2012, ഏപ്രി 13

വീണ്ടും ഭ്രാന്താലയമാക്കരുത്


Metrovaartha.com

ദൈവത്തിന്‍റെ സ്വന്തം നാട് എന്ന പൊങ്ങച്ചപ്പേര് കേരളം പതിച്ചെടുത്ത് നാളേറെ ആയിട്ടില്ല. അതിനു മുന്‍പ്, ഒരു നൂറ്റാണ്ടു മുന്‍പ്, ഭ്രാന്താലയം എന്നൊരു വിളിപ്പേരു പതിഞ്ഞു കിട്ടിയിരുന്നു നമ്മുടെ സംസ്ഥാനത്തിന്. കേരളത്തില്‍ പുലര്‍ത്തിപ്പോന്നിരുന്ന ജാതിവ്യവസ്ഥയുടെയും അനാചാരങ്ങളുടെയും പേക്കൂത്തുകള്‍ കണ്ടു മനം തപിച്ച സ്വാമി വിവേകാനന്ദനത്രെ ഭ്രാന്താലയം എന്നു കേരളത്തെ അപഹസിച്ചത്. ജാതിഭ്രാന്തിന്‍റെ പേരില്‍ പതിച്ചുകിട്ടിയ ഈ മേല്‍വിലാസത്തില്‍ നിന്നു കേരളത്തെ മോചിപ്പിച്ചെടുത്തത് ശ്രീനാരായണ ഗുരു അടക്കം മഹാത്മാക്കള്‍ നടത്തിയ പരിഷ്കരണ യജ്ഞങ്ങള്‍. അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനും മന്നത്ത് പത്മനാഭനും കെ. കേളപ്പനും വി.ടി. ഭട്ടതിരിപ്പാടും പണ്ഡിറ്റ് കെ.പി. കറുപ്പനും ഇഎംഎസുമടക്കം അനേകരുടെ സംഭാവനകളുണ്ട് നാം ഇന്നു കാണുന്ന പരിഷ്കൃത കേരളത്തിന്‍റെ സൃഷ്ടിയില്‍. സ്വാതന്ത്ര്യസമരവും ദേശീയ പ്രസ്ഥാനവുമെല്ലാം കൈകോര്‍ത്ത നാളുകളിലാണു സാമൂഹ്യപരിഷ്കരണത്തിന്‍റെയും ജാതിസമത്വത്തിന്‍റെയും പുതിയ വ്യവസ്ഥയിലേക്കു കേരളം പരിവര്‍ത്തനം ചെയ്യപ്പെട്ടത്.

പച്ചയ്ക്കു ജാതി പറയുകയും അതിന്‍റെ പേരില്‍ മനുഷ്യരെ അധമരെന്നും അവര്‍ണരെന്നും ചവിട്ടിത്താഴ്ത്തുകയും ചെയ്യുന്ന വ്യവസ്ഥ ഇന്നും പുലരുന്നുണ്ട് നമ്മുടെ അയല്‍ സംസ്ഥാനങ്ങളില്‍പ്പോലും. തീണ്ടലും തൊടീലുമടക്കമുള്ള അനാചാരങ്ങള്‍ ഇന്നും നിലനില്‍ക്കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല. തമിഴ്നാട്ടിലും കര്‍ണാടകയിലും ആന്ധ്രയിലും കമ്യൂണിസ്റ്റുകള്‍ അടക്കിവാണ ബംഗാളിലുമെല്ലാം ഇന്നും ജാതിയുടെ തരംതിരിവുകള്‍ സജീവം. തെരഞ്ഞെടുപ്പും അധികാരം വീതംവയ്പ്പുമെല്ലാം ഇന്നും ജാതിമത ചേരിതിരിവുകളില്‍ അധിഷ്ഠിതമാണ് ഇവിടങ്ങളില്‍ പലേടത്തും. ഇതര സംസ്ഥാനങ്ങളില്‍ ജാതിയും മതവും അവര്‍ണത്വവും അസമത്വവും കൊടികുത്തി വാഴുമ്പോള്‍, അതില്‍ നിന്നെല്ലാം തുടലുപൊട്ടിച്ചത്രേ കേരളമെന്ന പഴയ ഭ്രാന്താലയം ദൈവത്തിന്‍റെ നാട് എന്ന് ഊറ്റം കൊള്ളുന്നത്. ആ ഊറ്റം കൊള്ളലും ജാതിസമത്വത്തിന്‍റെ അഹങ്കാരവുമെല്ലാം ഇനി എത്രനാള്‍ കൂടി അവകാശപ്പെടാനാവും നമ്മുടെ നാടിന്. സാമൂഹിക സമത്വം കൈവരിച്ച നാട് എന്ന് അന്യസംസ്ഥാനക്കാര്‍ക്കു മുന്നില്‍ ഇനി എത്രകാലം കൂടി ഇങ്ങനെ നെഞ്ചുവിരിച്ചു നില്‍ക്കാനാവും മലയാളിക്ക്. അങ്ങനെയൊരു അന്തസിന്‍റെ കാലഘട്ടം അവാസനിക്കുകയാണോ കേരളമെന്ന വ്യത്യസ്ത ഭൂമികയില്‍?

