2011, ജനു 26

ഇപ്പോള് നമ്മുടെ റിപ്പബ്ലിക്കിന് അനുയോജ്യമായ വിശേഷണം....


റിപ്പബ്ലിക് ദിനത്തിലെ കാണാത്ത മുന്നറിയിപ്പ്


ഇപ്പോള് നമ്മുടെ റിപ്പബ്ലിക്കിന് അനുയോജ്യമായ വിശേഷണം അഴിമതി റിപ്പബ്ലിക്കാണെന്നു പറയേണ്ടിവരുന്നു. ഒരു ഡോളര് വിദേശ കടമായി വാങ്ങുമ്പോള് പത്തുഡോളര് അവിഹിത മാര്ഗത്തിലൂടെ പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഒഴുകുന്നു എന്നാണ് അനുമാനം



നമ്മുടെ റിപ്പബ്ലിക് 61-ാം വര്ഷത്തിലേക്ക് കടന്നിരിക്കുന്നു. 1949 നവംബര് 26-ന് ഭരണഘടനാ അസംബ്ലി അംഗീകരിച്ച് ഇന്ത്യന് ജനതയ്ക്ക് നല്കിയതാണ് മഹത്തായ നമ്മുടെ ഭരണഘടന. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്തിക്കാനും അഭിപ്രായ പ്രകടനത്തിനും വിശ്വാസത്തിനും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യം, സ്ഥിതി സമത്വവും അവസര സമത്വവും, വ്യക്തിയുടെ അന്തസ്സുയര്ത്തിപ്പിടിക്കുമെന്നുള്ള ഉറപ്പ്. ഇതൊക്കെ ചേര്ന്ന പ്രതിജ്ഞയാണ് ഭരണഘടനാ രൂപമായി മാറിയത്. അതിന്റെ ലക്ഷ്യസാക്ഷാത്കാരമാണ് പരമാധികാര - മതനിരപേക്ഷ ജനാധിപത്യമെന്ന ലക്ഷ്യം. 1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയോടെ ആമുഖത്തില് സോഷ്യലിസ്റ്റെന്ന ലക്ഷ്യം കൂടി ഉള്ച്ചേര്ത്തു. വരുമാനത്തിലും ജീവിതനിലവാരത്തിലുമുള്ള വിടവ് നികത്താനും ജനനംതൊട്ട് കുഴിമാടംവരെ പൗരന് സുരക്ഷിതത്വം നല്കാനുമുള്ള ബാധ്യതയും നമ്മുടെ റിപ്പബ്ലിക്കിനുവേണ്ടി ഭരണഘടന ഏറ്റെടുത്തു.
ജനങ്ങളുടെ ജീവിതവും ലക്ഷ്യങ്ങളും പ്രതീക്ഷകളുമായി ബന്ധമില്ലാതാകുന്നതോടെ ഒരു ഭരണഘടന പൊള്ളയായി മാറുമെന്ന് അതേ ഭരണഘടനാസഭയില് പ്രധാനമന്ത്രി ജവാഹര്ലാല് നെഹ്രു അന്നുതന്നെ പറഞ്ഞുവെച്ചിരുന്നു. മേല്പ്പറഞ്ഞ ലക്ഷ്യങ്ങളില്നിന്ന് അത് താഴോട്ടുപതിക്കുമ്പോള് ഒപ്പം ജനങ്ങളെയും താഴെവീഴ്ത്തുമെന്ന് അദ്ദേഹം നിരീക്ഷിച്ചു . അങ്ങനെ പരാജിതരും പരിക്ഷീണരും ലജ്ജിതരും അപമാനിതരുമായ 120 കോടി ജനങ്ങളാണ് ഇത്തവണത്തെ റിപ്പബ്ലിക്ദിനാഘോഷങ്ങള് വീക്ഷിക്കുന്നത്. ന്യൂഡല്ഹിയിലെ റായ്സിനാ കുന്നിനും ഇന്ത്യാഗേറ്റിനുമിടയ്ക്ക് പ്രോജ്ജ്വലമായി നടക്കുന്ന ഇന്ത്യയുടെ കരുത്തിന്റെയും പുരോഗതിയുടെയും കലാ, സാംസ്ക്കാരിക, ശാസ്ത്ര, സാങ്കേതിക, സൈനിക പ്രതിഭാശക്തി പ്രകടനങ്ങള് നിര്വികാരമായി വീക്ഷിക്കുന്നത്; വിശ്വാസവും ആദരവും ആവേശവും പ്രചോദനവും നല്കിയിരുന്ന ആദര്ശഗോപുരങ്ങളായിരുന്ന ദേശീയ നേതാക്കളുടെ ചരിത്ര വഴിയില് രാഷ്ട്രീയ സര്ക്കസ്സിലെ കോമാളികളുടെ പ്രകടനങ്ങള് നോക്കിക്കാണുന്നത്.
