൗത്യങ്ങള്‍ക്ക് ഭാവുകങ്ങള്‍ നേര്‍ന്നു. എപ്പോള്‍ തിരികെ വന്നാലും കൈരളിയുടെ വാതിലുകള്‍ ബ്രിട്ടാസിനു മുന്നില്‍ മലര്‍ക്കെ തുറന്നിരിക്കുമെന്ന് ചെയര്‍മാന്‍ മമ്മൂട്ടി ഉറപ്പു നല്‍കി. സാധാരണഗതിയില്‍ ഒരു മാധ്യമ പ്രവര്‍ത്തകന് അസൂയ തോന്നുന്ന സാഹചര്യമല്ലേ ഇത്?
സി.പിഎമ്മിനും സഖാവ് പിണറായി വിജയനുമെതിരെ പരസ്യമായി നാല് തെറിവിളിച്ചാണ് ഞാന്‍ കൈരളിയുടെ എം.ഡി സ്ഥാനം വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോരുന്നതെന്നു സങ്കല്‍പിക്കുക. എങ്കില്‍ ഉറപ്പാണ്, എന്നെ ഒരു ഹീറോ ആയി കേരള സമൂഹം കൊണ്ടുനടന്നേനെ.
ഒരു കാര്യം പക്ഷേ, തുറന്നു പറയട്ടെ. വിലകുറഞ്ഞതും തരംതാണതുമായ അത്തരം ഒന്നിന് ബ്രിട്ടാസിനെ കിട്ടില്ല. ഒരു സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിനോട് അതിരറ്റ പ്രതിബദ്ധതയും കൂറും പുലര്‍ത്തുക. ഒടുവില്‍ ആരോഗ്യകരവും മാന്യവുമായി അതിന്റെ പടിയിറങ്ങുക.
ചെറിയൊരു ഗോളത്തിലാണ് നാം ജീവിക്കുന്നത്. നാളെ എല്ലാവരുമായും നമുക്ക് സഹകരിക്കേണ്ടി വരുമെന്ന ഉത്തമബോധ്യത്തോടെ ആരോഗ്യകരമായ ഒരു ബന്ധം വേണം സമൂഹത്തില്‍ നാം പുലര്‍ത്താന്‍. കേരളത്തിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരെയും ഇക്കാര്യം ഓര്‍മിപ്പിക്കാന്‍കൂടി ആഗ്രഹിക്കുന്നു.

ജേണലിസ്റ്റുകളുടെ തൊഴില്‍മാറ്റം അത്ര വലിയ പാതകമായി സമൂഹം കാണുന്നുണ്ടോ?
മുമ്പ് മലയാള മാധ്യമ സ്ഥാപനങ്ങളില്‍നിന്നും കൂടുമാറ്റം വളരെ കുറവായിരുന്നു. എന്നാല്‍, വിഷ്വല്‍ മാധ്യമങ്ങളുടെ അരങ്ങേറ്റത്തോടെ സ്ഥിതി മാറി. പക്ഷേ, തൊഴില്‍മാറ്റത്തോടുള്ള നമ്മുടെ സമീപനത്തിന് ഇനിയും പൂര്‍ണ മുക്തി ലഭിച്ചിട്ടില്ല. ജോലി മാറ്റത്തോട് ആരോഗ്യകരമായ സമീപനം പുലര്‍ത്താന്‍ നമുക്ക് കഴിയണം. ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ സ്ഥാപനവുമായി സൗഹൃദപരമായി കാര്യങ്ങള്‍ പറഞ്ഞു പിരിയാം.

കൈരളിയില്‍നിന്ന് ബ്രിട്ടാസ് പോയിരിക്കുന്നത് 'വെറുക്കപ്പെട്ട'വരുടെ പട്ടികയില്‍ പെടുന്ന റുപര്‍ട്ട് മര്‍ഡോക്കിന്റെ നിയന്ത്രണത്തിലുള്ള സ്റ്റാര്‍ ഏഷ്യാനെറ്റ് ചാനലിലേക്ക്. ഈ വൈരുധ്യമാകില്ലേ ഇപ്പോഴത്തെ വിവാദങ്ങള്‍ക്കു കാരണം?
റുപര്‍ട്ട് മര്‍ഡോക് എന്നയാളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഇപ്പോള്‍ ചേര്‍ന്ന സ്ഥാപനത്തില്‍ എനിക്കൊപ്പം ഒരുപാടുപേര്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ക്കാര്‍ക്കും എന്തെങ്കിലും പ്രയാസം മര്‍ഡോക് മൂലം ഉണ്ടെന്നും എനിക്കു തോന്നിയിട്ടില്ല. ഓരോ മാധ്യമ സംരംഭത്തിനും അതിന്‍േറതായ സ്വഭാവം കാണും. പ്രഫഷനലുകള്‍ എന്ന നിലക്ക് എല്ലാവരും സൗഹൃദപരമായി നീങ്ങുന്നു. ബിസിനസ് ഹെഡ് എന്ന ദൗത്യം ഭംഗിയായി നിര്‍വഹിക്കും. അല്ലാതെ എന്റെ മുന്നില്‍ ആരും ഒരുപാധിയും വെച്ചിട്ടില്ല.

മാധ്യമപ്രവര്‍ത്തകന്‍ അടിമവേലക്കാരന്‍ ആയിരിക്കണമെന്ന ചിന്തയാണോ വിവാദങ്ങള്‍ക്കു പിന്നില്‍?
ഒരു മാധ്യമ പ്രവര്‍ത്തകനെയും അടിമ വേലക്കാരന്‍(bonded labour) ആയി ഒരു സ്ഥാപനവും സമൂഹവും കരുതരുത്. കേരളത്തില്‍ അത്തരമൊരു തൊഴില്‍സംസ്‌കാരം എത്തിക്കാന്‍ നമുക്ക് കഴിയണം. ഒരു മാധ്യമ പ്രഫഷനലിന് എവിടെ പോകണമെന്നു തോന്നിയാലും അതിനു കഴിയണം. പക്ഷേ, എന്റെ കാര്യത്തില്‍ അതുപോലും നിഷേധിക്കപ്പെടുന്നു. അതാണ് ഏറെ സങ്കടകരം.

വിടവാങ്ങുമ്പോള്‍ ബ്രിട്ടാസിന് ആഡംബര കാര്‍ നല്‍കിയതും വിവാദമായെന്ന് പത്രവാര്‍ത്ത കണ്ടു?
ഒരു കമ്പനിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ചീഫ് എക്‌സിക്യൂട്ടിവിന് മാനേജ്‌മെന്റ് തലത്തില്‍ എന്തെങ്കിലും സമ്മാനം നല്‍കുന്ന പതിവുണ്ട്. എട്ടുവര്‍ഷം എം.ഡിയെന്ന എന്റെ മികച്ച പ്രവര്‍ത്തനം മുന്‍നിര്‍ത്തി ഞാന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന പഴയ ഹോണ്ട സിറ്റി കാര്‍ കൈമാറണമെന്ന ധാരണ ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നു. അവര്‍ അത് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, കാര്‍ വേണ്ടതില്ലെന്ന നിലപാടാണ് ഞാന്‍ സ്വീകരിച്ചത്. എന്റെ പേരിലേക്ക് കാര്‍ മാറ്റട്ടെ എന്നു ചോദിച്ചപ്പോള്‍ വേണ്ടതില്ല എന്ന് പടിയിറങ്ങിയ ദിവസംതന്നെ ഞാന്‍ പറയുകയും ചെയ്തു. ഈ ഒരു ചെറിയ സംഭവത്തെപോലും ഊതി വീര്‍പ്പിച്ച് വാര്‍ത്തയാക്കിയത് അല്‍പത്തം അല്ലാതെ മറ്റെന്താണ്?

പോകുന്നത് സ്റ്റാര്‍ ഏഷ്യാനെറ്റ് ചാനലിലേക്കാണെന്ന് യാത്രയയപ്പു യോഗത്തിന് മുമ്പ് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നോ?
ഒരു ദേശീയ നെറ്റ്‌വര്‍ക് സംരംഭത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നു മാത്രമാണ് എല്ലാവരോടും പറഞ്ഞത്.

ഒരു ജേണലിസ്റ്റിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണോ പ്രശ്‌നം?
ഒരാള്‍ ഒരു സ്ഥാപനം വിട്ടുകഴിഞ്ഞാല്‍ അയാള്‍ പിന്നെ എവിടെ പ്രവര്‍ത്തിക്കുന്നു എന്ന് സമൂഹം നോക്കരുത്. അയാള്‍ എങ്ങനെ, എന്തു ചെയ്യണം എന്ന് അടിച്ചേല്‍പിക്കുന്നതും ശരിയല്ല. അവസാനനിമിഷം വരെയും ഞാന്‍ കൈരളിയില്‍തന്നെ തുടരണം എന്നുള്ള ശാഠ്യം ശരിയാണോ? നില്‍ക്കുന്ന സമയത്ത് അര്‍പ്പണബോധത്തോടെ അതിനുവേണ്ടി പ്രവര്‍ത്തിക്കുക. അതു കഴിഞ്ഞാല്‍ പിന്നെ, ഞാന്‍ എനിക്കുള്ള പ്രഫഷനല്‍ താല്‍പര്യം മുന്‍നിര്‍ത്തി എന്റെ അടുത്ത ദൗത്യം കണ്ടെത്തും. അത്രയേ ഉള്ളൂ.

സജീവ മാധ്യമ പ്രവര്‍ത്തനത്തില്‍നിന്ന് ബിസിനസ് ലോകത്തേക്കുള്ള ഈ വഴിമാറ്റം പ്രയാസം സൃഷ്ടിക്കില്ലേ?
കഴിഞ്ഞ അഞ്ചെട്ടു വര്‍ഷത്തിനുള്ളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് മാധ്യമ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പല കാര്യങ്ങളും ഈ മേഖലയില്‍ സംഭവിക്കുന്നു. എല്ലാം നമുക്ക് നമ്മുടെ ഈ ചെറിയ കൈക്കുമ്പിളില്‍ ഒതുക്കിനിര്‍ത്താന്‍ കഴിയില്ല.
ദല്‍ഹി വിടുമ്പോള്‍ എനിക്ക് വലിയ പ്രയാസമായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ ആനുകാലിക സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാതിരുന്നത് തുടക്കത്തില്‍ എന്നെ വേദനിപ്പിച്ചു. പക്ഷേ, മാനേജിങ് ഡയറക്ടര്‍ എന്ന നിലയില്‍ പുതിയ കുറെ അനുഭവങ്ങളുടെ ലോകം എനിക്കു മുന്നില്‍ തുറന്നു. അതോടെ ഞാന്‍ മാറി. ഇപ്പോള്‍ വേറൊരു മേഖലയിലേക്കാണ് എന്റെ മാറ്റം. വാര്‍ത്തയുടെ ലോകത്തുനിന്നുള്ള താല്‍ക്കാലിക വിടവാങ്ങല്‍ തന്നെയാണിത്. ഭാവിയില്‍ വീണ്ടും അവിടേക്ക് തിരിച്ചുവന്നു കൂടായ്കയില്ല.