കേരള രാഷ്ട്രീയത്തില്‍ അനുദിനം സംഭവിക്കുന്ന അപചയങ്ങള്‍ ഇപ്രകാരം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണു നമ്മുടെ സമൂഹത്തിനു മുന്‍പില്‍. ജാതിയും മതവും അവാന്തര സ്വാധീനങ്ങളുമെല്ലാം കണക്കുകൂട്ടിയുള്ള സ്ഥാനാര്‍ഥി തീരുമാനങ്ങള്‍ നമ്മുടെ രാഷ്ട്രീയ രംഗത്തിനു പുത്തരിയല്ല. അധികാരവും വകുപ്പും വീതം വയ്ക്കുമ്പോള്‍ ജാതി-മത തരംതിരിവുകളെ മാനിച്ചുകൊണ്ടുള്ള സമന്വയങ്ങളും പുതുമയല്ല ഇവിടെ. പക്ഷേ, മറയ്ക്കേണ്ടതു മറച്ചുപിടിച്ച്, അത്രയെങ്കിലും മാന്യമായി വസ്ത്രധാരണം ചെയ്തു തന്നെയേ ജാതിരാഷ്ട്രീയം പകല്‍വെളിച്ചത്തിലിറങ്ങി നടന്നിട്ടുള്ളൂ ഇത്രയും കാലം. ഈ കീഴ്വഴക്കത്തിന്‍റെ സദാചാരമാണ് അഞ്ചാംമന്ത്രി വിവാദത്തിലൂടെയും അതിന്‍റെ ലജ്ജാകരമായ പരിസമാപ്തിയിലൂടെയും ഇപ്പോള്‍ അതിലംഘിക്കപ്പെട്ടിരിക്കുന്നത്. ഭരണപക്ഷ എംഎല്‍എമാരുടെ മൊത്തം സംഖ്യയെ ഹിന്ദുവെന്നും മുസ്ലിമെന്നും ക്രിസ്ത്യാനിയെന്നും വേര്‍പിരിച്ചുണ്ടാക്കിയ സംഖ്യ കൊണ്ടു ഹരിച്ചെടുത്തിരിക്കുന്നു ഉമ്മന്‍ ചാണ്ടിയുടെ ഭരണം. പിന്നെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ സാമാജികരുടെ വേര്‍പിരിച്ച സംഖ്യയെ നായരെന്നും ഈഴവനെന്നും കത്തോലിക്കനെന്നും അകത്തോലിക്കനെന്നും ഷിയ എന്നും സുന്നി എന്നും ഹരിച്ചു ശസ്ത്രക്രിയ ചെയ്തിരിക്കുന്നു ഭരണപക്ഷ രാഷ്ട്രീയം. അങ്ങനെയൊരു നെറികെട്ട കണക്കെടുപ്പിന്‍റെ അമിതസമ്മര്‍ദത്തിനു കീഴടങ്ങിയിരിക്കുന്നു മതേതര ദേശീയ രാഷ്ട്രീയ പ്രസ്ഥാനമെന്നു പെരുമപെറ്റ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും അതിന്‍റെ മുഖ്യമന്ത്രിയുമെല്ലാം. സന്തുലനത്തിന്‍റെയോ അനുപാതത്തിന്‍റെയോ ന്യായമായ കണക്കുകള്‍ക്കും വിലപേശലുകള്‍ക്കും ബ്ലാക്ക് മെയ്ലിങ് എന്ന വൃത്തികെട്ട കലയുടെ നിറംപകര്‍ന്നിരിക്കുന്നു യുഡിഎഫിലെ ചില സഖ്യകക്ഷികളും അവയെ നിയന്ത്രിക്കുന്ന മത മേല്‍ക്കോയ്മകളും.

