തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍, ഇന്ത്യന്‍ ഭൂപടത്തില്‍ പുതിയൊരു ഇടം അടയാളപ്പെടുത്തുന്നുണ്ടോ കേരളം. അങ്ങനെ സംശയിക്കാന്‍ പാകത്തില്‍ ഉദാഹരണങ്ങള്‍ ഇപ്പോള്‍ത്തന്നെ ധാരാളം. രാജ്യത്തെ പിടിച്ചു കുലുക്കിയ പല സ്ഫോടന കേസുകളിലും മലയാളി സാന്നിധ്യം തിരിച്ചറിയപ്പെട്ടതു സമീപവര്‍ഷങ്ങളിലാണ്. കശ്മീര്‍ തീവ്രവാദി ക്യാംപുകളിലേക്കു യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളുടെ തായ് വേര് കേരളത്തില്‍ എന്നു കണ്ടെത്തിയതും നാടിനെ വിറപ്പിച്ച സംഭവം. അവിടുന്നിങ്ങോട്ട്, ഒറ്റപ്പെട്ടതെങ്കിലും ആസൂത്രിതം തന്നെയായ സംഭവങ്ങള്‍ പലതും ഇവിടെ അരങ്ങേറിയിട്ടുണ്ട് ഈ അടുത്ത കാലത്ത്. തൊടുപുഴയില്‍ അധ്യാപകന്‍റെ കൈവെട്ടിയതടക്കം, ദൃഷ്ടാന്തങ്ങള്‍ നിരവധിയാണ്. ഇ-മെയ്ല്‍ ചോര്‍ത്തല്‍ സംഭവത്തില്‍ സംസ്ഥാന പൊലീസിലെ ഒരു ഉദ്യോഗസ്ഥന്‍ തന്നെ സൂത്രധാരനായി എന്നതും സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ വിളിച്ചോതുന്നു. തീവ്രവാദ ബന്ധം സംശയിക്കപ്പെടുന്ന ചിലര്‍, ലുക്ക് ഔട്ട് നോട്ടിസുകളെ മറികടന്നു രാജ്യം വിടാന്‍ തെരഞ്ഞെടുത്തതും, കേരളം ഒരുക്കിവച്ച പഴുതുകള്‍ തന്നെയാണ്. സംസ്ഥാനത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ വര്‍ഗീയ സ്വഭാവമുള്ള തീവ്രവാദ സംഘടനകളും അവരുടെ പ്രവര്‍ത്തനങ്ങളും അനുദിനം തഴച്ചുവളരുന്നു. പൊലീസിന്‍റെ കണ്‍മുന്നില്‍ മിലിറ്ററി യൂണിഫോം ധരിച്ചു പരേഡ് നടത്തുന്നതിനുപോലും ധൈര്യമാര്‍ജിച്ചിരിക്കുന്നു മേല്‍ വിവരിച്ച സംവിധാനങ്ങള്‍.
സംസ്ഥാനത്തു പലേടത്തും സ്ഫോടക വസ്തുക്കളുടെ സംഭരണം, കടത്തല്‍, ബോംബ് നിര്‍മാണം എന്നിവയും നിര്‍ബാധം നടക്കുന്നു. കാസര്‍ഗോഡും കണ്ണൂരും നിത്യേനയെന്നോണം അരങ്ങേറുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ പലതും മാധ്യമങ്ങള്‍ മനഃപൂര്‍വം തന്നെ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയാണ് ഇപ്പോള്‍. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തില്‍ത്തന്നെയാണ്, നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തനം കേരളത്തില്‍ സജീവം എന്ന കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തല്‍ അതീവ ഗൗരവാവഹമാകുന്നത്.
പുറമേയ്ക്കു പറഞ്ഞു കേള്‍ക്കുന്നതിനെക്കാള്‍ ഭീകരമാണ് യഥാര്‍ഥ ചിത്രം എന്നുതന്നെ വേണം ഇക്കാര്യത്തില്‍ സംശയിക്കാന്‍. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളും ഭരണകര്‍ത്താക്കളുമെല്ലാം തന്നെ, തങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞ ഈ സത്യത്തിനു മേല്‍ അടയിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും നിര്‍ദേശങ്ങള്‍ക്കു മേല്‍ അലസശയനം നടത്തുന്നു സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവര്‍. രാഷ്ട്രീയ വിലപേശലുകളും സാമുദായിക സന്തുലന തര്‍ക്കങ്ങളും പറഞ്ഞു തീര്‍ക്കുന്നതിനിടെ തീവ്രവാദി സാന്നിധ്യം സംബന്ധിച്ച മുന്നറിയിപ്പുകള്‍ക്കു ചെവി കൊടുക്കാന്‍ ആര്‍ക്കു നേരം? അറിഞ്ഞില്ല, കേട്ടില്ല, അന്വേഷിക്കാം തുടങ്ങിയ ഒഴുക്കന്‍ മറുപടികളില്‍ മുഖം പൂഴ്ത്തുകയാണു സംസ്ഥാന ഭരണ നേതൃത്വം. ജാഗ്രതയില്ലായ്മയിലേക്കു സംസ്ഥാന സേനയെ തരംതാഴ്ത്തിയ സംസ്ഥാന പൊലീസ് മേധാവിത്വത്തിന്‍റേതാവട്ടെ, വഴുവഴുപ്പന്‍ നിലപാടുകള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