2012, ഏപ്രി 30

കേരളം തീവ്രവാദത്തിന്റെ പിടിയിലേക്ക്‌???


                     
തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍, ഇന്ത്യന്‍ ഭൂപടത്തില്‍ പുതിയൊരു ഇടം അടയാളപ്പെടുത്തുന്നുണ്ടോ കേരളം. അങ്ങനെ സംശയിക്കാന്‍ പാകത്തില്‍ ഉദാഹരണങ്ങള്‍ ഇപ്പോള്‍ത്തന്നെ ധാരാളം. രാജ്യത്തെ പിടിച്ചു കുലുക്കിയ പല സ്ഫോടന കേസുകളിലും മലയാളി സാന്നിധ്യം തിരിച്ചറിയപ്പെട്ടതു സമീപവര്‍ഷങ്ങളിലാണ്. കശ്മീര്‍ തീവ്രവാദി ക്യാംപുകളിലേക്കു യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളുടെ തായ് വേര് കേരളത്തില്‍ എന്നു കണ്ടെത്തിയതും നാടിനെ വിറപ്പിച്ച സംഭവം. അവിടുന്നിങ്ങോട്ട്, ഒറ്റപ്പെട്ടതെങ്കിലും ആസൂത്രിതം തന്നെയായ സംഭവങ്ങള്‍ പലതും ഇവിടെ അരങ്ങേറിയിട്ടുണ്ട് ഈ അടുത്ത കാലത്ത്. തൊടുപുഴയില്‍ അധ്യാപകന്‍റെ കൈവെട്ടിയതടക്കം, ദൃഷ്ടാന്തങ്ങള്‍ നിരവധിയാണ്. ഇ-മെയ്ല്‍ ചോര്‍ത്തല്‍ സംഭവത്തില്‍ സംസ്ഥാന പൊലീസിലെ ഒരു ഉദ്യോഗസ്ഥന്‍ തന്നെ സൂത്രധാരനായി എന്നതും സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ വിളിച്ചോതുന്നു. തീവ്രവാദ ബന്ധം സംശയിക്കപ്പെടുന്ന ചിലര്‍, ലുക്ക് ഔട്ട് നോട്ടിസുകളെ മറികടന്നു രാജ്യം വിടാന്‍ തെരഞ്ഞെടുത്തതും, കേരളം ഒരുക്കിവച്ച പഴുതുകള്‍ തന്നെയാണ്. സംസ്ഥാനത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ വര്‍ഗീയ സ്വഭാവമുള്ള തീവ്രവാദ സംഘടനകളും അവരുടെ പ്രവര്‍ത്തനങ്ങളും അനുദിനം തഴച്ചുവളരുന്നു. പൊലീസിന്‍റെ കണ്‍മുന്നില്‍ മിലിറ്ററി യൂണിഫോം ധരിച്ചു പരേഡ് നടത്തുന്നതിനുപോലും ധൈര്യമാര്‍ജിച്ചിരിക്കുന്നു മേല്‍ വിവരിച്ച സംവിധാനങ്ങള്‍. 

                 സംസ്ഥാനത്തു പലേടത്തും സ്ഫോടക വസ്തുക്കളുടെ സംഭരണം, കടത്തല്‍, ബോംബ് നിര്‍മാണം എന്നിവയും നിര്‍ബാധം നടക്കുന്നു. കാസര്‍ഗോഡും കണ്ണൂരും നിത്യേനയെന്നോണം അരങ്ങേറുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ പലതും മാധ്യമങ്ങള്‍ മനഃപൂര്‍വം തന്നെ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയാണ് ഇപ്പോള്‍. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തില്‍ത്തന്നെയാണ്, നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തനം കേരളത്തില്‍ സജീവം എന്ന കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തല്‍ അതീവ ഗൗരവാവഹമാകുന്നത്.


                    കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നു എന്ന ഏറ്റവും പുതിയ വെളിപ്പെടുത്തലും ജാഗ്രതാപൂര്‍വം തന്നെ നാം തിരിച്ചറിയണം. സംസ്ഥാന വൈദ്യുതി മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദാണു രാഷ്ട്രീയ പാര്‍ട്ടികളില്‍ തീവ്രവാദികള്‍ അണിചേരുന്നു എന്ന ഗുരുതര സാഹചര്യത്തിലേക്കു വിരല്‍ ചൂണ്ടുന്നത്. 
പുറമേയ്ക്കു പറഞ്ഞു കേള്‍ക്കുന്നതിനെക്കാള്‍ ഭീകരമാണ് യഥാര്‍ഥ ചിത്രം എന്നുതന്നെ വേണം ഇക്കാര്യത്തില്‍ സംശയിക്കാന്‍. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളും ഭരണകര്‍ത്താക്കളുമെല്ലാം തന്നെ, തങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞ ഈ സത്യത്തിനു മേല്‍ അടയിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും നിര്‍ദേശങ്ങള്‍ക്കു മേല്‍ അലസശയനം നടത്തുന്നു സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവര്‍. രാഷ്ട്രീയ വിലപേശലുകളും സാമുദായിക സന്തുലന തര്‍ക്കങ്ങളും പറഞ്ഞു തീര്‍ക്കുന്നതിനിടെ തീവ്രവാദി സാന്നിധ്യം സംബന്ധിച്ച മുന്നറിയിപ്പുകള്‍ക്കു ചെവി കൊടുക്കാന്‍ ആര്‍ക്കു നേരം? അറിഞ്ഞില്ല, കേട്ടില്ല, അന്വേഷിക്കാം തുടങ്ങിയ ഒഴുക്കന്‍ മറുപടികളില്‍ മുഖം പൂഴ്ത്തുകയാണു സംസ്ഥാന ഭരണ നേതൃത്വം. ജാഗ്രതയില്ലായ്മയിലേക്കു സംസ്ഥാന സേനയെ തരംതാഴ്ത്തിയ സംസ്ഥാന പൊലീസ് മേധാവിത്വത്തിന്‍റേതാവട്ടെ, വഴുവഴുപ്പന്‍ നിലപാടുകള്‍. 