മുസ്ലിം ലീഗിന് അഞ്ചാംമന്ത്രി പദവി ചോദിക്കാന്‍ പോന്ന സംഖ്യാബലവും സ്വാധീനബലവുമുണ്ടെന്നു വാദത്തിനു സമ്മതിക്കാം. പക്ഷേ, അതിന്‍റെ പേരില്‍ നടന്ന സമ്മര്‍ദ കോലാഹലങ്ങള്‍ അനഭലഷണീയം. ലീഗിന് അഞ്ചു മന്ത്രിമാരുണ്ടായാല്‍ ഭൂമി കുലുങ്ങുകയോ ആകാശം ഇടിഞ്ഞുവീഴുകയോ ചെയ്യില്ല. പക്ഷേ, നാലു മന്ത്രിമാര്‍ ഭരിച്ചിരുന്ന വകുപ്പുകള്‍ അഞ്ചാം മന്ത്രിക്കുവേണ്ടി പിച്ചിക്കീറിയതിലും അഞ്ചാമനെ കുത്തിത്തിരുകിയതിലും അഭംഗിയല്ലാതെ മറ്റെന്ത്? അതിന്‍റെ പേരില്‍ സ്വന്തം പാര്‍ട്ടിയില്‍ പൊട്ടിപ്പുറപ്പെട്ട അലോസരങ്ങളില്‍ നിലതെറ്റാതിരിക്കാന്‍ മുഖ്യമന്ത്രി നടപ്പാക്കിയ വകുപ്പുവിഭജന സര്‍ക്കസിനെ ജുഗുപ്സാവഹമെന്നല്ലാതെ വേറെന്തു വിശേഷിപ്പിക്കാന്‍?

അല്‍പ്പ ഭൂരിപക്ഷത്തിന്‍റെ നൂല്‍പ്പാലത്തിലൂടെ സര്‍ക്കാരിനെ നയിച്ചുപോരുകയാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എണ്ണത്തിലെ പോരായ്മയെ വണ്ണംകൊണ്ടു പരിഹരിച്ച ഭരണപാടവത്തെ കേരളം അങ്ങേയറ്റത്തെ മതിപ്പോടെയാണ് ഇക്കഴിഞ്ഞ നാളുകളില്‍ വിലയിരുത്തിയത്. ഈ മതിപ്പാണ് പിറവം ഉപതെരഞ്ഞെടുപ്പില്‍ അനൂപ് ജേക്കബിനു സമ്മാനം കിട്ടിയ അപ്രതീക്ഷിത ഭൂരിപക്ഷത്തില്‍ പ്രതിഫലിച്ചത്. പിറവം എന്ന ഒറ്റ നിയോജകമണ്ഡലത്തില്‍ പ്രസരിച്ചത് കേരളസമൂഹത്തിന്‍റെ ഒന്നടങ്കമുള്ള ജനസമ്മതിയായിരുന്നു എന്നുകൂടി വിലയിരുത്തണം. ആ വിലപ്പെട്ട ജനസമ്മതിയുടെ തിളക്കം നഷ്ടപ്പെടുത്തിയിരിക്കുന്നു ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയും അദ്ദേഹം നയിക്കുന്ന സര്‍ക്കാരും. നായരെന്നും ഈഴവനെന്നും വകുപ്പുകള്‍ വീതംവച്ചു നടത്തിയ അഴിച്ചുപണി പ്രീണനശ്രമം ആരെയെങ്കിലും തൃപ്തിപ്പെടുത്തുകയല്ല, അപമാനിക്കുകയാണു ചെയ്തതെന്നു തീര്‍ച്ചയായും പരിഭവിക്കുന്നു, മുഖ്യമന്ത്രി സന്തോഷിപ്പിക്കാനുദ്ദേശിച്ച സമുദായ നേതൃത്വങ്ങള്‍.

