2012, ജൂലൈ 9

പ്രതിപ്പട്ടികയിലെ എഴുത്തുകാര്‍-അശോകന്‍ ചരുവില്‍

(പഴയതെങ്കിലും കാലിക പ്രസക്തിയുള്ളതിനാൽ ഈ ലേഖനം വീണ്ടും പ്രസിദ്ധീകരിക്കുന്നു) 



സാഹിത്യ പത്രപ്രവര്‍ത്തനത്തിന് മലയാളത്തില്‍ സുദീര്‍ഘമായ ചരിത്രമാണുള്ളത്. നമ്മുടെ സംസ്കാരത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നതില്‍ ക്രീയാത്മകമായി ഇടപെട്ട നിരവധി പത്രാധിപന്മാരുണ്ട്. കേസരിയും എന്‍.വിയും എം.ടിയും കെ.ബാലകൃഷ്ണനും കാമ്പിശ്ശേരിയും എം.എന്‍.കുറുപ്പും അങ്ങനെ നിരവധി പേര്‍. അക്കൂട്ടത്തില്‍ ഒരാളായിട്ടാണ് സമകാലിക മലയാളം വാരിക പത്രാധിപര്‍ എസ്.ജയചന്ദ്രന്‍ നായരെ ഞാന്‍ കണക്കാക്കുന്നത്. കലാകൌമുദിയുടെ പ്രകാശനത്തിലൂടെ എന്‍.ആര്‍.എസ്.ബാബുവും ഒന്നിച്ച് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവിസ്മരണീയമാണ്. എന്റെ തലമുറയുടെ സാഹിത്യ ജീവിതത്തില്‍ അദ്ദേഹത്തോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണ്. അതുകൊണ്ടു തന്നെ പ്രഭാവര്‍മ്മയുടെ 'ശ്യാമമാധവം' എന്ന കവിതയുടെ പ്രസിദ്ധീകരണം നിറുത്തി വെക്കുന്നതായുള്ള അദ്ദേഹത്തിന്റെ പത്രാധിപക്കുറിപ്പു വായിച്ചപ്പോള്‍ വളരെ സങ്കടം തോന്നി.
             ഇത് ജയചന്ദ്രന്‍ നായരുടെ വ്യക്തിനിഷ്ടമായ ഒരു വൈകാരിക നടപടിയാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ന്യ ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രശൃംഖലയുടെ ഭാഗമായി അദ്ദേഹം പുറത്തിറക്കുന്ന സമകാലിക മലയാളം വാരിക അടക്കം കേരളത്തിലെ പ്രധാന പത്ര ദൃശ്യമാധ്യമങ്ങള്‍ കൂട്ടായി എടുത്തുപോരുന്ന രാഷ്ട്രീയ നീക്കത്തില്‍ ഉള്‍പ്പെട്ടതാകാനാണ് സാധ്യത. ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് പ്രഭാവര്‍മ്മ ദേശാഭിമാനിയില്‍ എഴുതിയ ലേഖനങ്ങളുടെ പേരിലാണല്ലോ ഈ 'കവിതാ വിലക്ക്' ഉണ്ടായത്. 'ചന്ദ്രശേഖരന്റെ കൊലപാതകത്തെ പരോക്ഷമായെങ്കിലും ന്യായീകരിച്ച ഒരാളുടെ കവിത തുടര്‍ന്ന് പ്രസിദ്ധീകരിക്കാന്‍ കഴിയില്ല' എന്നാണ് പത്രാധിപര്‍ തന്റെ കുറിപ്പില്‍ രേഖപ്പെടുത്തിയത്. ദേശാഭിമാനിയിലെ വര്‍മ്മയുടെ ലേഖനങ്ങള്‍ അന്നന്ന് വായിച്ച ഒരാളാണ് ഈ ലേഖകന്‍. കൊലപാതകത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിക്കുന്ന ഒരു വാക്കോ വാചകമോ എനിക്ക് അതില്‍ കാണാന്‍ കഴിഞ്ഞില്ല. മാത്രമല്ല മനുഷ്യഹൃദയമുള്ള എല്ലാവരേയും പോലെ ആ വധത്തെ പ്രഭാവര്‍മ്മ അപലപിക്കുന്നുമുണ്ട്. പിന്നെ എന്താണ് പ്രശ്നം? ഈ കൊലപാതകത്തെക്കുറിച്ച് കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ തങ്ങളുടേതായ നിലയില്‍ ഒരന്വേഷണം നടത്തുകയും കുറ്റവാളികളെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മാധ്യമാധിപത്യത്തിന്റേതായ ഈ കാലഘട്ടത്തില്‍ ഞങ്ങളെ എതിര്‍ക്കാനും തിരുത്താനും ഇവനാര്? എന്നതാണ് ചോദ്യം.