വിവര്ണവും വിലയിടിഞ്ഞതുമായിരിക്കുന്നു ഭരണഘടനാ സ്ഥാപനങ്ങള്. ചരിത്രത്തിലാദ്യമായി ഒരു ശീതകാലസമ്മേളനം മുഴുക്കെ പ്രവര്ത്തിക്കാനാവാതെ സ്തംഭിച്ചുകിടന്ന നിയമനിര്മാണ സഭ-2.76 ലക്ഷം കോടി രൂപയുടെ അഴിമതിയാരോപണങ്ങള് ഗതികിട്ടാത്ത പ്രേതത്തെപ്പോലെ ആ ചരിത്ര സൗധത്തില് ഇപ്പോഴും മാറ്റൊലിക്കൊള്ളുന്നുണ്ടാവും-, കടലുകള്ക്കക്കരെ കടത്തിക്കൊണ്ടുപോയ കള്ളപ്പണത്തിന്റെ കണക്കാവശ്യപ്പെട്ട് ക്ഷമകേടോടെ കാത്തിരിക്കുന്ന ഉന്നത നീതിപീഠം, അവിടെത്തന്നെ എട്ട് മുന് ചീഫ് ജസ്റ്റിസുമാര് അഴിമതിക്കാരാണെന്ന് ആരോപിച്ച് വിവരങ്ങള് മുദ്രവെച്ച കവറില് സമര്പ്പിച്ച് ജയിലില് പോകാന് തയ്യാറെന്ന വെല്ലുവിളിയോടെ കാത്തു നില്ക്കുന്ന സീനിയര് അഭിഭാഷകന്.
''കഴിഞ്ഞ രണ്ടുവര്ഷമായി ഈ കോടതിയില് (സുപ്രീംകോടതി) നടക്കുന്നതെന്താണെന്ന് എല്ലാവര്ക്കുമറിയാം. പക്ഷേ ആരും പറയാന് ധൈര്യപ്പെട്ടില്ല. സത്യം പറയുന്നതിനുവേണ്ടി ത്യാഗം സഹിക്കേണ്ടിവരുമെന്നാണെങ്കില് തടവറകളിലേക്കു പോകാന് ജനലക്ഷങ്ങള് തയ്യാറാകും''-മറ്റൊരു സീനിയര് അഭിഭാഷകന് കോടതിയലക്ഷ്യക്കേസില് നീതിപീഠത്തിനു മുമ്പില് പറയേണ്ടിവന്നു. ''അതുനടക്കട്ടെ'' എന്നായിരുന്നു കേസുകേട്ട രണ്ടു ജഡ്ജിമാരില് ഒരാളുടെ പ്രതികരണം. അഴിമതി നടത്തിയ ഒന്പതാമത്തെ ചീഫ് ജസ്റ്റിസിനെ മറ്റൊരു ഭരണഘടനാ സ്ഥാപനത്തില് പ്രതിഷ്ഠിച്ച പ്രധാനമന്ത്രിയുടെ മൗനം ചോദ്യംചെയ്ത് ധര്മരോഷം കൊള്ളുന്നു 95 കഴിഞ്ഞ മുന് സുപ്രീംകോടതി ജഡ്ജി. നീരാറാഡിയ ടേപ്പ് വിവാദത്തില് മുഖം നഷ്ടപ്പെട്ട കോര്പ്പറേറ്റ് മാധ്യമശിങ്കങ്ങള്. മന്ത്രിമാരെയും അവര്ക്കുവേണ്ട വകുപ്പുകളെയും നയങ്ങളെയും ഭരണഘടനാ വ്യവസ്ഥകള്ക്കു പുറത്ത് സൃഷ്ടിച്ചെടുക്കുന്ന പുതിയ ജനിതകപ്രയോക്താക്കളാണവര്.
