2012, മാർ 31

ടിന്റുമോന്‍ ആരുടെ സൃഷ്ടിയാണ് -വി കെ ദിലീപ്



  • "എ" ഫോര്‍ ആപ്പിള്‍ എന്നുപറയുന്നതുപോലെ "ടി" ഫോര്‍ ടിന്റുമോന്‍ എന്ന് മലയാളികള്‍ ഉപയോഗിച്ചു തുടങ്ങിയതായാണ് ടിന്റുമോന്‍ പ്രസാധകരുടെ സാക്ഷ്യം. "മലയാളികളുടെ എസ്എംഎസ് ഹീറോ", "രസിക കേസരി" തുടങ്ങി നിരവധി പട്ടങ്ങളാണ് ടിന്റുമോനില്‍ ചാര്‍ത്തിയിരിക്കുന്നത്. ടിന്റുമോന്‍ തമാശകളുടെ ജനപ്രിയതയാണ് മുന്നേ ചൊല്ലിവച്ചത്. ടിന്റുമോന്‍ ഈ അവാര്‍ഡുകളെല്ലാം വാങ്ങിക്കൂട്ടുമ്പോള്‍ "പുതിയ കാലഘട്ടത്തിന്റെ താര"മെന്ന നിലയില്‍ ടിന്റുമോന്റെ ജനപ്രീതി വിശകലനം അര്‍ഹിക്കുന്നത് തന്നെയല്ലെ?

    ടിന്റുമോന്‍ ആരുടെ സൃഷ്ടിയാണെന്ന് ആര്‍ക്കുമറിയില്ലെന്നാണ് ടിന്റുമോന്‍ ജോക്സിന്റെ പ്രസാധകരായ ഒ&ഇ പബ്ലിഷിങ് ഹൗസ് പറയുന്നത്. ഈ "പിതൃശൂന്യത" തന്നെയാണ് പ്രാഥമികമായി വിലയിരുത്തപ്പെടേണ്ടതും. ബോബനും മോളിക്കും ഉണ്ണിക്കുട്ടനും എല്ലാം ജന്മം നല്‍കിയവരാരാണെന്ന് നമുക്ക് അറിയാവുന്നതുകൊണ്ട് അവരുടെ നര്‍മം ആസ്വദിക്കുന്നതോടൊപ്പം അവരുടെ കൊള്ളരുതായ്മകള്‍ക്കെതിരെ കുറഞ്ഞപക്ഷം നമുക്ക് പരാതിപ്പെടുകയെങ്കിലും ചെയ്യാം. എന്നാല്‍ ടിന്റുമോന്റെ കാര്യത്തില്‍ അത് സാധ്യമല്ല. പക്ഷേ, ഒറ്റ ജനയിതാവിനെ സൂചിപ്പിക്കുന്ന വിധത്തില്‍ ടിന്റുമോന്‍ തമാശകള്‍ക്ക് ചില സാമാന്യരൂപം കണ്ടെത്താനാവും. പലര്‍ കൂടിനിര്‍മിച്ച തമാശകള്‍ക്ക് എങ്ങനെ ഒരു സാമാന്യരൂപം കൈവരുന്നു എന്നന്വേഷിക്കുമ്പോഴാണ് സമൂഹത്തില്‍ വിശിഷ്യാ യുവതലമുറയില്‍ രൂപം കൊള്ളുന്ന പുതിയ പ്രതിലോമ മൂല്യബോധങ്ങള്‍ക്ക് ഇതില്‍ നിശ്ചയമായും ഒരു ഭാഗധേയം ഉണ്ടെന്ന് കണ്ടെത്താനാവുക. അതായത് ടിന്റുമോന്റെ പിതൃത്വം അന്വേഷിച്ച് ഒരു ഡിഎന്‍എ ടെസ്റ്റ് നടത്തുകയാണെങ്കില്‍ അത് തീര്‍ച്ചയായും നവഉദാരവല്‍കരണത്തിന്റെ സാംസ്കാരിക ഭൂമികയില്‍ തന്നെയാവും ചെന്നെത്തുക. അതുകൊണ്ട് ഏത് തമാശയും ടിന്റുമോന്റെ പേരില്‍ ചെലവാകില്ലെന്നര്‍ഥം. ഉദാരവല്‍കരണത്തിന്റെ ചില മിനിമം മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുമ്പോഴാണ് ഒരു ജോക്ക് ടിന്റുമോന്‍ ജോക്ക് എന്ന വിഭാഗത്തിലേക്ക് "ക്വാളിഫൈ" ചെയ്യപ്പെടുക എന്നു കാണാം. പൊതുവില്‍ അവയെ ഇങ്ങനെ തിരിക്കാം: കഴുത്തറപ്പന്‍ ഉപയുക്തതാവാദം, തികഞ്ഞ പ്രായോഗികമതിത്വം, ബന്ധങ്ങളോ (അച്ഛന്‍ അമ്മ മുത്തച്ഛന്‍ മുത്തശ്ശി, ഗുരുനാഥന്‍)ടുള്ള നിരാസം, മഹത് വ്യക്തികളോടും മഹത്വത്തോടുമുള്ള അവഹേളനം, പ്രായത്തിനു ചേരാത്ത ലൈംഗികത പ്രയോഗങ്ങള്‍, പ്രണയത്തിലെ പ്രായോഗികവാദം തുടങ്ങി സൂക്ഷ്മവിശകലനത്തില്‍ തെളിഞ്ഞുവരുന്നത് അകംപൊത്തായിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ സമകാലിക ദുരന്തമുഖങ്ങള്‍ തന്നെയാണ്്. തമാശകള്‍ക്ക് മാംസവും മജ്ജയും നല്‍കുന്ന സാമൂഹിക വിമര്‍ശനം എന്ന ഘടകം ടിന്റുമോന്‍ തമാശകളില്‍ തൊട്ടുതീണ്ടിയിട്ടില്ല. അതുകൊണ്ട് യാതൊരു "കോപ്പിറൈറ്റും" അവകാശപ്പെടാത്ത നിഷ്കളങ്കവും നിര്‍ദോഷകരവുമായ ഫലിതങ്ങള്‍ എന്ന പ്രസാധകരുടെ അവകാശവാദം ശരിയല്ല എന്ന് കണ്ടെത്താനാവും. ലോകത്തെ കമ്പോളമായിക്കാണുന്ന, ഉപഭോഗത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തുറന്നിട്ടുകൊണ്ടിരിക്കുന്ന, ബന്ധങ്ങളേയും മൂല്യങ്ങളേയും വലിച്ചെറിഞ്ഞ് ഉപയുക്തതാവാദത്തിന് കീഴ്പ്പെട്ട് സ്വാര്‍ഥമതികളായി ജീവിക്കാന്‍ ഉദ്ഘോഷിച്ചു കൊണ്ടിരിക്കുന്ന പുതിയ മൂലധന പ്രയോക്തതയ്ക്കു തന്നെയാണ് അതിന്റെ "കോപ്പിറൈറ്റ്". അതിന്റെ നവലിബറല്‍ ആശയങ്ങളോട് തന്നെയാണ് അത് കടപ്പെട്ടിരിക്കുന്നതും.