മലയാള പത്രങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുകയും ചാനലുകള്‍ കാണുകയും ചെയ്യുന്ന ഒരാള്‍ക്ക് സാമാന്യബുദ്ധി എന്നൊന്നുണ്ടെങ്കില്‍ അവയിലൂടെ വെളിപ്പെടുന്ന അന്വേഷ്ണാത്മക വിവരങ്ങള്‍ ഉപ്പുകൂട്ടാതെ വിഴുങ്ങുക സാധ്യമല്ല. പത്രങ്ങളുടെ രാഷ്ടീയച്ചായവ് പകല്‍വെളിച്ചം പോലെ വ്യക്തമാണ്. കേരളത്തില്‍ രാഷ്ട്രീയപാര്‍ടികള്‍ക്കുള്ളതിനേക്കാള്‍ കടുത്ത കൃത്യമായ രാഷ്ടീയം പത്രങ്ങള്‍ക്കാണുള്ളതെന്ന് വിവേകമുള്ളവര്‍ക്കറിയാം. സംഗതി ഇടതുപക്ഷത്തിനെതിരാണെങ്കില്‍ എന്തും പറയാം എന്നാണ് ന്യായം. ഇത് ഇന്നലത്തെ കൊലപാതകത്തിനു ശേഷം തുടങ്ങിയതല്ല. ടി.പി.ചന്ദ്രശേഖരന്റെ ശരീരത്തില്‍ നരാധമന്മാരായ കൊലപാതകികള്‍ വെട്ടിയതുപോലെ പത്രങ്ങള്‍ ചില രാഷ്ട്രീയപാര്‍ട്ടികളെ ആവര്‍ത്തിച്ചു വെട്ടിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും അരിശം തീരാതെ അവര്‍ മുക്രയിടുകയും ചെയ്യുന്നു. മൂത്തൂറ്റ് പോള്‍ വധക്കാലത്ത് പത്രങ്ങള്‍ മെനഞ്ഞുണ്ടാക്കിയ കഥകളും അവര്‍ സൃഷ്ടിച്ച പ്രതികളും പീന്നീട് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രവും ജനങ്ങളുടെ മനസ്സിലുണ്ട്. സാമ്രാജ്യത്ത ആഗോളവല്‍ക്കരണം അഴിച്ചുവിട്ട സാംസ്കാരിക യുദ്ധത്തിന്റെ മുന്‍നിരയിലാണ് ഇന്ന് പത്രങ്ങള്‍ നിലയുറപ്പിച്ചിട്ടുള്ളത്. കേരളത്തില്‍ നടന്ന സാമൂഹ്യ പരിവര്‍ത്തനത്തില്‍ നഷ്ടം സംഭവിച്ച പഴയ ഫ്യൂഡല്‍ പ്രമാണി വര്‍ഗ്ഗത്തിലെ പുതു തലമുറയെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് അവര്‍ യുദ്ധകാഹളം മുഴക്കുന്നത്. സാമൂഹ്യനീതിക്കും, പൊതുവിദ്യാഭ്യാസത്തിനും വേണ്ടി കേരളീയര്‍ സമീപകാലത്ത് നടത്തിയ മുന്നേറ്റങ്ങളിലൊന്നും മാധ്യമങ്ങള്‍ കൂടെ നിന്നിട്ടില്ല. വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ നിലപാട് സ്വീകരിക്കാനും അവര്‍ തയ്യാറായിട്ടില്ല.