                                പൊലീസിന്‍റെ ഈ അലസ നേതൃത്വം തന്നെയാണു സംസ്ഥാനത്തു തീവ്രവാദി സാന്നിധ്യം അധികരിക്കുന്ന സാഹചര്യം സൃഷ്ടിച്ചത്. എല്ലാം വൈകിപ്പോയി എന്നു നടുക്കത്തോടെ തിരിച്ചറിയുന്ന ഒരു സുരക്ഷാ വീഴ്ചയുടെ നാളിലേക്കാണോ നമ്മുടെ സംസ്ഥാനമിപ്പോള്‍ അതിവേഗം നടന്നടുക്കുന്നത്? രഹസ്യാന്വേഷണ വീഴ്ചകളും ഭരണ വീഴ്ചകളും പഴുതുകളൊരുക്കുമ്പോള്‍, അതിനുള്ള സാധ്യതകള്‍ ധാരാളം. തീവ്രവാദ പ്രവണതകളെ മുന്‍കൂട്ടി തിരിച്ചറിയാനും വേരോടെ പിഴുതെറിയാനും കെല്‍പ്പുള്ളവര്‍ വേണം പൊലീസിന്‍റെ തലപ്പത്ത്. 

2012, ഏപ്രി 25

"ആത്മഹത്യ" കഴിഞ്ഞു, ഇനി ചീഞ്ഞുനാറ്റം

"യുഡിഎഫിലേക്ക് പോകുന്നതിലും ഭേദം ആത്മഹത്യയാണ്, ഞാന്‍ സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനം തുടരും, ജനങ്ങളെ സേവിക്കാന്‍ ഒരു പാര്‍ടിയിലും അംഗത്വം ആവശ്യമില്ല"-

