ബദല്‍ ഡോക്ടര്‍മാരെ കുറിച്ചുള്ള അന്വേഷണവും മരുന്ന്വിപണിയെ കുറിച്ച ചില വെളിപ്പെടുത്തലുകളും അവതരിപ്പിക്കുകയാണിവിടെ ലേഖകന്‍. ജീവന് കാവല്‍നില്‍ക്കുന്ന, ആരോഗ്യമുള്ള ഒരു സാമൂഹിക മനഃസ്ഥിതിയുടെപ്രതിനിധിയായ ഡോക്ടര്‍ എന്ന സങ്കല്‍പത്തെക്കുറിച്ച ഡോക്ടര്‍ വി.കെ. അബ്ദുല്‍ അസീസിന്റെ കാഴ്ചപ്പാടുകളും ഇവിടെ പങ്കുവെക്കപ്പെടുന്നു.
ജീവന് കാവല്‍നില്‍ക്കുന്ന, ആരോഗ്യമുള്ള ഒരു സാമൂഹിക മനഃസ്ഥിതിയുടെ പ്രതിനിധിയായ ഡോക്ടര്‍ എന്ന സങ്കല്‍പത്തെക്കുറിച്ചാണ് ഡോക്ടര്‍ വി.കെ. അബ്ദുല്‍ അസീസുമായി സംസാരിക്കുന്നത്. ഡോക്ടര്‍ വി.കെ. അബ്ദുല്‍ അസീസ് എഴുപതുകള്‍ തൊട്ട് തുടങ്ങുന്ന ക്ഷുഭിതയൗവനങ്ങളുടെ നൈതികമായ ഒരു രാഷ്ട്രീയ പ്രമേയം ഉള്ളില്‍ കൊണ്ടുനടക്കുന്ന ആളാണ്.
അടിയന്തരാവസ്ഥയുടെ കാലത്താണ് അസീസിന്റെ കോളജ് വിദ്യാഭ്യാസം. രാജന്‍സംഭവം കാമ്പസുകളെ ഇളക്കിമറിച്ച ആ കാലഘട്ടത്തില്‍ മെഡിക്കല്‍ സ്റ്റുഡന്റായ അസീസും ആ സമരങ്ങളില്‍ അണിചേര്‍ന്നിട്ടുണ്ട്. സാംസ്കാരികവും രാഷ്ട്രീയവുമായ ആക്ടിവിസം ഒരുഭാഗത്ത് നടക്കുമ്പോള്‍തന്നെ ആശുപത്രിയില്‍ ജീര്‍ണിച്ച ചില ഇടപാടുകള്‍ നടക്കുന്നുണ്ടായിരുന്നു. രോഗികളില്‍നിന്ന് പലവിധത്തില്‍ ഡോക്ടര്‍മാര്‍ പണം പിടുങ്ങുന്നതും പണമില്ലാത്തവരെ ഡോക്ടര്‍മാര്‍ നിഷ്കരുണം കൈയൊഴിയുകയും ചെയ്യുന്ന ഒരവസ്ഥ വിദ്യാര്‍ഥികളുടെയും ചില ഹൗസ് സര്‍ജന്മാരുടെയും ജൂനിയര്‍ ഡോക്ടര്‍മാരുടെയും സഹകരണത്തോടെ മാസങ്ങള്‍ നീണ്ട പഠനത്തിലൂടെ കണ്ടെത്താനും ശരിയായ അഴിമതിഡോക്ടര്‍മാരെ തിരിച്ചറിയാനും അന്നത്തെ കൂട്ടായ്മക്ക് സാധിച്ചു. അങ്ങനെയാണ് പ്രശസ്തമായ ജനകീയ വിചാരണ നടക്കുന്നത്. അടിയന്തരാവസ്ഥയെ തുടര്‍ന്നുണ്ടായ വിദ്യാര്‍ഥി വേട്ടയില്‍ നാലുദിവസം ഡോ. അസീസും ജയില്‍വാസമനുഭവിച്ചിട്ടുണ്ട്.
ഡോക്ടര്‍ എന്ന തൊഴില്‍പരമായ ഒരു ഗ്ളാമര്‍ നിലനില്‍ക്കുമ്പോഴും 'രോഗി ഒരു പൗരനാണ്' എന്ന പരമബോധത്തിലേക്ക് ഇറങ്ങിവരാന്‍ അബ്ദുല്‍ അസീസിനെ പ്രാപ്തനാക്കുന്നത് എഴുപതുകള്‍ നല്‍കിയ 'രാഷ്ട്രീയ ഡ്രിപ്പാണ് '.
ദീര്‍ഘമായ ഒരു സംഭാഷണത്തിന്റെ സംഗ്രഹരൂപമാണ് ഈ എഴുത്ത്:
ഡോക്ടര്‍ മരിച്ചോ?