മാധ്യമ ലോകത്തെ മാറ്റങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു?
വിഭാവന ചെയ്യുന്നതിനും അപ്പുറത്തേക്ക് മാധ്യമലോകം മാറുകയാണ്. ഏറ്റവും വലിയ വിസ്‌ഫോടനമാണ് ഈ മേഖലയില്‍ സംഭവിക്കുന്നത്. സാങ്കേതിക തലത്തിലും ആ മാറ്റം തീവ്രം. ഒന്നുരണ്ടു വര്‍ഷംകൊണ്ട് ഹൈ ഡെഫിനിഷന്‍ സാങ്കേതികത ശക്തിയാര്‍ജിക്കും. എന്തെല്ലാമോ കാര്യങ്ങള്‍ ഇനി സംഭവിക്കാനിരിക്കുന്നു.
വരുമാനത്തിന്റെ കാര്യത്തിലും മാധ്യമ മേഖലയില്‍ വന്‍ കുതിപ്പാണ്. ഐ.പി.എല്‍ മത്സരത്തിന്റെ തുടക്കത്തില്‍ പത്തു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിന് സോണി നാല് ലക്ഷം രൂപ ഈടാക്കിയപ്പോള്‍ എല്ലാവരും അദ്ഭുതപ്പെടുകയായിരുന്നു. നാലായിരം മുതല്‍ പതിനായിരംവരെ മാത്രമായിരുന്നു അപ്പോള്‍ മലയാളത്തിന്റെ പരസ്യനിരക്ക്. ഇന്ത്യ-ശ്രീലങ്ക ലോകകപ്പിലെത്തിയപ്പോള്‍ പത്തു സെക്കന്‍ഡിന് 25 ലക്ഷം എന്നതായി നിരക്ക്. മലയാളത്തിലും ഈ മാറ്റം കാണാം.

ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകളെ നിശിതമായി വിമര്‍ശിക്കുന്ന'അഴിച്ചുപണി' എന്ന പരിപാടി ഇലക്ഷന് മുമ്പ് കൈരളിയില്‍ നിന്നും അപ്രത്യക്ഷമായി. പുതിയ ദൗത്യത്തിന് വഴിയൊരുക്കാന്‍ ബ്രിട്ടാസ് തന്നെ ഇടപെട്ടാണ് പ്രോഗ്രാം നിര്‍ത്തിച്ചതെന്നാണ് മറ്റൊരു ആരോപണം?
കഷ്ടം. പരിപാടിയുടെ അവതാരകനായ എന്‍.പി. ചന്ദ്രശേഖരന്‍തന്നെ ഇതിനു മറുപടി പറയും. ഏതു കാലത്തും മാധ്യമ ധാര്‍മികത പാലിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുവേണ്ടി അരുതായ്കകള്‍ക്ക് എന്നെ കിട്ടില്ല.

2011, ജനു 27

ഫെയ്‌സ്ബുക്കിലെ ചതിക്കുഴികള്‍

ഫെയ്‌സ്ബുക്ക് ഒരു രാജ്യമായിരുന്നുവെങ്കില്‍ അംഗസംഖ്യ വെച്ച് ചൈനക്കും ഇന്ത്യക്കും പിറകില്‍ മൂന്നാമത്തെ രാജ്യമായി അത് അറിയപ്പെട്ടേനെ-ഫെയ്‌സ്ബുക്കിനെ 'ടൈം മാഗസിന്‍' ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ലോകമൊട്ടാകെ ഏകദേശം 60 കോടിയോളം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുണ്ട്. ഇതില്‍ 50 ശതമാനം പേരും ദിവസം ഒരു പ്രാവശ്യമെങ്കിലും ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യുന്നവരാണ്. ഫെയ്‌സ്ബുക്ക് അതിന്റെ സ്വരൂപം കാട്ടിത്തുടങ്ങിയതോടെ മറ്റു പല സൗഹൃദക്കൂട്ടായ്മകളും പിന്നിലായി. പ്രചാരത്തില്‍ ഗൂഗിളിനുപോലും ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്കിന്റെ മുന്നേറ്റം. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യയില്‍ ഒന്നാമതായിരുന്ന ഗൂഗിളിന്റെ ഓര്‍ക്കുട്ടിനെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഫെയ്‌സ്ബുക്ക് പിന്നിലാക്കിയിരിക്കുന്നു. പല സ്ഥാപനങ്ങളിലും ജോലി സമയത്ത് ഫെയ്‌സ്ബുക്ക് നിരോധിച്ചിരിക്കുകയാണ്.

ഫെയ്‌സ്ബുക്കിനൊപ്പം തന്നെ ഫെയ്‌സ്ബുക്ക് സൃഷ്ടിക്കുന്ന വിവാദങ്ങളും വളരുന്നു. വിവാദങ്ങളില്‍ പ്രധാനപ്പെട്ടതാണ് വ്യക്തികളുടെ സ്വകാര്യതാ സംരക്ഷണം. നിങ്ങള്‍ ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലായി അറിഞ്ഞോ അറിയാതെയോ കൊടുത്തിട്ടുള്ള വിവരങ്ങള്‍ നിങ്ങള്‍ അറിയാതെ തന്നെ ക്രോഡീകരിച്ച് നിങ്ങളെക്കുറിച്ചുള്ള വളരെ വ്യക്തമായ ഒരു ചിത്രം തയ്യാറാക്കാന്‍ കഴിയും. അടുത്ത കാലത്ത് ഒരു വിദ്വാന്‍ ലക്ഷക്കണക്കിന് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ ഫോട്ടോകളും ഫോണ്‍ നമ്പറുകളും ഇമെയില്‍ വിലാസങ്ങളും മറ്റും ശേഖരിച്ച് അവയുടെ ഒരു വന്‍ശേഖരം ഉണ്ടാക്കി ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തിയത് ഓര്‍മ്മയില്ലേ. ടോറന്റുകളും മറ്റു ഫയല്‍ ഷെയറിംഗ് സൈറ്റുകളും വഴി അത് ഇപ്പോഴും ഇന്റര്‍നെറ്റില്‍ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാനാകും. ഇതില്‍ ആരെയാണ് കുറ്റപ്പെടുത്താനാവുക?

മറ്റുള്ളവരുടെ ക്ഷണം സ്വീകരിച്ചോ അല്ലെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരമോ ഫെയ്‌സ്ബുക്ക്, ഓര്‍ക്കുട്ട് തുടങ്ങിയ സൗഹൃദക്കൂട്ടായ്മകളില്‍ തിടുക്കപ്പെട്ട് അംഗമാകുന്നവര്‍, തങ്ങളുടെ എന്തൊക്കെ വിവരങ്ങളാണ് ഇന്റര്‍നെറ്റിലൂടെ പരസ്യമാകുന്നത് എന്ന് ഓര്‍ക്കാറില്ല. ആരെങ്കിലും വീടിന്റെ മതിലിനു പുറത്തോ അല്ലെങ്കില്‍ പൊതു സ്ഥലങ്ങളിലോ സ്വന്തം വിലാസവും കുടുംബാംഗങ്ങളുടെ ഫോട്ടൊയും ഫോണ്‍നമ്പറും ഒക്കെ അടങ്ങിയ വലിയ ഫ്ലക്‌സ് ബോര്‍ഡുകള്‍ വയ്ക്കാറുണ്ടോ? അതിലും അപകടകരമാണ് സൗഹൃദക്കൂട്ടായ്മകളിലൂടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത്. ഫെയ്‌സ്ബുക്കിലെ സ്വകാര്യതാ ക്രമീകരണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാത്തതു കൊണ്ടുള്ള ഭീഷണികള്‍ വലുതാണ്.

'കയ്യില്‍ നിന്നു വിട്ട കല്ലും വായില്‍ നിന്നു വിട്ട വാക്കും ഫെയ്‌സ്ബുക്കിലിട്ട ഫോട്ടോയും ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയില്ല' എന്നതാണ് പുതുമൊഴി. അതിനാല്‍ ഫോട്ടോകള്‍ സൗഹൃദക്കൂട്ടായ്മകളില്‍ പരസ്യപ്പെടുത്തുംമുന്‍പ് വളരെ ശ്രദ്ധിക്കേണ്ടതാണ്. ഉയര്‍ന്ന നിലവാരമുള്ള ഫോട്ടോകളില്‍ ഫോട്ടോഷോപ്പ് തുടങ്ങിയ സോഫ്ട്‌വേറുകള്‍ ഉപയോഗിച്ച് കയ്യാങ്കളി നടത്തുവാന്‍ വളരെ എളുപ്പമാണ്. നിങ്ങളുടെ ഫോട്ടോകള്‍, സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍, ഇഷ്ടാനിഷ്ടങ്ങള്‍ തുടങ്ങിയവ ആരൊക്കെ കാണണം/കാണരുത് എന്ന് മുന്‍കൂട്ടി തീരുമാനിക്കുക. ഉദാഹരണമായി നിങ്ങളുടെ സ്ഥാപനത്തിലെ ഒരു ചടങ്ങിന്റെ ഫൊട്ടോകള്‍ ലോകം മുഴുവനും കാണണമെന്നു നിര്‍ബന്ധമുണ്ടോ? ചിലപ്പോള്‍ അത് നിങ്ങളുടെ സ്ഥാപനത്തിന്റെ സ്വകാര്യതയ്ക്കും താത്പര്യങ്ങള്‍ക്കും എതിരായെന്നു വരാം.

