2012, ജൂലൈ 15

കള്ളപ്പരസ്യങ്ങള്‍

പൊലീസ് റെയ്ഡ് എന്നു പറഞ്ഞാല്‍ മാധ്യമങ്ങള്‍ അടങ്ങിയിരിക്കാറില്ല. സംസ്ഥാന വ്യാപക റെയ്ഡാണെങ്കില്‍ പറയാനുമില്ല. മുമ്പ് വ്യാജ സീഡികള്‍ക്കായി ഏതാനും സ്ഥലങ്ങളില്‍ ഋഷിരാജ് സിങ്ങിന്‍െറ പൊലീസ് സംഘം നടത്തിയ വേട്ട വലിയൊരു സംഭവമാക്കിയത് മാധ്യമങ്ങളാണ്.

മേയ് 10ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ഏതാനും ‘‘മരുന്നു’’ കമ്പനികളുടെ നിര്‍മാണകേന്ദ്രങ്ങളിലും (തലശ്ശേരി, കണ്ണൂര്‍, മൂവാറ്റുപുഴ, കൊച്ചി, കൂത്താട്ടുകുളം) മൊത്തവില്‍പന കേന്ദ്രങ്ങളിലും (തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട്) ഒരേസമയം റെയ്ഡ് നടത്തി. ഇന്ദുലേഖ ഭൃംഗ കംപ്ളീറ്റ് ഹെയര്‍ കെയര്‍ ഓയില്‍, ധാത്രി ഫെയര്‍ സ്കിന്‍ ക്രീം, ശ്രീധരീയം സ്മാര്‍ട്ട്ലീന്‍ എന്നീ ഉല്‍പന്നങ്ങളുടെ തെറ്റുധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരില്‍ കമ്പനികള്‍ക്കെതിരെ കേസെടുത്തു.

മുടി ശാസ്ത്രീയമായി പുതുതായി വളര്‍ത്താന്‍പോന്ന ഹെയര്‍ ഓയില്‍, തൊലി വെളുപ്പിക്കുന്ന ലേപനം, ‘‘ശാസ്ത്രീയമായി തെളിയിക്കപ്പെട്ട’’ മെലിച്ചില്‍ മരുന്ന്, തലയോട്ടിക്ക് തണുപ്പു നല്‍കി പിരിമുറുക്കം ഇല്ലാതാക്കുന്ന എണ്ണ തുടങ്ങിയ വ്യാജ അവകാശവാദങ്ങള്‍ പരസ്യങ്ങളിലുണ്ടായിരുന്നു.
പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ മാധ്യമങ്ങള്‍ എന്തു ചെയ്തു? റെയ്ഡിന്‍െറയും കേസിന്‍െറയും വാര്‍ത്ത പലരും കണ്ടില്ലെന്നുവെച്ചു. വിവരം കിട്ടാത്തതല്ല; ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പില്‍നിന്ന് ഔദ്യാഗികമായിത്തന്നെ വാര്‍ത്ത നല്‍കിയിരുന്നു. പ്രാദേശികതലത്തിലും മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ കിട്ടി.
മാത്രമല്ല, കെ.പി.എം. ബഷീര്‍ ചൂണ്ടിക്കാണിക്കുന്നപോലെ, ഡിപ്പാര്‍ട്മെന്‍റ് വെബ്സൈറ്റില്‍ തന്നെ റെയ്ഡ് വിവരം പ്രസിദ്ധപ്പെടുത്തിയതിനാല്‍ അപകീര്‍ത്തിക്കേസിനെ ഭയക്കാതെ വാര്‍ത്തകൊടുക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുമായിരുന്നു. എന്നിട്ടും പലരും അത് ‘‘കാണാതെ’’ പോയതിന് കാരണം വ്യക്തമാണ്. ആ വ്യാജപരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തി നേട്ടം കൊയ്തത് ഇതേ മാധ്യമങ്ങളാണല്ലോ.
കള്ളപ്പരസ്യങ്ങള്‍ ഏറ്റവും കൂടുതല്‍ കൊടുക്കുന്ന ചാനലുകളാവണം റെയ്ഡ് വാര്‍ത്ത ഏറ്റവും കുറച്ചുകൊടുത്തത്. റെയ്ഡിന്‍െറ വാര്‍ത്തയോ (മേയ് 11) കേസ് കൊടുത്ത വാര്‍ത്തയോ (മേയ് 15) മുന്‍നിര പത്രങ്ങള്‍ ചേര്‍ത്തതേയില്ല. (അതേസമയം, മേയ് 14ന് മലയാള മനോരമയുടെ മുന്‍പേജില്‍ ധാത്രി കമ്പനിയുടേതായി മറ്റൊരു പരസ്യമുണ്ടായിരുന്നു.)