നമ്മുടെ സാമ്പ്രദായിക സങ്കല്‍പത്തിലുള്ള ഡോക്ടര്‍ മരിച്ചു എന്നുതന്നെ പറയാന്‍ പറ്റും. അന്നത്തെയും ഇന്നത്തെയും സങ്കല്‍പങ്ങള്‍ വളരെ വ്യത്യസ്തമാണ്. മാവേലിയും പ്രജകളും തമ്മിലുണ്ടായിരുന്ന ബന്ധവും ഇന്നത്തെ ഭരണകൂടവും പൗരന്മാരും തമ്മിലുള്ള ബന്ധവും എത്രമാത്രം വ്യത്യസ്തമാണോ അതേ അകല്‍ച്ചകളും അഭാവങ്ങളും ഇന്നത്തെ ഡോക്ടര്‍മാരും രോഗികളും തമ്മിലുണ്ട്. 1947ല്‍ ഡബ്ല്യു.എച്ച്.ഒ ആരോഗ്യത്തെ നിര്‍വചിച്ചത് ഇങ്ങനെയാണ്. കേവലം രോഗവും വൈകല്യവും ഇല്ലാത്ത അവസ്ഥയല്ല ആരോഗ്യം. മറിച്ച്, അത് ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതിയാണ്. ഇതോടൊപ്പം ആരോഗ്യത്തെ കുറിച്ച് മറ്റൊരു മനോഹരമായ സങ്കല്‍പം കൂടിയുണ്ട്; സമൂഹത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുകയും രോഗാതുരത ഇല്ലാതാക്കുകയും ആയുസ്സ് നീട്ടാന്‍ സഹായിക്കുകയും ചെയ്യുന്ന ശാസ്ത്രീയമായ കലയാണ് ചികിത്സ എന്നാണത്. ഇതിലൊക്കെ കണ്ണിചേര്‍ന്നു കിടക്കുന്നത് ഒരു സാമൂഹികബോധം തന്നെയാണ്.
എന്നാല്‍, ഇന്ന് പ്രധാനമായും നമുക്ക് കാണാന്‍ കഴിയുക സര്‍വതലസ്പര്‍ശിയായ യന്ത്രവല്‍ക്കരണമാണ്. ഡോക്ടര്‍ രോഗിയോട് കാര്യങ്ങള്‍ ചോദിച്ചറിയുക എന്ന ശീലംതന്നെ കുറഞ്ഞുവരുകയാണ്. കുറച്ചുമാത്രം സംസാരിക്കുന്ന ഒരാളായി തീര്‍ന്നിട്ടുണ്ട് ഡോക്ടര്‍. കുറച്ചുമാത്രം കേള്‍ക്കുകയും ചെയ്യുന്ന ആള്‍. മറ്റൊരാളെ കേള്‍ക്കാനുള്ള സഹനശേഷി ഈ ഗ്ളാമര്‍ തൊഴില്‍ ചെയ്യുന്ന പലരിലും ഇപ്പോഴില്ല. അവര്‍ കൂടുതലും ആശ്രയിക്കുന്നത് യന്ത്രങ്ങളെയാണ്. സ്കാനിങ്ങുകളും പലവിധം ടെസ്റ്റുകളും ആവശ്യത്തിലേറെയാണിന്ന്. ഒഴിവാക്കാനാവാത്ത സന്ദര്‍ഭങ്ങളില്‍ മാത്രം എഴുതാവുന്ന ടെസ്റ്റുകള്‍ ആദ്യ കാഴ്ചയില്‍തന്നെ ഡോക്ടര്‍ രോഗിക്ക് വിധിക്കുന്നു. മനുഷ്യര്‍ക്ക് പ്രവചനാതീതമായ ഒരു ശാരീരിക സ്വഭാവമുണ്ട്. സ്കാനിങ്ങുകളിലൂടെ വെളിപ്പെട്ടെന്നു വരില്ല പലതും. എന്നാല്‍, എല്ലാം സ്കാനിങ്ങില്‍ വെളിപ്പെടും എന്ന തെറ്റായ ബോധം ഇന്ന് ഡോക്ടര്‍മാര്‍ക്കിടയില്‍ പ്രബലമാണ്. സ്കാനിങ് റിപ്പോര്‍ട്ട് മാത്രം അടിസ്ഥാനമാക്കി പരിശോധിക്കുന്നത്, വാസ്തവത്തില്‍ വൈദ്യശാസ്ത്രപരമായി ശരിയായ ഒരു കാര്യമല്ല. മറ്റൊരു സത്യം, രോഗികളായി വരുന്നവരും ഇതൊക്കെ ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ പ്രശ്നങ്ങള്‍ കേട്ടുമനസ്സിലാക്കുക, തൊട്ടറിയുക, അതിന്റെ വെളിച്ചത്തില്‍ രോഗനിര്‍ണയം നടത്തുക എന്ന സാമ്പ്രദായികമായ ചികിത്സാരീതി ഇപ്പോള്‍ പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു.