ഫെയ്‌സ്ബുക്ക് മറ്റു സൗഹൃദക്കൂട്ടായ്മകളെ അപേക്ഷിച്ച് ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നു. പക്ഷേ മിക്കപ്പോഴും ധൃതി പിടിച്ചും മറ്റുള്ളവരുടെ ക്ഷണം സീകരിച്ചും ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ തുറക്കുന്നവര്‍ സാങ്കേതികപദങ്ങള്‍ വേണ്ട രീതിയില്‍ മനസ്സിലാകാത്തതു കൊണ്ടും പരിചയക്കുറവു കൊണ്ടും അലസതകൊണ്ടുമൊക്കെ സുരക്ഷാക്രമീകരണങ്ങള്‍ കാര്യമായി എടുക്കാറില്ല.

ഫെയ്‌സ്ബുക്കിലെ സ്വകാര്യതാ ക്രമീകരണങ്ങള്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ടെന്നതും ഒരു വസ്തുതയാണ്. മാത്രമല്ല ഫെയ്‌സ്ബുക്ക് മലയാളമടക്കം അനവധി ഭാഷകളില്‍ ലഭ്യമാണെങ്കിലും സ്വകാര്യതാ ക്രമീകരണങ്ങള്‍ പ്രതിപാദിക്കുന്ന ഭാഗം ഇനിയും പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല.

ഫെയ്‌സ്ബുക്കിന്റെ സ്വകാര്യതാ ക്രമീകരണങ്ങള്‍


ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടതും എന്നാല്‍ പലരും ഒരിക്കല്‍ പോലും പരിശോധിക്കാത്തതുമായ പ്രധാനപ്പെട്ട ഒരു ഭാഗമാണിത്. അക്കൗണ്ട് തുറക്കുമ്പോള്‍ ഉള്ള ഡീഫോള്‍ട്ട് സെറ്റിംഗുകള്‍ പലപ്പോഴും വ്യക്തി താത്പര്യങ്ങള്‍ക്കു നിരക്കുന്നതാവാറില്ല. അതിനാല്‍ ഫെയ്‌സ്ബുക്കിലെ സ്വകാര്യതാ ക്രമീകരണങ്ങള്‍ വിശദമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഫെയ്‌സ്ബുക്കില്‍ സ്വകാര്യമാക്കി വയ്ക്കാന്‍ പറ്റാത്തതെന്തൊക്കെ?

പ്രൈവസി സെറ്റിംഗുകള്‍ മുഖേന നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും സ്വകാര്യമാക്കി വയ്ക്കാനാകില്ല. അത്തരത്തിലുള്ള അഞ്ചു കാര്യങ്ങളാണ് ഉള്ളത്

1. നിങ്ങളുടെ പ്രൊഫൈല്‍ ചിത്രം
2. പേര്
3. ലിഗം
4. യൂസര്‍ നേം
5. നെറ്റ്‌വര്‍ക്ക്

ഒരു സൗഹൃദക്കൂട്ടായ്മയെ സംബന്ധിച്ചിടത്തോളം ഇത്രയും കാര്യങ്ങള്‍ അടിസ്ഥാനപരമായി അത്യാവശ്യമാണ്. അതായത് ഫെയ്‌സ്ബുക്ക് അക്കൗണ്ടുള്ള ഏതൊരാളുടേയും ഇത്രയും വിവരങ്ങള്‍ ഏത് ഉപഭോക്താവിനും കാണാന്‍ കഴിയും. ഇതില്‍ യാതൊരു നിയന്ത്രണങ്ങളും സാധ്യമല്ല.

ഈ പേജില്‍ (http://www.facebook.com/#!/settings/?tab=privacy) പോയി നിങ്ങളുടെ എല്ലാ പ്രൈവസി സെറ്റിംഗുകളും പരിശോധിക്കാനും വേണ്ട രീതിയില്‍ നിയന്ത്രിക്കാനുമാകും.



ഇതില്‍ പ്രധാനമായും അഞ്ചു ഭാഗങ്ങള്‍ ആണുള്ളത്.

1. connecting on Facebook
ഇതില്‍ ആദ്യത്തേത് നിങ്ങളെക്കുറിച്ചുള്ള എന്തൊക്കെ വിവരങ്ങള്‍ സുഹൃത്തുക്കളും മറ്റ് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളും കാണണം എന്ന് തീരുമാനിക്കാനുള്ളതാണ്. ഇതിലെ connecting on Facebook എന്ന മെനുവിലെ' view settings' എന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ താഴെക്കൊടുത്തിട്ടുള്ളതുപോലെയുള്ള ഒരു പേജ് തുറക്കും.

ഈ പേജില്‍ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ഏഴു പ്രധാന ഭാഗങ്ങള്‍ ഉണ്ട്.

1. ഇതിലെ ആദ്യ സെറ്റിംഗ് ഫെയ്‌സ്ബുക്കിലെ തിരച്ചില്‍ പേജുകളില്‍ നിങ്ങളുടെ സാന്നിധ്യം നിയന്ത്രിക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ്. അതായത് ഈ സെറ്റിംഗ് 'Everyone' എന്നു ക്രമീകരിച്ചാല്‍ ഫെയ്‌സ്ബുക്കിലെ ആര്‍ക്കും നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തിരഞ്ഞു കണ്ടുപിടിക്കാന്‍ കഴിയും. ഇതിലെ മറ്റു രണ്ടു സെറ്റിംഗുകളായ 'Friends' , 'Friends of Friends' എന്നിവയാണെങ്കില്‍ മറ്റു ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്കിലെ തിരയല്‍ സൗകര്യം ഉപയോഗിച്ച് നിങ്ങളില്‍ എത്താനാകില്ല.

2. രണ്ടാമത്തേത് നിങ്ങള്‍ ആരില്‍ നിന്നൊക്കെ സൗഹൃദത്തിനായുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് തീരുമാനിക്കാനുള്ളതാണ്. ഇതില്‍ എല്ലാവരില്‍ നിന്നും, സുഹൃത്തുക്കളുടെ സുഹൃത്തുക്കളില്‍ നിന്നും എന്നിങ്ങനെ രണ്ട് ഒപ്ഷനുകളാണ് ഉള്ളത്. തികച്ചും അപരിചിതരില്‍ നിന്നും നിങ്ങള്‍ സൗഹൃദത്തിനായുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ 'Friends of Friends' എന്ന ഒപ്ഷന്‍ തെരഞ്ഞെടുക്കുക.

3. അപരിചിതരില്‍ നിന്നും നിങ്ങള്‍ സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലേ? ഈ സെറ്റിംഗ് അതിനുള്ളതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് ആരില്‍ നിന്നൊക്കെ സ്വകാര്യ സന്ദേശങ്ങള്‍ സ്വീകരിക്കണം എന്ന് തീരുമാനിക്കാന്‍ ആകും.

4. നിങ്ങളുടെ ഫെയ്‌സ്ബുക്ക് സുഹൃത്‌വലയം, വിദ്യാഭാസ യോഗ്യത, തൊഴില്‍, സ്ഥലം, ഇഷ്ടാനിഷ്ടങ്ങള്‍ മുതലായവ ആര്‍ക്കൊക്കെ ദൃശ്യമാകണം എന്നു തീരുമാനിക്കാനുള്ളതാണ് അടുത്ത മൂന്നു ക്രമീകരണങ്ങള്‍. ഇതില്‍ മുന്‍ പറഞ്ഞതില്‍ കൂടാതെ 'Customize' എന്ന ഓപ്ഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് സുഹൃത്‌വലയത്തിലുള്ള തെരഞ്ഞെടുത്ത സുഹൃത്തുക്കള്‍ക്കു മാത്രം പ്രസ്തുത വിവരങ്ങള്‍ ദൃശ്യമാക്കാന്‍ കഴിയുന്നു.

2. Sharing on Facebook
ഇത് നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പ്രൈവസി സെറ്റിംഗുകളുടെ ഒറ്റ നോട്ടത്തിലുള്ള ഒരു ദൃശ്യമാണ്. നിങ്ങളുടെ സ്വകാര്യത ഏതു വിധത്തിലാണ് നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നതെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയും. ഉദാഹരണമായി നിങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഒരു ഫൊട്ടോ ഇട്ടു. അത് ആരൊക്കെ കാണണം, ആര്‍ക്കൊക്കെ അതില്‍ അഭിപ്രായം പറയാം, നിങ്ങളുടെ ഫെയ്‌സ്ബുക്ക് ചുവരില്‍ ആര്‍ക്കൊക്കെ എഴുതാം, നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ആര്‍ക്കൊക്കെ കാണാം തുടങ്ങിയ വിവരങ്ങള്‍ ഇതിലൂടെ ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം.

ഫേസ്ബുക്കിലെ പ്രൈവസി ലെവലുകള്‍


ഫേസ്ബുക്കില്‍ താഴെപ്പറയുന്ന പ്രൈവസി ലെവലുകള്‍ ആണുള്ളത്
1. എല്ലാവരും
2. സുഹൃത്തുക്കള്‍
3. സുഹൃത്തുക്കളുടെ സുഹൃത്തുക്കള്‍
4. തെരഞ്ഞെടുത്ത സുഹൃത്തുക്കള്‍
5. നിങ്ങള്‍ മാത്രം

അതായത്, നിങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും നിങ്ങള്‍ക്കിഷ്ടമുള്ള കാര്യങ്ങളും നിങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന വിവരങ്ങളും സംവദിക്കാനുള്ള വിവരങ്ങളും ആരുമായൊക്കെ പങ്കുവക്കണം അഥവാ മറ്റാര്‍ക്കൊക്കെ ദൃശ്യമാകണം എന്നൊക്കെ ഈ പ്രൈവസി ലെവലുകളിലൂടെ നിശ്ചയിക്കാന്‍ കഴിയും.

പേജിന്റെ അടിയിലായുള്ള 'Customize settings' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട മേല്‍പ്പറഞ്ഞ എല്ലാ വിവരങ്ങളും ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയും.

ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഒരു കണ്ണാടിയിലൂടെ

'Preview My Profile' എന്ന ബട്ടനില്‍ അമര്‍ത്തിയാല്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് പേജ് മറ്റുള്ളവര്‍ക്ക് എങ്ങിനെ ദൃശ്യമാകുന്നു എന്ന് കാണാന്‍ കഴിയും. മാത്രമല്ല ഒരു പ്രത്യേക സുഹൃത്ത് തന്റെ ഫെയ്‌സ്ബുക്ക് പേജ് എങ്ങിനെ കാണുന്നു എന്ന് അറിയാനുള്ള സൗകര്യവും ഈ പേജ് നല്‍കുന്നു. ഈ പേജിനെ 'ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ കണ്ണാടി' എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. ദൗര്‍ഭാഗ്യവശാല്‍ പല ഫെയ്‌സ്ബുക്ക് ഉപയോക്താക്കളും ഒരിക്കല്‍ പോലും ഈ സൗകര്യം ഉപയോഗിക്കാറില്ല എന്നതാണ് വസ്തുത.