ജാതിയും മതവും ചതുരംവരച്ച പലകയില്‍, ചൂതുകളിയുടെ അടവുപിഴച്ച് അഭിമാനം പണയപ്പെട്ടിരിക്കുന്നു യുഡിഎഫ് സര്‍ക്കാരിന്. ജനസമ്പര്‍ക്ക മഹായജ്ഞങ്ങളിലൂടെ പഴയ സത്പേര് വീണ്ടെടുക്കാന്‍ കഴിയുമോ ഉമ്മന്‍ ചാണ്ടിക്ക്? തിരുവനന്തപുരം മൃഗശാലയിലേക്കു രണ്ടു ജിറാഫിനെ വാങ്ങാനുള്ള ബജറ്റ് നിര്‍ദേശം കേട്ട്, അതിലൊരെണ്ണം സ്വന്തം സമുദായത്തിന് എന്നു കൈപൊക്കിയെഴുന്നേറ്റ ഒരു സാമാജികന്‍റെ കാലം ഓര്‍മവരുന്നു. അതിവേഗം ബഹുദൂരം അങ്ങനെയൊരു കഷ്ടകാലത്തിലേക്കാവരുത് ഉമ്മന്‍ ചാണ്ടി കേരളത്തെ നയിക്കുന്നത്.

1 അഭിപ്രായം:

  1. മലയാളികളുടെയോ ഇന്ത്യക്കാരുടെയാകയോ ജിവിതം രാഷ്ട്രീയമായോ സാമ്പത്തികമായോ സാംസ്ക്കാരികമായോ ആത്മീയമായോ മത-ജാതി വിമുക്തമല്ല എന്നതാണു് യാഥാര്‍ത്ഥ്യം. ഈ പച്ചപ്പരമയാഥാര്‍ഥ്യത്തെ മറച്ചു പിടിച്ചു്, തങ്ങളുടെ രാഷ്ട്രീയം മത-ജാതി വിമുക്തമാണെന്ന ആത്മവഞ്ചന പ്രകടിപ്പിച്ചുകൊണ്ട്, താങ്കളുള്‍പ്പെടുന്ന മലയാളി ജാടക്കാര്‍ ജീവിക്കുന്നത്. അതുകൊണ്ടാണു് ഇമ്മാതിരിപ്പോസ്റ്റുകള്‍ അസംഖ്യം മുസ്ലീംലീഗിനു് അഞ്ചാം മന്ത്രിയെ ലഭിച്ചയുടനെ ഇറങ്ങിയത്.


    ജാതികളായും മതങ്ങളായും വേറിട്ടു ജീവിക്കുന്നവരെല്ലാം ചേര്‍ന്നു്, ജനാധിപത്യഭരണകൂടം നിര്‍മ്മിക്കുമ്പോള്‍ അതില്‍ കൃത്യമായ ജനസംഖ്യാനുപാതിക പ്രാതിനിധ്യം എല്ലാ വിഭാഗങ്ങള്‍ക്കും ലഭിക്കുന്നതാണു് സാമൂഹികസന്തുലനാവസ്ഥ. അതുണ്ടാകുമ്പോള്‍ സാമൂഹികനീതി ഭാഗികമായെങ്കിലും നടപ്പായെന്നു പറയാം.

    കേരളത്തിലെ തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ജാതി-മത സമുദായങ്ങള്‍ക്ക് നിര്‍ണായക സ്വാധീനം തന്നെയാണുള്ളത്. സമുദായതാല്പര്യം സംരക്ഷിക്കുന്ന തരത്തില്‍ മാത്രമാണു് മതേതര കക്ഷികളെന്നു് മേനി നടിക്കുന്ന കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും മറ്റ് ജാതി-മത പാര്‍ട്ടികളും സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നത്. അത് അങ്ങിനെ തന്നെയാകുന്നതില്‍ എന്താണു് തെറ്റ് ? കേരളത്തിലെ മുസ്ലീങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ആറു മന്ത്രിമാരെ വരെ അവകാശപ്പെടാവുന്ന സ്ഥിതിയ്ക്ക് അവര്‍ അഞ്ചുമന്ത്രിമാരെയെങ്കിലും നേടിയെടുത്തതില്‍ മാത്രം ചിലര്‍ രോഷാകുലരാകുന്നത് അധികാരത്തിലെ സവര്‍ണാധിപത്യകുത്തക വെല്ലുവിളിക്കപ്പെടുന്നതു കൊണ്ടാണു്. സവര്‍ണരായ സുറിയാനികൃസ്ത്യാനികള്‍ക്കും നായന്മാര്‍ക്കും അവരുടെ ജനസംഖ്യാനുപാതത്തേക്കാള്‍ അധികം പ്രാതിനിധ്യം എന്നും ഉണ്ടായിരുന്നു. ഇന്നുമുണ്ട്. അതില്‍ താങ്കളെപ്പോലുള്ളവര്‍ക്ക് യാതൊരു അലോഗ്യവുമില്ല.