വ്യാജങ്ങളുടെ പ്രചാരകര്‍
ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് ഒബ്ജക്ഷനബ്ള്‍ അഡ്വര്‍ടിസ്മെന്‍റ്സ്് ആക്ട് (1954) പ്രകാരം, നിയമത്തില്‍ എടുത്തുപറഞ്ഞ അറുപതോളം രോഗങ്ങള്‍ക്കും രോഗ ഇനങ്ങള്‍ക്കുമുള്ള മരുന്നെന്ന നിലക്ക് ഉല്‍പന്നങ്ങളുടെ നേരിട്ടുള്ള പരസ്യങ്ങള്‍ പാടില്ല. രോഗികള്‍ യോഗ്യരായ ഡോക്്ടര്‍മാരെ കണ്ട് അവര്‍വഴി മാത്രമേ ചികിത്സ നടത്താവൂ.
നിയമവിരുദ്ധ പരസ്യം നല്‍കുന്ന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും ഉല്‍പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനും വകുപ്പുണ്ട്.
പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്ന മാധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ ധാര്‍മിക ബാധ്യത ഇല്ലേ? കമ്പനികള്‍ നല്‍കുന്ന അവകാശവാദങ്ങള്‍ ഉത്തമവിശ്വാസത്തില്‍ പ്രസിദ്ധപ്പെടുത്തുന്നതാണെന്ന് പറയാനാവുമോ?
ആംവേപോലുള്ള കമ്പനികള്‍ വന്‍ പരസ്യങ്ങള്‍ നല്‍കി മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്തുന്നുണ്ട്. ‘‘ഡോക്ടേഴ്സ് ടീ’’ എന്ന പേരില്‍ ‘‘ഔധച്ചായ’’ എന്ന അവകാശവാദത്തോടെ, വണ്ണം കുറക്കാനുള്ള ഒരു മരുന്നിന്‍െറ പരസ്യം അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളെ കീഴടക്കിയത് അടുത്താണ്. കഴിച്ചവര്‍ ‘‘അധ്വാനം കൂടാതെ’’ മെലിഞ്ഞു എന്നത് ശരി. പക്ഷേ, അത് അസ്വാഭാവികമായി ശരീരജലം ഇല്ലാതാക്കിക്കൊണ്ടായിരുന്നു. വൃക്കകള്‍ കേടുവരാന്‍ ഇത് ഇടയാക്കുമെന്ന് മനസ്സിലായപ്പോഴേക്കും ഒരുപാടു പേര്‍ വല്ലാതങ്ങ്് മെലിഞ്ഞുകഴിഞ്ഞിരുന്നു -അവരുടെ കീശയും.
കുന്നത്ത് ഫാര്‍മയുടെ ‘‘മുസ്ലി എക്സ്ട്രാ’’ക്കെതിരായ കേസിനും, അവരുടെ പരസ്യപ്രളയത്തിനിടക്ക് ഒരു കൊച്ചു ഓളംപോലും ആകാന്‍ കഴിഞ്ഞില്ല.