പ്രഭാവര്‍മ്മ മാത്രമല്ല ഈ യുദ്ധത്തില്‍ സമീപകാലത്ത് മുറിവേറ്റത്. കഴിഞ്ഞ ഒരു മാസത്തിനിടക്ക് മലയാളത്തിലെ പ്രതിഭാധനരായ എഴുത്തുകാരെല്ലാം ക്രൂരമായി അപമാനിക്കപ്പെട്ടു. ജ്ഞാനപീഠം ജേതാക്കളായിരുന്നു ആദ്യത്തെ ഇരകള്‍. എം.ടി.യും, ഒ.എന്‍.വിയും. പിന്നെ സുഗതകുമാരി, എം.മുകുന്ദന്‍, പെരുമ്പടവം, സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വൈശാഖന്‍. വാക്കു കൊണ്ടുള്ള കല്ലേറ്. പൂരപ്പാട്ട്. അശ്ളീല പരാമര്‍ശങ്ങള്‍. പതിവുപോലെ മരക്കവി, ദന്തഗോപുരവാസി, അവാര്‍ഡിനു വേണ്ടി ഇരന്നു നടക്കുന്നവന്‍, അക്കാദമിയുടെ തിണ്ണ നിരങ്ങുന്നവന്‍, എല്ലിന്‍ കഷണം കടിച്ചു പിടിക്കന്നവന്‍, ഇലനക്കിപ്പട്ടി, ചിറിനക്കിപ്പട്ടി അങ്ങനെ നിരവധി വിശേഷണങ്ങള്‍. പാവപ്പെട്ട മൃഗങ്ങളുടെ പേരുപയോഗിച്ചും എഴുത്തുകാര്‍ തെറിയഭിഷേകം ചെയ്യപ്പെട്ടു. മാധ്യമങ്ങളുടെ അതീവ പരിലാളനയോടെയാണ് ഈ ആക്ഷേപങ്ങളെല്ലാം ഉന്നയിക്കപ്പെട്ടത്. തങ്ങള്‍ പറയുംവിധം പ്രതികരിക്കണമെന്നാവശ്യപ്പെട്ട് ഫോണിലൂടെയുള്ള ഭീഷണിയും ഉണ്ടായി. എന്തു കുറ്റമാണ് കേരളത്തിലെ എഴുത്തുകാര്‍ ചെയ്തത്?
പത്രസ്ഥലവും അവസരവും ദൃശ്യമാധ്യമ പരിഗണനയുമുള്ള എഴുത്തുകാര്‍ എല്ലാവരും ടി.പി.ചന്ദ്രശേഖരന്റെ വധത്തെ അതിനകം അപലപിച്ചിരുന്നു. ചിലര്‍ പ്രസംഗങ്ങളിലൂടെയും ചിലര്‍ ലേഖനങ്ങളിലൂടെയും പ്രതികരിച്ചു. പക്ഷേ അത്തരം സ്വതന്ത്രമായ പ്രതികരണങ്ങളല്ല പത്രങ്ങള്‍ ആഗ്രഹിച്ചത്. വീണുകിട്ടിയ ഈ അവസരം ഉപയോഗിച്ച് തങ്ങള്‍ നടത്തുന്ന രാഷ്ട്രീയ യുദ്ധത്തില്‍ എഴുത്തുകാര്‍ കക്ഷിചേരുന്നില്ല എന്നായിരുന്നു അവരുടെ ആരോപണം. ഇതിന്റെ മറവില്‍ ബംഗാളിലെ നന്ദിഗ്രാമിനെ തുടര്‍ന്നുണ്ടായതു പോലെ ഒരു രാഷ്ടീയ മാറ്റത്തിന് എഴുത്തുകാര്‍ കൂട്ടുനില്‍ക്കണമെന്നാണ് അവര്‍ ആഗ്രഹിച്ചത്.