    ടിന്റുമോന്റെ ബയോഡേറ്റ ഇങ്ങനെയാണ് പ്രസാധകര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പേര് - ടിന്റുമോന്‍ ഡാഡി മമ്മിയുടെ ഒറ്റ പുത്രന്‍ പഠിക്കുന്നത് - നഴ്സറിയില്‍ എല്‍കെജി-ബി ഇഷ്ടവിനോദം - കുറുമ്പ് പ്രധാന ആയുധം - ബെല്ലും ബ്രേക്കുമില്ലാത്ത നാക്ക് അതുകൊണ്ട് എല്‍കെജി ക്കാരനായ ടിന്റുമോന് എന്തും പറയാം. വേണ്ട, ഇനി തുടര്‍ന്ന് സ്കൂളില്‍ എത്തി എന്നുതന്നെ കരുതുക. ടിന്റുമോന്റെ പ്രയോഗങ്ങളുടെ എരിവും പുളിയും ഒന്നുവേറെ തന്നെ.

    ദുബായിലുള്ള അമ്മയ്ക്ക് ടിന്റുമോന്‍ കത്തെഴുതി ""മമ്മി വരുമ്പോള്‍ എന്തായാലും ഒരു ബെഡ് കൊണ്ടുവരണം. എക്സ്ട്രാ ബെഡ് ഇല്ലാത്തതിനാല്‍ ഡാഡിയും വേലക്കാരിയും ഇപ്പോള്‍ ഒരു ബെഡിലാ കിടക്കുന്നത്. ....... അച്ഛന്‍: നിന്നെയൊക്കെ ഒണ്ടാക്കിയ സമയത്ത് രണ്ട് തെങ്ങ് വച്ചിരുന്നെങ്കില്‍... ടിന്റു: ഒന്നു ചുമ്മാതിരി ഡാഡി; നട്ടപ്പാതിരയ്ക്കല്ലേ തെങ്ങുവയ്ക്കുന്നത്! .......................................

    ടിന്റുമോന്‍ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുന്നത് കണ്ടപ്പോള്‍ അച്ഛന്‍: എന്താടാ നോക്കുന്നത്? ടിന്റു: ശ്ശ്.... മിണ്ടല്ലേ- ജോലിക്കാരി നമ്മുടെ സോപ്പെടുത്ത് കുളിക്കുന്നുണ്ടോന്നു നോക്കുവാ... ....................................... ടീച്ചര്‍: ഈ വാചകം മലയാളത്തിലാക്കൂ... ക ടമം മ എശഹാ ്യലെലേൃറമ്യ. ടിന്റുമോന്‍: ഞാനിന്നലെ "എ" പടം കണ്ടു. ...... ടീച്ചര്‍: കുചേലന്‍ ശ്രീകൃഷ്ണനെ കാണാന്‍ പോകുമ്പോള്‍ അദ്ദേഹത്തിന്റെ കക്ഷത്തില്‍ എന്തായിരുന്നു ടിന്റുമോന്‍: അതുപറയാന്‍ എന്റെ സംസ്കാരം എന്നെ അനുവദിക്കുന്നില്ല ടീച്ചര്‍. .......................................

    യുകെജിയില്‍ പഠിക്കുന്ന ടിന്റുമോനോട് എല്‍കെജിയില്‍ പഠിക്കുന്ന പപ്പിമോള്‍ ക ഹീ്ല ്യീൗ ഡാ ടിന്റുമോന്‍: ഒന്നു പോ മോളെ.... മൊട്ടേന്നു വിരിയാത്ത നിന്നെ കിട്ടിയിട്ട് ഞാനെന്തു ചെയ്യാനാ... ................... മൃദുലൈംഗികത  യുടെ മാര്‍ക്കറ്റ് നല്ലവണ്ണം തിരിച്ചറിഞ്ഞവനാണ് ടിന്റു. ഇന്ന് സകല മാധ്യമങ്ങളുടെയും നിലനില്‍പ്പിന്റെ അടിസ്ഥാനങ്ങളില്‍ ഒന്ന് ഈ െുലരശമഹ യീഃ ഐറ്റങ്ങളാണ്. ഇത് ടിന്റുമോനിലും പ്രകടമാണ്. ഒരു യുവാവില്‍ നിന്ന് പ്രതീക്ഷിക്കുന്നതിലുമേറെ ദ്വയാര്‍ഥപ്രയോഗങ്ങളും അന്തരാര്‍ഥ പ്രയോഗങ്ങളും ഈ എല്‍കെജിക്കാരന് സുസാധ്യം. സമകാലീന മാധ്യമ വാര്‍ത്തകളില്‍ എല്‍കെജി വിദ്യാര്‍ഥികള്‍ പോലും ഇരകളും പ്രതികളുമാവുന്നുണ്ടെന്നത് നാം ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

    അധ്യാപകന്‍: ഗാന്ധിജിയുടെ മകന്റെ പേര്? ടിന്റുമോന്‍: ദിനേശന്‍ അധ്യാപകന്‍: ആരു പറഞ്ഞു? ടിന്റുമോന്‍: സാറല്ലേ പറഞ്ഞത്, ഗാന്ധിജി ഭഎമവേലൃ ീള ദിനേശന്‍" ആണെന്ന്. ....................................... അധ്യാപകന്‍: ഗാന്ധിജി കഠിനപ്രയത്നം ചെയ്തതിന്റെ ഫലമായി ആഗസ്ത് 15ന് ഇന്ത്യയ്ക്ക് എന്തുകിട്ടി. ടിന്റുമോന്‍: അവധി ......... ടിന്റുമോന്‍: എന്നെപ്പോലുള്ള സയന്‍സ് സ്റ്റുഡന്റ്സിന്റെ ഏറ്റവും വലിയ നടക്കാത്ത ആഗ്രഹം എന്താണെന്നറിയാമോ? ടീച്ചര്‍: എന്താ അത്? ടിന്റുമോന്‍: ആപ്പിള്‍ വീഴുന്നതിനുപകരം ന്യൂട്ടന്റെ തലയില്‍ വല്ല ബോംബും വീണിരുന്നേല്‍ എന്ന്.. ഞങ്ങള്‍ രക്ഷപ്പെട്ടേനെ. ....