അനാവശ്യ അപ്ലിക്കേഷനുകള്‍ എങ്ങിനെ നിയന്ത്രിക്കാം

ഫെയ്‌സ്ബുക്കിനോടൊപ്പം തന്നെ ഫെയ്‌സ്ബുക്ക് അടിസ്ഥാനമാക്കിയുള്ള മറ്റു പല ഓണ്‍ലൈന്‍ ബിസിനസുകളും വളരുന്നു. പ്രത്യേകിച്ച് ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകള്‍. ഇത്തരത്തിലുള്ള പല ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകളും സ്ഥാപിത താത്പര്യങ്ങളോടു കൂടിയവയും സ്വകാര്യതയ്ക്ക് ഭീഷണിയായവയും ആണ്.

പലപ്പോഴും സ്വന്തം ഫെയ്‌സ്ബുക്ക് ചുവരില്‍ നിങ്ങള്‍ ആഗ്രഹിക്കാത്ത പല അപ്‌ഡേറ്റുകളും പോസ്റ്റുകളും വരാറില്ലേ? നിങ്ങള്‍ മനപ്പൂര്‍വ്വമോ അല്ലാതെയോ ഫെയ്‌സ്ബുക്ക് അക്കൗണ്ടുമായി കൂട്ടിച്ചേര്‍ത്തിട്ടുള്ള അപ്ലിക്കേഷനുകളുടെ പണിയായിരിക്കാം അത്.

മിക്കവാറും എല്ലാ സൈറ്റുകളിലും മറ്റു സൗഹൃദക്കൂട്ടായ്മകളിലും അംഗമാകുന്നതിലേക്കായി നിങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളും താത്പര്യങ്ങളും ഇമെയില്‍ വിലാസങ്ങളും ഒക്കെ അടങ്ങിയ ഒരു ഫോറം പൂരിപ്പിക്കേണ്ടി വരും. എന്നാല്‍, ഇപ്പോള്‍ മിക്കവാറും പല സൈറ്റുകളിലും കാണാറില്ലേ, 'Sign in with your Facebook account' എന്ന്. ഇതുപ്രകാരം ഒരു ബട്ടന്‍ അമര്‍ത്തി അക്കൗണ്ട് തുറക്കാം. 'ഈ അപ്ലിക്കേഷന്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും ചില സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാനാഗ്രഹിക്കുന്നു' എന്നിങ്ങനെയുള്ള മുന്നറിയിപ്പൊക്കെ കാണാം. മിക്കവരും അതൊക്കെ അവഗണിക്കുകയാണ് പതിവ്.

ഇത്തരത്തില്‍ ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പ്രക്രിയ എളുപ്പമാക്കുന്നതിലൂടെ പ്രസ്തുത സൈറ്റിന് രണ്ടു നേട്ടങ്ങള്‍ ആണ് ഉണ്ടാവുന്നത്. ഒന്ന് നിങ്ങളെക്കുറിച്ചുള്ള വളരെ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നു. രണ്ട് നിങ്ങളുടെ സുഹൃത്‌വലയത്തിന്റെ ഭാഗമായി തങ്ങളുടെ ബിസിനസിന് കൂടുതല്‍ പ്രചാരം നല്‍കാന്‍ കഴിയുന്നു. എല്ലാ സൈറ്റുകളും ഈ സൗകര്യം ഒരേപോലെ അല്ല ഉപയോഗിക്കുന്നത്. ചില അപ്ലിക്കേഷനുകള്‍ നിങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ മാത്രം ശേഖരിച്ച് നിശബ്ദമായിരിക്കുമ്പോള്‍ മറ്റു ചിലവ അടിക്കടിയുള്ള അപ്‌ഡേറ്റുകളും പരസ്യങ്ങളും കൊണ്ട് ഉപയോക്താക്കളുടെ ഫെയ്‌സ്ബുക്ക് ചുവരുകള്‍ നിറയ്ക്കുന്നു.

അനാവശ്യ (സ്​പാം) അപ്ലിക്കേഷനുകള്‍


ഈ അടുത്തകാലത്തായി പലരുടേയും ഫെയ്‌സ്ബുക്ക് ചുമരില്‍ സുഹൃത്തുക്കളില്‍ നിന്നായി 'My total facebook views are 4325 Find out your total profile views @ http://bit.ly/im9StZ ' എന്നിങ്ങനെയുള്ള ചില സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. അതില്‍ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒരു വിന്‍ഡോ തുറക്കുകയും ഒരു അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാനുള്ള അനുവാദം ചോദിക്കുകയും ചെയ്യുന്നു. അതിലൂടെ ഈ സൈറ്റില്‍ നിന്നും അപകടകരമായേക്കാവുന്ന ദുഷ്ടപ്രോഗ്രാമുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് നിക്ഷേപിക്കപ്പെടുന്നു. മാത്രമല്ല ഫെയ്‌സ്ബുക്കിലെ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അനുവാദം നല്‍കുക വഴി പ്രസ്തുത സന്ദേശം നിങ്ങളുടെ ന്യൂസ്ഫീഡ് ആയി മറ്റു സുഹൃത്തുക്കളിലേക്കുകൂടി വ്യാപിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ അറിഞ്ഞോ അറിയാതെയോ കടന്നു കൂടിയിട്ടുള്ള അപ്ലിക്കേഷനുകളെ കണ്ടെത്താനും അവയെ നിയന്ത്രിക്കുവാനോ നീക്കം ചെയ്യുവാനോ വളരെ എളുപ്പം സാധിക്കും.

പ്രൈവസി സെറ്റിംഗ് പേജിലെ ഇടത്തേ മൂലയില്‍ ഉള്ള 'Apps and websitse' എന്നതിനു ചുവടെയുള്ള 'Edit Your settings' എന്ന ലിങ്കില്‍ അമര്‍ത്തുക അപ്പോള്‍ ചുവടെ കൊടുത്തിട്ടുള്ളതുപോലെയുള്ള ഒരു പേജ് ലഭിക്കുന്നു.


ഇതില്‍ നിങ്ങളുടെ അക്കൗണ്ടില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന അപ്ലിക്കേഷനുകളുടെ പട്ടിക ദൃശ്യമാകുന്നു. ഇതില്‍ 'Applications You use' എന്നതിനു നേരേയുള്ള 'Edit Settings' എന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ ലഭിക്കുന്ന പേജിലൂടെ നിങ്ങളുടെ അക്കൗണ്ടിലുള്ള ഓരോ അപ്ലിക്കേഷനുകളും എന്തൊക്കെ സ്വകാര്യ വിവരങ്ങള്‍ ആണ് ശേഖരിക്കുന്നതെന്നും അവയ്ക്ക് എന്തൊക്കെ അവകാശങ്ങള്‍ ആണ് ഉള്ളതെന്നും അറിയാനാകുന്നു. അഭികാമ്യമല്ലാത്ത അപ്ലിക്കേഷനുകളെ നീക്കം ചെയ്യാവുന്നതാണ്.

അപ്ലിക്കേഷന്‍ കണ്‍ട്രോള്‍ പേജിലെ മറ്റു ക്രമീകരണങ്ങളിലൂടെ നിങ്ങളുടെ സുഹൃത്ത് ഒരു അപ്ലിക്കേഷന്‍ സ്വന്തം അക്കൗണ്ടിലേക്കു ചേര്‍ക്കുമ്പോള്‍ ആ അപ്ലിക്കേഷന് നിങ്ങളെക്കുറിച്ചുള്ള എന്തൊക്കെ വിവരങ്ങള്‍ ലഭ്യമാക്കണം എന്നു കൂടി നിശ്ചയിക്കാനാകും. ഇതിനായി 'Information accessible through your Frineds' എന്നതിനു നേരേയുള്ള എഡിറ്റ് ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്ന് ലഭിക്കുന്ന പോപ് അപ് വിന്‍ഡോവില്‍ക്കൂടി സുഹൃത്തുക്കളുടെ അപ്ലിക്കേഷനുകള്‍ക്ക് നിങ്ങളുടേതായി ലഭിക്കുന്ന വിവരങ്ങള്‍ നിയന്ത്രിക്കാനാകും.


ഇതില്‍ നിങ്ങളുടെ പേര്, പ്രൊഫൈല്‍ ചിത്രം, ലിംഗം, യൂസര്‍ ഐഡി, നെറ്റ്‌വര്‍ക്ക് തുടങ്ങിയ പ്രാഥമിക വിവരങ്ങള്‍ മറയ്ക്കാനാകില്ല. (ഇതിനായി അപ്ലിക്കേഷന്‍ കണ്‍ട്രോള്‍ പേജിലെ 'Turn off all Platform applications' എന്ന ലിങ്കില്‍ അമര്‍ത്തുക).

നിങ്ങള്‍ ഫെസ്ബുക്കില്‍ കളിക്കുന്ന ഫാംവില്ലി, മാഫിയാ വാര്‍ തുടങ്ങിയ കളികളുടെ വിവരങ്ങള്‍ ലോകത്തെ മുഴുവന്‍ അറിയിക്കണം എന്നുണ്ടോ. പലപ്പോഴും ഇത്തരം അപ്‌ഡേറ്റുകള്‍ സുഹൃത്തുക്കള്‍ക്ക് അരോചകമായിത്തോന്നാം. 'Game and Application Activtiy' എന്നതിനു നേരെയുള്ള ബട്ടനില്‍ അമര്‍ത്തി ഇതിനെ ഫലപ്രദമായി നിയന്ത്രിക്കാം. ഇതിലെ 'Custom' എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ഒന്നുകില്‍ അപ്‌ഡേറ്റുകള്‍ നിങ്ങള്‍ക്ക് മാത്രമായോ അല്ലെങ്കില്‍ കളികളോട് താത്പര്യമുള്ള തിരഞ്ഞെടുത്ത സുഹൃത്തുക്കളിലേക്കു മാത്രമായോ ക്രമിക്കരിക്കുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം.