എംഎല്‍എ സ്ഥാനം രാജിവച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആര്‍ സെല്‍വരാജ് പറഞ്ഞ വാക്കുകളാണിത്. പറഞ്ഞതെല്ലാം വിഴുങ്ങി കോണ്‍ഗ്രസ് അംഗത്വം വരിച്ച് സെല്‍വരാജ് "ആത്മഹത്യ"യെ വരിച്ചു. തെരുവില്‍ തമ്മില്‍ത്തല്ലുന്ന യുഡിഎഫിലെ ഘടകകക്ഷി നേതാക്കളും ബുധനാഴ്ച നെയ്യാറ്റിന്‍കരയില്‍ നടന്ന ഈ രാഷ്ട്രീയ "ആത്മഹത്യ"യ്ക്ക് സാക്ഷികളായി. അംഗത്വദാനച്ചടങ്ങ് നടന്ന സ്വദേശാഭിമാനി ടൗണ്‍ഹാളിന് തൊട്ടടുത്തുള്ള റസ്റ്റ്ഹൗസിലാണ് സെല്‍വരാജ് "ആത്മഹത്യാ" പ്രഖ്യാപനം നടത്തിയത്. ഒരുരാത്രി പുലരുന്നതിനിടയില്‍ പൂര്‍ത്തിയാക്കിയ കുതിരക്കച്ചവടത്തിന്റെ തുടര്‍ച്ചയായിരുന്നു റസ്റ്റ് ഹൗസിലെ വാര്‍ത്താസമ്മേളനവും "ആത്മഹത്യാ"പ്രഖ്യാപനവും. എന്നാല്‍,ഇത് തട്ടിപ്പാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗവ. ചീഫ്വിപ്പ് പി സി ജോര്‍ജുമായും ചേര്‍ന്ന് സെല്‍വരാജ് നടത്തിയ ചാക്ക് രാഷ്ട്രീയമാണ് രാജിക്ക് പിന്നിലെന്നും അന്നുതന്നെ വ്യക്തമായിരുന്നു. ഇത് ശരിയാണെന്ന് സെല്‍വരാജിന്റെ പിന്നീടുള്ള ഓരോ നീക്കവും ബോധ്യപ്പെടുത്തി. കോണ്‍ഗ്രസ് കൂടാരത്തില്‍ അഭയം തേടിയതോടെ നാടകം പൂര്‍ണമായി. കോണ്‍ഗ്രസില്‍ ചേരാനുള്ള അപേക്ഷ സെല്‍വരാജ് നേരത്തെ നല്‍കിയിരുന്നതായി ചെന്നിത്തല വെളിപ്പെടുത്തുകയുംചെയ്തു. സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കുന്നതിന് തൊട്ടുമുമ്പ് പുലര്‍ച്ചെ അഞ്ചു മണിയോടെ പി സി ജോര്‍ജും സെല്‍വരാജും മുഖ്യമന്ത്രിയെ രഹസ്യമായി വീട്ടില്‍ചെന്ന് കണ്ടിരുന്നുവെന്ന് സംശയാതീതമായി തെളിഞ്ഞു. സെല്‍വരാജും ജോര്‍ജും തുടരെത്തുടരെ നടത്തിയ ഫോണ്‍വിളികളുടെ ലിസ്റ്റ് പുറത്തുവന്നു. ഗസ്റ്റ്ഹൗസിലെ രഹസ്യകൂടിക്കാഴ്ചയും പുറത്തായി. ഇതെല്ലാം മറച്ചുവച്ച് സിപിഐ എം പീഡിപ്പിച്ചുവെന്ന് പ്രചരിപ്പിച്ച് ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാനുള്ള നീക്കം തുടക്കത്തിലേ പാളി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായിരിക്കെ ഒരു ഘട്ടത്തിലും ഇത്തരം ഒരു പരാതിയും ഉന്നയിച്ചിരുന്നില്ല. തന്റെ കൂടെയുള്ളവരുടെ പാര്‍ടി അംഗത്വം പുതുക്കിയില്ലെന്ന കള്ളം തട്ടിവിട്ടു. എന്നാല്‍, അപ്പോഴും പാര്‍ടി അംഗത്വം പുതുക്കുന്ന പ്രക്രിയ പൂര്‍ത്തിയായിരുന്നില്ല. സംസ്ഥാന സമ്മേളന പ്രതിനിധിയാക്കിയില്ലെന്നായിരുന്നു മറ്റൊരു പരാതി. എന്നാല്‍, കഴിഞ്ഞതവണ എംഎല്‍എയായിരിക്കുമ്പോഴും പങ്കെടുത്തിരുന്നില്ല. മാത്രമല്ല, എംഎല്‍എയെന്നോ, എംപിയെന്നോ ഉള്ള തെരഞ്ഞെടുക്കപ്പെട്ട പദവികളല്ല പാര്‍ടിസമ്മേളനത്തില്‍ പ്രതിനിധിയാക്കുന്നതിനുള്ള മാനദണ്ഡം. അതേസമയം, തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനം എന്ന നിലയില്‍ സ്വാഗതസംഘത്തിന്റെ ഭാഗമായിരുന്നു സെല്‍വരാജ്. ഈ ഘട്ടത്തിലൊന്നും സെല്‍വരാജിന് ഒരു പരിഭവവും ഉണ്ടായിരുന്നില്ല. രാജിവയ്ക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസംപോലും നിയമസഭയില്‍ സന്നിഹിതനായിരുന്നു. അന്നുള്‍പ്പെടെ സിപിഐ എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സെല്‍വരാജുമായി ആശയവിനിമയം നടത്തിയിരുന്നു. ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും പാര്‍ടിക്കാര്യങ്ങള്‍ക്കുമായിരുന്നു ഈ ആശയവിനിമയം. അന്നൊന്നും ആരോടും സെല്‍വരാജിന് പരിഭവമില്ലായിരുന്നു. എന്നിട്ടും പാര്‍ടി പീഡിപ്പിച്ചതുകൊണ്ടാണ് രാജിവയ്ക്കുന്നതെന്ന നുണക്കഥ പ്രചരിപ്പിച്ചു. പിറവം ഉപതെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാന്‍ ലക്ഷ്യംവച്ചാണ് രാജിസമയം തീരുമാനിച്ചത്. ഇതൊക്കെ മറച്ചുവച്ച് സെല്‍വരാജ് പ്രചരിപ്പിച്ച നുണക്കഥകളാണ് "ആത്മഹത്യ"യിലൂടെ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നത്.

2012, ഏപ്രി 13

വീണ്ടും ഭ്രാന്താലയമാക്കരുത്


Metrovaartha.com

ദൈവത്തിന്‍റെ സ്വന്തം നാട് എന്ന പൊങ്ങച്ചപ്പേര് കേരളം പതിച്ചെടുത്ത് നാളേറെ ആയിട്ടില്ല. അതിനു മുന്‍പ്, ഒരു നൂറ്റാണ്ടു മുന്‍പ്, ഭ്രാന്താലയം എന്നൊരു വിളിപ്പേരു പതിഞ്ഞു കിട്ടിയിരുന്നു നമ്മുടെ സംസ്ഥാനത്തിന്. കേരളത്തില്‍ പുലര്‍ത്തിപ്പോന്നിരുന്ന ജാതിവ്യവസ്ഥയുടെയും അനാചാരങ്ങളുടെയും പേക്കൂത്തുകള്‍ കണ്ടു മനം തപിച്ച സ്വാമി വിവേകാനന്ദനത്രെ ഭ്രാന്താലയം എന്നു കേരളത്തെ അപഹസിച്ചത്. ജാതിഭ്രാന്തിന്‍റെ പേരില്‍ പതിച്ചുകിട്ടിയ ഈ മേല്‍വിലാസത്തില്‍ നിന്നു കേരളത്തെ മോചിപ്പിച്ചെടുത്തത് ശ്രീനാരായണ ഗുരു അടക്കം മഹാത്മാക്കള്‍ നടത്തിയ പരിഷ്കരണ യജ്ഞങ്ങള്‍. അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനും മന്നത്ത് പത്മനാഭനും കെ. കേളപ്പനും വി.ടി. ഭട്ടതിരിപ്പാടും പണ്ഡിറ്റ് കെ.പി. കറുപ്പനും ഇഎംഎസുമടക്കം അനേകരുടെ സംഭാവനകളുണ്ട് നാം ഇന്നു കാണുന്ന പരിഷ്കൃത കേരളത്തിന്‍റെ സൃഷ്ടിയില്‍. സ്വാതന്ത്ര്യസമരവും ദേശീയ പ്രസ്ഥാനവുമെല്ലാം കൈകോര്‍ത്ത നാളുകളിലാണു സാമൂഹ്യപരിഷ്കരണത്തിന്‍റെയും ജാതിസമത്വത്തിന്‍റെയും പുതിയ വ്യവസ്ഥയിലേക്കു കേരളം പരിവര്‍ത്തനം ചെയ്യപ്പെട്ടത്.