ഡോക്ടര്‍മാര്‍ കൂടുമ്പോള്‍
രോഗികളും കൂടുന്നു
ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിക്കുന്നത് പുരോഗതിയുടെ ലക്ഷണമായി നാം പലപ്പോഴും പറയാറുണ്ട്. സത്യത്തില്‍, രോഗാതുരമായ ഒരു സമൂഹത്തിന്റെ ലക്ഷണം മാത്രമാണത്. ഡോക്ടര്‍മാരുടെ എണ്ണം കൂടുമ്പോള്‍ രോഗികളുടെ എണ്ണവും ക്രമാതീതമായി കൂടുന്നു. ഇല്ലാത്ത രോഗങ്ങള്‍ക്കുള്ള ചികിത്സയാണ് ഇപ്പോള്‍ മിക്കവാറും നടക്കുന്നത്. പുതിയ രോഗങ്ങള്‍ കണ്ടുപിടിച്ചും ഇല്ലാത്ത രോഗങ്ങള്‍ക്ക് ചികിത്സിച്ചും തൃപ്തമാവാത്ത വൈദ്യരംഗം പഴയ രോഗങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള ഗാഢശ്രമത്തിലുമാണ്. അങ്ങനെ മാത്രമേ മുതല്‍മുടക്ക് തിരിച്ചുപിടിക്കാന്‍ കഴിയൂ.
ഗ്രാമപ്രദേശങ്ങളില്‍ ഇന്ന് ഡോക്ടര്‍മാരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. ഒരു തുടര്‍നഗരമായ കേരളത്തില്‍ ഇത് അത്ര ബോധ്യമാവില്ലെങ്കില്‍ കൂടി ഇതര ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഗ്രാമവൈദ്യന്‍ എന്ന സങ്കല്‍പംതന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങളില്‍. നഗരങ്ങളില്‍ മിക്കവാറും രോഗങ്ങള്‍ മലിനീകരണവുമായി ബന്ധപ്പെട്ടാണുണ്ടാവുന്നത്. എന്നാല്‍, നഗരങ്ങളിലെ ആശുപത്രികള്‍ നിലനിര്‍ത്തുന്നത് നഗരവാസികള്‍ മാത്രമല്ല, ഗ്രാമീണരായ ജനങ്ങളാണ് ഇവിടെയൊക്കെ തിങ്ങിനിറയുന്നത്. ഗ്രാമാശുപത്രികളില്‍ വെച്ചുതന്നെ ചെയ്യാവുന്ന ലളിതമായ രോഗനിര്‍ണയങ്ങള്‍ക്കുപോലും അവിടെയുള്ള ഡോക്ടര്‍മാര്‍ നഗരത്തിലേക്കുള്ള ആശുപത്രികളിലേക്കോ ലാബുകളിലേക്കോ ആണ് റഫര്‍ ചെയ്യുന്നത്. ചികിത്സിക്കാതെതന്നെ നിശ്ചിതമായ ഒരു ശതമാനം തുക ഡോക്ടര്‍ക്ക് മാസവരുമാനമായി കിട്ടുന്നു എന്നതാണ് ഇതിന്റെ ഗുണം. രോഗിക്കോ?
പ്രമേഹം എന്ന മുഖ്യരോഗം
പ്രമേഹത്തെ കുറിച്ച് സാധാരണനിലയില്‍ ജീവിതശൈലീ രോഗം എന്നാണ് പറയുക. പ്രമേഹം തീര്‍ച്ചയായും ചികിത്സിക്കണം. രോഗിയുടെ ഭാഗത്തുനിന്ന് ജീവിതശൈലിയിലുള്ള ചില നിയന്ത്രണങ്ങള്‍ എന്നതുപോലെതന്നെ ഡോക്ടറുടെ വിവേചനബുദ്ധിയും ഇതില്‍ നിര്‍ണായകമാണ്. കേരളത്തില്‍ വളരെയധികം കച്ചവടസാധ്യതയുള്ള ഒരു രോഗമായി തീര്‍ന്നിട്ടുണ്ട് പ്രമേഹം. പ്രമേഹത്തിന് ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ടതുണ്ട്. Glimipride