2012, ജൂലൈ 25

കപട വ്യവഹാരികളെ തുറുങ്കിലടയ്ക്കണം

കവിയൂരില്‍ അനഘ എന്ന പെണ്‍കുട്ടിയും കുടുംബവും കൂട്ട ആത്മഹത്യചെയ്യാനിടയായ ദാരുണസംഭവം രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കാന്‍ അമ്പരപ്പിക്കുന്ന ശ്രമങ്ങളാണ് നടന്നത്. ആ കേസുമായി സംസ്ഥാനത്തെ സിപിഐ എം നേതാക്കളെയും കുടുംബാംഗങ്ങളെയും ബന്ധിപ്പിക്കാന്‍ ഏതാനും വലതുപക്ഷ രാഷ്ട്രീയകേന്ദ്രങ്ങളും അവരുടെ മാധ്യമങ്ങളും തങ്ങള്‍ക്കുമുന്നിലുള്ള എല്ലാ വഴികളും ഉപയോഗിച്ചു. രാഷ്ട്രീയപ്രശ്നമാക്കി അതിനെ മാറ്റാന്‍ അവര്‍ക്ക് വിവിധ ഘട്ടങ്ങളില്‍ വലിയ അളവ് സാധിക്കുകയും ചെയ്തു. ആ പ്രചരിപ്പിച്ചതെല്ലാം പച്ചക്കള്ളങ്ങളായിരുന്നെന്നാണ് സിബിഐ ചൊവ്വാഴ്ച കോടതിയില്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. സിബിഐയെയും നിയമത്തെയും ജനങ്ങളെയും കബളിപ്പിച്ചാണ് കുപ്രചാരണങ്ങളും കുറ്റപ്പെടുത്തലുമുണ്ടായതെന്ന് അന്വേഷണ ഏജന്‍സിക്കുതന്നെ സമ്മതിക്കേണ്ടിവന്നിരിക്കുന്നു.


കവിയൂര്‍ കേസില്‍ രാഷ്ട്രീയനേതാക്കള്‍ക്കും വിഐപികള്‍ക്കും ബന്ധമില്ലെന്നുമാത്രമല്ല, അങ്ങനെ ബന്ധമുണ്ടെന്ന് മൊഴികൊടുക്കാന്‍ കേസിലെ മുഖ്യപ്രതികളിലൊരാളായ ലതാനായരെ നിര്‍ബന്ധിച്ച ക്രൈം നന്ദകുമാറിനെതിരെ കേസെടുക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിബിഐ പറയുന്നു. രാഷ്ട്രീയനേതാക്കളുടെ പേര് പറയാന്‍ മുഖ്യപ്രതി ലതാനായര്‍ക്ക് ഒരുകോടി രൂപവരെ നന്ദകുമാര്‍ വാഗ്ദാനം ചെയ്തു എന്നാണ് സിബിഐ വ്യക്തമാക്കുന്നത്. നന്ദകുമാര്‍ നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ട, കോടതികളുടെ രൂക്ഷവിമര്‍ശത്തിന് വിധേയനായ വ്യവഹാരിയാണ്. ക്രൈം എന്ന പ്രസിദ്ധീകരണത്തിന്റെ മറവില്‍ പത്രാധിപര്‍ എന്ന് സ്വയം വിശേഷിപ്പിച്ച് അയാള്‍ നിരന്തരം അനാശാസ്യമായ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നുവെന്നതും രഹസ്യമല്ല. അങ്ങനെയൊരാള്‍, സിപിഐ എം നേതാക്കള്‍ക്കെതിരെ ഏറ്റവും നീചമായ ആരോപണമുന്നയിക്കാന്‍ വന്‍തുക ചെലവിടാന്‍ സന്നദ്ധനായി എന്ന് സിബിഐ കണ്ടെത്തിയത് നിസ്സാര സംഗതിയല്ല.


എവിടെനിന്നാണ് നന്ദകുമാറിന് ഇത്രയേറെ പണം സ്വരൂപിക്കാന്‍ കഴിയുന്നത്? ഒരു കേസ് വഴിതിരിച്ചുവിടാനാണ് ഒരുകോടി രൂപ വാഗ്ദാനംചെയ്തതെങ്കില്‍, എത്രയെത്ര കേസുകള്‍, ഏതെല്ലാം കോടതികളില്‍ നന്ദകുമാര്‍ ഇതേ രീതിയില്‍ നടത്തുന്നുണ്ട് എന്നുകൂടി പരിശോധിക്കണം. രാജ്യത്തെ ഏറ്റവും "ചെലവേറിയ" അഭിഭാഷകരാണ് ഇയാള്‍ക്കുവേണ്ടി പലപ്പോഴും കോടതികളില്‍ ഹാജരാകുന്നത്. ഒരു കൊച്ചു വാരികയുടെ പത്രാധിപര്‍ക്ക് താങ്ങാനാകുന്നതല്ല ഈ ചെലവ് എന്ന് വ്യക്തമാണ്. അതിനര്‍ഥം അയാള്‍ക്കുപിന്നില്‍ ഏതോ അദൃശ്യശക്തി പ്രവര്‍ത്തിക്കുന്നുണ്ട്, പണവും മറ്റു സഹായങ്ങളും നല്‍കുന്നുണ്ട് എന്നാണ്. ആ ശക്തിയെയാണ് പുറത്തുകൊണ്ടുവരേണ്ടത്. കവിയൂര്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ കോടതിയില്‍ ഇടക്കാലറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ""ഉന്നത രാഷ്ട്രീയക്കാര്‍ കുടുങ്ങുന്നതുവരെ പോരാടും"" എന്നാണ് നന്ദകുമാര്‍ തുടരന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ പ്രസ്താവിച്ചത്. ഇപ്പോള്‍ സിബിഐ കോടതിയില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഇവയൊക്കെയാണ്: ""കേസ് വഴിതിരിച്ചുവിടാനാണ് വീണ്ടും അന്വേഷണം ആവശ്യപ്പെടുന്നത്. പ്രതികളായി മറ്റു പലരുടെയും പേരുകള്‍ പറയാന്‍ ലതാനായരെ നിര്‍ബന്ധിച്ചിട്ടുണ്ട്. ചില നേതാക്കളുടെ മക്കളുടെ പേര് പറഞ്ഞാല്‍ ഒരുകോടിരൂപ നല്‍കാമെന്ന് പറഞ്ഞത് ജയിലില്‍ ലതാനായരെ സന്ദര്‍ശിച്ചപ്പോഴാണ്. തന്റെ കൈയില്‍ തെളിവുകളുണ്ടെന്ന് അവകാശപ്പെടുന്നതല്ലാതെ ഇതുവരെ തെളിവുകള്‍ നല്‍കിയിട്ടില്ല, കൃത്രിമത്തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതിന് നന്ദകുമാറിനെതിരെ കേസെടുക്കണം.


"" കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ആരുടെയോ ചട്ടുകമായി നിയമവ്യവസ്ഥയെ ക്രൂരമായി കബളിപ്പിച്ച് സമുന്നത രാഷ്ട്രീയനേതൃത്വത്തെയും ഇടതുപക്ഷത്തെയാകെയും തേജോവധംചെയ്യാന്‍ ഒരു കുബുദ്ധി പണവും മാധ്യമപിന്തുണയുമായി രംഗത്തിറങ്ങിയിരിക്കുന്നു. അക്കാര്യം ഗത്യന്തരമില്ലാതെ സിബിഐക്ക് തുറന്നുപറയേണ്ടിവന്നിരിക്കുന്നു. അങ്ങനെവരുമ്പോള്‍ സിബിഐയുടെ കര്‍ത്തവ്യം അവിടംകൊണ്ട് തീരുന്നില്ല. മറ്റു പല കേസുകളിലും സമാനമായ ഇടപെടലാണ് ഇതേ ശക്തികള്‍ നടത്തിയത്. അതിലൊന്ന് എസ്എന്‍സി ലാവ്ലിന്‍ കേസാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ആ കേസില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ രചിച്ച കള്ളക്കഥകളുടെയും സൃഷ്ടിച്ച കള്ളസാക്ഷികളുടെയും കള്ളത്തെളിവുകളുടെയും പിന്നാലെയാണ് സിബിഐ പോയത്. തന്റെ കൈയില്‍ തെളിവുകളുണ്ട് എന്ന് ആവര്‍ത്തിച്ചുപറഞ്ഞ് കേസന്വേഷണം സിപിഐ എമ്മിനെതിരെ തിരിച്ചുവിടാന്‍ അവിടെയും മുന്‍കൈയെടുത്തത് ഇതേ വ്യക്തിയാണ്.


ഏറ്റവുമൊടുവില്‍ ഒരു കള്ളസാക്ഷിയെ ഇറക്കുമതിചെയ്ത് വാര്‍ത്ത സൃഷ്ടിക്കാനും അയാള്‍ തയ്യാറായി. പ്രകടമായിത്തന്നെ മ്ലേച്ഛമായ ഈ ഇടപെടലുകള്‍ക്ക് വഴങ്ങുകയായിരുന്നു ലാവ്ലിന്‍ കേസില്‍ സിബിഐ. അങ്ങനെയാണ്, പിണറായി വിജയനെ, അദ്ദേഹം എന്തെങ്കിലും കുറ്റംചെയ്തതായി കണ്ടെത്താന്‍ സാധിക്കാതിരുന്നിട്ടും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഏജന്‍സി തയ്യാറായത്. കവിയൂര്‍ കേസിലെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍, ലാവ്ലിന്‍ കേസില്‍ ചെയ്തുകൂട്ടിയ തെറ്റുകള്‍ സിബിഐ തുറന്നുപറയാന്‍ സമയമായി. ക്രിമിനല്‍ ലക്ഷ്യത്തോടെ സൃഷ്ടിക്കുന്ന വ്യാജ തെളിവുകളുടെയും മൊഴികളുടെയും ഭരിക്കുന്ന കക്ഷിയുടെ ഹീനമായ ഇടപെടലുകളുടെയും ബലത്തില്‍ കെട്ടിപ്പൊക്കിയതാണ് ലാവ്ലിന്‍കേസ് എന്നതില്‍ വിവേകബുദ്ധിയുള്ള ആര്‍ക്കും സംശയമില്ല. ഇപ്പോള്‍ സിബിഐ തന്നെ, തങ്ങള്‍ വഞ്ചിക്കപ്പെടുന്ന വഴിയെക്കുറിച്ചും വഞ്ചകരെക്കുറിച്ചും തുറന്നുസമ്മതിക്കുമ്പോള്‍, അതേ മാര്‍ഗത്തിലൂടെ സൃഷ്ടിച്ച ലാവ്ലിന്‍ കേസിന്റെയും കാറ്റ് എന്നെന്നേക്കുമായി തീരുകയാണ്. കേസ് അട്ടിമറിക്കാന്‍ ക്രിമിനല്‍ ഇടപെടല്‍ നടത്തിയ വ്യക്തിക്കും അയാള്‍ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമെതിരെ ഒരുനിമിഷം പാഴാക്കാതെ നിയമനടപടിയെടുക്കാന്‍ സിബിഐ തയ്യാറാകണം.


തികച്ചും അടിസ്ഥാനരഹിതമായ ദുരാരോപണങ്ങള്‍ കെട്ടഴിച്ചുവിട്ട് സിപിഐ എമ്മിനെയും അതിന്റെ നേതൃത്വത്തെയും പ്രവര്‍ത്തകരെയും നിര്‍വീര്യമാക്കാമെന്നു കരുതിയവരും അതിനുള്ള കോടാലിക്കൈകളായവരും ജനങ്ങള്‍ക്കുമുന്നില്‍ കുറ്റം ഏറ്റുപറയണം. ഇങ്ങനെ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും പറഞ്ഞുറപ്പിക്കുകയും ചെയ്യുന്ന കെട്ടുകഥകള്‍ തിരിച്ചറിഞ്ഞ്, സിപിഐ എമ്മിനെതിരായ അത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ടിയെ സ്നേഹിക്കുന്നവരാകെ രംഗത്തിറങ്ങേണ്ട ഘട്ടമാണിത്. ഒരു ക്രിമിനല്‍ സ്വഭാവക്കാരന്റെ ചേഷ്ടകളല്ല, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള വന്‍ പദ്ധതിയുടെ നടത്തിപ്പായാണ് ഇതിനെ കാണേണ്ടത്. കവിയൂര്‍ കേസില്‍ ഉള്‍പ്പെട്ടു എന്ന് പ്രചരിപ്പിക്കപ്പെട്ട നിരവധി പേരുകളുണ്ട്. അവര്‍ക്ക് നേരിടേണ്ടിവന്ന വൈഷമ്യം ഊഹിക്കാവുന്നതേയുള്ളൂ. നിരപരാധികളായ അവരോടും കുടുംബാംഗങ്ങളോടും മാപ്പുപറഞ്ഞാല്‍ തീരുന്ന പ്രശ്നമല്ലിത്. വ്യാജ കഥകളുടെ പിന്നണിക്കാരെയും മുന്‍നിരക്കാരെയും ഒന്നാകെ തുറുങ്കിലടച്ചാല്‍ മാത്രമേ, അവരുടെ മുഖംമൂടി പിച്ചിച്ചീന്തിയെറിഞ്ഞാല്‍മാത്രമേ ഏറ്റവും കുറഞ്ഞ നീതിയെങ്കിലും നടപ്പാകൂ.

2012, ജൂലൈ 22

ഇതു പൂജയുടെ കാലം

കടുത്ത വരള്‍ച്ചമൂലം ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്നില്ലെന്ന് വിമര്‍ശം നേരിടേണ്ടി വന്ന കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ പ്രത്യേക പൂജക്കൊരുങ്ങുന്നു. ക്ഷേത്രങ്ങളില്‍ 18.5 കോടി രൂപ ചെലവില്‍ പ്രത്യേക പൂജ നടത്താന്‍ നിര്‍ദേശിച്ചുള്ള സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. പുതുതായി നിയമിതനായ ദേവസ്വം മന്ത്രി കോട്ട ശ്രീനിവാസ പൂജാരിയാണ് ഇക്കാര്യം അറിയിച്ചത്. മഴ ലഭിക്കുന്നതിന് ദേവസ്വം വകുപ്പിന് കീഴിലെ 37,000 ക്ഷേത്രങ്ങളില്‍ പൂജ നടത്താനാണ് നിര്‍ദേശം. ജൂലൈ 27 മുതല്‍ ആഗസ്റ്റ് രണ്ട് വരെ നടക്കുന്ന പൂജക്കായി ഓരോ ക്ഷേത്രത്തിനും 5000 രൂപ വീതമാണ് നല്‍കുക. അതേസമയം, സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഇത്രയും തുക ചെലവഴിച്ച് കുഴല്‍ക്കിണറുകള്‍ കുഴിക്കുകയാണെങ്കില്‍ വരള്‍ച്ച നേരിടുന്ന ഗ്രാമങ്ങളിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
മണ്‍സൂണ്‍ മഴ ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ 175 താലൂക്കുകളില്‍ 150 എണ്ണവും രൂക്ഷമായ വരള്‍ച്ചയുടെ പിടിയിലാണ്. ചൊവ്വാഴ്ച ദല്‍ഹിയിലെത്തി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ സന്ദര്‍ശിച്ച മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍, വരള്‍ച്ച നേരിടുന്നതിന് സംസ്ഥാനത്തിന് 2000 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