    മഹത്തായ സംഭവങ്ങളെയും മഹാന്മാരെയും ഇകഴ്ത്തിക്കാണിക്കുന്നതിനാണോ തമാശ എന്നു വിളിക്കുന്നത്. അസാധാരണമായ ത്യാഗവും പോരാട്ടവും കൊണ്ട് നേടിയെടുത്ത സ്വാതന്ത്ര്യം അതിന് നേതൃത്വം കൊടുത്ത ഗാന്ധിജി എല്ലാം വികൃതമാക്കപ്പെടുന്നതിലെ സൂക്ഷ്മരാഷ്ട്രീയം വായിച്ചെടുക്കേണ്ടതു തന്നെയുണ്ട്. ബന്ധങ്ങളുടെ നിരാസമാണ് അഥവാ അഴിച്ചുപണിയാണ് ആഘോഷിക്കപ്പെടുന്ന മറ്റൊരിനം. തെറ്റിദ്ധരിക്കരുത്, ബന്ധങ്ങളിലെ ജനാധിപത്യവല്‍ക്കരണമല്ല ഇവിടെ ആഘോഷിക്കപ്പെടുന്നത് മറിച്ച് അവയുടെ അപമാനവീകരണമാണ്. ചില ഐറ്റങ്ങള്‍ ഇങ്ങനെ....

    ടിന്റുമോന്‍ ഫോണില്‍: എനിക്കിന്ന് സ്കൂളില്‍ വരാന്‍ പറ്റില്ല ടീച്ചര്‍; മുത്തശ്ശി മരിച്ചു. ടീച്ചര്‍: കഴിഞ്ഞ മാസമല്ലേ മുത്തശ്ശി മരിച്ചെന്നുപറഞ്ഞ് നീ അവധിയെടുത്തത്. ടിന്റുമോന്‍: മുത്തച്ഛന്‍ വീണ്ടും കല്യാണം കഴിച്ചു ടീച്ചര്‍. ...... അപ്പൂപ്പന്‍: മോനേ, നിന്റെ ടീച്ചര്‍ വരുന്നു. വേഗം പോയി ഒളിച്ചേ... ടിന്റുമോന്‍: ആദ്യം അപ്പൂപ്പന്‍ പോയി ഒളി. അപ്പൂപ്പന്‍ മരിച്ചെന്നു പറഞ്ഞാ ഞാന്‍ കഴിഞ്ഞയാഴ്ച ലീവ് എടുത്തത്. .......

    ടിന്റുവിന്റെ അച്ഛന്‍: എടാ, ടെസ്റ്റിനു പോയിട്ടു എന്തായി ടിന്റുമോന്‍: ഞാന്‍ തോറ്റുപോയി അച്ഛാ... അച്ഛന്‍: നീ ഇനി എന്നെ അച്ഛാ എന്നു വിളിക്കേണ്ട ടിന്റുമോന്‍: ഇതു വെറും ക്ലാസ് ടെസ്റ്റാ. അല്ലാതെ ഡിഎന്‍എ ടെസ്റ്റല്ല. ......

    മലയാളം ഗ്രാമര്‍ ക്ലാസില്‍ ടിന്റുമോന്‍: ഞാന്‍ ഇന്നലെ രാത്രി അച്ഛനോടൊപ്പം ഉറങ്ങും. ടീച്ചര്‍: അതു ശരിയല്ല. ഞാന്‍ ഇന്നലെ രാത്രി അച്ഛനോടൊപ്പം ഉറങ്ങി. അതാണ് ശരി. ടിന്റുമോന്‍: അപ്പോ ഞാന്‍ ഉറങ്ങിക്കഴിഞ്ഞായിരിക്കും ടീച്ചര്‍ വന്നത്. ..... കഴുത്തറുപ്പന്‍ ഉപയുക്തതാവാദത്തിനും പ്രായോഗികവാദത്തിനും സര്‍ട്ടിഫിക്കറ്റ് നല്‍കി അഭിനന്ദിക്കുന്നതിനെയാണ് പലപ്പോഴും നാം "തമാശ" എന്ന് അറിയാതെ പേരിട്ട് വിളിക്കുന്നത്.