    നായര്‍ക്ക് അധികാരക്കുത്തക ആനുഭവിക്കാന്‍ സ്വന്തം രാഷ്ട്രീയകക്ഷികയുടെ ആവശ്യമേയില്ല. എല്ലാമതേതരകക്ഷികളിലൂടെയും സവര്‍ണനേതൃത്വം തന്നെ പതിവായി അധികാരത്തിലെത്തുമ്പോള്‍ അത്തരം രാഷ്ട്രീയ കക്ഷികളുടെ ആവശ്യമേയില്ല. കൂടാതെ മതേതരത്വമേനി പറച്ചില്‍ തുടരുകയും ചെയ്യാം. കേരള കോണ്‍ഗ്രസ്സുകളെന്ന നസ്രാണി മതപ്പാര്‍ട്ടികളിലൂടെയും മതേരരകക്ഷികളിലൂടെയും ആവശ്യത്തിലധികം സവര്‍ണനസ്രാണികള്‍ ആനുപാതികമായതിനേക്കാളധികം അധികാരം അനുഭവിക്കുന്നതിനെ ആരും ചോദ്യം ചെയ്യുന്നില്ലല്ലോ ?

    സംഘടിത മതസമൂഹങ്ങളിലെയും സവര്‍ണജാതിസമുദായങ്ങളിലെയും അംഗങ്ങള്‍ അവരുടെ ജാതി-മത താല്പര്യങ്ങള്‍ നോക്കിത്തന്നെയാണു് തിരെഞ്ഞടുപ്പില്‍ വോട്ടു കുത്തുന്നത്. അതിനാലാണു് അതാതുവിഭാഗങ്ങളിലെ സ്ഥാനാര്‍ഥികളെ തന്നെ മത്സരിപ്പിക്കുന്നതും. ഈ കാര്യം മനസ്സിലാക്കാതെ മതേതരത്വത്തിനുവേണ്ടി ചാകാന്‍ നടക്കുന്നത് ഒ.ബി.സി ജാതിക്കാരും പട്ടികജാതി- പട്ടിക വര്‍ഗക്കാരുമാണു്. ഫലത്തില്‍ മതേതരത്വത്തിന്റെ പേരില്‍ അധികാരത്തില്‍ യാതൊരു പങ്കും ഈ മഠയന്മാര്‍ക്കു ലഭിക്കുന്നില്ല. ഹിന്ദുമതത്തില്‍ പെട്ട കീഴാളജാതിക്കാരുടെ തലയെണ്ണി സ്ഥാനങ്ങള്‍ മുഴുവന്‍ നായര്‍ തട്ടിയെടുക്കുന്നു. അര്‍ഹതപ്പെട്ട വിഹിതം ചോദിച്ചുവാങ്ങണമെങ്കില്‍ ഈ കിഴങ്ങന്മാര്‍ക്കു് ജാതിബോധമുണ്ടാകണം. അവര്‍ ജാതിയമായി സംഘടിക്കണം. ജാതീയമായി ചിന്തിക്കണം. അങ്ങിനെ ജാതി പറയുന്നത് മോശമാണു്, സങ്കുചിത്വമാണു്, അശ്ലീലമാണു് എന്നൊക്കെ സവര്‍ണജതി- മതക്കാര്‍ ഉല്‍ബോധിപ്പിച്ചു കൊണ്ടിരിക്കുന്നത് അവരുടെ അധികാരകുത്തക നിലനിര്‍ത്തുന്നതിനു വേണ്ടിയാണു്. ഇവറ്റകളെ വെറകുവെട്ടികളായി നിലനിര്‍ത്തുകയും ചെയ്യാം. സ്വന്തം ജാതിയുടെ പ്രാതിനിധ്യാവകാശം നേടിയെടുക്കാന്‍ കഴിവില്ലാത്ത വെള്ളാപ്പള്ളിമാര്‍ അത് ഭാഗികമായെങ്കിലും നേടുന്ന മുസ്ലീങ്ങള്‍ക്കെതിരെ കുരച്ചു കൊണ്ടിരിക്കും.

    ദയവായി വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കൂ. കമന്റിടാന്‍ ആളുകള്‍ മടികാണിക്കും.

    മറുപടിഇല്ലാതാക്കൂ