പച്ചയ്ക്കു ജാതി പറയുകയും അതിന്‍റെ പേരില്‍ മനുഷ്യരെ അധമരെന്നും അവര്‍ണരെന്നും ചവിട്ടിത്താഴ്ത്തുകയും ചെയ്യുന്ന വ്യവസ്ഥ ഇന്നും പുലരുന്നുണ്ട് നമ്മുടെ അയല്‍ സംസ്ഥാനങ്ങളില്‍പ്പോലും. തീണ്ടലും തൊടീലുമടക്കമുള്ള അനാചാരങ്ങള്‍ ഇന്നും നിലനില്‍ക്കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല. തമിഴ്നാട്ടിലും കര്‍ണാടകയിലും ആന്ധ്രയിലും കമ്യൂണിസ്റ്റുകള്‍ അടക്കിവാണ ബംഗാളിലുമെല്ലാം ഇന്നും ജാതിയുടെ തരംതിരിവുകള്‍ സജീവം. തെരഞ്ഞെടുപ്പും അധികാരം വീതംവയ്പ്പുമെല്ലാം ഇന്നും ജാതിമത ചേരിതിരിവുകളില്‍ അധിഷ്ഠിതമാണ് ഇവിടങ്ങളില്‍ പലേടത്തും. ഇതര സംസ്ഥാനങ്ങളില്‍ ജാതിയും മതവും അവര്‍ണത്വവും അസമത്വവും കൊടികുത്തി വാഴുമ്പോള്‍, അതില്‍ നിന്നെല്ലാം തുടലുപൊട്ടിച്ചത്രേ കേരളമെന്ന പഴയ ഭ്രാന്താലയം ദൈവത്തിന്‍റെ നാട് എന്ന് ഊറ്റം കൊള്ളുന്നത്. ആ ഊറ്റം കൊള്ളലും ജാതിസമത്വത്തിന്‍റെ അഹങ്കാരവുമെല്ലാം ഇനി എത്രനാള്‍ കൂടി അവകാശപ്പെടാനാവും നമ്മുടെ നാടിന്. സാമൂഹിക സമത്വം കൈവരിച്ച നാട് എന്ന് അന്യസംസ്ഥാനക്കാര്‍ക്കു മുന്നില്‍ ഇനി എത്രകാലം കൂടി ഇങ്ങനെ നെഞ്ചുവിരിച്ചു നില്‍ക്കാനാവും മലയാളിക്ക്. അങ്ങനെയൊരു അന്തസിന്‍റെ കാലഘട്ടം അവാസനിക്കുകയാണോ കേരളമെന്ന വ്യത്യസ്ത ഭൂമികയില്‍?

കേരള രാഷ്ട്രീയത്തില്‍ അനുദിനം സംഭവിക്കുന്ന അപചയങ്ങള്‍ ഇപ്രകാരം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണു നമ്മുടെ സമൂഹത്തിനു മുന്‍പില്‍. ജാതിയും മതവും അവാന്തര സ്വാധീനങ്ങളുമെല്ലാം കണക്കുകൂട്ടിയുള്ള സ്ഥാനാര്‍ഥി തീരുമാനങ്ങള്‍ നമ്മുടെ രാഷ്ട്രീയ രംഗത്തിനു പുത്തരിയല്ല. അധികാരവും വകുപ്പും വീതം വയ്ക്കുമ്പോള്‍ ജാതി-മത തരംതിരിവുകളെ മാനിച്ചുകൊണ്ടുള്ള സമന്വയങ്ങളും പുതുമയല്ല ഇവിടെ. പക്ഷേ, മറയ്ക്കേണ്ടതു മറച്ചുപിടിച്ച്, അത്രയെങ്കിലും മാന്യമായി വസ്ത്രധാരണം ചെയ്തു തന്നെയേ ജാതിരാഷ്ട്രീയം പകല്‍വെളിച്ചത്തിലിറങ്ങി നടന്നിട്ടുള്ളൂ ഇത്രയും കാലം. ഈ കീഴ്വഴക്കത്തിന്‍റെ സദാചാരമാണ് അഞ്ചാംമന്ത്രി വിവാദത്തിലൂടെയും അതിന്‍റെ ലജ്ജാകരമായ പരിസമാപ്തിയിലൂടെയും ഇപ്പോള്‍ അതിലംഘിക്കപ്പെട്ടിരിക്കുന്നത്. ഭരണപക്ഷ എംഎല്‍എമാരുടെ മൊത്തം സംഖ്യയെ ഹിന്ദുവെന്നും മുസ്ലിമെന്നും ക്രിസ്ത്യാനിയെന്നും വേര്‍പിരിച്ചുണ്ടാക്കിയ സംഖ്യ കൊണ്ടു ഹരിച്ചെടുത്തിരിക്കുന്നു ഉമ്മന്‍ ചാണ്ടിയുടെ ഭരണം. പിന്നെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ സാമാജികരുടെ വേര്‍പിരിച്ച സംഖ്യയെ നായരെന്നും ഈഴവനെന്നും കത്തോലിക്കനെന്നും അകത്തോലിക്കനെന്നും ഷിയ എന്നും സുന്നി എന്നും ഹരിച്ചു ശസ്ത്രക്രിയ ചെയ്തിരിക്കുന്നു ഭരണപക്ഷ രാഷ്ട്രീയം. അങ്ങനെയൊരു നെറികെട്ട കണക്കെടുപ്പിന്‍റെ അമിതസമ്മര്‍ദത്തിനു കീഴടങ്ങിയിരിക്കുന്നു മതേതര ദേശീയ രാഷ്ട്രീയ പ്രസ്ഥാനമെന്നു പെരുമപെറ്റ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും അതിന്‍റെ മുഖ്യമന്ത്രിയുമെല്ലാം. സന്തുലനത്തിന്‍റെയോ അനുപാതത്തിന്‍റെയോ ന്യായമായ കണക്കുകള്‍ക്കും വിലപേശലുകള്‍ക്കും ബ്ലാക്ക് മെയ്ലിങ് എന്ന വൃത്തികെട്ട കലയുടെ നിറംപകര്‍ന്നിരിക്കുന്നു യുഡിഎഫിലെ ചില സഖ്യകക്ഷികളും അവയെ നിയന്ത്രിക്കുന്ന മത മേല്‍ക്കോയ്മകളും.