എന്ന ഔഷധമാണ് ഇതിന് വ്യാപകമായി ഉപയോഗിക്കുന്നത്. Amaryl എന്ന പേരില്‍ ലഭിക്കുന്ന ബ്രാന്‍ഡിന് എട്ടു രൂപയോളമാണ് വില. ഈ രോഗത്തിന് പ്രമുഖ കമ്പനികളുടെ ബ്രാന്‍ഡുകള്‍ തന്നെ എന്നാല്‍ രണ്ടു രൂപയില്‍ താഴെ വിലയ്ക്കും ലഭ്യമാണ്. വില കുറഞ്ഞ ബ്രാന്‍ഡുകളൊന്നും തന്നെ അത്ര മോശവുമല്ല. എന്നിട്ടും എട്ടു രൂപയുടെ മരുന്നുമാത്രം എഴുതുന്നവരെയും അത് വില്‍ക്കുന്നവരെയും എങ്ങനെയാണ് നാം ആരോഗ്യത്തിന്റെ സംരക്ഷകര്‍ എന്ന് വിളിക്കുക? പണത്തിനുവേണ്ടി കൊലവെറിയുള്ളവരെ നമുക്ക് ഡോക്ടര്‍മാര്‍ എന്നു വിളിക്കാമോ? മരുന്ന് കമ്പനികളുടെ നവ താല്‍പര്യങ്ങള്‍ രോഗികളില്‍ പലവിധത്തില്‍ കെട്ടിവെക്കുക എന്നതാണ് മിക്കവാറും ഡോക്ടര്‍മാര്‍ ഇപ്പോള്‍ ചെയ്യുന്നത്. രോഗിയുടെ വിശ്വസ്തനായ സുഹൃത്ത് എന്ന നിലയില്‍നിന്ന് മരുന്ന് കമ്പനികളുടെ വിശ്വസ്തനായ സുഹൃത്തും ഏജന്റും എന്ന നിലയിലേക്ക് വലിയൊരു വിഭാഗം ഡോക്ടര്‍മാര്‍ മാറിയിട്ടുണ്ട്. ഡോക്ടര്‍മാരും മരുന്ന് കമ്പനികളും കൈകോര്‍ക്കുന്ന വലിയൊരു ബിസിനസിന്റെ നിഷ്കളങ്കനായ ഇരയാണ് പലപ്പോഴും രോഗി. അഞ്ചു രൂപക്ക് കിട്ടാവുന്ന ഒരു മരുന്നിന് 65 രൂപ നല്‍കേണ്ടിവരുന്നു എന്നതാണ് ഇതിന്റെ ദുര്യോഗം. പ്രമേഹത്തെ കുറിച്ച് സത്യസന്ധമായ ഒരു ലേഖനംപോലും മലയാളത്തില്‍ ഞാനിതുവരെ വായിച്ചിട്ടില്ല.
വൈകാരികതയും ബുദ്ധിയും
അനുതാപമല്ല, ബുദ്ധിയാണ് ശരിയായ രോഗനിര്‍ണയത്തിന് സഹായകമെന്നും സഹാനുഭൂതിയുള്ള ഡോക്ടര്‍ ബുദ്ധികുറഞ്ഞ ഡോക്ടറായിരിക്കുമെന്ന പ്രചാരം നിലവിലുണ്ട്. സൈക്യാട്രിയെ കുറിച്ച് പറയുന്ന ഒരു തമാശയുണ്ട്. മൂന്നു ടൈപ്പ് ആള്‍ക്കാരാണ് ഈ രംഗത്തുവരുക. ഒന്ന്, കുടുംബ്ധില്‍ ആര്‍ക്കെങ്കിലും മനോരോഗമുള്ളവരായിരിക്കും. അതുകൊണ്ട്, അവരതിനോട് ആഭിമുഖ്യം കാണിക്കുന്നു. ചിലര്‍ക്ക് മാനസികമായ ബലഹീനതകള്‍ ഉണ്ടായതുകൊണ്ടായിരിക്കാം ഈ സബ്ജക്ട് തെരഞ്ഞെടുക്കുന്നത്. ഈ രണ്ടു വിഭാഗവും ചികിത്സകര്‍ എന്ന നിലയില്‍ പരാജയപ്പെടാന്‍ സാധ്യതകളേറെയാണ്. എന്നാല്‍, മൂന്നാമത്തെ ടൈപ്പ്, മനോരോഗ വിഭാഗം കുറെകൂടി നല്ലൊരു സ്പെഷാലിറ്റിയാണ്, വരാനിരിക്കുന്ന കാലത്ത് കൂടുതല്‍ രോഗികള്‍ വരാന്‍ സാധ്യതയുള്ള ഒരു മേഖലയാണ് എന്നു കരുതി വരുന്നവരാണ്. ഇവര്‍ ഈ രംഗത്ത് ശോഭിക്കാനുള്ള സാധ്യത വളരെയധികവുമാണ്.