(കര്‍ണാടകക്കാരുടെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയും. )

2012, ജൂലൈ 19

മനുഷ്യനെ ഗിനിപ്പന്നികളാക്കരുത്


 വന്‍കിട ഔഷധനിര്‍മാണ കമ്പനികളുടെ മരുന്നു പരീക്ഷണവലയില്‍ കുടുങ്ങിയവരില്‍ കര്‍ണാടകയിലെ മലയാളി നേഴ്സിങ് വിദ്യാര്‍ഥികളും നേഴ്സുമാരും. വന്‍ തുക പ്രതിഫലത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ നിര്‍ധനകുടുംബങ്ങളില്‍ നിന്നുള്ള നിരവധി കുട്ടികള്‍ മരുന്നുപരീക്ഷണത്തിനുള്ള "ടെസ്റ്ററാ"യി. 50,000 രൂപ മുതല്‍ അഞ്ചുലക്ഷം രുപ വരെയുള്ള പ്രതിഫലത്തിന്റെ ആകര്‍ഷണത്തില്‍ കുട്ടികള്‍ വീണുപോകുകയാണ്. കോട്ടയം ചിങ്ങവനം സ്വദേശിയായ നേഴ്സിങ് വിദ്യാര്‍ഥി ലക്ഷക്കണക്കിനു രൂപ സമ്പാദിക്കുകയും കാര്‍ വാങ്ങുകയും ചെയ്തത് മാതാപിതാക്കള്‍ ചോദ്യംചെയ്തപ്പോള്‍ യുവാവ് വിവരങ്ങള്‍ തുറന്നു പറഞ്ഞു.

മെലിഞ്ഞിരുന്ന യുവാവ് ഇപ്പോള്‍ തടിച്ച നിലയിലാണ്. ഗോവയിലാണിപ്പോള്‍ ജോലി. കോട്ടയം, ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള നിരവധി നേഴ്സിങ് വിദ്യാര്‍ഥികള്‍ മരുന്നുപരീക്ഷണത്തിന് ഇരയായിട്ടുണ്ട്. ബിഎസ്സി നേഴ്സിങ് വിദ്യാര്‍ഥികളും ഈ കെണിയില്‍ വീഴുന്നു. ഹിമാചല്‍പ്രദേശ്, ഗോവ സംസ്ഥാനങ്ങളിലെ മരുന്നു നിര്‍മാണ കമ്പനികള്‍ക്കു വേണ്ടിയാണ് ബംഗളൂരു കേന്ദ്രമാക്കിയ ഏജന്റുമാര്‍ നേഴ്സിങ് വിദ്യാര്‍ഥികളെ വലയിലാക്കുന്നത്. "ടെസ്റ്റര്‍" മാസങ്ങളോളം മരുന്നുകമ്പനികളുടെ നിരീക്ഷണത്തിലാവും. പൂര്‍ണസമ്മതത്തോടെയാണ് ടെസ്റ്ററാവുന്നതെന്നും മരണം സംഭവിച്ചാല്‍ പോലും താന്‍ മാത്രമാണ് ഉത്തരവാദി എന്നും നൂറുരുപ മുദ്രപത്രത്തില്‍ വിദ്യാര്‍ഥികളില്‍നിന്ന് കമ്പനികള്‍ എഴുതിവാങ്ങും. മരുന്നിന് അപകടമില്ല എന്ന് വിദ്യാര്‍ഥികളെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ വിദഗ്ധരായ ഡോക്ടര്‍മാരെയും നിയോഗിക്കുന്നു. ബംഗളൂരുവിലെ വന്‍കിട ആശുപത്രികളും ക്ലിനിക്കുകളുമാണ് പലപ്പോഴും പരീക്ഷണശാലകള്‍. മരുന്നുല്‍പ്പാദന കമ്പനികളിലും വിദ്യാര്‍ഥികളെ കൊണ്ടുപോകാറുണ്ട്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ആന്റിബയോട്ടിക്കുകളുടെ പരീക്ഷണത്തിനാണ് കൂടുതലായും വിദ്യാര്‍ഥികളെ ഉപയോഗിക്കുന്നത്. ആരോഗ്യമുള്ളവരെയും കുറഞ്ഞവരെയും ഇതിനായി പരിഗണിക്കും. പുതിയ മരുന്ന് കണ്ടുപിടിക്കുമ്പോള്‍ മൂന്നാംഘട്ടത്തില്‍ മാത്രമേ മനുഷ്യനില്‍ പരീക്ഷിക്കാവൂ എന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശം. എന്നാല്‍, ഇവിടെ ഒന്നാംഘട്ടത്തില്‍ തന്നെയാണ് നേഴ്സിങ് വിദ്യാര്‍ഥികളിലെ പരീക്ഷണം. ഒന്നാം ഘട്ടത്തില്‍ എലി, മുയല്‍, നായ തുടങ്ങിയ മൃഗങ്ങളിലാണ് പരീക്ഷിക്കേണ്ടത്. ഇതു വിജയിച്ചാല്‍ രണ്ടാംഘട്ടമായി കുരങ്ങനില്‍ പരീക്ഷിക്കും. ഇതു വിജയിച്ചെന്ന് പൂര്‍ണ ബോധ്യം വന്നാല്‍ മാത്രം, എല്ലാ സുരക്ഷാ സംവിധാനവും ഒരുക്കി മനുഷ്യനില്‍ പരീക്ഷിക്കാവൂ എന്നാണ് നിര്‍ദേശം. അഞ്ചുവര്‍ഷം മുതല്‍ ഏഴുവര്‍ഷം വരെ സമയദൈര്‍ഘ്യമുള്ള പ്രക്രിയയാണിത്. ഇന്ത്യയില്‍ ഇപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ മാറുന്ന സ്ഥിതിയുണ്ട്. നാലുവര്‍ഷത്തിനുള്ളില്‍ 2032 പേര്‍ മരുന്ന്പരീക്ഷണങ്ങള്‍ക്ക് ഇരയായി മരിച്ചുവെന്ന് കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ സന്നദ്ധ സംഘടനകള്‍ സൂചിപ്പിച്ചിരുന്നു.