    ആഗോളവല്‍ക്കരണത്തിന്റെ കെട്ട നൈതികത തന്നെയാണ് ടിന്റുമോന്‍ തമാശകളുടെ ആന്തരികസത്ത. ചില ഉദാഹരണങ്ങള്‍. അഞ്ചുരൂപയുടെ നാണയം നിന്റെ അനുജന്‍ വിഴുങ്ങിക്കളഞ്ഞിട്ട് നീ എന്തു ചെയ്തു എന്ന് കൂട്ടുകാരന്‍. ഞാനത് അമ്മയുടെ അടുത്തുനിന്ന് കടംവാങ്ങി അഡ്ജസ്റ്റ് ചെയ്തു എന്ന് ടിന്റു. അല്ല, അവനെ ഡോക്ടറെടുത്തു കൊണ്ടുപോകേണ്ടെ? അവന് വല്ലതും സംഭവിക്കില്ലെ എന്ന് കൂട്ടുകാരന്‍. ""എടോ മണ്ടാ അഞ്ചുരൂപ ലാഭിക്കാന്‍ വേണ്ടി ഡോക്ടര്‍ക്ക് 100 രൂപ ഫീസുകൊടുക്കാന്‍ ഞാനത്രയ്ക്കു വിഡ്ഢിയാണോ" എന്ന് ടിന്റു. ""അങ്കിള്‍ എന്താ മെഡിക്കല്‍ ഷോപ്പിനുമുന്‍പില്‍? അങ്കിളിന്റെ ഭാര്യയുടെ ബോധം ഇനിയും തിരിച്ചുകിട്ടിയില്ലേ?"" എന്നു ടിന്റുമോന്‍ ""മരുന്നു മാറിക്കഴിച്ചുപോയതുകൊണ്ടാണ് അവളുടെ ബോധം പോയത്. ഇപ്പോള്‍ ബോധം തിരിച്ചുകിട്ടി. ആ മരുന്നിന്റെ പേരന്വേഷിച്ചു വന്നതാ"" എന്ന് ടിന്റുമോനോട് അങ്കിള്‍. ടിന്റുമോന്‍ തമാശകളുടെ പ്രത്യയശാസ്ത്രം സങ്കടക്കടലില്‍ അപൂര്‍വമായെത്തുന്ന ആശ്വാസത്തിന്റെ തിരമാലകളായിരുന്നു നമുക്ക് തമാശകള്‍. ചിരിയുടെ വേലിയേറ്റം സൃഷ്ടിക്കുന്ന ആ നൈമിഷിക ആഹ്ലാദത്തില്‍ ജീവിതപ്രയാസങ്ങളത്രയും മറന്നുകൊണ്ട് ഹൃദയത്തില്‍ നിന്ന ്ഒരു നിറകണ്‍ചിരി വിടരുക തന്നെ ചെയ്യും.

    കാലത്തില്‍നിന്ന് കാലത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടാനുണ്ടായിരുന്ന ആ തമാശകളുടെ പ്രാഥമികമായ യോഗ്യത ഈ ജീവിതഗന്ധം തന്നെയായിരുന്നു. നമ്പൂതിരി ഫലിതങ്ങളിലും സര്‍ദാര്‍ജി തമാശകളിലും എന്തിനേറെ "സീതിഹാജി" തമാശകളില്‍ വരെ ഈ ജീവിതഗന്ധം ഒരു ഗ്രാമവീഥിയിലൂടെ നടക്കുമ്പോഴെന്ന പോലെ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് തിരിച്ചറിയാനാവും. ഈ തമാശകളില്‍ പ്രത്യക്ഷാര്‍ഥത്തില്‍ തന്നെ നിലനില്‍ക്കുന്ന കീഴാള വിരുദ്ധത; സ്ത്രീവിരുദ്ധത; മതവിവേചനം എന്നിവയൊന്നും കാണാതെയല്ല ഇതു കുറിക്കുന്നത്. എങ്കിലും സാധാരണ മനുഷ്യന്റെ ജീവിതത്തോട് നേരിട്ട് സംവദിക്കുന്ന സവിശേഷമായ എന്തോ ഒന്ന് അവയില്‍ നിശ്ചയമായും ഉണ്ടായിരുന്നു. അവന്റെ എണ്ണമറ്റ ജീവിത പ്രയാസങ്ങള്‍ക്കിടയില്‍ ആ തമാശകള്‍ സ്വയം ഇടം കണ്ടെത്തിയത് അങ്ങനെയായിരുന്നു. ഇംഗ്ലീഷില്‍ "ബ്ലാക് ഹ്യൂമര്‍" എന്നറിയപ്പെടുന്ന "കറുത്ത ഹാസ്യം" ആണ് തമാശകളുടെ ലോകത്ത് ചിരിക്കാനുംഅതിലേറെ ചിന്തിപ്പിക്കാനും വഴിയൊരുക്കിയത്.