ഒഞ്ചിയത്തെ കൊലപാതകത്തെ വ്യക്തമായ ഭാഷയില്‍ അപലപിച്ചവരില്‍ ഒരാളാണ് ഈ ലേഖകന്‍. വാര്‍ത്ത അറിഞ്ഞയുടനെ ഫേസ്ബുക്കിലെ എന്റെ കോളത്തില്‍ ഇങ്ങനെ എഴുതി: 'എറ്റവും ദുഖകരമായ ദിവസം'. ഇന്റര്‍നെറ്റ് മാസികകളിലെ കോളങ്ങളില്‍ തുടര്‍ന്ന് എഴുതി: 'ചന്ദ്രശേഖരനല്ല കൊലയാളികളുടെ ആത്യന്തിക ലക്ഷ്യം എന്നു വ്യക്തമാണ്. കേരളത്തിലെ രാഷ്ടീയ കാലാവസ്ഥ അട്ടിമറിക്കുക എന്നതാവണം ഉദ്ദേശം. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ അന്വേഷണത്തിലൂടെ മറഞ്ഞു കിടക്കുന്ന സത്യം എത്രയും വേഗം പുറത്തു വരണമെന്ന ആഗ്രഹം കേരളത്തിലെ നീറുന്ന ഇടതുപക്ഷ മനസ്സാക്ഷയുടേതാണ്. മറ്റെല്ലാവരും ആഘോഷലഹരിയിലാണ്. കൊലയാളികള്‍ ആരായാലും ഏതു കുപ്പായം ധരിക്കുന്നവരായാലും അവര്‍ കേരളത്തിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന്റെ കൊടിയ ശത്രുക്കളാണ്. ഇടതുപക്ഷ പ്രസ്ഥാനം പാടെ തകര്‍ന്നു കാണണമെന്നാണ് അവരുടെ ആഗ്രഹം. കോര്‍പ്പറേറ്റ് മൂലധനവും വലതുപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും കാല്‍നൂറ്റാണ്ടുകൊണ്ടു ശ്രമിച്ചിട്ടും സാധിക്കാത്ത ഒരു ദൌത്യം അവര്‍ ഒറ്റകൃത്യം കൊണ്ട് സാധിച്ചു. പാര്‍ടിയെ തകര്‍ക്കുന്നവരെ അങ്ങനെ വിളിക്കാമെങ്കില്‍ ഇവരാണ് ഏറ്റവും വലിയ കുലംകുത്തികള്‍. ഇരയുടെ ആത്മാവിലാണ് ഇന്ന് ശത്രു യുദ്ധത്താവളങ്ങള്‍ നിര്‍മ്മിക്കുന്നത്.'
പ്രഭാവര്‍മ്മയുടെ കാര്യത്തല്‍ എന്ന പോലെ തികച്ചും സ്വതന്ത്രമായ ഈ വിശകലനങ്ങള്‍ക്കും രൂക്ഷമായ കടന്നാക്രമണങ്ങളെയാണ് നേരിടേണ്ടി വന്നത്. തങ്ങള്‍ പടുത്തുയര്‍ത്തിയ ഭാവനാ സാമ്രാജ്യത്തെ തുരങ്കം വെക്കാന്‍ വന്ന ഒരാളെന്ന നിലയില്‍ അവര്‍ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചു. സച്ചിദാനന്ദന്‍, വൈശാഖന്‍, രാവുണ്ണി എന്നിവര്‍ക്കൊപ്പം ഈ ലേഖകനേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സി.ആര്‍.പരമേശ്വരന്‍ തൃശ്ശൂരില്‍ പ്രസംഗിച്ചു. ഇടതുപക്ഷത്തെ കടന്നാക്രമിക്കാന്‍ മാത്രം പേനയെടുക്കുന്ന ഈ ബുദ്ധിജീവിയുടെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമാണ് പത്രങ്ങള്‍ നല്‍കിയത്.