മനുഷ്യനെ ഗിനിപ്പന്നികളാക്കരുത് എന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയും ചെയ്തു. നേഴ്സിങ് ജോലിക്ക് സ്വകാര്യമേഖലയില്‍ 3000 രുപമുതല്‍ ഏഴായിരം രുപ വരെ മാത്രമാണ് വേതനം. ചെലവും കഴിഞ്ഞ് വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാന്‍ ഇതു തികയില്ല. സാമ്പത്തികഭാരവും വീട്ടിലെ ദാരിദ്ര്യവുമാണ് കുട്ടികള്‍ പരീക്ഷണത്തിന് വഴിപ്പെടാന്‍ കാരണം. വീട്ടുകാര്‍ പലപ്പോഴും ഇതറിയാറില്ല. ഉയര്‍ന്ന ശമ്പളമുള്ള ജോലി കിട്ടി എന്നാവും അവര്‍ കരുതുക. മരുന്നിന്റെ സ്വഭാവം അനുസരിച്ചാണ് പ്രതിഫലം. ഗുരുതരമായ പാര്‍ശ്വഫലമുണ്ടാകാനിടയുള്ള മരുന്നിന് കൂടുതല്‍ തുക ലഭിക്കും. നേഴ്സിങ് കോളേജ് അഡ്മിഷന്റെ ഏജന്റുമാര്‍ ഇതിന്റെയും ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നുണ്ട്. രാസവസ്തു-വളം മന്ത്രാലയത്തിനു കീഴിലെ കെമിക്കല്‍സ് ആന്റ് പെട്രോ കെമിക്കല്‍സ് വകുപ്പാണ് ഇന്ത്യയില്‍ മരുന്ന് നിര്‍മാണവും വിലനിര്‍ണയവും നിയന്ത്രിക്കുന്നത്. വിപണനം മാത്രമാണ് ആരോഗ്യവികുപ്പിനു കീഴില്‍. വിദേശ രാജ്യങ്ങളിലെല്ലാം മരുന്നു പരീക്ഷണത്തിന് മനുഷ്യനെ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. ഇതുമൂലം ബഹുരാഷ്ട്രകമ്പനികള്‍ ഇന്ത്യയിലേക്ക് വരുന്നുണ്ട്.

2012, ജൂലൈ 15

കള്ളപ്പരസ്യങ്ങള്‍

പൊലീസ് റെയ്ഡ് എന്നു പറഞ്ഞാല്‍ മാധ്യമങ്ങള്‍ അടങ്ങിയിരിക്കാറില്ല. സംസ്ഥാന വ്യാപക റെയ്ഡാണെങ്കില്‍ പറയാനുമില്ല. മുമ്പ് വ്യാജ സീഡികള്‍ക്കായി ഏതാനും സ്ഥലങ്ങളില്‍ ഋഷിരാജ് സിങ്ങിന്‍െറ പൊലീസ് സംഘം നടത്തിയ വേട്ട വലിയൊരു സംഭവമാക്കിയത് മാധ്യമങ്ങളാണ്.

മേയ് 10ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ഏതാനും ‘‘മരുന്നു’’ കമ്പനികളുടെ നിര്‍മാണകേന്ദ്രങ്ങളിലും (തലശ്ശേരി, കണ്ണൂര്‍, മൂവാറ്റുപുഴ, കൊച്ചി, കൂത്താട്ടുകുളം) മൊത്തവില്‍പന കേന്ദ്രങ്ങളിലും (തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട്) ഒരേസമയം റെയ്ഡ് നടത്തി. ഇന്ദുലേഖ ഭൃംഗ കംപ്ളീറ്റ് ഹെയര്‍ കെയര്‍ ഓയില്‍, ധാത്രി ഫെയര്‍ സ്കിന്‍ ക്രീം, ശ്രീധരീയം സ്മാര്‍ട്ട്ലീന്‍ എന്നീ ഉല്‍പന്നങ്ങളുടെ തെറ്റുധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരില്‍ കമ്പനികള്‍ക്കെതിരെ കേസെടുത്തു.

മുടി ശാസ്ത്രീയമായി പുതുതായി വളര്‍ത്താന്‍പോന്ന ഹെയര്‍ ഓയില്‍, തൊലി വെളുപ്പിക്കുന്ന ലേപനം, ‘‘ശാസ്ത്രീയമായി തെളിയിക്കപ്പെട്ട’’ മെലിച്ചില്‍ മരുന്ന്, തലയോട്ടിക്ക് തണുപ്പു നല്‍കി പിരിമുറുക്കം ഇല്ലാതാക്കുന്ന എണ്ണ തുടങ്ങിയ വ്യാജ അവകാശവാദങ്ങള്‍ പരസ്യങ്ങളിലുണ്ടായിരുന്നു.
പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ മാധ്യമങ്ങള്‍ എന്തു ചെയ്തു? റെയ്ഡിന്‍െറയും കേസിന്‍െറയും വാര്‍ത്ത പലരും കണ്ടില്ലെന്നുവെച്ചു. വിവരം കിട്ടാത്തതല്ല; ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പില്‍നിന്ന് ഔദ്യാഗികമായിത്തന്നെ വാര്‍ത്ത നല്‍കിയിരുന്നു. പ്രാദേശികതലത്തിലും മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ കിട്ടി.
മാത്രമല്ല, കെ.പി.എം. ബഷീര്‍ ചൂണ്ടിക്കാണിക്കുന്നപോലെ, ഡിപ്പാര്‍ട്മെന്‍റ് വെബ്സൈറ്റില്‍ തന്നെ റെയ്ഡ് വിവരം പ്രസിദ്ധപ്പെടുത്തിയതിനാല്‍ അപകീര്‍ത്തിക്കേസിനെ ഭയക്കാതെ വാര്‍ത്തകൊടുക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുമായിരുന്നു. എന്നിട്ടും പലരും അത് ‘‘കാണാതെ’’ പോയതിന് കാരണം വ്യക്തമാണ്. ആ വ്യാജപരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തി നേട്ടം കൊയ്തത് ഇതേ മാധ്യമങ്ങളാണല്ലോ.
കള്ളപ്പരസ്യങ്ങള്‍ ഏറ്റവും കൂടുതല്‍ കൊടുക്കുന്ന ചാനലുകളാവണം റെയ്ഡ് വാര്‍ത്ത ഏറ്റവും കുറച്ചുകൊടുത്തത്. റെയ്ഡിന്‍െറ വാര്‍ത്തയോ (മേയ് 11) കേസ് കൊടുത്ത വാര്‍ത്തയോ (മേയ് 15) മുന്‍നിര പത്രങ്ങള്‍ ചേര്‍ത്തതേയില്ല. (അതേസമയം, മേയ് 14ന് മലയാള മനോരമയുടെ മുന്‍പേജില്‍ ധാത്രി കമ്പനിയുടേതായി മറ്റൊരു പരസ്യമുണ്ടായിരുന്നു.)