നിങ്ങളുടെ ഫെയ്‌സ്ബുക്ക് സാന്നിധ്യം ഗൂഗിളില്‍

ഒരാളുടെ ഫെയ്‌സ്ബുക്ക് സാന്നിധ്യം ഗൂഗിളിലൂടെ പരിശോധിക്കാന്‍ വളരെ എളുപ്പമാണ്. ഗൂഗിള്‍ സേര്‍ച്ച് ബോക്‌സില്‍ ആളുടെ പേരും ഫെയ്‌സ്ബുക്ക് എന്നും ചേര്‍ത്ത് തെരഞ്ഞാല്‍ മതി. ഇത്തരത്തില്‍ സേര്‍ച്ച് എഞ്ചിന്‍ പേജുകളില്‍ നിന്നും നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെ അകറ്റി നിര്‍ത്തണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അപ്ലിക്കേഷന്‍ കണ്‍ട്രോള്‍ പേജിലെ 'Public Search' നു നേരേയുള്ള എഡിറ്റ് ബട്ടണില്‍ അമര്‍ത്തുക. അപ്പോള്‍ ലഭിക്കുന്ന പേജിലെ 'Enable Public Search' എന്നതിനെ ഒഴിവാക്കുക. പുതിയ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറക്കുമ്പോള്‍ സ്വാഭാവികമായും ഈ ഓപ്ഷന്‍ എനേബിള്‍ ആയിരിക്കും (ഫെയ്‌സ്ബുക്കിന് നിങ്ങളെ ലോകത്തിനുമുന്നില്‍ പരിചയപ്പെടുത്താനാണ് താത്പര്യം)

ഒരു പ്രത്യേക ഫെയ്‌സ്ബുക്ക് ഉപയോക്താവിനെ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും വിലക്കുന്നതെങ്ങിനെ


നിങ്ങളുടെ ഏതെങ്കിലും സുഹൃത്ത് സഭ്യമല്ലാത്ത അപ്‌ഡേറ്റുകള്‍ കൊണ്ട് നിങ്ങളുടെ ഫെയ്‌സ്ബുക്ക് ചുവരുകള്‍ വൃത്തികേടാക്കാറുണ്ടോ? അതുമല്ലെങ്കില്‍ ഒരു സുഹൃത്തിന്റെ കളികളിലേക്കും അപ്ലിക്കേഷനുകളിലേക്കും ചടങ്ങുകളിലേക്കും മറ്റുമുള്ള ക്ഷണങ്ങള്‍ സ്വീകരിക്കാന്‍ താത്പര്യമില്ലേ? ഇതിനായി പ്രൈവസി സെറ്റിംഗ്‌സ് പേജിലെ 'Block Lists' എന്ന ലിങ്കില്‍ അമര്‍ത്തുക അപ്പോള്‍ ലഭിക്കുന്ന പേജിലെ ക്രമീകരണങ്ങളിലൂടെ ഒന്നോ അതിലധികമോ പേരെ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്യാനും നിയന്ത്രിക്കാനുമാകും.

ഫെയ്‌സ്ബുക്ക് അക്കൗണ്ട് സുരക്ഷ


പലരും ഉപയോഗിക്കാത്തതും എന്നാല്‍ വളരെ ഫലപ്രദവും ആയ ഒരു സുരക്ഷാ മുന്‍കരുതല്‍ ആണിത്. ഹാക്കിംഗിലൂടെയും മറ്റും നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് ഇതിലൂടെ തിരിച്ചറിയാന്‍ കഴിയുന്നു. നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തതിനു ശേഷം Facebook Account Settings പേജിലെ 'Account Securtiy' എന്നതിനു നേരെയുള്ള ' Change' എന്ന ലിങ്കില്‍ അമര്‍ത്തുക. അപ്പോള്‍ ലഭിക്കുന്ന 'When a new computer or mobile device logs into this account: Send me an email' എന്ന ഓപ്ഷന്‍ സെറ്റ് ചെയ്യുക. ഇതിലൂടെ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഏതൊരു കമ്പ്യൂട്ടറിലൂടേയോ മൊബൈല്‍ ഫോണിലൂടെയോ തുറന്നാല്‍ അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടനടി നിങ്ങളുടെ ഇമെയില്‍ വിലാസത്തില്‍ ലഭ്യമാകും.


ഫെയ്‌സ്ബുക്ക് ചാറ്റ്

ഫയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ത്തന്നെ ആരെങ്കിലുമൊക്കെ ചാടി വീഴാറില്ലേ? നിങ്ങള്‍ക്ക് നൂറുകണക്കിന് സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ പ്രത്യേകിച്ചും. ഈ അവസരത്തില്‍ ചാറ്റ് ഓഫ്‌ലൈന്‍ ആകുവാനായി ചാറ്റ് ലിസ്റ്റിലെ 'Option' ല്‍ ക്ലിക്കു ചെയ്ത് 'go offline' എന്ന ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ മറ്റുള്ളവര്‍ക്ക് നിങ്ങള്‍ ഓഫ്‌ലൈന്‍ ആയിരിക്കും. ഇത് മെമ്മറിയില്‍ സൂക്ഷിക്കപ്പെടുകയും മറ്റാത്തിടത്തൊളം കാലം എപ്പോഴും ഓഫ് ലൈന്‍ ആയി ഇരിക്കുകയും ചെയ്യും.

ഫെയ്‌സ്ബുക്ക് ചാറ്റില്‍ തെരഞ്ഞെടുത്ത സുഹൃത്തുക്കള്‍ക്ക് മുന്നില്‍ മാത്രമായി ഓണ്‍ലൈന്‍ ആകാന്‍ എങ്ങനെ കഴിയും
ഇതിനായി സുഹൃത്തുക്കളുടെ ലിസ്റ്റുകള്‍ ഉണ്ടാക്കണം. ഉദാഹരണമായി Best friends, Good friends, Colleagues, Family …തുടങ്ങിയവ. ഫെയ്‌സ്ബുക്കില്‍ എങ്ങിനെ ഫ്രണ്ട്‌സ് ലിസ്റ്റ്കുകള്‍ ഉണ്ടാക്കാം എന്നു നോക്കാം. നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തതിനു ശേഷം ഈ ലിങ്കില്‍ ക്ലിക് ചെയ്യുക
(http://www.facebook.com/friends/edit/)
അപ്പോള്‍ ലഭിക്കുന്ന പേജിന്റെ മുകളിലായി വലത്തേ അറ്റത്തുള്ള 'Create List' എന്ന ബട്ടനില്‍ അമര്‍ത്തിയാല്‍ പുതിയ ലിസ്റ്റ് നിര്‍മ്മിക്കുന്നതിനായുള്ള ഒരു പോപ് അപ് വിന്‍ഡോ ദൃശ്യമാകും. ഇത്തരത്തില്‍ സുഹൃത്തുക്കളെ ഇഷ്ടാനുസരണം ഗ്രൂപ്പുകളായി തിരിച്ച് ഒന്നിലധികം ലിസ്റ്റുകള്‍ നിര്‍മ്മിക്കാനാകും.

ലിസ്റ്റുകള്‍ നിര്‍മിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ചാറ്റ് ബോക്‌സില്‍ ഈ ലിസ്റ്റുകള്‍ കാണാന്‍ കഴിയും. ഈ ലിസ്റ്റുകള്‍ക്കു നേരെയുള്ള ചിഹ്നത്തില്‍ അമര്‍ത്തി ഒന്നോ അതിലധികമോ ഗ്രൂപ്പുകളുടെ മുന്നില്‍ ഓണ്‍ ലൈനോ ഓഫ് ലൈനോ ആകാന്‍ കഴിയും (ചിത്രം ശ്രദ്ധിക്കുക).


ഫെയ്‌സ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്യുന്നതെങ്ങിനെ

ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഒരു പുലിവാലായെന്നു തോന്നുന്നുണ്ടൊ? മാത്രമല്ല വെറുതെ ഒരു നേരമ്പോക്കിനു തുറന്നു കുറച്ചുകാലം ഉപയോഗിച്ച് പിന്നീട് വെറുതെ ഇടുന്നത് ബുദ്ധിയല്ല. ഇത്തരത്തിലുള്ള ഉപയോഗിക്കാത്തെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതായിരിക്കും അഭികാമ്യം. നിങ്ങള്‍ക്ക് ആവശ്യമില്ലെങ്കില്‍ ഫെയ്‌സ്ബുക്കിനോട് വളരെ എളുപ്പത്തില്‍ താത്കാലികമായോ സ്ഥിരമായോ വിട ചൊല്ലാം.

ഇതിനായി ഫേസ്ബുക്ക് അക്കൗണ്ട് സെറ്റിംഗ് (https://www.facebook.com/editaccount.php) പേജിലെ 'Deactivate Account' എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ചുവടെ കൊടുത്തിരിക്കുന്ന രീതിയിലുള്ള ഒരു പേജ് ലഭിക്കും.


അക്കൌണ്ട് നീക്കം ചെയ്യുന്നതിനു മുന്‍പായി അവസാനമായി നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് വിടവാങ്ങല്‍ സന്ദേശം അയയ്ക്കുവാനുള്ള സൗകര്യവും ഈ പേജ് ഒരുക്കുന്നു.

താത്കാലികമായി നീക്കംചെയ്യാന്‍ 'This is temproray I'll be back' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതിലൂടെ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് താത്കാലികമായി നീക്കം ചെയ്യപ്പെടുകയും പിന്നീട് ആവശ്യമായി തോന്നുകയാണെങ്കില്‍ പഴയ ഇമെയില്‍ വിലാസവും പാസ്‌വേഡും ഉപയോഗിച്ച് വീണ്ടും ഉപയോഗിക്കാന്‍ കഴിയുകയും ചെയ്യും


ഇനി ഒരിക്കലും അക്കൗണ്ട് ഉപയോഗിക്കാന്‍ താത്പര്യമില്ലെങ്കില്‍ അതിനനുയോജ്യമായ ഒപ്ഷനുകള്‍ തെരഞ്ഞെടുക്കുക.

ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്തതിനു ശേഷം ഈ ലിങ്കില്‍ https://www.facebook.com/help/contact.php?show_form=delete_account ക്ലിക്ക് ചെയ്തും നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സ്ഥിരമായി നീക്കം ചെയ്യാവുന്നതാണ്.