വൈകാരികത കുറഞ്ഞ ഡോക്ടര്‍ നല്ല ഡോക്ടര്‍ എന്ന ചിന്ത വരുന്നത് ചികിത്സ വലിയൊരു ബിസിനസിന്റെ ഭാഗമായിത്തീരുകയും ആരോഗ്യരംഗം പൊതുവെ വലിയൊരു കമ്പോളമായിത്തീരുകയും ചെയ്യുന്നതിന്റെ ഭാഗമായി വരുന്ന നിര്‍വചനമാണ്. അപ്പോള്‍തന്നെയും പറയാവുന്ന ഒരു കാര്യം, രോഗത്തിന്റെ ജഡ്ജ്മെന്റിനെ ബാധിക്കുന്ന തരത്തിലേക്ക് ഡോക്ടറുടെ അതിവൈകാരികത വളരരുത് എന്നതുതന്നെയാണ്. ഏതൊരു ഡോക്ടറെ സംബന്ധിച്ചിടത്തോളവും ഏറ്റവും പ്രധാനപ്പെട്ട കാര്യം വിശ്വസ്തനായ ശ്രോതാവായിരിക്കുക എന്നതാണ്. ഇപ്പോള്‍ എത്ര ഡോക്ടര്‍മാര്‍ 'രോഗികളെ കേള്‍ക്കുന്നുണ്ട്'? ചികിത്സിക്കുക എന്നതുപോലെതന്നെ ചികിത്സിക്കാതിരിക്കുക എന്നതും ഡോക്ടറുടെ നൈതികബോധത്തില്‍പെടുന്നു. ചികിത്സ നിഷേധിക്കുക എന്നതല്ല ഇതിന്റെ അര്‍ഥം. ചില സര്‍ജറികള്‍ നീട്ടിവെക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നതുകൊണ്ട് രോഗിക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലെങ്കില്‍ അങ്ങനെയൊരു തീരുമാനമെടുക്കാന്‍ ഡോക്ടര്‍ പ്രാപ്തനാവണം. അതായത്, ''ഇതിന് ചികിത്സിച്ചില്ലെങ്കില്‍തന്നെയും നിങ്ങള്‍ക്ക് കുഴപ്പമൊന്നും വരില്ല''എന്ന ബോധവത്കരണം ചിലപ്പോള്‍ പാവപ്പെട്ട രോഗികള്‍ക്ക് വലിയ സഹായകരമായിരിക്കും.
ബദല്‍ ആരോഗ്യ സങ്കല്‍പം
ചികിത്സാരംഗം കൂടുതല്‍ ശാസ്ത്രീയമാക്കുക എന്നതു മാത്രമാണ് അതിന് ഒരു പോംവഴി. രോഗിയെ ഒരു പണയ വസ്തുവായി കാണാതിരിക്കുക. ഡോക്ടറിലും രോഗിയിലും ഒരേ ജീവന്റെ മിടിപ്പാണ് എന്ന പ്രാഥമികമായ ബോധമെങ്കിലും ഉണ്ടായിരിക്കുക. ചൂഷണമുക്തമായ ഒരു മാനസികാവസ്ഥയില്‍നിന്നു മാത്രമേ നല്ലൊരു ആരോഗ്യ ബദല്‍ സാധ്യമാവുകയുള്ളൂ. ചൂഷണം നിറഞ്ഞതും പരിസ്ഥിതി മലിനീകരണംകൊണ്ട് ഏറെ ദുഷിച്ചതുമായ ഒരു സാമൂഹിക അവസ്ഥയില്‍ ചൂഷണമുക്തമായ ഒരു മാനസികാവസ്ഥ എത്രത്തോളം സാധ്യമാവും എന്ന ചോദ്യവുമുണ്ട്.
മറ്റൊന്ന് ചില രോഗങ്ങളെ കുറിച്ച് കൂടുതല്‍ നന്നായി പഠിക്കുക എന്നുള്ളതാണ്. ഉദാഹരണത്തിന് മൂലക്കുരു. ഭക്ഷണം ക്രമീകരിക്കുകയും നാരുഭക്ഷണം കൂടുതല്‍ കഴിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ഇല്ലാതാവുന്ന രോഗമാണത്. മലബന്ധം വരുമ്പോള്‍ മാത്രമാണ് ആ രോഗം വരുന്നത്. അതില്ലാതാക്കാനുള്ള ഭക്ഷണത്തെ കുറിച്ച് നാം ആലോചിക്കാതിരിക്കുകയും കരിച്ചുകളയുന്ന ചികിത്സയെകുറിച്ചു മാത്രം നാം ചിന്തിക്കുകയും ചെയ്യുന്നു. രോഗത്തെ കുറിച്ച് ബോധം ഉണ്ടാകുമ്പോള്‍ അതിന്റെ ചികിത്സ കൂടുതല്‍ സ്വാഭാവികമായ ഫലപ്രാപ്തിയിലേക്ക് എത്തുന്നു.