വ്യാജങ്ങളുടെ പ്രചാരകര്‍
ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് ഒബ്ജക്ഷനബ്ള്‍ അഡ്വര്‍ടിസ്മെന്‍റ്സ്് ആക്ട് (1954) പ്രകാരം, നിയമത്തില്‍ എടുത്തുപറഞ്ഞ അറുപതോളം രോഗങ്ങള്‍ക്കും രോഗ ഇനങ്ങള്‍ക്കുമുള്ള മരുന്നെന്ന നിലക്ക് ഉല്‍പന്നങ്ങളുടെ നേരിട്ടുള്ള പരസ്യങ്ങള്‍ പാടില്ല. രോഗികള്‍ യോഗ്യരായ ഡോക്്ടര്‍മാരെ കണ്ട് അവര്‍വഴി മാത്രമേ ചികിത്സ നടത്താവൂ.
നിയമവിരുദ്ധ പരസ്യം നല്‍കുന്ന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും ഉല്‍പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനും വകുപ്പുണ്ട്.
പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്ന മാധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ ധാര്‍മിക ബാധ്യത ഇല്ലേ? കമ്പനികള്‍ നല്‍കുന്ന അവകാശവാദങ്ങള്‍ ഉത്തമവിശ്വാസത്തില്‍ പ്രസിദ്ധപ്പെടുത്തുന്നതാണെന്ന് പറയാനാവുമോ?
ആംവേപോലുള്ള കമ്പനികള്‍ വന്‍ പരസ്യങ്ങള്‍ നല്‍കി മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്തുന്നുണ്ട്. ‘‘ഡോക്ടേഴ്സ് ടീ’’ എന്ന പേരില്‍ ‘‘ഔധച്ചായ’’ എന്ന അവകാശവാദത്തോടെ, വണ്ണം കുറക്കാനുള്ള ഒരു മരുന്നിന്‍െറ പരസ്യം അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളെ കീഴടക്കിയത് അടുത്താണ്. കഴിച്ചവര്‍ ‘‘അധ്വാനം കൂടാതെ’’ മെലിഞ്ഞു എന്നത് ശരി. പക്ഷേ, അത് അസ്വാഭാവികമായി ശരീരജലം ഇല്ലാതാക്കിക്കൊണ്ടായിരുന്നു. വൃക്കകള്‍ കേടുവരാന്‍ ഇത് ഇടയാക്കുമെന്ന് മനസ്സിലായപ്പോഴേക്കും ഒരുപാടു പേര്‍ വല്ലാതങ്ങ്് മെലിഞ്ഞുകഴിഞ്ഞിരുന്നു -അവരുടെ കീശയും.
കുന്നത്ത് ഫാര്‍മയുടെ ‘‘മുസ്ലി എക്സ്ട്രാ’’ക്കെതിരായ കേസിനും, അവരുടെ പരസ്യപ്രളയത്തിനിടക്ക് ഒരു കൊച്ചു ഓളംപോലും ആകാന്‍ കഴിഞ്ഞില്ല.
പരസ്യം വ്യാജമാണെന്നും നിയമവിരുദ്ധമാണെന്നും ബോധ്യപ്പെട്ടശേഷംപോലും സ്വമേധയാ അത് ഉപേക്ഷിക്കാന്‍ തയാറുള്ള മാധ്യമങ്ങള്‍ നന്നേ കുറവാണ്. വീട്ടില്‍ പണത്തിന്‍െറ കുന്ന് വരുത്താന്‍ ത്രാണിയുള്ള ‘ധനലക്ഷ്്മി യന്ത്രം’ തകിടിന്‍െറയും, വിഘ്നങ്ങളും ദോഷങ്ങളും ഇല്ലാതാക്കാന്‍പോന്ന ‘ശനിദോഷയന്ത്രം’ തകിടിന്‍െറയും, ഏതസുഖവും ഇല്ലാതാക്കി സൗഖ്യംതരുന്ന ‘അറബിമാന്ത്രികം ഏലസി’ന്‍െറയും, സന്ധിവേദനകള്‍ സുഖപ്പെടുത്തുന്ന ‘മന്ത്ര എണ്ണ’യുടെയും, അവയവങ്ങള്‍ വലുതാക്കുന്ന മാന്ത്രികലേപനങ്ങളുടെയും, കുട്ടികളുടെ ഉയരം വര്‍ധിപ്പിക്കുന്ന ആരോഗ്യപാനീയങ്ങളുടെയും, ഓര്‍മശക്തി പെരുപ്പിക്കുന്ന അദ്ഭുത ലേഹ്യങ്ങളുടെയുമൊക്കെ പരസ്യങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് അതെല്ലാം ശരിയാവാനിടയില്ല എന്നറിഞ്ഞുതന്നെയാണല്ലോ.
പല വ്യാജമരുന്നുകളും ദുര്‍ബലമനസ്കരില്‍ മൂഢവിശ്വാസങ്ങള്‍ വളര്‍ത്താനുള്ള ഉപായങ്ങളാകുന്നുമുണ്ട്. നിയമപരമായി നിഷിദ്ധം മാത്രമല്ല, തീര്‍ത്തും അവാസ്്തവമെന്ന് പത്രാധിപര്‍ക്കുവരെ ബോധ്യമുള്ളതുമായ എത്രയെത്ര പരസ്യങ്ങളാണ് നമ്മുടെ പ്രമുഖ പത്രങ്ങളിലും ചാനലുകളിലും വരുന്നത്!
ഇത്തരം മൂഢവിശ്വാസങ്ങളും വ്യാജ അവകാശവാദങ്ങളും പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ് മാതൃഭൂമിയുടെ ക്ളാസിഫൈഡ് പരസ്യങ്ങള്‍. പത്രത്തിന്‍െറ സകല വിശ്വാസ്യതയും തകര്‍ക്കാന്‍ പോന്നതായിട്ടും അതില്‍ വന്നുകൊണ്ടിരിക്കുന്ന ഏതാനും പരസ്യസാമ്പിളുകള്‍ ഇങ്ങനെ:
‘‘അദ്ഭുതശക്തി നിറഞ്ഞ വശ്യ ഏലസ്സ്. വശീകരണത്തിന് അത്യുത്തമം...’’; ‘‘സകല ഉപദ്രവങ്ങളില്‍നിന്നും രക്ഷിക്കുകയും ശത്രുക്കളെ നശിപ്പിക്കുകയും തൊഴില്‍-ധന-കുടുംബസൗഖ്യത്തെയും പ്രദാനം ചെയ്യുകയും...’’; ‘‘ഖുറാന്‍ ഇസ്മ് കര്‍മം: വിവാഹം, വസ്തുവില്‍പന, വശ്യം, ദാമ്പത്യം, ജോലി, ഗള്‍ഫ്യാത്ര, കാര്യസാധ്യതയ്ക്കും, ഫലം കിട്ടുന്നതുവരെയും നേര്‍ച്ചകൂടും തകിടും...’’; ‘‘നിങ്ങളുടെ ഏതു പ്രശ്നങ്ങള്‍ക്കും ഉടന്‍ പരിഹാരം...’’; ‘‘എല്ലാ പ്രശ്നങ്ങള്‍ക്കും ധനാഭിവൃദ്ധി, വസ്തുവില്‍പന, വശ്യം... ___മുസ്ള്യാര്‍.’

2012, ജൂലൈ 9

പ്രതിപ്പട്ടികയിലെ എഴുത്തുകാര്‍-അശോകന്‍ ചരുവില്‍

(പഴയതെങ്കിലും കാലിക പ്രസക്തിയുള്ളതിനാൽ ഈ ലേഖനം വീണ്ടും പ്രസിദ്ധീകരിക്കുന്നു) 