ഇപ്പോള് നമ്മുടെ റിപ്പബ്ലിക്കിന് അനുയോജ്യമായ വിശേഷണം അഴിമതി റിപ്പബ്ലിക്കാണെന്നു പറയേണ്ടിവരുന്നു. ക്ഷമിക്കുക. 2008 ഡിസംബറില് പുറത്തുവിട്ട ഗ്ലോബല് ഫിനാന്ഷ്യല് ഇന്റഗ്രിറ്റി എന്ന സ്ഥാപനത്തിന്റെ കള്ളപ്പണം സംബന്ധിച്ച പഠനറിപ്പോര്ട്ട് നോക്കുക. ഇന്ത്യയില്നിന്ന് 2002 മുതല് പുറത്തേക്കു പോകുന്നത് പ്രതിവര്ഷം 1,36,466 കോടി രൂപയാണ്. അഞ്ചു വര്ഷം കൊണ്ട് കടത്തിക്കൊണ്ടുപോയത് 6,92,328 കോടി രൂപ. സ്വിസ് ബാങ്ക് അസോസിയേഷന്റെ 2006-ലെ വെളിപ്പെടുത്തലനുസരിച്ച് സ്വിസ് ബാങ്ക് നിക്ഷേപത്തില് ഒന്നാം സ്ഥാനം ഇന്ത്യക്കാര്ക്കാണ്. നമ്മുടെ റിസര്വ് ബാങ്ക് നവവത്സരപ്പുലരിയില് വെളിപ്പെടുത്തിയതനുസരിച്ച് ഇന്ത്യയുടെ വിദേശകടം 13,48,256.4 കോടി രൂപയാണ്. ഒരു ഡോളര്വിദേശകടമായി വാങ്ങുമ്പോള് പത്തു ഡോളര് അവിഹിത മാര്ഗങ്ങളിലൂടെ പാശ്ചാത്യരാജ്യങ്ങളിലേക്ക് ഒഴുകുന്നു എന്നാണ് ശാസ്ത്രീയമായ അനുമാനം.