മുസ്ലിം ലീഗിന് അഞ്ചാംമന്ത്രി പദവി ചോദിക്കാന്‍ പോന്ന സംഖ്യാബലവും സ്വാധീനബലവുമുണ്ടെന്നു വാദത്തിനു സമ്മതിക്കാം. പക്ഷേ, അതിന്‍റെ പേരില്‍ നടന്ന സമ്മര്‍ദ കോലാഹലങ്ങള്‍ അനഭലഷണീയം. ലീഗിന് അഞ്ചു മന്ത്രിമാരുണ്ടായാല്‍ ഭൂമി കുലുങ്ങുകയോ ആകാശം ഇടിഞ്ഞുവീഴുകയോ ചെയ്യില്ല. പക്ഷേ, നാലു മന്ത്രിമാര്‍ ഭരിച്ചിരുന്ന വകുപ്പുകള്‍ അഞ്ചാം മന്ത്രിക്കുവേണ്ടി പിച്ചിക്കീറിയതിലും അഞ്ചാമനെ കുത്തിത്തിരുകിയതിലും അഭംഗിയല്ലാതെ മറ്റെന്ത്? അതിന്‍റെ പേരില്‍ സ്വന്തം പാര്‍ട്ടിയില്‍ പൊട്ടിപ്പുറപ്പെട്ട അലോസരങ്ങളില്‍ നിലതെറ്റാതിരിക്കാന്‍ മുഖ്യമന്ത്രി നടപ്പാക്കിയ വകുപ്പുവിഭജന സര്‍ക്കസിനെ ജുഗുപ്സാവഹമെന്നല്ലാതെ വേറെന്തു വിശേഷിപ്പിക്കാന്‍?

അല്‍പ്പ ഭൂരിപക്ഷത്തിന്‍റെ നൂല്‍പ്പാലത്തിലൂടെ സര്‍ക്കാരിനെ നയിച്ചുപോരുകയാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എണ്ണത്തിലെ പോരായ്മയെ വണ്ണംകൊണ്ടു പരിഹരിച്ച ഭരണപാടവത്തെ കേരളം അങ്ങേയറ്റത്തെ മതിപ്പോടെയാണ് ഇക്കഴിഞ്ഞ നാളുകളില്‍ വിലയിരുത്തിയത്. ഈ മതിപ്പാണ് പിറവം ഉപതെരഞ്ഞെടുപ്പില്‍ അനൂപ് ജേക്കബിനു സമ്മാനം കിട്ടിയ അപ്രതീക്ഷിത ഭൂരിപക്ഷത്തില്‍ പ്രതിഫലിച്ചത്. പിറവം എന്ന ഒറ്റ നിയോജകമണ്ഡലത്തില്‍ പ്രസരിച്ചത് കേരളസമൂഹത്തിന്‍റെ ഒന്നടങ്കമുള്ള ജനസമ്മതിയായിരുന്നു എന്നുകൂടി വിലയിരുത്തണം. ആ വിലപ്പെട്ട ജനസമ്മതിയുടെ തിളക്കം നഷ്ടപ്പെടുത്തിയിരിക്കുന്നു ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയും അദ്ദേഹം നയിക്കുന്ന സര്‍ക്കാരും. നായരെന്നും ഈഴവനെന്നും വകുപ്പുകള്‍ വീതംവച്ചു നടത്തിയ അഴിച്ചുപണി പ്രീണനശ്രമം ആരെയെങ്കിലും തൃപ്തിപ്പെടുത്തുകയല്ല, അപമാനിക്കുകയാണു ചെയ്തതെന്നു തീര്‍ച്ചയായും പരിഭവിക്കുന്നു, മുഖ്യമന്ത്രി സന്തോഷിപ്പിക്കാനുദ്ദേശിച്ച സമുദായ നേതൃത്വങ്ങള്‍.