സാഹിത്യ പത്രപ്രവര്‍ത്തനത്തിന് മലയാളത്തില്‍ സുദീര്‍ഘമായ ചരിത്രമാണുള്ളത്. നമ്മുടെ സംസ്കാരത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നതില്‍ ക്രീയാത്മകമായി ഇടപെട്ട നിരവധി പത്രാധിപന്മാരുണ്ട്. കേസരിയും എന്‍.വിയും എം.ടിയും കെ.ബാലകൃഷ്ണനും കാമ്പിശ്ശേരിയും എം.എന്‍.കുറുപ്പും അങ്ങനെ നിരവധി പേര്‍. അക്കൂട്ടത്തില്‍ ഒരാളായിട്ടാണ് സമകാലിക മലയാളം വാരിക പത്രാധിപര്‍ എസ്.ജയചന്ദ്രന്‍ നായരെ ഞാന്‍ കണക്കാക്കുന്നത്. കലാകൌമുദിയുടെ പ്രകാശനത്തിലൂടെ എന്‍.ആര്‍.എസ്.ബാബുവും ഒന്നിച്ച് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവിസ്മരണീയമാണ്. എന്റെ തലമുറയുടെ സാഹിത്യ ജീവിതത്തില്‍ അദ്ദേഹത്തോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണ്. അതുകൊണ്ടു തന്നെ പ്രഭാവര്‍മ്മയുടെ 'ശ്യാമമാധവം' എന്ന കവിതയുടെ പ്രസിദ്ധീകരണം നിറുത്തി വെക്കുന്നതായുള്ള അദ്ദേഹത്തിന്റെ പത്രാധിപക്കുറിപ്പു വായിച്ചപ്പോള്‍ വളരെ സങ്കടം തോന്നി.
             ഇത് ജയചന്ദ്രന്‍ നായരുടെ വ്യക്തിനിഷ്ടമായ ഒരു വൈകാരിക നടപടിയാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ന്യ ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രശൃംഖലയുടെ ഭാഗമായി അദ്ദേഹം പുറത്തിറക്കുന്ന സമകാലിക മലയാളം വാരിക അടക്കം കേരളത്തിലെ പ്രധാന പത്ര ദൃശ്യമാധ്യമങ്ങള്‍ കൂട്ടായി എടുത്തുപോരുന്ന രാഷ്ട്രീയ നീക്കത്തില്‍ ഉള്‍പ്പെട്ടതാകാനാണ് സാധ്യത. ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് പ്രഭാവര്‍മ്മ ദേശാഭിമാനിയില്‍ എഴുതിയ ലേഖനങ്ങളുടെ പേരിലാണല്ലോ ഈ 'കവിതാ വിലക്ക്' ഉണ്ടായത്. 'ചന്ദ്രശേഖരന്റെ കൊലപാതകത്തെ പരോക്ഷമായെങ്കിലും ന്യായീകരിച്ച ഒരാളുടെ കവിത തുടര്‍ന്ന് പ്രസിദ്ധീകരിക്കാന്‍ കഴിയില്ല' എന്നാണ് പത്രാധിപര്‍ തന്റെ കുറിപ്പില്‍ രേഖപ്പെടുത്തിയത്. ദേശാഭിമാനിയിലെ വര്‍മ്മയുടെ ലേഖനങ്ങള്‍ അന്നന്ന് വായിച്ച ഒരാളാണ് ഈ ലേഖകന്‍. കൊലപാതകത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിക്കുന്ന ഒരു വാക്കോ വാചകമോ എനിക്ക് അതില്‍ കാണാന്‍ കഴിഞ്ഞില്ല. മാത്രമല്ല മനുഷ്യഹൃദയമുള്ള എല്ലാവരേയും പോലെ ആ വധത്തെ പ്രഭാവര്‍മ്മ അപലപിക്കുന്നുമുണ്ട്. പിന്നെ എന്താണ് പ്രശ്നം? ഈ കൊലപാതകത്തെക്കുറിച്ച് കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ തങ്ങളുടേതായ നിലയില്‍ ഒരന്വേഷണം നടത്തുകയും കുറ്റവാളികളെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മാധ്യമാധിപത്യത്തിന്റേതായ ഈ കാലഘട്ടത്തില്‍ ഞങ്ങളെ എതിര്‍ക്കാനും തിരുത്താനും ഇവനാര്? എന്നതാണ് ചോദ്യം.
മലയാള പത്രങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുകയും ചാനലുകള്‍ കാണുകയും ചെയ്യുന്ന ഒരാള്‍ക്ക് സാമാന്യബുദ്ധി എന്നൊന്നുണ്ടെങ്കില്‍ അവയിലൂടെ വെളിപ്പെടുന്ന അന്വേഷ്ണാത്മക വിവരങ്ങള്‍ ഉപ്പുകൂട്ടാതെ വിഴുങ്ങുക സാധ്യമല്ല. പത്രങ്ങളുടെ രാഷ്ടീയച്ചായവ് പകല്‍വെളിച്ചം പോലെ വ്യക്തമാണ്. കേരളത്തില്‍ രാഷ്ട്രീയപാര്‍ടികള്‍ക്കുള്ളതിനേക്കാള്‍ കടുത്ത കൃത്യമായ രാഷ്ടീയം പത്രങ്ങള്‍ക്കാണുള്ളതെന്ന് വിവേകമുള്ളവര്‍ക്കറിയാം. സംഗതി ഇടതുപക്ഷത്തിനെതിരാണെങ്കില്‍ എന്തും പറയാം എന്നാണ് ന്യായം. ഇത് ഇന്നലത്തെ കൊലപാതകത്തിനു ശേഷം തുടങ്ങിയതല്ല. ടി.പി.ചന്ദ്രശേഖരന്റെ ശരീരത്തില്‍ നരാധമന്മാരായ കൊലപാതകികള്‍ വെട്ടിയതുപോലെ പത്രങ്ങള്‍ ചില രാഷ്ട്രീയപാര്‍ട്ടികളെ ആവര്‍ത്തിച്ചു വെട്ടിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും അരിശം തീരാതെ അവര്‍ മുക്രയിടുകയും ചെയ്യുന്നു. മൂത്തൂറ്റ് പോള്‍ വധക്കാലത്ത് പത്രങ്ങള്‍ മെനഞ്ഞുണ്ടാക്കിയ കഥകളും അവര്‍ സൃഷ്ടിച്ച പ്രതികളും പീന്നീട് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രവും ജനങ്ങളുടെ മനസ്സിലുണ്ട്. സാമ്രാജ്യത്ത ആഗോളവല്‍ക്കരണം അഴിച്ചുവിട്ട സാംസ്കാരിക യുദ്ധത്തിന്റെ മുന്‍നിരയിലാണ് ഇന്ന് പത്രങ്ങള്‍ നിലയുറപ്പിച്ചിട്ടുള്ളത്. കേരളത്തില്‍ നടന്ന സാമൂഹ്യ പരിവര്‍ത്തനത്തില്‍ നഷ്ടം സംഭവിച്ച പഴയ ഫ്യൂഡല്‍ പ്രമാണി വര്‍ഗ്ഗത്തിലെ പുതു തലമുറയെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് അവര്‍ യുദ്ധകാഹളം മുഴക്കുന്നത്. സാമൂഹ്യനീതിക്കും, പൊതുവിദ്യാഭ്യാസത്തിനും വേണ്ടി കേരളീയര്‍ സമീപകാലത്ത് നടത്തിയ മുന്നേറ്റങ്ങളിലൊന്നും മാധ്യമങ്ങള്‍ കൂടെ നിന്നിട്ടില്ല. വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ നിലപാട് സ്വീകരിക്കാനും അവര്‍ തയ്യാറായിട്ടില്ല.