സമകാലിക മലയാളം വാരികയുടെ നടപടി പുരോഗമന പക്ഷത്തു നില്‍ക്കുന്ന എഴുത്തുകാര്‍ക്കുള്ള ഒരു താക്കീതായി കണക്കാക്കണം. സംസ്കാരത്തിന്റെ സംവിധായകര്‍ തങ്ങളാണെന്നും വിയോജിക്കുന്നവര്‍ ബഹിഷ്കരിക്കപ്പെടുമെന്നും ഉള്ള താക്കീത്. ഇടതുപക്ഷ അനുഭാവം പ്രകടിപ്പിക്കുന്ന എഴുത്തുകാര്‍ക്ക് മുഖ്യധാരയില്‍ ലഭിക്കുന്ന പരിഗണനയില്‍ അസഹിഷ്ണത പുലര്‍ത്തുന്ന ഒരു വലിയ പക്ഷമുണ്ട്. പുരസ്കാരങ്ങള്‍ കൊണ്ട് വഴി നടക്കാന്‍ വയ്യാത്ത കാലമാണല്ലോ ഇത്. ഏതു ശരാശരി എഴുത്തുകാരനും എങ്ങനെ ഒഴിഞ്ഞും മാറിയും നടന്നാലും ഒരു അവാര്‍ഡെങ്കിലും തരപ്പെടും എന്ന സ്ഥിതിയുണ്ട്. പക്ഷേ പുരോഗമന പക്ഷത്തു നില്‍ക്കുന്ന ഞങ്ങള്‍ക്ക് കഷ്ടകാലത്തിന് ഒരു അവാര്‍ഡ് കിട്ടിയാല്‍ അതറിഞ്ഞ് മുഖം കറുക്കുന്നവരുണ്ട്. ഞങ്ങളുടെ കഥകളും കവിതകളും പ്രധാനപ്പെട്ട മാസികകളില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതും, ശ്രദ്ധാലുക്കളായ ചില നിരൂപകര്‍ അവയെപ്പറ്റി പരാമര്‍ശിക്കുന്നതും കണ്ട് രാത്രിയില്‍ ഉറക്കമില്ലാതെ ജീവിക്കുന്ന സുഹൃത്തുക്കളുണ്ട്. ഞങ്ങളോടുള്ള വ്യക്തിപരമായ വിരോധമല്ല അവരെ നയിക്കുന്നത്. ഞങ്ങള്‍ക്കു കിട്ടുന്ന പ്രസിദ്ധിയും പരിഗണനയും കേരളത്തിലെ പുരോഗമന പക്ഷത്തിന് നേട്ടമാവുമോ എന്നാണ് അവരുടെ ഉള്‍ഭയം.
പക്ഷേ അവര്‍ ഒരു കാര്യം ഓര്‍മ്മിക്കണം. സിംഹാസനങ്ങളോ പട്ടും വളയുമോ പ്രതീക്ഷിച്ചല്ല ഒരെഴുത്തുകാരന്‍ മനുഷ്യപക്ഷത്തു നിലകൊള്ളുന്നത്. അത് സര്‍ഗ്ഗത്മകമായ ഒരു അനിവാര്യതയാണ്. മറിച്ചായാല്‍ സ്വയം റദ്ദു ചെയ്യേണ്ടി വരും. (വൈകാരികമായ എടുത്തുചാട്ടംകൊണ്ട് സ്വയമറിയാതെ വലതുപക്ഷക്യാമ്പില്‍ അകപ്പെട്ട എന്‍.പ്രഭാകരനും സി.വി.