ജാതിയും മതവും ചതുരംവരച്ച പലകയില്‍, ചൂതുകളിയുടെ അടവുപിഴച്ച് അഭിമാനം പണയപ്പെട്ടിരിക്കുന്നു യുഡിഎഫ് സര്‍ക്കാരിന്. ജനസമ്പര്‍ക്ക മഹായജ്ഞങ്ങളിലൂടെ പഴയ സത്പേര് വീണ്ടെടുക്കാന്‍ കഴിയുമോ ഉമ്മന്‍ ചാണ്ടിക്ക്? തിരുവനന്തപുരം മൃഗശാലയിലേക്കു രണ്ടു ജിറാഫിനെ വാങ്ങാനുള്ള ബജറ്റ് നിര്‍ദേശം കേട്ട്, അതിലൊരെണ്ണം സ്വന്തം സമുദായത്തിന് എന്നു കൈപൊക്കിയെഴുന്നേറ്റ ഒരു സാമാജികന്‍റെ കാലം ഓര്‍മവരുന്നു. അതിവേഗം ബഹുദൂരം അങ്ങനെയൊരു കഷ്ടകാലത്തിലേക്കാവരുത് ഉമ്മന്‍ ചാണ്ടി കേരളത്തെ നയിക്കുന്നത്.

2012, ഏപ്രി 3

സുന്ദരമായ ആത്മഹത്യ- ശതമന്യു

സുന്ദരമായ ആത്മഹത്യ: രണ്ട് ആത്മഹത്യകളുടെ കഥയാണ് നാട്ടില്‍ അലയടിക്കുന്നത്. പ്രണയനൈരാശ്യംമൂലം തൂങ്ങിച്ചാകാന്‍ പോയവന്റെ കഥ കുഞ്ഞുണ്ണിമാഷ് പറഞ്ഞിട്ടുണ്ട്. തൂങ്ങിച്ചാകാന്‍ വിട്ടില്ല- പകരം നല്ല പത്തലൊടിച്ചെടുത്ത് തല്ലിക്കൊന്ന് കുഴിച്ചിട്ടു. ആത്മഹത്യാശ്രമം ക്രിമിനല്‍ കുറ്റമാകയാലും ചാകാന്‍ പോകുന്നവനെ കൊന്നാല്‍ പാപമില്ലാത്തതിനാലും കുഞ്ഞുണ്ണിമാഷ് പാര്‍ടി കോടതിയുണ്ടാക്കിയെന്ന് വാര്‍ത്ത വന്നില്ല; കേസും വന്നില്ല.
യുഡിഎഫില്‍ ചേരുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യയാണെന്ന് പറഞ്ഞയാള്‍ നേരെ യുഡിഎഫിന്റെ ആപ്പീസില്‍ ചെന്ന് ഉത്തരത്തില്‍ കയറുകെട്ടി തൂങ്ങിയതിന്റെ തത്സമയസംപ്രേഷണമായിരുന്നു കഴിഞ്ഞാഴ്ചത്തെ വാര്‍ത്ത. അസാധാരണമായ മറ്റൊരാത്മഹത്യക്കും കേരളം സാക്ഷിയായി. കോണ്‍ഗ്രസ് എന്ന പാര്‍ടിയുടെ ആത്മാഭിമാനമാണ് തൂങ്ങിച്ചത്തത്. ആത്മഹത്യാക്കുറിപ്പില്‍ ഒരേയൊരു പേരേ കാണുന്നുള്ളൂ- ഒരു പുതുപ്പള്ളിക്കാരന്റേത്. കുറിപ്പ് ഇങ്ങനെയാണെന്ന് കേള്‍ക്കുന്നു: ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല. ഗാന്ധിജിയുടെയും നെഹ്റുജിയുടെയും ലാളനയേറ്റ് വളര്‍ന്ന എനിക്ക് ഈയൊരു ദുര്‍ഗതി വന്നല്ലോ. തുടര്‍ച്ചയായ മാനഭംഗം ആരെയും ഈ കടുംകൈക്ക് പ്രേരിപ്പിക്കും. മലപ്പുറം കത്തികൊണ്ടും കോട്ടയം വാളുകൊണ്ടും മാറിമാറി പീഡിപ്പിച്ചു. ഒടുവില്‍ അവരുടെ വാല്യക്കാരും വന്നു. വയനാട്ടുവീരനും കൊട്ടാരക്കര കുലവനും വന്നു. ഈരാറ്റുപേട്ടയിലെ ജോര്‍ജിന്റെ പീഡനത്തിനുപോലും വഴങ്ങേണ്ടിവന്നാല്‍ പിന്നെന്ത് ജീവിതം. ഇനി വയ്യാ. തുണ്ടുകയറില്‍ ജീവിതം ഒടുക്കുന്നു. ഈ മരണത്തിന് മറ്റാരും ഉത്തരവാദിയല്ല. പുതുപ്പള്ളിയില്‍നിന്ന് എന്റെ ജീവിതത്തിലേക്ക് കയറിവന്ന ആ പൊടിമീശക്കാരന്‍. അയാള്‍മാത്രമാണ് എന്നെ നശിപ്പിച്ചത്- എന്ന് സ്വന്തം കോണ്‍ഗ്രസിന്റെ ആത്മാഭിമാനം.