ഈ അവസരത്തിലും ഉടന്‍ തന്നെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്യപ്പെടുന്നില്ല. രണ്ടാഴ്ചക്കാലത്തേക്ക് പ്രസ്തുത അക്കൗണ്ട് താത്കാലികമായി നീക്കം ചെയ്യപ്പെടുന്നു. ഇതിനിടക്ക് ഒരിക്കലെങ്കിലും അക്കൗണ്ടിലേക്ക് പ്രവേശിച്ചാല്‍ അക്കൗണ്ട് നീക്കം ചെയ്യാനുള്ള അപേക്ഷ പരാജയപ്പെടുന്നു. മാത്രമല്ല നിങ്ങള്‍ ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകള്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റു വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചാലും ഇത് ബാധകമാണ്. അതിനാല്‍ അക്കൗണ്ട് പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിനു മുന്‍പായി പ്രസ്തുത അപ്ലിക്കേഷനുകള്‍ ആദ്യം നീക്കം ചെയ്യുക. കൂടാതെ നിങ്ങളുടേതായുള്ള ഫോട്ടോകള്‍, വീഡീയോകള്‍, പോസ്റ്റുകള്‍, അപ്‌ഡേറ്റുകള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതും നല്ലതാണ്.

ഫെയ്‌സ്ബുക്കില്‍ നിന്നും പുറത്തുവന്നതിനു ശേഷം ബ്രൗസറിലെ കുക്കികള്‍ നീക്കം ചെയ്യുകയും വേണം. രണ്ടാഴ്ചയ്ക്കു ശേഷം ഫെയ്‌സ്ബുക്ക് അക്കൗണ്ട് പുന:സ്ഥാപിക്കാന്‍ കഴിയാനാകാത്ത വിധം നീക്കം ചെയ്യപ്പെടുന്നു. പക്ഷേ ഓര്‍മ്മിക്കുക. നിങ്ങളുടെ അക്കൗണ്ടും മറ്റു വിവരങ്ങളും ഫെയ്‌സ്ബുക്ക് തങ്ങളുടെ സെര്‍വ്വറുകളില്‍ നിന്നും നീക്കുന്നില്ല. പക്ഷേ മറ്റു ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നില്ല എന്നു മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. ഫെയ്‌സ്ബുക്കിന്റെ ഈ പോളിസി ചില വിവാദങ്ങളും ഉണ്ടാക്കാതില്ല.

ഫേസ്ബുക്ക് അക്കൌണ്ടും പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കളും

18 വയസ്സിനു താഴെയുള്ള ഫെയ്‌സ്ബുക്ക് ഉപയോക്താക്കളെ 'മൈനര്‍' എന്ന വിഭാഗത്തില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് 18 വയസ്സിനു താഴെയുള്ളവര്‍ പുതിയ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറക്കുമ്പോള്‍ പ്രൊഫൈല്‍ ഫോട്ടോ, വയസ്സ്, ലിംഗം, നെറ്റ്‌വര്‍ക്ക് തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ ഒഴികെയുള്ള മറ്റെല്ലാം സുഹൃത്തുക്കള്‍ക്കു മാത്രം ലഭ്യമാകുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്നു. മാത്രമല്ല സേര്‍ച്ച് എഞ്ചിനുകളേയും തടഞ്ഞിരിക്കുന്നു.

18 വയസ്സു കഴിഞ്ഞ ഉടന്‍ തന്നെ ഓട്ടോമാറ്റിക്കായി ഈ നിയന്ത്രണങ്ങള്‍ മാറപ്പെടുന്നതിനാല്‍, ഈ അവസരത്തില്‍ സ്വകാര്യ ക്രമീകരണങ്ങള്‍ ആവശ്യമായ രീതിയില്‍ പുന:ക്രമീകരിക്കേണ്ടി വരും.

ഒരു രക്ഷകര്‍ത്താവെന്ന നിലയില്‍ നിലവിലുള്ള നിയമപ്രകാരം, നിങ്ങള്‍ക്ക് 13 വയസ്സിനു താഴെയുള്ള മകന്റെ/മകളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെടാന്‍ കഴിയും. ഇതിനായി ഈ ഫോറം പൂരിപ്പിക്കുക (http://www.facebook.com/help/contact.php?show_form=c_data_request) രക്ഷകര്‍ത്താവാണെന്നു തെളിയിക്കുന്നതിനാവശ്യമായ നിയമാനുസൃത രേഖകളുടെ പകര്‍പ്പുകളും കൂടെ സമര്‍പ്പിക്കേണ്ടതാണ്.


മരണശേഷം ഫെയ്‌സ്ബുക്ക് അക്കൗണ്ടിന് എന്തു സംഭവിക്കുന്നു

ഒരു ഫെയ്‌സ്ബുക്ക് ഉപഭോക്താവ് മരിച്ചു കഴിഞ്ഞാല്‍ ബന്ധുക്കളുടേയൊ സുഹൃത്തുക്കളുടെയോ അപേക്ഷപ്രകാരം അക്കൗണ്ട് ഫെയ്‌സ്ബുക്ക് മെമ്മറൈസ് (Memorize) ചെയ്യുന്നു. അതായത് സ്റ്റാറ്റസ് അപ്‌ഡേറ്റുകളും മറ്റു സ്വകാര്യ വിവരങ്ങളും നീക്കം ചെയ്യപ്പെടുന്നു. ആര്‍ക്കും തന്നെ പ്രസ്തുത അക്കൗണ്ട് ഉപയോഗിക്കാനാകില്ല. കൂടാതെ സൗഹൃദത്തിനായുള്ള അപേക്ഷകളും ആരില്‍ നിന്നും സ്വീകരിക്കുന്നതല്ല. എങ്കിലും അക്കൗണ്ട് ഉടമയുടെ അവസാന സ്വകാര്യ ക്രമീകരണങ്ങളനുസരിച്ച് സുഹൃത്തുക്കള്‍ക്കും മറ്റുള്ളവര്‍ക്കും ഫെയ്‌സ്ബുക്ക് ചുവരില്‍ അഭിപ്രായങ്ങള്‍ എഴുതുവാനും മറ്റും കഴിയും.

നിങ്ങളേക്കാള്‍ നിങ്ങളുടെ ശൃംഗല വളരുന്നതില്‍ താത്പര്യം ഫെയ്‌സ്ബുക്കിനാണ്

ഓര്‍ക്കുക ഫെയ്‌സ്ബുക്ക് ഇന്ന് ശതകോടികള്‍ വരുമാനമുള്ള ഒരു ആഗോള ബിസിനസ് സ്ഥാപനമാണ്. നിങ്ങളുടെ സൗഹൃദച്ചങ്ങലയില്‍ ആണ് ആ ബിസിനസിന്റെ നിലനില്‍പ്പ്. അതിനാല്‍ നിങ്ങളുടെ സൗഹൃദം വളരുന്നതില്‍ നിങ്ങളേക്കാള്‍ താത്പര്യം ഫെയ്‌സ്ബുക്കിന് തന്നെയാണ്. മാത്രമല്ല സുരക്ഷാ ക്രമീകരണങ്ങള്‍ വെറും സോഫ്ട്‌വേര്‍ കോഡുകള്‍ മാത്രമാണ്. ഏതു സമയവും വളരെ എളുപ്പത്തില്‍ മാറ്റിമറിക്കാന്‍ കഴിയുന്നവ. അതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എപ്പോഴും അനിവാര്യമാണ്. നിങ്ങള്‍ നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകള്‍ ഫെയ്‌സ്ബുക്കില്‍ സൂക്ഷിച്ചാല്‍ മാത്രമല്ലേ അത് ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യതയുള്ളൂ. അതിനാല്‍ എന്തൊക്കെ ആരുമായൊക്കെ പങ്കുവയ്ക്കണം എന്ന വ്യക്തമായ ധാരണ ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്.

ഫെയ്‌സ്ബുക്കിന്റെ പ്രൈവസി പോളിസി അമേരിക്കന്‍ ഭരണഘടനയേക്കാള്‍ വലുതാണ്. മാത്രമല്ല കാലോചിതമായി അവ പുതുക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതിനാല്‍ ഇടക്കിടക്ക് ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ തങ്ങളുടെ സ്വകാര്യതാ ക്രമീകരണങ്ങള്‍ പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. 
-സുജിത് കുമാര്‍

2011, ജനു 26

ഇപ്പോള് നമ്മുടെ റിപ്പബ്ലിക്കിന് അനുയോജ്യമായ വിശേഷണം....


റിപ്പബ്ലിക് ദിനത്തിലെ കാണാത്ത മുന്നറിയിപ്പ്


ഇപ്പോള് നമ്മുടെ റിപ്പബ്ലിക്കിന് അനുയോജ്യമായ വിശേഷണം അഴിമതി റിപ്പബ്ലിക്കാണെന്നു പറയേണ്ടിവരുന്നു. ഒരു ഡോളര് വിദേശ കടമായി വാങ്ങുമ്പോള് പത്തുഡോളര് അവിഹിത മാര്ഗത്തിലൂടെ പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഒഴുകുന്നു എന്നാണ് അനുമാനം