പ്രഭാവര്‍മ്മ മാത്രമല്ല ഈ യുദ്ധത്തില്‍ സമീപകാലത്ത് മുറിവേറ്റത്. കഴിഞ്ഞ ഒരു മാസത്തിനിടക്ക് മലയാളത്തിലെ പ്രതിഭാധനരായ എഴുത്തുകാരെല്ലാം ക്രൂരമായി അപമാനിക്കപ്പെട്ടു. ജ്ഞാനപീഠം ജേതാക്കളായിരുന്നു ആദ്യത്തെ ഇരകള്‍. എം.ടി.യും, ഒ.എന്‍.വിയും. പിന്നെ സുഗതകുമാരി, എം.മുകുന്ദന്‍, പെരുമ്പടവം, സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വൈശാഖന്‍. വാക്കു കൊണ്ടുള്ള കല്ലേറ്. പൂരപ്പാട്ട്. അശ്ളീല പരാമര്‍ശങ്ങള്‍. പതിവുപോലെ മരക്കവി, ദന്തഗോപുരവാസി, അവാര്‍ഡിനു വേണ്ടി ഇരന്നു നടക്കുന്നവന്‍, അക്കാദമിയുടെ തിണ്ണ നിരങ്ങുന്നവന്‍, എല്ലിന്‍ കഷണം കടിച്ചു പിടിക്കന്നവന്‍, ഇലനക്കിപ്പട്ടി, ചിറിനക്കിപ്പട്ടി അങ്ങനെ നിരവധി വിശേഷണങ്ങള്‍. പാവപ്പെട്ട മൃഗങ്ങളുടെ പേരുപയോഗിച്ചും എഴുത്തുകാര്‍ തെറിയഭിഷേകം ചെയ്യപ്പെട്ടു. മാധ്യമങ്ങളുടെ അതീവ പരിലാളനയോടെയാണ് ഈ ആക്ഷേപങ്ങളെല്ലാം ഉന്നയിക്കപ്പെട്ടത്. തങ്ങള്‍ പറയുംവിധം പ്രതികരിക്കണമെന്നാവശ്യപ്പെട്ട് ഫോണിലൂടെയുള്ള ഭീഷണിയും ഉണ്ടായി. എന്തു കുറ്റമാണ് കേരളത്തിലെ എഴുത്തുകാര്‍ ചെയ്തത്?
പത്രസ്ഥലവും അവസരവും ദൃശ്യമാധ്യമ പരിഗണനയുമുള്ള എഴുത്തുകാര്‍ എല്ലാവരും ടി.പി.ചന്ദ്രശേഖരന്റെ വധത്തെ അതിനകം അപലപിച്ചിരുന്നു. ചിലര്‍ പ്രസംഗങ്ങളിലൂടെയും ചിലര്‍ ലേഖനങ്ങളിലൂടെയും പ്രതികരിച്ചു. പക്ഷേ അത്തരം സ്വതന്ത്രമായ പ്രതികരണങ്ങളല്ല പത്രങ്ങള്‍ ആഗ്രഹിച്ചത്. വീണുകിട്ടിയ ഈ അവസരം ഉപയോഗിച്ച് തങ്ങള്‍ നടത്തുന്ന രാഷ്ട്രീയ യുദ്ധത്തില്‍ എഴുത്തുകാര്‍ കക്ഷിചേരുന്നില്ല എന്നായിരുന്നു അവരുടെ ആരോപണം. ഇതിന്റെ മറവില്‍ ബംഗാളിലെ നന്ദിഗ്രാമിനെ തുടര്‍ന്നുണ്ടായതു പോലെ ഒരു രാഷ്ടീയ മാറ്റത്തിന് എഴുത്തുകാര്‍ കൂട്ടുനില്‍ക്കണമെന്നാണ് അവര്‍ ആഗ്രഹിച്ചത്.
ഒഞ്ചിയത്തെ കൊലപാതകത്തെ വ്യക്തമായ ഭാഷയില്‍ അപലപിച്ചവരില്‍ ഒരാളാണ് ഈ ലേഖകന്‍. വാര്‍ത്ത അറിഞ്ഞയുടനെ ഫേസ്ബുക്കിലെ എന്റെ കോളത്തില്‍ ഇങ്ങനെ എഴുതി: 'എറ്റവും ദുഖകരമായ ദിവസം'. ഇന്റര്‍നെറ്റ് മാസികകളിലെ കോളങ്ങളില്‍ തുടര്‍ന്ന് എഴുതി: 'ചന്ദ്രശേഖരനല്ല കൊലയാളികളുടെ ആത്യന്തിക ലക്ഷ്യം എന്നു വ്യക്തമാണ്. കേരളത്തിലെ രാഷ്ടീയ കാലാവസ്ഥ അട്ടിമറിക്കുക എന്നതാവണം ഉദ്ദേശം. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ അന്വേഷണത്തിലൂടെ മറഞ്ഞു കിടക്കുന്ന സത്യം എത്രയും വേഗം പുറത്തു വരണമെന്ന ആഗ്രഹം കേരളത്തിലെ നീറുന്ന ഇടതുപക്ഷ മനസ്സാക്ഷയുടേതാണ്. മറ്റെല്ലാവരും ആഘോഷലഹരിയിലാണ്. കൊലയാളികള്‍ ആരായാലും ഏതു കുപ്പായം ധരിക്കുന്നവരായാലും അവര്‍ കേരളത്തിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന്റെ കൊടിയ ശത്രുക്കളാണ്. ഇടതുപക്ഷ പ്രസ്ഥാനം പാടെ തകര്‍ന്നു കാണണമെന്നാണ് അവരുടെ ആഗ്രഹം. കോര്‍പ്പറേറ്റ് മൂലധനവും വലതുപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും കാല്‍നൂറ്റാണ്ടുകൊണ്ടു ശ്രമിച്ചിട്ടും സാധിക്കാത്ത ഒരു ദൌത്യം അവര്‍ ഒറ്റകൃത്യം കൊണ്ട് സാധിച്ചു. പാര്‍ടിയെ തകര്‍ക്കുന്നവരെ അങ്ങനെ വിളിക്കാമെങ്കില്‍ ഇവരാണ് ഏറ്റവും വലിയ കുലംകുത്തികള്‍. ഇരയുടെ ആത്മാവിലാണ് ഇന്ന് ശത്രു യുദ്ധത്താവളങ്ങള്‍ നിര്‍മ്മിക്കുന്നത്.'
പ്രഭാവര്‍മ്മയുടെ കാര്യത്തല്‍ എന്ന പോലെ തികച്ചും സ്വതന്ത്രമായ ഈ വിശകലനങ്ങള്‍ക്കും രൂക്ഷമായ കടന്നാക്രമണങ്ങളെയാണ് നേരിടേണ്ടി വന്നത്. തങ്ങള്‍ പടുത്തുയര്‍ത്തിയ ഭാവനാ സാമ്രാജ്യത്തെ തുരങ്കം വെക്കാന്‍ വന്ന ഒരാളെന്ന നിലയില്‍ അവര്‍ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചു. സച്ചിദാനന്ദന്‍, വൈശാഖന്‍, രാവുണ്ണി എന്നിവര്‍ക്കൊപ്പം ഈ ലേഖകനേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സി.ആര്‍.പരമേശ്വരന്‍ തൃശ്ശൂരില്‍ പ്രസംഗിച്ചു. ഇടതുപക്ഷത്തെ കടന്നാക്രമിക്കാന്‍ മാത്രം പേനയെടുക്കുന്ന ഈ ബുദ്ധിജീവിയുടെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമാണ് പത്രങ്ങള്‍ നല്‍കിയത്.