ഇന്ത്യന് റിപ്പബ്ലിക്കിന്റെ സിരാകേന്ദ്രങ്ങള് നിലകൊള്ളുന്ന റായ്സിനാകുന്നിലേക്ക് തലയുയര്ത്തി നില്ക്കുന്ന ഇന്ത്യാഗേറ്റിന്റെ പ്രതലങ്ങളില് മാതൃരാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടി ജീവന് ബലിനല്കി പൊരുതിയ ധീര സൈനികരുടെ പേരുകളാണ്. അവരുടെ ത്യാഗത്തിന് വെളിച്ചമായി കെടാതെ നില്ക്കുന്ന അമര്ജ്യോതിക്ക് പ്രതിരോധമന്ത്രിയും സേനാതലവന്മാരും ഈ റിപ്പബ്ലിക് ദിനത്തിലും റീത്ത് സമര്പ്പിക്കും. ഗോവാ വിമോചനത്തിന് നേതൃത്വം നല്കിയ കെ.പി. കാന്ഡത്തിന്റെയും ബംഗ്ലാദേശ് വിമോചനത്തിന് പടനയിച്ച ഈസ്റ്റേണ് കമാന്ഡിന്റെ മേധാവിയായിരുന്ന ലഫ്. ജനറല് ജഗജിത്ത്സിങ് അറോറയുടെയും അതേ റാങ്കിലുളള മറ്റൊരു ലഫ്. ജനറലിനെ ഭൂമി തട്ടിപ്പുകേസില് ഇപ്പോള് സൈനിക കോടതി ശിക്ഷിച്ചിരിക്കുന്നു. കാര്ഗിലില് കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളുടെ പേരില് നിര്മിച്ച ആദര്ശ് ഫ്ളാറ്റ് സമുച്ചയത്തില് ഇടം നേടിയത് മുന് നാവിക സേനാമേധാവി അഡ്മിറല് മാധവേന്ദ്രസിങ്ങും കരസേനാമേധാവികളായിരുന്ന ജനറല് വിജയും ജനറല് ദീപക് കപുറും. മാധ്യമവാര്ത്തകളെ തുടര്ന്ന് ഇവര് പിന്നീട് പിന്മാറി. മനസ്സാക്ഷിക്കുത്തില്ലാതെ ഇന്ത്യാഗേറ്റിലെ അമര്ജ്യോതിയുടെ പരിശുദ്ധിയുടെ പരിസരത്ത് സേനയുടെ ഉത്തരവാദപ്പെട്ടവര് ഇത്തവണ നില്ക്കുന്നതെങ്ങനെ?
അധികാരത്തിന്റെ ക്ലാവ് നിരന്തര വിമര്ശത്തിലൂടെയും ജാഗ്രതയിലൂടെയും തുടച്ചുമിനുക്കുന്ന പ്രതിപക്ഷത്തിന്റെ സത്യസന്ധമായ പ്രവര്ത്തനമാണ് ജനാധിപത്യത്തിന്റെ മൂല്യവും മാറ്റും നിലനിര്ത്തുന്നത്. ഇപ്പോഴത്തേത്, സ്വന്തം മുഖ്യമന്ത്രി ഭൂമി തട്ടിപ്പുകേസില് പ്രതിയായ ഒരു പ്രതിപക്ഷം. സി.എ.ജി. റിപ്പോര്ട്ടിലൂടെ പ്രതിക്കൂട്ടിലെത്തിയ പാര്ട്ടി സെക്രട്ടറി സുപ്രീം കോടതിയില് നേരിട്ട് ഹര്ജി നല്കി കേസന്വേഷണം സ്തംഭിപ്പിച്ചതിനെ ന്യായീകരിക്കുന്ന പ്രതിപക്ഷം. അവരുടെ ധാര്മിക പോര്വിളികള് എങ്ങനെ കാറ്റുപിടിക്കാന്.!
2009 'ആം ആദ്മി'യില് നിന്ന് പറിച്ചെടുത്തത് ദാലും റൊട്ടിയുമായിരുന്നു. ഭക്ഷ്യവില കുതിച്ചുകയറിയതോടെ 2010 അവസാനിച്ചത് സവാളയും പച്ചക്കറികളും കണ്ണീരുചീന്തിച്ചുകൊണ്ടാണ്' . പട്ടിണിക്കാരുടെ ചേരികളില് നിന്നും ഉള്നാടുകളില്നിന്നും വന്ന റിപ്പോര്ട്ടല്ല ഇത്. 'ഹിന്ദുവി'നെപ്പോലുള്ള ഒരു പത്രത്തിന്റെ ഡല്ഹി ലേഖകന് ഈ പുതുവത്സരത്തില് രേഖപ്പെടുത്തിയ വസ്തുതയാണ്.