    കുറിക്കുകൊള്ളുന്ന ഒരു കറുത്ത ഹാസ്യത്തിന് ജീവിത ക്ലിഷ്ടതകളെ നേരിട്ടുകൊണ്ടുതന്നെ ഒരു പ്രതിബോധം ഉയര്‍ത്തിവിടാനുള്ള അസാമാന്യമായ ഒരു കരുത്തു തന്നെയുണ്ടായിരുന്നു. ആമ്പലിന്റെ ചിരിപോലെ അതിന്റെ വേരു പടര്‍ന്നു നില്‍ക്കുന്ന ചേറിന്റെ കരുത്തില്‍നിന്നു തന്നെയായിരുന്നു ഓരോ കറുത്ത ഹാസ്യത്തിന്റെയും പിറവിയും. ചാര്‍ലി ചാപ്ലിന്റെ കണ്ണീരണിഞ്ഞ ജീവിതവും നമ്മെ പഠിപ്പിക്കുന്ന പാഠം മറ്റൊന്നല്ലല്ലോ. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ഈ കറുത്ത ഹാസ്യത്തെ മനോഹരമായ ദര്‍ശനമാക്കി മാറ്റിയത് ശ്രീനാരായണ ഗുരുവായിരുന്നു. എണ്ണമറ്റ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും നേരിടാന്‍ അദ്ദേഹം തെരഞ്ഞെടുത്ത രീതി ഹാസ്യത്തിന്റേതു കൂടിയായിരുന്നു. ജനങ്ങളെ കാലുമണ്ണിലുറപ്പിച്ച് യുക്തിബോധത്തിന്റെ വെളിച്ചം കടത്തിവിടാന്‍ സഹായിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ തമാശകള്‍. എന്നാലിപ്പോള്‍ തമാശകളുടെ "ബ്രാന്റ് അംബാസഡര്‍" ആയി വിലസുന്നത് സാക്ഷാല്‍ ടിന്റുമോന്‍ ആണ്. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതും ഇപ്പോള്‍ അനിമേഷന്‍ രൂപം വരെ കൈക്കലാക്കിയതുമായ ടിന്റുമോന്‍ അരങ്ങുവാഴുകയാണ്. ആയിരക്കണക്കിന് എസ്എംഎസുകളാണ് ടിന്റുമോന്റേതായി ഓരോ സെക്കന്റിലും മലയാളക്കരയാകെ പ്രവഹിക്കുന്നത്.

    പുസ്തകരൂപത്തിലും ടിവി ചാനലുകളിലും നിറഞ്ഞുനില്‍ക്കുന്ന ഈ "വിചിത്രകഥാപാത്ര"ത്തിന് ഗംഭീരവരവേല്‍പ് തന്നെയാണ് നമ്മള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ടിന്റുമോന്‍ തമാശകളില്‍ ഹാസ്യത്തിന്റെ ചില മേമ്പൊടികള്‍ അവിടെയവിടെ ഉണ്ടായിരിക്കാം. ടിന്റുവിനെ കേവലം ഒരു കുസൃതിക്കാരനോ/കുറുമ്പുകാരനോ ആയി മാത്രം കണ്ട് അവന്റെ തമാശകള്‍ ആസ്വദിക്കുക മാത്രമല്ലേ ചെയ്യേണ്ടത് എന്നത് സ്വാഭാവികമായ ഒരു സംശയവുമായിരിക്കാം. എന്നാല്‍ കേവല നിഷ്കളങ്കതയ്ക്കപ്പുറം ടിന്റുവില്‍ മറ്റേതെങ്കിലും സ്വാധീനം ഉണ്ടോ എന്ന് വിലയിരുത്തേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ ടിന്റുവിന്റെ തമാശകളില്‍ പൊട്ടിച്ചിരിക്കുമ്പോള്‍ നമ്മളില്‍ എന്തൊക്കെയോ ചിലത് പൊട്ടിത്തകരുന്നുണ്ടോ എന്നും തിരിച്ചറിയാനാകും.