പനി എന്ന മുഖ്യ വിഷയം
രോഗിയെ തൃപ്തിപ്പെടുത്തുക എന്നത് പ്രധാന കാര്യമാണ്. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചെല്ലുമ്പോള്‍ മിക്കവാറും രോഗിയെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള പരിശോധന കിട്ടിയെന്നുവരില്ല. ചികിത്സ എന്നാല്‍ മരുന്നുകൊണ്ടുള്ളത് മാത്രമല്ല, മനോഭാവംകൂടി പ്രധാനമാണ്. അതുപോലെ, ചില ഡോക്ടര്‍മാര്‍ പല രോഗികള്‍ക്കും കൂടുതല്‍ വിറ്റാമിന്‍ ഗുളികകള്‍ എഴുതുന്നത് കാണാം. ശേഖരിക്കപ്പെടുന്ന വിറ്റാമിന്‍ ശരീരത്തിന് ഏറെ ഉപദ്രവമാണുണ്ടാക്കുക. പനിപോലും നമുക്കൊരു മുഖ്യവിഷയമാവുന്നത് നമ്മുടെ സാമ്പത്തിക അഭിവൃദ്ധിയില്‍ നിന്നുള്ള ഉത്കണ്ഠയില്‍നിന്നാണ്. പനിവന്നാല്‍ എന്തുകൊണ്ട് പനി എന്ന് ആലോചിക്കുന്നതിനു മുമ്പേ നാം പനിയെ കൊല്ലുന്നു. നാം എപ്പോഴും മരണത്തെ നീട്ടിവെക്കാന്‍ ആഗ്രഹിക്കുന്നു. മരണകാരണമല്ലാത്ത രോഗങ്ങള്‍ വരുമ്പോള്‍പോലും നമ്മള്‍ മരണത്തിന്റെ വരവാണോ എന്നു ഭയക്കുന്നു.
രോഗികളെ സംബന്ധിക്കുന്ന സാധാരണ ഭയങ്ങളെ നിര്‍മാര്‍ജനം ചെയ്യാന്‍ ഇപ്പോള്‍ ഡോക്ടര്‍മാരുടെ സംഘടനപോലും കൂടുതലായി ശ്രദ്ധചെലുത്തുന്നില്ല.
പൊതുജനങ്ങളുടെ കാര്യത്തില്‍ കുറെകൂടി നല്ല സിസ്റ്റം നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍തന്നെയാണ്. പക്ഷേ, പ്രതിബദ്ധതയുള്ള ഡോക്ടര്‍മാരും ജീവനക്കാരും വേണമെന്നു മാത്രം. മുമ്പ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഞാന്‍ ആര്‍.എം.ഒ ആയി ജോലിചെയ്യുമ്പോഴുള്ള അനുഭവം ഓര്‍ക്കുകയാണ്. അന്നൊരു രാത്രിയില്‍ തൃശൂരിലെ വ്യവസായ പ്രമുഖനായ കെ.വി. അബ്ദുല്‍ അസീസ് എന്നൊരാള്‍ അദ്ദേഹത്തിന്റെ അടുത്ത ബന്ധുവിനെയും കൂട്ടി മറ്റ് ആശുപത്രികളില്‍നിന്ന് ലഭ്യമല്ലാത്ത ഒരു ഓപറേഷനുവേണ്ടി അടിയന്തര സാഹചര്യത്തില്‍ മെഡിക്കല്‍ കോളജിലെത്തി. പെട്ടെന്നുതന്നെ മെഡിക്കല്‍ കോളജില്‍ ആ രോഗിക്ക് സര്‍ജറി നടന്നു. അന്ന് രാത്രി വാര്‍ഡിലുള്ള അവരുടെ താമസം പക്ഷേ, അതിദയനീയമായിരുന്നു. മേയ് മാസമായതിനാല്‍ ചൂടുള്ള ഒരു ഫ്രൈപാന്‍ പോലെയായിരുന്നു ഫേ്ളാര്‍. ഫാനുകളില്ല, ആടുന്ന കട്ടിലുകള്‍, വെള്ളമില്ല, പലപ്പോഴും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലുമുള്ള അതേ സംവിധാനം. പിറ്റേദിവസം കെ.വി. അബ്ദുല്‍ അസീസ് കുറെ ഫാനുകള്‍ മെഡിക്കല്‍ കോളജിന് സംഭാവനചെയ്യാന്‍ തീരുമാനിക്കുന്നു. പക്ഷേ, അങ്ങനെ സംഭാവന സ്വീകരിക്കാന്‍ ഗവ. ആശുപത്രികള്‍ക്ക് നിര്‍വാഹമില്ല. സൂപ്രണ്ടിന്റെ സ്പെഷല്‍ ഓര്‍ഡര്‍ വാങ്ങി ആ ഫാനുകള്‍ ഒടുവില്‍ സ്വീകരിച്ചു. ഈ വ്യക്തിയും തൃശൂരിലെ പഴയ മേയറും മറ്റു പൊതുജനപ്രശ്നങ്ങളില്‍ തല്‍പരരായ കുറെ പേരും ചേര്‍ന്ന് ഒരു സംഘടനയുണ്ടാക്കി പിന്നീട് മെഡിക്കല്‍ കോളജിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. വി.എം. സുധീരന്‍ ആരോഗ്യമന്ത്രിയായിരുന്ന കാലമായിരുന്നു. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് നല്ല സഹകരണമുണ്ടായി. അതോടൊപ്പംതന്നെ വെറും അഞ്ചു ശതമാനം മാത്രം ലാഭമെടുത്ത് മെഡിക്കല്‍ കോളജില്‍ ഒരു ഫാര്‍മസി തുടങ്ങി. ജനത ഫാര്‍മസി. ആറു രൂപക്ക് കിട്ടുന്ന ഒരു സാധനം ചിലപ്പോള്‍ 45 രൂപ വരെ വില കൊടുത്ത് പുറത്തുനിന്നു വാങ്ങേണ്ടിവരും. എന്നാല്‍, ആറു രൂപയുടെ ആ സാധനം ഏഴു രൂപക്ക് ജനത ഫാര്‍മസിയില്‍നിന്നു ലഭിക്കുമായിരുന്നു.