ബാലകൃഷ്ണനും രചനാപരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു.) ഈ ലേഖകന്‍ വായിച്ച് ലോകം കണ്ടു തുടങ്ങുന്ന കാലത്തെ സ്ഥിതി ഓര്‍മ്മയുണ്ട്. കമ്യൂണിസ്റ്റു പാര്‍ടി പിളര്‍ന്ന കാലമാണത്. പുരോഗമന സാഹിത്യ പ്രസ്ഥാനവും സംഘടന എന്ന നിലക്ക് നാമാവശേഷമായിരുന്നു. ഇന്ത്യാ ചൈനാ യുദ്ധം നടക്കുന്ന കാലം. ഒരു ചൈനാച്ചാരന്റെ മകന്‍ എന്ന നിലയില്‍ അപമാനിതനായിട്ടാണ് ഞാനന്ന് സ്കൂളില്‍ പോയിരുന്നത്. ജനകീയ സാഹിത്യ സദസ്സുകളും വായനശാലകളും കലാവതരണങ്ങളും സജീവം. ഇടതുപക്ഷ അനുഭാവികളായ എഴുത്തുകാരും ഉണ്ടായിരുന്നു. പക്ഷേ അന്നത്തെ മുഖ്യധാര അവരെയെല്ലാം പാടെ ബഹിഷ്കരിച്ചു. പ്രധാനപ്പെട്ട പത്രങ്ങളിലും മാസികകളിലും ഒരിഞ്ചു സ്ഥലംപോലും അവര്‍ക്ക് അനുവദിക്കപ്പെട്ടിരുന്നില്ല. പൊതുവേദികളില്‍ അവര്‍ അപമാനിക്കപ്പെട്ടിരുന്നു. ചകിരിപ്പണിക്കാരുടെ കഥയെഴുതി എന്ന കുറ്റത്തിന് എന്റെ നാട്ടുകാരനായ ഡി.എം.പൊറ്റക്കാട് അന്നത്തെ സാഹിത്യ തമ്പുരാക്കന്മാരില്‍ നിന്ന് അനുഭവിച്ച അവഗണന നിസ്സാരമല്ല. കെടാമംഗലം പപ്പുക്കുട്ടി, കെ.പി.ജി.നമ്പൂതിരി അങ്ങനെ അനുഗ്രഹീതരായ ഒരുപാട് കവികള്‍ ബഹിഷ്കൃതരായിരുന്നു. ഇന്നു കേരളം ആവേശത്തോടെ വീണ്ടും വീണ്ടും വായിക്കുന്ന ചെറുകാടിന്റെ ഏതെങ്കിലും ഒരു കൃതിയോ, അദ്ദേഹത്തെക്കുറിച്ചുള്ള ഒരു പരാമര്‍ശമോ നമ്മുടെ മികച്ച പ്രസിദ്ധീകരണങ്ങളില്‍ ഞാന്‍ വായിച്ചിട്ടില്ല. കെങ്കേമമായി എസ്.പി.സി.എസ്. പ്രവര്‍ത്തിക്കുന്ന കാലമായിരുന്നല്ലോ അത്. പിന്നീട് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയ തന്റെ 'ജീവിതപ്പാത' ഓരോ പേജും അരിച്ചു പെറുക്കി പ്രൂഫ് വായിച്ച് സ്വന്തം നിലക്കാണ് അദ്ദേഹം പ്രസിദ്ധപ്പെടുത്തിയത്. തന്റെ ചുമലില്‍ തൂക്കിയിട്ടു നടന്നാണ് അദ്ദേഹം അത് വിറ്റഴിച്ചത്.
അക്കാലത്ത് ദേശാഭിമാനിയുടെ ഓണപ്പതിപ്പിനു വേണ്ടി കവിത ചോദിച്ച എം.എന്‍.കുറുപ്പിനോട് ഒരു വരേണ്യ കവി ഇങ്ങനെ പറഞ്ഞു: 'കുറുപ്പേ ഞാന്‍ വിഷപ്പാമ്പിനെ സ്നേഹിക്കും പക്ഷേ-’അങ്ങനെ ബഹിഷ്ക്കരിക്കപ്പെടുമ്പോള്‍ കിട്ടുന്ന മാനസിക ഔന്നത്യമുണ്ടല്ലോ. അതില്‍പ്പരം വേറൊന്നുമില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