    ടിന്റുവിന്റേതായി ഇങ്ങനെയും ഒരു തമാശയുണ്ട്. ടീച്ചര്‍: ഇപ്പോള്‍ ഉള്ളതും പത്തുവര്‍ഷം മുമ്പ് ഇല്ലാത്തതുമായ ഒരു പ്രധാന കണ്ടുപിടിത്തത്തിന്റെ പേരു പറയൂ. ടിന്റുമോന്‍: ഞാന്‍. ..... അതെ; ടിന്റുമോന്‍ ഒരു കണ്ടുപിടിത്തം തന്നെയാണ്. പത്തു വര്‍ഷം മുമ്പില്ലാതിരുന്ന ഒരു കണ്ടുപിടിത്തം. അഥവാ പത്തുവര്‍ഷത്തിലേറെയായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നവ ഉദാരവല്‍ക്കരണത്തിന്റെ സാംസ്കാരിക സൃഷ്ടി തന്നെയാണ് "ടിന്റുമോന്‍".

    ആഗോളവല്‍ക്കരണത്തിന്റെ പ്രയോക്താക്കള്‍ ഏതെങ്കിലും നിക്ഷിപ്ത താല്പര്യത്തോടെ ഇത്തരം ഒരു കഥാപാത്രത്തെ ജനങ്ങളിലേക്കു സന്നിവേശിപ്പിച്ചു എന്നല്ല പറയുന്നത്. ടിന്റുമോന്‍ തമാശകളുടെ സൃഷ്ടി നടത്തുന്നവരില്‍ അവരറിഞ്ഞോ അറിയാതെയോ അവര്‍ വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന നവലിബറല്‍ നയങ്ങളുടെ സാംസ്കാരിക സ്വാധീനം സ്പഷ്ടമാണ് എന്ന അര്‍ഥത്തിലാണ് ഇങ്ങനെയൊരു വാദം മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ട് ടിന്റുമോന്‍ തമാശകളില്‍ സാമൂഹിക വിമര്‍ശനത്തിന്റെ ചോര്‍ച്ച സംഭവിച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ല. കേവല കൗതുകത്തിന്റെ സമയംകൊല്ലി ചിരിക്കപ്പുറം ടിന്റുമോന്റെ ഹാസ്യത്തിന് സമൂഹത്തില്‍ ഒരു ചലനവും സൃഷ്ടിക്കാനാവില്ല. പക്ഷേ; ടിന്റുമോന്‍ തമാശകളില്‍ നാം എത്രത്തോളം ആസക്തരാകുന്നു എന്നത്, എത്രത്തോളം അവയെ ആസ്വദിക്കാനാവുന്നു എന്നത് നവലിബറല്‍ സാംസ്കാരിക അവസ്ഥയ്ക്ക് നാം എത്രത്തോളം കീഴ്പ്പെട്ടു എന്ന് തിരിച്ചറിയാനുള്ള ഒരു "ലിറ്റ്മസ്" ടെസ്റ്റെങ്കിലും ആണ്. അതെ. ഈ ""ടിന്റു ആരാ മോന്‍"" എന്ന് തിരിച്ചറിഞ്ഞു തുടങ്ങുന്നതിന്റെ ലിറ്റ്മസ് ടെസ്റ്റ്്.

2 അഭിപ്രായങ്ങൾ:

  1. ഒരു ഇടതുപക്ഷവീക്ഷണം, മറുവശം കാണാനും ആളുണ്ടാകും :)
    എന്നാലും, ലേഖനം നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. ഒരു ഇടതുപക്ഷ ടിന്റുമോൻ വരുന്നതുവരെ,സഹിക്കുക.(കുഞ്ഞുരാമന്റെ മുന്നിൽ സാക്ഷാൽ ടിന്റുമോനും തോറ്റുപോയി)

    മറുപടിഇല്ലാതാക്കൂ