ചെറിയൊരു കാര്യം വിശദീകരിക്കാന്‍വേണ്ടി മാത്രമാണ് ഇതു പറയുന്നത്. ഒറ്റ ബ്രാന്‍ഡില്‍ വരുന്ന മരുന്നുകള്‍ മാത്രം വാങ്ങുമ്പോള്‍ ഫാര്‍മസികള്‍ക്ക് കൂടുതല്‍ ഇളവുകളോടെ മരുന്നുകള്‍ വില്‍ക്കാന്‍ കഴിയും. കമ്പനിയുടെ പ്രൊഫൈല്‍ നോക്കി നമുക്ക് നല്ല ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കാം. അതായത്, മരുന്ന് തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം മരുന്ന് കമ്പനികള്‍ക്കല്ല വിട്ടുകൊടുക്കേണ്ടത്. ആ ചുമതല എപ്പോഴും ഡോക്ടര്‍മാരില്‍ നിക്ഷിപ്തമായിരിക്കണം. മരുന്ന് എഴുതിയതിന് ഡോക്ടര്‍മാര്‍ക്ക് മരുന്ന് കമ്പനികള്‍ നല്‍കുന്ന കമീഷന് 'കട്ട്' എന്നാണ് പറയുക. മെച്ചപ്പെട്ട ശമ്പളമുള്ള ഡോക്ടര്‍മാരും കൂടുതല്‍ കമീഷന്‍ കിട്ടാന്‍ വിലക്കൂടുതലുള്ള മരുന്നെഴുതുമ്പോള്‍ രോഗി പണയവസ്തു എന്ന അവസ്ഥയില്‍നിന്ന് മോചിതനാവുന്നില്ല.
ഗള്‍ഫ് ബൂം വരുന്ന കാലത്താണ് ഞാന്‍ ചികിത്സ തുടങ്ങുന്നത്. അന്ന് ഒന്നോ രണ്ടോ മരുന്ന് മാത്രമെഴുതുന്ന ഒരു ഡോക്ടറായിരുന്നു ഞാന്‍. ആ അസീസ് അങ്ങനെയൊന്നും മരുന്ന് എഴുതുന്നില്ലല്ലോ പിന്നെ എങ്ങനെ രോഗം മാറും എന്നൊരു ചോദ്യം അന്നൊന്നും ഞാന്‍ അഭിമുഖീകരിച്ചിട്ടില്ല. ഗള്‍ഫ് ബൂം ഒരു യാഥാര്‍ഥ്യമായി കേരളത്തില്‍ പുലര്‍ന്നതോടുകൂടി 'കുറെ മരുന്നെഴുതുന്ന ഡോക്ടര്‍ നല്ല ഡോക്ടര്‍' എന്ന സങ്കല്‍പം കൂടി വന്നു. ഡോക്ടര്‍ ഒരു മരുന്നെഴുതുമ്പോള്‍ ഞാന്‍ ഈ മരുന്ന് എന്തിനു കഴിക്കണം എന്നൊരു മറുചോദ്യമുന്നയിക്കാനുള്ള അവകാശം രോഗിക്കുണ്ട്. നിങ്ങള്‍ അങ്ങനെ ചോദിച്ചെന്നിരിക്കട്ടെ, ഞാന്‍ പഠിച്ച ഡോക്ടറാണ്, ഞാനെഴുതുന്നത് നിങ്ങള്‍ കഴിച്ചാല്‍ മതി എന്ന മുഖത്തടിച്ച ഒരു മറുപടിയായിരിക്കും പലപ്പോഴും കിട്ടുക.
