2009, നവം 11

ജീവന്‍റെ ഉല്‌പത്തി......

ജീവന്‍റെ ഉല്‌പത്തിയെക്കുറിച്ചും ഈ പ്രപഞ്ചത്തില്‍ വേറെ എവിടെയെങ്കിലും ജീവനുണ്ടോ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുമുള്ള പഠനങ്ങളെ ഗൌരവപൂര്‍വം സമീപിക്കുമെന്ന് വത്തിക്കാനിലെ ജ്യോതിനിരീക്ഷണ ശാലയുടെ ഡയറക്‌ടറും ജ്യോതിശാസ്‌ത്രജ്ഞനുമായ റവ. ജോസ് ഗബ്രിയേല്‍ ഫ്യൂണസ്. അഞ്ച് ദിവസമായി ചേര്‍ന്ന ജ്യോതി ശാസ്‌ത്രജ്ഞരുടെയും ഭൌതിക ശാസ്‌ത്രജ്ഞരുടെയും ജൈവ ശാസ്‌ത്രജ്ഞരുടെയും മറ്റ് പ്രമുഖരുടെയും യോഗത്തില്‍ ഗോളാന്തരങ്ങളിലെ ജീവനെക്കുറിച്ച് നടന്ന ചര്‍ച്ചയിലാണ് ഫൂണസ് ഇക്കാര്യത്തില്‍ വത്തിക്കാന്‍റെ നിലപാട് വ്യക്തമാക്കിയത്. ജീവന്‍റെ ഉല്പത്തിയെക്കുറിച്ചും പ്രപഞ്ചത്തില്‍ വേറെ എവിടെയെങ്കിലും ജീവനുണ്ടോ എന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്യാനായി ചേര്‍ന്ന യോഗത്തില്‍ ഈശോസഭാ വൈദികനായ ഫ്യൂണസ് പ്രബന്ധം അവതരിപ്പിച്ചിരുന്നു. അന്യഗ്രഹജീവിതത്തെ സംബന്ധിച്ച് തത്വശാസ്ത്രപരമയും ദൈവശാസ്ത്രപരമായും നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പക്ഷേ, ജീവശാസ്‌ത്രപരമായ വാദങ്ങള്‍ മാത്രമാണ് തന്‍റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിട്ടുള്ളതെന്ന് ഫ്യുണസ് പറഞ്ഞു. അതേസമയം, വത്തിക്കാന്‍ ഇത്തരത്തിലൊരു യോഗം വിളിച്ചത് അവസരോചിതമാണെന്ന് അരിസോണ സര്‍വ്വകലാശാലയിലെ ജ്യോതിശാസ്ത്ര പ്രൊഫസറായ ക്രിസ് ഇംപി പറഞ്ഞു. ഈ പ്രപഞ്ചത്തിലെ ജീവിതം, മതവും ശാസ്‌ത്രവും ഒരുമിച്ചുള്ളതാണ്. ജീവശാസ്‌ത്രപരമായ പ്രപഞ്ചത്തിലെ സംഭവ വികാസങ്ങളെക്കുറിച്ച് ജ്യോതിശാസ്ത്രജ്ഞന്മാരുമായിട്ട് കത്തോലിക്കാസഭ ചര്‍ച്ച നടത്തുന്നതിന് അടിസ്ഥാനമുണ്ടെന്നും ക്രിസ് ഇംപി പറഞ്ഞു. അക്രൈസ്‌തവരുള്‍പ്പെടെ യു എസ്, ഫ്രാന്‍സ്, ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി, ചിലി എന്നിവിടങ്ങളില്‍ നിന്നുള്ള മുപ്പതോളം ശാസ്‌ത്രജ്ഞരാണ് യോഗത്തില്‍ പങ്കെടുത്തത്. ആധുനികകാലത്തെ ഏറ്റവും വലിയ വിപത്താണ്‌ മാര്‍ക്‌സിസമെന്ന്‌ രണ്ടുവര്‍ഷം മുമ്പ്‌ ബെനഡിക്‌ട് പതിനാറാമാന്‍ മാര്‍പാപ്പ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മാര്‍ക്‌സിന്റെ സാമൂഹിക-സാമ്പത്തികസിദ്ധാന്തങ്ങള്‍ ശരിയാണെന്നാണ്‌ സഭ പിന്നീട് വിലയിരുത്തിയിരുന്നു. സൗരയൂഥത്തിന്‍റെ കേന്ദ്രം സൂര്യനാണെന്ന കണ്ടെത്തലിന്‍റെ പേരില്‍ ഗലീലിയോയെയും 'പരിണാമസിദ്ധാന്ത'ത്തിന്‍റെ പേരില്‍ ചാള്‍സ്‌ ഡാര്‍വിനെയും ശത്രുക്കളായി പ്രഖ്യാപിച്ച സഭ വര്‍ഷങ്ങള്‍ക്കു ശേഷം തെറ്റ്‌ ഏറ്റുപറഞ്ഞിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