സമകാലിക മലയാളം വാരികയുടെ നടപടി പുരോഗമന പക്ഷത്തു നില്‍ക്കുന്ന എഴുത്തുകാര്‍ക്കുള്ള ഒരു താക്കീതായി കണക്കാക്കണം. സംസ്കാരത്തിന്റെ സംവിധായകര്‍ തങ്ങളാണെന്നും വിയോജിക്കുന്നവര്‍ ബഹിഷ്കരിക്കപ്പെടുമെന്നും ഉള്ള താക്കീത്. ഇടതുപക്ഷ അനുഭാവം പ്രകടിപ്പിക്കുന്ന എഴുത്തുകാര്‍ക്ക് മുഖ്യധാരയില്‍ ലഭിക്കുന്ന പരിഗണനയില്‍ അസഹിഷ്ണത പുലര്‍ത്തുന്ന ഒരു വലിയ പക്ഷമുണ്ട്. പുരസ്കാരങ്ങള്‍ കൊണ്ട് വഴി നടക്കാന്‍ വയ്യാത്ത കാലമാണല്ലോ ഇത്. ഏതു ശരാശരി എഴുത്തുകാരനും എങ്ങനെ ഒഴിഞ്ഞും മാറിയും നടന്നാലും ഒരു അവാര്‍ഡെങ്കിലും തരപ്പെടും എന്ന സ്ഥിതിയുണ്ട്. പക്ഷേ പുരോഗമന പക്ഷത്തു നില്‍ക്കുന്ന ഞങ്ങള്‍ക്ക് കഷ്ടകാലത്തിന് ഒരു അവാര്‍ഡ് കിട്ടിയാല്‍ അതറിഞ്ഞ് മുഖം കറുക്കുന്നവരുണ്ട്. ഞങ്ങളുടെ കഥകളും കവിതകളും പ്രധാനപ്പെട്ട മാസികകളില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതും, ശ്രദ്ധാലുക്കളായ ചില നിരൂപകര്‍ അവയെപ്പറ്റി പരാമര്‍ശിക്കുന്നതും കണ്ട് രാത്രിയില്‍ ഉറക്കമില്ലാതെ ജീവിക്കുന്ന സുഹൃത്തുക്കളുണ്ട്. ഞങ്ങളോടുള്ള വ്യക്തിപരമായ വിരോധമല്ല അവരെ നയിക്കുന്നത്. ഞങ്ങള്‍ക്കു കിട്ടുന്ന പ്രസിദ്ധിയും പരിഗണനയും കേരളത്തിലെ പുരോഗമന പക്ഷത്തിന് നേട്ടമാവുമോ എന്നാണ് അവരുടെ ഉള്‍ഭയം.
പക്ഷേ അവര്‍ ഒരു കാര്യം ഓര്‍മ്മിക്കണം. സിംഹാസനങ്ങളോ പട്ടും വളയുമോ പ്രതീക്ഷിച്ചല്ല ഒരെഴുത്തുകാരന്‍ മനുഷ്യപക്ഷത്തു നിലകൊള്ളുന്നത്. അത് സര്‍ഗ്ഗത്മകമായ ഒരു അനിവാര്യതയാണ്. മറിച്ചായാല്‍ സ്വയം റദ്ദു ചെയ്യേണ്ടി വരും. (വൈകാരികമായ എടുത്തുചാട്ടംകൊണ്ട് സ്വയമറിയാതെ വലതുപക്ഷക്യാമ്പില്‍ അകപ്പെട്ട എന്‍.പ്രഭാകരനും സി.വി.ബാലകൃഷ്ണനും രചനാപരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു.) ഈ ലേഖകന്‍ വായിച്ച് ലോകം കണ്ടു തുടങ്ങുന്ന കാലത്തെ സ്ഥിതി ഓര്‍മ്മയുണ്ട്. കമ്യൂണിസ്റ്റു പാര്‍ടി പിളര്‍ന്ന കാലമാണത്. പുരോഗമന സാഹിത്യ പ്രസ്ഥാനവും സംഘടന എന്ന നിലക്ക് നാമാവശേഷമായിരുന്നു. ഇന്ത്യാ ചൈനാ യുദ്ധം നടക്കുന്ന കാലം. ഒരു ചൈനാച്ചാരന്റെ മകന്‍ എന്ന നിലയില്‍ അപമാനിതനായിട്ടാണ് ഞാനന്ന് സ്കൂളില്‍ പോയിരുന്നത്. ജനകീയ സാഹിത്യ സദസ്സുകളും വായനശാലകളും കലാവതരണങ്ങളും സജീവം. ഇടതുപക്ഷ അനുഭാവികളായ എഴുത്തുകാരും ഉണ്ടായിരുന്നു. പക്ഷേ അന്നത്തെ മുഖ്യധാര അവരെയെല്ലാം പാടെ ബഹിഷ്കരിച്ചു. പ്രധാനപ്പെട്ട പത്രങ്ങളിലും മാസികകളിലും ഒരിഞ്ചു സ്ഥലംപോലും അവര്‍ക്ക് അനുവദിക്കപ്പെട്ടിരുന്നില്ല. പൊതുവേദികളില്‍ അവര്‍ അപമാനിക്കപ്പെട്ടിരുന്നു. ചകിരിപ്പണിക്കാരുടെ കഥയെഴുതി എന്ന കുറ്റത്തിന് എന്റെ നാട്ടുകാരനായ ഡി.എം.പൊറ്റക്കാട് അന്നത്തെ സാഹിത്യ തമ്പുരാക്കന്മാരില്‍ നിന്ന് അനുഭവിച്ച അവഗണന നിസ്സാരമല്ല. കെടാമംഗലം പപ്പുക്കുട്ടി, കെ.പി.ജി.നമ്പൂതിരി അങ്ങനെ അനുഗ്രഹീതരായ ഒരുപാട് കവികള്‍ ബഹിഷ്കൃതരായിരുന്നു. ഇന്നു കേരളം ആവേശത്തോടെ വീണ്ടും വീണ്ടും വായിക്കുന്ന ചെറുകാടിന്റെ ഏതെങ്കിലും ഒരു കൃതിയോ, അദ്ദേഹത്തെക്കുറിച്ചുള്ള ഒരു പരാമര്‍ശമോ നമ്മുടെ മികച്ച പ്രസിദ്ധീകരണങ്ങളില്‍ ഞാന്‍ വായിച്ചിട്ടില്ല. കെങ്കേമമായി എസ്.പി.സി.എസ്. പ്രവര്‍ത്തിക്കുന്ന കാലമായിരുന്നല്ലോ അത്. പിന്നീട് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയ തന്റെ 'ജീവിതപ്പാത' ഓരോ പേജും അരിച്ചു പെറുക്കി പ്രൂഫ് വായിച്ച് സ്വന്തം നിലക്കാണ് അദ്ദേഹം പ്രസിദ്ധപ്പെടുത്തിയത്. തന്റെ ചുമലില്‍ തൂക്കിയിട്ടു നടന്നാണ് അദ്ദേഹം അത് വിറ്റഴിച്ചത്.
അക്കാലത്ത് ദേശാഭിമാനിയുടെ ഓണപ്പതിപ്പിനു വേണ്ടി കവിത ചോദിച്ച എം.എന്‍.കുറുപ്പിനോട് ഒരു വരേണ്യ കവി ഇങ്ങനെ പറഞ്ഞു: 'കുറുപ്പേ ഞാന്‍ വിഷപ്പാമ്പിനെ സ്നേഹിക്കും പക്ഷേ-’അങ്ങനെ ബഹിഷ്ക്കരിക്കപ്പെടുമ്പോള്‍ കിട്ടുന്ന മാനസിക ഔന്നത്യമുണ്ടല്ലോ. അതില്‍പ്പരം വേറൊന്നുമില്ല.