നിങ്ങളോട് സംസാരിക്കാന്‍ ഡോക്ടര്‍ക്ക് സമയമില്ല. അയാള്‍ അക്ഷമനാണ്. മുപ്പതോ നാല്‍പതോ ലക്ഷം രൂപ വരെ ഇപ്പോള്‍ എം.ബി.ബി.എസിന് സീറ്റ് കിട്ടാന്‍ വേണം. ഒരു കോടി മുതല്‍ ഒന്നര കോടി വരെ കൊടുത്താല്‍ മാത്രമേ പി.ജിക്ക് സീറ്റ് കിട്ടുകയുള്ളൂ. ഇത്രയും തുക കൊടുത്ത് പഠിക്കുന്ന ഒരു ഡോക്ടര്‍ അക്കാദമിക് ബ്രില്യന്റ് ആയിട്ടുള്ള ഒരു ഡോക്ടര്‍ തന്നെയാവണമെന്നില്ല.
പണം കൊടുത്താല്‍ ഏത് മന്ദബുദ്ധിക്കും മെഡിക്കല്‍ സീറ്റ് കിട്ടിയേക്കും. നിങ്ങള്‍ ചികിത്സതേടി പോകുന്നത് ഒരു യഥാര്‍ഥ ഡോക്ടറുടെ അടുത്തുതന്നെയാണ് എന്ന് എങ്ങനെയാണ് ഉറപ്പുവരുത്തുക, കോടിക്കണക്കിന് രൂപ മുടക്കി പഠിച്ചവര്‍ പണവെറിയന്മാരായിത്തീരാനുള്ള സാഹചര്യമുള്ളപ്പോള്‍ പ്രത്യേകിച്ചും? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ഞാന്‍ ആളല്ല, ഡോക്ടര്‍ മരിച്ചോ എന്നുപോലും പറയാന്‍ ആളല്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. ഡോക്ടര്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. ആസന്നഭാവിയില്‍ അത് സംഭവിക്കും.
ആരോഗ്യ രംഗത്ത് സ്വകാര്യവല്‍ക്കരണവും പിന്നെ സ്വാശ്രയവല്ക്കരണവും കൂടി വന്നപ്പോള്‍ അതൊരു ബിസിനസ് ആയി മാറി. മുന്‍പ് ഞങ്ങളുടെ നാട്ടിലെ ഒരു പ്രമാണി ഡോക്ടര്‍ ഒരു ആശുപത്രി നടത്തിയിരുന്നു. അന്നവിടെ ധര്‍മ്മആശുപത്രി എന്നാ ഒരു സങ്കല്‍പം ഉണ്ടായിരുന്നു പാവപ്പെട്ട രോഗികളെ ഉദ്ദേശിച്ചു നടത്തിയിരുന്ന പരിപാടി. എന്നാല്‍ ഇന്ന് ആ ആശുപത്രിയില്‍ ആ വിഭാഗം തന്നെ നിര്‍ത്തി. അതുകൊണ്ട് ദുരുപയോഗം ചെയ്തവര്‍ ഒരുപാടുണ്ട് എന്നാ വസ്തുത മറക്കുന്നില്ല. ഇന്ന് സംഗതികള്‍ പാടെ മാരിയിര്‍ക്കുന്നു. ഇവിടെ പ്രവാസത്തില്‍ ചില ആശുപത്രികള്‍ കാണാനിടയായി. അവിടെ പ്രൈവറ്റ് റൂം വളരെ ആഡംബരം നിരഞ്ഞതായിരിക്കുന്നു. വി.ഐ.പി. റൂം രോഗികള്‍ക്ക് വേണ്ടി വി.ഐ.പി. മജ്ലിസ് തുടങ്ങി സൌകര്യങ്ങള്‍ അനവധി. ഇതേ സംഗതികള്‍ തന്നെ നമ്മുടെ നാട്ടിലേക്കും എത്തിയിരിക്കുന്നു. വി.ഐ.പി.റൂമില്‍ ഏതാണ്ട് ഒരു ഹോട്ടല്‍ റൂമിലെ പോലെ ഉള്ള സൌകര്യങ്ങള്‍! എല്ലാം ബിസിനസ്സിന്റെ ഒരു ഭാഗം മാത്രം. പണ്ട് ഒരു പനി വന്നാല്‍ ഒരു മരുന്ന് കുടിക്കാനും ഒരു ഗുളിക കഴിക്കാനും പണ്ട് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പരമാവധി ,മൂന്നു ദിവസം കൊണ്ട് ചെറിയ പനി ചുമ ഒക്കെ മാറിയിരുന്ന സ്ഥാനത്ത് ഇന്ന് ഒരു കോട്ട മരുന്നുകളും ഒരാഴ്ച കഴിച്ചാലും മാറാത്ത രോഗങ്ങളും. കൂടുതല്‍ എന്ത് പറയാന്‍?
മറുപടിഇല്ലാതാക്കൂ