ഭക്ഷ്യസുരക്ഷയെപ്പറ്റിയും വിലക്കയറ്റം തടയുന്നതിനെക്കുറിച്ചും ഗിരിപ്രഭാഷണങ്ങള് ദിഗന്തങ്ങള് ഭേദിക്കുമ്പോള് വിലക്കയറ്റത്തിന്റെ കാട്ടുതീയില് എരിഞ്ഞൊടുങ്ങാന് പോകുകയാണ് ഇന്ത്യയിലെ ജനങ്ങള്. വളര്ച്ചനിരക്കിന്റെയും മൂലധനനിക്ഷേപത്തിന്റെയും മേനി പറഞ്ഞുനടക്കുകയായിരുന്നു ഭരണാധികാരികള്. ഭരണഘടന സാമ്പത്തികവും സാമൂഹികവുമായ തുല്യത ഉറപ്പുനല്കിയിട്ടും ഇവിടെ ശത കോടീശ്വരന്മാരും വന് കോര്പ്പറേറ്റുകളും ഒരുപിടി ധനികരും കഴിഞ്ഞ ഒരു ദശകത്തിനകത്ത് ഒരു വശത്ത് കേന്ദ്രീകരിച്ചു. ലാഭവിഹിതം കൂടി. കൂലിവിഹിതം കുറഞ്ഞു. വിലപേശല് ശക്തി ഇടിഞ്ഞു. തൊഴിലില്ലായ്മ പെരുകി. ബഹുഭൂരിപക്ഷം ഈ ദുരിതത്തില് മറ്റൊരു തലത്തിലേക്ക് പ്രാന്തവത്കരിക്കപ്പെട്ടു. ഒരു കിലോ ഉള്ളിക്ക് നാലു രൂപയായപ്പോള്, നാലു രൂപയായത് തിരഞ്ഞെടുപ്പിലെ കേന്ദ്ര മുദ്രാവാക്യമാക്കിമാറ്റി ജനങ്ങളുടെ കണ്ണീര് വോട്ടാക്കി ഒരു കാലത്ത് അധികാരത്തില് വന്ന പാര്ട്ടി. എഴുപതും എണ്പതും രൂപവരെ ഉള്ളിവില ഉയര്ന്നിട്ടും അതിന്റെ നേതാക്കള് ഇപ്പോള് ജനങ്ങളുടെ സങ്കടക്കടലിനു മുകളില് വിനോദയാത്ര നടത്തുന്നു.
ഈ അവസ്ഥ ഇന്ത്യയുടേതുമാത്രമല്ല, ആഗോളീകരണ നയങ്ങള് സൃഷ്ടിച്ച ആഗോളമുഖത്തിന്റെ ചിത്രമാണ്. അതിന്റെ അസ്വസ്ഥതയും പൊട്ടിത്തെറിയുമാണ് ഇപ്പോള് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നു കേള്ക്കുന്നത്. യുവാക്കളുടെ തൊഴിലില്ലായ്മ 20.3ശതമാനത്തിലേക്ക് കുതിച്ചുയര്ന്ന ബ്രിട്ടന്, സ്വയം വിളിച്ചുപറയുന്നത് ചെലവുചുരുക്കല് നടപടികള് ഒരു തലമുറയെയാകെ നഷ്ടപ്പെട്ടവരാക്കി എന്നാണ്. ഈ തൊഴിലില്ലായ്മാപ്രശ്നം ഒരു ടൈം ബോംബാണെന്ന് മുന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്ഡന് ബ്രൗണ് മുന്നറിയിപ്പു നല്കുന്നത് ലോകരാഷ്ട്രത്തലവന്മാര്ക്കാകെയാണ്. ബ്രിട്ടന്റെ പ്രതിസന്ധിയുടെ കാറ്റാണ് യൂറോപ്യന് നാടുകളിലും ആഞ്ഞടിക്കുന്നത്.