ഈ കുറിപ്പ് പൊലീസ് മുക്കിയെന്നും പകരം ഒരു എസ് കത്തി സംഭവസ്ഥലത്തെത്തിച്ചുവെന്നും ശ്രുതിയുണ്ട്. എന്തായാലും ആത്മാഭിമാനത്തെ പിന്നീട് പുറത്താരും കണ്ടിട്ടില്ല. പുറത്തുപറയാനാകാത്ത രോഗത്തിന് രഹസ്യചികിത്സയിലാണെന്ന് പറഞ്ഞുപരത്തുന്നവരുമുണ്ട്. സാഹചര്യത്തെളിവുവച്ച് ആത്മഹത്യ നടന്നിരിക്കാനാണ് സാധ്യത. ഇനി അഥവാ വിജയകരമായി ആത്മഹത്യ സംഭവിച്ചില്ലെങ്കില്‍ പത്തലൊടിച്ചെടുത്ത് തല്ലിക്കൊല്ലാന്‍ ഗാന്ധിമാര്‍ഗത്തിലുള്ള ആരെങ്കിലും വരും.

ഇപ്പോള്‍ കോണ്‍ഗ്രസ് എന്നു പറയുന്നതുതന്നെ മാനക്കേടാണ്. പി സി ജോര്‍ജ് നയിക്കുന്ന പാര്‍ടിക്ക് അല്ലെങ്കിലും എന്ത് മാനം; എന്ത് നാണം. ദല്ലാള്‍ നന്ദകുമാര്‍, മഞ്ഞ നന്ദകുമാര്‍, താജ്മഹലിന്റെ മേസ്തിരി തുടങ്ങിയവരെക്കൂടി വര്‍ക്കിങ് കമ്മിറ്റിയിലെടുത്താല്‍ സംഗതി ഇനിയും ജോറാകും. ക്ലീന്‍ ആന്റണി ക്ലീന്‍ ബൗള്‍ഡാകുന്ന കാലമാണ്. പറഞ്ഞുവന്നാല്‍ ചെന്നിത്തലതന്നെ ഇമേജുള്ള നേതാവ്. ബ്ലോക്ക് പ്രസിഡന്റിന്റെ കപ്പാസിറ്റിയേ ഉള്ളൂ എന്നത് ഒരു കുറവല്ല. സംസ്ഥാനം നയിക്കാന്‍ ഇറ്റലിയില്‍നിന്ന് കപ്പലില്‍ ആളെ ഇറക്കേണ്ടിവരും.

*
എങ്കെടാ ഉങ്ക മന്ത്രി എന്ന് എഴുതിക്കണ്ടാല്‍ പാവം മാക് അലി കരയും. ഒരുകാലത്ത് സിനിമ പിടിച്ചുനടന്നപ്പോള്‍ കുറെയാളെ വെറുപ്പിച്ചിട്ടുണ്ട്. അങ്ങനെയൊരാള്‍ തമിഴില്‍ പോയി പണി പറ്റിച്ചു- പെരിന്തല്‍മണ്ണയില്‍ പോസ്റ്റര്‍ വന്നു. കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് പ്രകടനം നടത്താന്‍മാത്രമല്ല, പോസ്റ്റര്‍ കീറിക്കളയാനും ചെലവാണിപ്പോള്‍. ഒരുനാള്‍ മന്ത്രിയായിരുന്ന വീരന്റെ റെക്കോഡ് തകര്‍ക്കാന്‍ ഒരുനാളും കസേരയിലിരിക്കാത്ത അഞ്ചാംമന്ത്രി. എങ്കെടാ ഉങ്ക മന്ത്രി എന്ന് അലീക്കാന്റെ ആളുകള്‍ ഇനി പാണക്കാട്ട് ചെന്ന് ചോദിക്കുമോ എന്നാണ് സംശയം.

ലീഗായതുകൊണ്ട് വാക്കിന് വിലയും വേണ്ട; അഭിമാനത്തിന്റെ പ്രശ്നവുമില്ല. ആത്മീയാചാര്യനും സാമുദായികനേതാവും അഖിലേന്ത്യാ പ്രസിഡന്റിനേക്കാള്‍ വലിയ സംസ്ഥാന പ്രസിഡന്റുമായ ജനാബ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വാക്കിന് വലിയ വിലയാണ്. പഴയ ചാക്കിനേക്കാള്‍ വിലയുണ്ട്. വില ഏറിയാലും കുറഞ്ഞാലും തല്‍ക്കാലം ആര്‍ക്കും ചേതമില്ല. വാക്കല്ലേ, അതല്ലേ മാറ്റാന്‍ കഴിയൂ.