നമ്മുടെ റിപ്പബ്ലിക് 61-ാം വര്ഷത്തിലേക്ക് കടന്നിരിക്കുന്നു. 1949 നവംബര് 26-ന് ഭരണഘടനാ അസംബ്ലി അംഗീകരിച്ച് ഇന്ത്യന് ജനതയ്ക്ക് നല്കിയതാണ് മഹത്തായ നമ്മുടെ ഭരണഘടന. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്തിക്കാനും അഭിപ്രായ പ്രകടനത്തിനും വിശ്വാസത്തിനും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യം, സ്ഥിതി സമത്വവും അവസര സമത്വവും, വ്യക്തിയുടെ അന്തസ്സുയര്ത്തിപ്പിടിക്കുമെന്നുള്ള ഉറപ്പ്. ഇതൊക്കെ ചേര്ന്ന പ്രതിജ്ഞയാണ് ഭരണഘടനാ രൂപമായി മാറിയത്. അതിന്റെ ലക്ഷ്യസാക്ഷാത്കാരമാണ് പരമാധികാര - മതനിരപേക്ഷ ജനാധിപത്യമെന്ന ലക്ഷ്യം. 1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയോടെ ആമുഖത്തില് സോഷ്യലിസ്റ്റെന്ന ലക്ഷ്യം കൂടി ഉള്ച്ചേര്ത്തു. വരുമാനത്തിലും ജീവിതനിലവാരത്തിലുമുള്ള വിടവ് നികത്താനും ജനനംതൊട്ട് കുഴിമാടംവരെ പൗരന് സുരക്ഷിതത്വം നല്കാനുമുള്ള ബാധ്യതയും നമ്മുടെ റിപ്പബ്ലിക്കിനുവേണ്ടി ഭരണഘടന ഏറ്റെടുത്തു.
ജനങ്ങളുടെ ജീവിതവും ലക്ഷ്യങ്ങളും പ്രതീക്ഷകളുമായി ബന്ധമില്ലാതാകുന്നതോടെ ഒരു ഭരണഘടന പൊള്ളയായി മാറുമെന്ന് അതേ ഭരണഘടനാസഭയില് പ്രധാനമന്ത്രി ജവാഹര്ലാല് നെഹ്രു അന്നുതന്നെ പറഞ്ഞുവെച്ചിരുന്നു. മേല്പ്പറഞ്ഞ ലക്ഷ്യങ്ങളില്നിന്ന് അത് താഴോട്ടുപതിക്കുമ്പോള് ഒപ്പം ജനങ്ങളെയും താഴെവീഴ്ത്തുമെന്ന് അദ്ദേഹം നിരീക്ഷിച്ചു . അങ്ങനെ പരാജിതരും പരിക്ഷീണരും ലജ്ജിതരും അപമാനിതരുമായ 120 കോടി ജനങ്ങളാണ് ഇത്തവണത്തെ റിപ്പബ്ലിക്ദിനാഘോഷങ്ങള് വീക്ഷിക്കുന്നത്. ന്യൂഡല്ഹിയിലെ റായ്സിനാ കുന്നിനും ഇന്ത്യാഗേറ്റിനുമിടയ്ക്ക് പ്രോജ്ജ്വലമായി നടക്കുന്ന ഇന്ത്യയുടെ കരുത്തിന്റെയും പുരോഗതിയുടെയും കലാ, സാംസ്ക്കാരിക, ശാസ്ത്ര, സാങ്കേതിക, സൈനിക പ്രതിഭാശക്തി പ്രകടനങ്ങള് നിര്വികാരമായി വീക്ഷിക്കുന്നത്; വിശ്വാസവും ആദരവും ആവേശവും പ്രചോദനവും നല്കിയിരുന്ന ആദര്ശഗോപുരങ്ങളായിരുന്ന ദേശീയ നേതാക്കളുടെ ചരിത്ര വഴിയില് രാഷ്ട്രീയ സര്ക്കസ്സിലെ കോമാളികളുടെ പ്രകടനങ്ങള് നോക്കിക്കാണുന്നത്.
വിവര്ണവും വിലയിടിഞ്ഞതുമായിരിക്കുന്നു ഭരണഘടനാ സ്ഥാപനങ്ങള്. ചരിത്രത്തിലാദ്യമായി ഒരു ശീതകാലസമ്മേളനം മുഴുക്കെ പ്രവര്ത്തിക്കാനാവാതെ സ്തംഭിച്ചുകിടന്ന നിയമനിര്മാണ സഭ-2.76 ലക്ഷം കോടി രൂപയുടെ അഴിമതിയാരോപണങ്ങള് ഗതികിട്ടാത്ത പ്രേതത്തെപ്പോലെ ആ ചരിത്ര സൗധത്തില് ഇപ്പോഴും മാറ്റൊലിക്കൊള്ളുന്നുണ്ടാവും-, കടലുകള്ക്കക്കരെ കടത്തിക്കൊണ്ടുപോയ കള്ളപ്പണത്തിന്റെ കണക്കാവശ്യപ്പെട്ട് ക്ഷമകേടോടെ കാത്തിരിക്കുന്ന ഉന്നത നീതിപീഠം, അവിടെത്തന്നെ എട്ട് മുന് ചീഫ് ജസ്റ്റിസുമാര് അഴിമതിക്കാരാണെന്ന് ആരോപിച്ച് വിവരങ്ങള് മുദ്രവെച്ച കവറില് സമര്പ്പിച്ച് ജയിലില് പോകാന് തയ്യാറെന്ന വെല്ലുവിളിയോടെ കാത്തു നില്ക്കുന്ന സീനിയര് അഭിഭാഷകന്.
''കഴിഞ്ഞ രണ്ടുവര്ഷമായി ഈ കോടതിയില് (സുപ്രീംകോടതി) നടക്കുന്നതെന്താണെന്ന് എല്ലാവര്ക്കുമറിയാം. പക്ഷേ ആരും പറയാന് ധൈര്യപ്പെട്ടില്ല. സത്യം പറയുന്നതിനുവേണ്ടി ത്യാഗം സഹിക്കേണ്ടിവരുമെന്നാണെങ്കില് തടവറകളിലേക്കു പോകാന് ജനലക്ഷങ്ങള് തയ്യാറാകും''-മറ്റൊരു സീനിയര് അഭിഭാഷകന് കോടതിയലക്ഷ്യക്കേസില് നീതിപീഠത്തിനു മുമ്പില് പറയേണ്ടിവന്നു. ''അതുനടക്കട്ടെ'' എന്നായിരുന്നു കേസുകേട്ട രണ്ടു ജഡ്ജിമാരില് ഒരാളുടെ പ്രതികരണം. അഴിമതി നടത്തിയ ഒന്പതാമത്തെ ചീഫ് ജസ്റ്റിസിനെ മറ്റൊരു ഭരണഘടനാ സ്ഥാപനത്തില് പ്രതിഷ്ഠിച്ച പ്രധാനമന്ത്രിയുടെ മൗനം ചോദ്യംചെയ്ത് ധര്മരോഷം കൊള്ളുന്നു 95 കഴിഞ്ഞ മുന് സുപ്രീംകോടതി ജഡ്ജി. നീരാറാഡിയ ടേപ്പ് വിവാദത്തില് മുഖം നഷ്ടപ്പെട്ട കോര്പ്പറേറ്റ് മാധ്യമശിങ്കങ്ങള്. മന്ത്രിമാരെയും അവര്ക്കുവേണ്ട വകുപ്പുകളെയും നയങ്ങളെയും ഭരണഘടനാ വ്യവസ്ഥകള്ക്കു പുറത്ത് സൃഷ്ടിച്ചെടുക്കുന്ന പുതിയ ജനിതകപ്രയോക്താക്കളാണവര്.
ഇപ്പോള് നമ്മുടെ റിപ്പബ്ലിക്കിന് അനുയോജ്യമായ വിശേഷണം അഴിമതി റിപ്പബ്ലിക്കാണെന്നു പറയേണ്ടിവരുന്നു. ക്ഷമിക്കുക. 2008 ഡിസംബറില് പുറത്തുവിട്ട ഗ്ലോബല് ഫിനാന്ഷ്യല് ഇന്റഗ്രിറ്റി എന്ന സ്ഥാപനത്തിന്റെ കള്ളപ്പണം സംബന്ധിച്ച പഠനറിപ്പോര്ട്ട് നോക്കുക. ഇന്ത്യയില്നിന്ന് 2002 മുതല് പുറത്തേക്കു പോകുന്നത് പ്രതിവര്ഷം 1,36,466 കോടി രൂപയാണ്. അഞ്ചു വര്ഷം കൊണ്ട് കടത്തിക്കൊണ്ടുപോയത് 6,92,328 കോടി രൂപ. സ്വിസ് ബാങ്ക് അസോസിയേഷന്റെ 2006-ലെ വെളിപ്പെടുത്തലനുസരിച്ച് സ്വിസ് ബാങ്ക് നിക്ഷേപത്തില് ഒന്നാം സ്ഥാനം ഇന്ത്യക്കാര്ക്കാണ്. നമ്മുടെ റിസര്വ് ബാങ്ക് നവവത്സരപ്പുലരിയില് വെളിപ്പെടുത്തിയതനുസരിച്ച് ഇന്ത്യയുടെ വിദേശകടം 13,48,256.4 കോടി രൂപയാണ്. ഒരു ഡോളര്വിദേശകടമായി വാങ്ങുമ്പോള് പത്തു ഡോളര് അവിഹിത മാര്ഗങ്ങളിലൂടെ പാശ്ചാത്യരാജ്യങ്ങളിലേക്ക് ഒഴുകുന്നു എന്നാണ് ശാസ്ത്രീയമായ അനുമാനം.
ഇന്ത്യന് റിപ്പബ്ലിക്കിന്റെ സിരാകേന്ദ്രങ്ങള് നിലകൊള്ളുന്ന റായ്സിനാകുന്നിലേക്ക് തലയുയര്ത്തി നില്ക്കുന്ന ഇന്ത്യാഗേറ്റിന്റെ പ്രതലങ്ങളില് മാതൃരാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടി ജീവന് ബലിനല്കി പൊരുതിയ ധീര സൈനികരുടെ പേരുകളാണ്. അവരുടെ ത്യാഗത്തിന് വെളിച്ചമായി കെടാതെ നില്ക്കുന്ന അമര്ജ്യോതിക്ക് പ്രതിരോധമന്ത്രിയും സേനാതലവന്മാരും ഈ റിപ്പബ്ലിക് ദിനത്തിലും റീത്ത് സമര്പ്പിക്കും. ഗോവാ വിമോചനത്തിന് നേതൃത്വം നല്കിയ കെ.പി. കാന്ഡത്തിന്റെയും ബംഗ്ലാദേശ് വിമോചനത്തിന് പടനയിച്ച ഈസ്റ്റേണ് കമാന്ഡിന്റെ മേധാവിയായിരുന്ന ലഫ്. ജനറല് ജഗജിത്ത്സിങ് അറോറയുടെയും അതേ റാങ്കിലുളള മറ്റൊരു ലഫ്. ജനറലിനെ ഭൂമി തട്ടിപ്പുകേസില് ഇപ്പോള് സൈനിക കോടതി ശിക്ഷിച്ചിരിക്കുന്നു. കാര്ഗിലില് കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളുടെ പേരില് നിര്മിച്ച ആദര്ശ് ഫ്ളാറ്റ് സമുച്ചയത്തില് ഇടം നേടിയത് മുന് നാവിക സേനാമേധാവി അഡ്മിറല് മാധവേന്ദ്രസിങ്ങും കരസേനാമേധാവികളായിരുന്ന ജനറല് വിജയും ജനറല് ദീപക് കപുറും. മാധ്യമവാര്ത്തകളെ തുടര്ന്ന് ഇവര് പിന്നീട് പിന്മാറി. മനസ്സാക്ഷിക്കുത്തില്ലാതെ ഇന്ത്യാഗേറ്റിലെ അമര്ജ്യോതിയുടെ പരിശുദ്ധിയുടെ പരിസരത്ത് സേനയുടെ ഉത്തരവാദപ്പെട്ടവര് ഇത്തവണ നില്ക്കുന്നതെങ്ങനെ?