ഈ തീപ്പൊരികള് എവിടേക്ക് നയിക്കുമെന്ന് ആഫ്രിക്കയുടെ വടക്കേ അറ്റത്ത് അള്ജീരിയയ്ക്കും ലിബിയയ്ക്കും അടുത്തായി സ്ഥിതിചെയ്യുന്ന രാജ്യമായ ടുണീഷ്യ തെളിയിച്ചു കഴിഞ്ഞു. ഇന്ത്യയ്ക്കു പിറകെ 54 വര്ഷത്തെ ചരിത്രമുണ്ട് ടുണീഷ്യന് റിപ്പബ്ലിക്കിന്. തന്റെ 23 വര്ഷത്തെ സ്വേച്ഛാധിപത്യഭരണം അവസാനിപ്പിച്ച്, പ്രസിഡന്റ് ബെന് അലിക്ക് കഴിഞ്ഞ ദിവസം മധ്യധരണ്യാഴിക്കു മുകളിലൂടെ അര്ധരാത്രി വിമാനത്തില് പറന്നു രക്ഷപ്പെടേണ്ടിവന്നു. ഫ്രാന്സില് അഭയം കിട്ടാതെ സൗദിയിലെ ജിദ്ദയില് ജീവനും ഭാര്യയും ഒന്നര ടണ് ആഭരണവുമായി അഭയം തേടി. വ്യാപകമായ സ്വകാര്യ വത്കരണവും പൊതുമേഖലയുടെ കഴുത്തറുക്കലും ആകാശം മുട്ടെയുളള വിലക്കയറ്റവും പെരുകിയ വിദേശകടവും വര്ധിച്ച തൊഴിലില്ലായ്മയുമാണ് ടുണീഷ്യയെ ദുരന്തഭൂമിയാക്കിമാറ്റിയത്. ഭരണവര്ഗവുമായി കൈകോര്ത്തുവളര്ന്ന ഒരു ന്യൂനപക്ഷത്തിന്റെ അഴിമതിയുടെയും ആഡംബരത്തിന്റെയും ലോകവും ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും അനുദിനം പാര്ശ്വവത്കരിക്കപ്പെടുന്ന ഭൂരിപക്ഷവും തമ്മിലുളള വിടവും പൊട്ടിത്തെറിയിലേക്കു നയിച്ചു.
ആയത്തുള്ള ഖൊമേനിമാര്ക്കുവേണ്ടി കാത്തുനില്ക്കാതെ തൊഴിലാളികളും വിദ്യാര്ഥികളും അധ്യാപകരും പത്രപ്രവര്ത്തകരും അണിനിരന്നാണ് ജനപോരാട്ടം നയിച്ചത്. ടുണീഷ്യന് കാറ്റ് ഈജിപ്ത്, അള്ജീരിയ, ലിബിയ തുടങ്ങിയ അറബി നാടുകളില് തീപ്പൊരികള് വീഴ്ത്തിയിരിക്കുന്നു. ഈ ലോകക്കാഴ്ചകള് കാണാതെ അധികാരത്തിന്റെ ശീതളച്ഛായയില് അഴിമതികളുടെ മോഹമറകളുടെ നിഗൂഢതയില് ഇനിയും ഏറെ മുന്നോട്ടു പോകാമെന്ന് ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരിക്കുന്നവര് ധൈര്യപ്പെടേണ്ട. ഇന്ത്യയിലടിക്കുന്ന കാറ്റിലും തീപ്പൊരികള് പാറുന്നുണ്ട്. ഈ റിപ്പബ്ലിക് ദിനത്തിലും അതിന്റെ മുന്നറിയിപ്പുണ്ട്; വിശക്കുന്നവന്റെ മുന്നറിയിപ്പ്. അത് എല്ലാ രാഷ്ട്രീയപാര്ട്ടിനേതാക്കളെയും ഉന്നംവെച്ചുള്ളതാണ്. മഹാത്മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പുപദ്ധതിയിലെ കൂലി 100 രൂപയില്നിന്ന് ഉയര്ത്താന് മടിക്കുന്നവര്ക്ക് അതിന്റെ ഇരമ്പം കേള്ക്കാനാ
വില്ല. 
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