അഭിമാനത്തിന്റെ കാര്യം പറയുമ്പോഴാണ് നെയ്യാറ്റിന്‍കരയിലെ ആത്മഹത്യാശ്രമത്തെ ഓര്‍ക്കേണ്ടത്. വെള്ള കീറുന്നതിനുമുമ്പ് തലയില്‍ മുണ്ടിട്ട് ക്ലിഫ്ഹൗസില്‍ ചെന്ന് ചാക്കുംചുമന്ന് തിരിച്ചുവന്ന മഹാന്‍ എന്തിനാണ് ആത്മഹത്യക്ക് ശ്രമിക്കുന്നതെന്ന് പെട്ടെന്ന് പറയാന്‍ പറ്റില്ല. യുഡിഎഫില്‍ പോകുന്നതിനേക്കാള്‍ ആത്മഹത്യ നല്ലതെന്നാണ് പറഞ്ഞത്. ആത്മഹത്യയേക്കാള്‍ മോശമായ കാര്യമാണ് ഇപ്പോള്‍ ചെയ്തതെന്നര്‍ഥം. കണ്ണടച്ചുതന്നെ പാല്‍ കുടിക്കണം. എല്ലാം എല്ലാവരും അറിഞ്ഞു. ഇനിയിപ്പോള്‍ അമാന്തിച്ചുനിന്നാല്‍ കൈവിട്ടുപോകും. അണികള്‍ നിര്‍ബന്ധിക്കുന്നുണ്ട്. അണികള്‍ വലിയ സംഭവമാണ്. കണ്‍വന്‍ഷന്‍ നടത്തിയപ്പോള്‍ ഷൊര്‍ണൂര്‍ മുരളിയും തലസ്ഥാനത്തെ ദുശ്ശീലനും പിന്നെ ഭാര്യയും പിഎയും ഡ്രൈവറും പിന്നെ ഞാനും. അണികള്‍ നാനാഴി വേണ്ട. അണികളുടെ നിര്‍ബന്ധംകൊണ്ടും ആത്മഹത്യ ആവാം.

*
പാണക്കാട് തങ്ങള്‍ കൊടപ്പനയ്ക്കല്‍ തറവാട്ടിന്റെ ഉമ്മറത്തിരുന്നാണ് രാഷ്ട്രീയനിലപാടുകള്‍ അറിയിക്കുക. ഏറിയാല്‍ കോഴിക്കോട്ടെ ലീഗ് ഹൗസ് വരെ പോകും. പറഞ്ഞാല്‍ പറഞ്ഞതാണ്. നിര്‍ബന്ധിച്ചാലേ പുറത്തേക്കിറങ്ങൂ. അഞ്ചാം മന്ത്രിസ്ഥാനത്തിന് അനന്തപുരിയിലേക്ക് പോയത് അങ്ങനെയൊരു നിര്‍ബന്ധംകൊണ്ടാണ്. അവിടെച്ചെന്നപ്പോള്‍ കാണേണ്ടയാള്‍മാത്രം വന്നില്ല. തമ്പാനൂരില്‍നിന്ന് നേരെ പുതുപ്പള്ളിക്ക് കയറി. കോട്ടയത്ത് ആളെ കണ്ടുകിട്ടി. തങ്ങള്‍ ആവശ്യപ്പെട്ടതും ഉമ്മന്‍ചാണ്ടി മറുപടി പറഞ്ഞതും ആര്‍ക്കും മനസ്സിലായില്ല. എല്ലാം ഒരു ബബ്ബബ്ബ സ്റ്റൈല്‍. അഞ്ചാംമന്ത്രി ഉണ്ടെന്നും ഇല്ലെന്നും ഉണ്ടില്ലെന്നും വ്യാഖ്യാനിക്കാം.

ലീഗിന് പവറൊക്കെയുണ്ട്. അത് കുഞ്ഞീക്കായുടെ കുപ്പായക്കീശയിലാണെന്നുമാത്രം. പുള്ളി വിചാരിച്ചാല്‍ എന്തും നടക്കും. കോണ്‍ഗ്രസിനെയും ഭരണത്തെയും ആ പവറുകൊണ്ട് നയിക്കുന്നുണ്ടെങ്കിലും അഞ്ചാംമന്ത്രിക്കാര്യത്തില്‍ കുഞ്ഞീക്കായ്ക്ക് വലിയ താല്‍പ്പര്യമില്ല. പാണക്കാട് തങ്ങളുടെ വാക്കിന്റെ വില എത്രയുണ്ടെന്ന് നാലാള്‍ അറിഞ്ഞാലേ കുഞ്ഞീക്കയുടെ വില പെട്രോളിന്റെ വിലപോലെ കുതിച്ചുകയറൂ.

പിറവത്ത് അനൂപ് ജയിച്ചാലെങ്കിലും കൊടിവച്ച കാറില്‍ കയറാമെന്നു നിനച്ച മഞ്ഞളാംകുഴി വലിയ കുഴിയിലാണ്. ഇനിയിപ്പോള്‍ ആടിന്റെ മുന്നില്‍ പ്ലാവിലയെന്നപോലെ നെയ്യാറ്റിന്‍കരയിലെ ആത്മഹത്യക്കാരനും വച്ചുനീട്ടണം പ്ലാവില. എങ്കെടാ ഉങ്ക മന്ത്രി എന്ന ചോദ്യം പെരിന്തല്‍മണ്ണയില്‍നിന്ന് പിറവവും കടന്ന് പോവുകയാണ്. സെല്‍വരാജിന് സങ്കടം വരേണ്ടതില്ല. സിപിഐ എം വിട്ട് സ്ഥാനമോഹങ്ങളുമായി കോണ്‍ഗ്രസിലേക്ക് ചേക്കേറിയ ഡോ. കെ എസ് മനോജ് വിദേശത്തേക്ക് പോവുകയാണ്. സിന്ധുജോയിയുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്. സെല്‍വരാജിനെ നെയ്യാറ്റിന്‍കരക്കാര്‍ ശരിയാക്കിയാലും വെയ്റ്റിങ്ങ് ലിസ്റ്റുകാരുടെ ഉറച്ച പദവി യുഡിഎഫിലുണ്ട്. കാത്തിരുന്നാല്‍ വല്ല ചാക്കുവികസന കോര്‍പറേഷന്റെയോ കുതിരപ്പട്ടാള ബോര്‍ഡിന്റെയോ ചെയര്‍മാനാകാം.