അധികാരത്തിന്റെ ക്ലാവ് നിരന്തര വിമര്ശത്തിലൂടെയും ജാഗ്രതയിലൂടെയും തുടച്ചുമിനുക്കുന്ന പ്രതിപക്ഷത്തിന്റെ സത്യസന്ധമായ പ്രവര്ത്തനമാണ് ജനാധിപത്യത്തിന്റെ മൂല്യവും മാറ്റും നിലനിര്ത്തുന്നത്. ഇപ്പോഴത്തേത്, സ്വന്തം മുഖ്യമന്ത്രി ഭൂമി തട്ടിപ്പുകേസില് പ്രതിയായ ഒരു പ്രതിപക്ഷം. സി.എ.ജി. റിപ്പോര്ട്ടിലൂടെ പ്രതിക്കൂട്ടിലെത്തിയ പാര്ട്ടി സെക്രട്ടറി സുപ്രീം കോടതിയില് നേരിട്ട് ഹര്ജി നല്കി കേസന്വേഷണം സ്തംഭിപ്പിച്ചതിനെ ന്യായീകരിക്കുന്ന പ്രതിപക്ഷം. അവരുടെ ധാര്മിക പോര്വിളികള് എങ്ങനെ കാറ്റുപിടിക്കാന്.!
2009 'ആം ആദ്മി'യില് നിന്ന് പറിച്ചെടുത്തത് ദാലും റൊട്ടിയുമായിരുന്നു. ഭക്ഷ്യവില കുതിച്ചുകയറിയതോടെ 2010 അവസാനിച്ചത് സവാളയും പച്ചക്കറികളും കണ്ണീരുചീന്തിച്ചുകൊണ്ടാണ്' . പട്ടിണിക്കാരുടെ ചേരികളില് നിന്നും ഉള്നാടുകളില്നിന്നും വന്ന റിപ്പോര്ട്ടല്ല ഇത്. 'ഹിന്ദുവി'നെപ്പോലുള്ള ഒരു പത്രത്തിന്റെ ഡല്ഹി ലേഖകന് ഈ പുതുവത്സരത്തില് രേഖപ്പെടുത്തിയ വസ്തുതയാണ്.
ഭക്ഷ്യസുരക്ഷയെപ്പറ്റിയും വിലക്കയറ്റം തടയുന്നതിനെക്കുറിച്ചും ഗിരിപ്രഭാഷണങ്ങള് ദിഗന്തങ്ങള് ഭേദിക്കുമ്പോള് വിലക്കയറ്റത്തിന്റെ കാട്ടുതീയില് എരിഞ്ഞൊടുങ്ങാന് പോകുകയാണ് ഇന്ത്യയിലെ ജനങ്ങള്. വളര്ച്ചനിരക്കിന്റെയും മൂലധനനിക്ഷേപത്തിന്റെയും മേനി പറഞ്ഞുനടക്കുകയായിരുന്നു ഭരണാധികാരികള്. ഭരണഘടന സാമ്പത്തികവും സാമൂഹികവുമായ തുല്യത ഉറപ്പുനല്കിയിട്ടും ഇവിടെ ശത കോടീശ്വരന്മാരും വന് കോര്പ്പറേറ്റുകളും ഒരുപിടി ധനികരും കഴിഞ്ഞ ഒരു ദശകത്തിനകത്ത് ഒരു വശത്ത് കേന്ദ്രീകരിച്ചു. ലാഭവിഹിതം കൂടി. കൂലിവിഹിതം കുറഞ്ഞു. വിലപേശല് ശക്തി ഇടിഞ്ഞു. തൊഴിലില്ലായ്മ പെരുകി. ബഹുഭൂരിപക്ഷം ഈ ദുരിതത്തില് മറ്റൊരു തലത്തിലേക്ക് പ്രാന്തവത്കരിക്കപ്പെട്ടു. ഒരു കിലോ ഉള്ളിക്ക് നാലു രൂപയായപ്പോള്, നാലു രൂപയായത് തിരഞ്ഞെടുപ്പിലെ കേന്ദ്ര മുദ്രാവാക്യമാക്കിമാറ്റി ജനങ്ങളുടെ കണ്ണീര് വോട്ടാക്കി ഒരു കാലത്ത് അധികാരത്തില് വന്ന പാര്ട്ടി. എഴുപതും എണ്പതും രൂപവരെ ഉള്ളിവില ഉയര്ന്നിട്ടും അതിന്റെ നേതാക്കള് ഇപ്പോള് ജനങ്ങളുടെ സങ്കടക്കടലിനു മുകളില് വിനോദയാത്ര നടത്തുന്നു.
ഈ അവസ്ഥ ഇന്ത്യയുടേതുമാത്രമല്ല, ആഗോളീകരണ നയങ്ങള് സൃഷ്ടിച്ച ആഗോളമുഖത്തിന്റെ ചിത്രമാണ്. അതിന്റെ അസ്വസ്ഥതയും പൊട്ടിത്തെറിയുമാണ് ഇപ്പോള് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നു കേള്ക്കുന്നത്. യുവാക്കളുടെ തൊഴിലില്ലായ്മ 20.3ശതമാനത്തിലേക്ക് കുതിച്ചുയര്ന്ന ബ്രിട്ടന്, സ്വയം വിളിച്ചുപറയുന്നത് ചെലവുചുരുക്കല് നടപടികള് ഒരു തലമുറയെയാകെ നഷ്ടപ്പെട്ടവരാക്കി എന്നാണ്. ഈ തൊഴിലില്ലായ്മാപ്രശ്നം ഒരു ടൈം ബോംബാണെന്ന് മുന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്ഡന് ബ്രൗണ് മുന്നറിയിപ്പു നല്കുന്നത് ലോകരാഷ്ട്രത്തലവന്മാര്ക്കാകെയാണ്. ബ്രിട്ടന്റെ പ്രതിസന്ധിയുടെ കാറ്റാണ് യൂറോപ്യന് നാടുകളിലും ആഞ്ഞടിക്കുന്നത്.
ഈ തീപ്പൊരികള് എവിടേക്ക് നയിക്കുമെന്ന് ആഫ്രിക്കയുടെ വടക്കേ അറ്റത്ത് അള്ജീരിയയ്ക്കും ലിബിയയ്ക്കും അടുത്തായി സ്ഥിതിചെയ്യുന്ന രാജ്യമായ ടുണീഷ്യ തെളിയിച്ചു കഴിഞ്ഞു. ഇന്ത്യയ്ക്കു പിറകെ 54 വര്ഷത്തെ ചരിത്രമുണ്ട് ടുണീഷ്യന് റിപ്പബ്ലിക്കിന്. തന്റെ 23 വര്ഷത്തെ സ്വേച്ഛാധിപത്യഭരണം അവസാനിപ്പിച്ച്, പ്രസിഡന്റ് ബെന് അലിക്ക് കഴിഞ്ഞ ദിവസം മധ്യധരണ്യാഴിക്കു മുകളിലൂടെ അര്ധരാത്രി വിമാനത്തില് പറന്നു രക്ഷപ്പെടേണ്ടിവന്നു. ഫ്രാന്സില് അഭയം കിട്ടാതെ സൗദിയിലെ ജിദ്ദയില് ജീവനും ഭാര്യയും ഒന്നര ടണ് ആഭരണവുമായി അഭയം തേടി. വ്യാപകമായ സ്വകാര്യ വത്കരണവും പൊതുമേഖലയുടെ കഴുത്തറുക്കലും ആകാശം മുട്ടെയുളള വിലക്കയറ്റവും പെരുകിയ വിദേശകടവും വര്ധിച്ച തൊഴിലില്ലായ്മയുമാണ് ടുണീഷ്യയെ ദുരന്തഭൂമിയാക്കിമാറ്റിയത്. ഭരണവര്ഗവുമായി കൈകോര്ത്തുവളര്ന്ന ഒരു ന്യൂനപക്ഷത്തിന്റെ അഴിമതിയുടെയും ആഡംബരത്തിന്റെയും ലോകവും ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും അനുദിനം പാര്ശ്വവത്കരിക്കപ്പെടുന്ന ഭൂരിപക്ഷവും തമ്മിലുളള വിടവും പൊട്ടിത്തെറിയിലേക്കു നയിച്ചു.
ആയത്തുള്ള ഖൊമേനിമാര്ക്കുവേണ്ടി കാത്തുനില്ക്കാതെ തൊഴിലാളികളും വിദ്യാര്ഥികളും അധ്യാപകരും പത്രപ്രവര്ത്തകരും അണിനിരന്നാണ് ജനപോരാട്ടം നയിച്ചത്. ടുണീഷ്യന് കാറ്റ് ഈജിപ്ത്, അള്ജീരിയ, ലിബിയ തുടങ്ങിയ അറബി നാടുകളില് തീപ്പൊരികള് വീഴ്ത്തിയിരിക്കുന്നു. ഈ ലോകക്കാഴ്ചകള് കാണാതെ അധികാരത്തിന്റെ ശീതളച്ഛായയില് അഴിമതികളുടെ മോഹമറകളുടെ നിഗൂഢതയില് ഇനിയും ഏറെ മുന്നോട്ടു പോകാമെന്ന് ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരിക്കുന്നവര് ധൈര്യപ്പെടേണ്ട. ഇന്ത്യയിലടിക്കുന്ന കാറ്റിലും തീപ്പൊരികള് പാറുന്നുണ്ട്. ഈ റിപ്പബ്ലിക് ദിനത്തിലും അതിന്റെ മുന്നറിയിപ്പുണ്ട്; വിശക്കുന്നവന്റെ മുന്നറിയിപ്പ്. അത് എല്ലാ രാഷ്ട്രീയപാര്ട്ടിനേതാക്കളെയും ഉന്നംവെച്ചുള്ളതാണ്. മഹാത്മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പുപദ്ധതിയിലെ കൂലി 100 രൂപയില്നിന്ന് ഉയര്ത്താന് മടിക്കുന്നവര്ക്ക് അതിന്റെ ഇരമ്പം കേള്ക്കാനാ
വില്ല. 
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