പരസ്യം വ്യാജമാണെന്നും നിയമവിരുദ്ധമാണെന്നും ബോധ്യപ്പെട്ടശേഷംപോലും സ്വമേധയാ അത് ഉപേക്ഷിക്കാന്‍ തയാറുള്ള മാധ്യമങ്ങള്‍ നന്നേ കുറവാണ്. വീട്ടില്‍ പണത്തിന്‍െറ കുന്ന് വരുത്താന്‍ ത്രാണിയുള്ള ‘ധനലക്ഷ്്മി യന്ത്രം’ തകിടിന്‍െറയും, വിഘ്നങ്ങളും ദോഷങ്ങളും ഇല്ലാതാക്കാന്‍പോന്ന ‘ശനിദോഷയന്ത്രം’ തകിടിന്‍െറയും, ഏതസുഖവും ഇല്ലാതാക്കി സൗഖ്യംതരുന്ന ‘അറബിമാന്ത്രികം ഏലസി’ന്‍െറയും, സന്ധിവേദനകള്‍ സുഖപ്പെടുത്തുന്ന ‘മന്ത്ര എണ്ണ’യുടെയും, അവയവങ്ങള്‍ വലുതാക്കുന്ന മാന്ത്രികലേപനങ്ങളുടെയും, കുട്ടികളുടെ ഉയരം വര്‍ധിപ്പിക്കുന്ന ആരോഗ്യപാനീയങ്ങളുടെയും, ഓര്‍മശക്തി പെരുപ്പിക്കുന്ന അദ്ഭുത ലേഹ്യങ്ങളുടെയുമൊക്കെ പരസ്യങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് അതെല്ലാം ശരിയാവാനിടയില്ല എന്നറിഞ്ഞുതന്നെയാണല്ലോ.
പല വ്യാജമരുന്നുകളും ദുര്‍ബലമനസ്കരില്‍ മൂഢവിശ്വാസങ്ങള്‍ വളര്‍ത്താനുള്ള ഉപായങ്ങളാകുന്നുമുണ്ട്. നിയമപരമായി നിഷിദ്ധം മാത്രമല്ല, തീര്‍ത്തും അവാസ്്തവമെന്ന് പത്രാധിപര്‍ക്കുവരെ ബോധ്യമുള്ളതുമായ എത്രയെത്ര പരസ്യങ്ങളാണ് നമ്മുടെ പ്രമുഖ പത്രങ്ങളിലും ചാനലുകളിലും വരുന്നത്!
ഇത്തരം മൂഢവിശ്വാസങ്ങളും വ്യാജ അവകാശവാദങ്ങളും പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ് മാതൃഭൂമിയുടെ ക്ളാസിഫൈഡ് പരസ്യങ്ങള്‍. പത്രത്തിന്‍െറ സകല വിശ്വാസ്യതയും തകര്‍ക്കാന്‍ പോന്നതായിട്ടും അതില്‍ വന്നുകൊണ്ടിരിക്കുന്ന ഏതാനും പരസ്യസാമ്പിളുകള്‍ ഇങ്ങനെ:
‘‘അദ്ഭുതശക്തി നിറഞ്ഞ വശ്യ ഏലസ്സ്. വശീകരണത്തിന് അത്യുത്തമം...’’; ‘‘സകല ഉപദ്രവങ്ങളില്‍നിന്നും രക്ഷിക്കുകയും ശത്രുക്കളെ നശിപ്പിക്കുകയും തൊഴില്‍-ധന-കുടുംബസൗഖ്യത്തെയും പ്രദാനം ചെയ്യുകയും...’’; ‘‘ഖുറാന്‍ ഇസ്മ് കര്‍മം: വിവാഹം, വസ്തുവില്‍പന, വശ്യം, ദാമ്പത്യം, ജോലി, ഗള്‍ഫ്യാത്ര, കാര്യസാധ്യതയ്ക്കും, ഫലം കിട്ടുന്നതുവരെയും നേര്‍ച്ചകൂടും തകിടും...’’; ‘‘നിങ്ങളുടെ ഏതു പ്രശ്നങ്ങള്‍ക്കും ഉടന്‍ പരിഹാരം...’’; ‘‘എല്ലാ പ്രശ്നങ്ങള്‍ക്കും ധനാഭിവൃദ്ധി, വസ്തുവില്‍പന, വശ്യം... ___മുസ്ള്യാര്‍.’

2 അഭിപ്രായങ്ങൾ:

  1. ദൈവ വിശ്വാസത്തിന്റെ കാര്യമൊഴിച്ചാൽ ഞാനും കുഞ്ഞിരാമന്റെ അതേ രീതിയിലെ ഒരു ഇടതുപക്ഷ വിശ്വാസിയാണു്.

    മറുപടിഇല്ലാതാക്കൂ
  2. മാധ്യമം വായിക്കാം
    ഈ വക പരസ്യങ്ങളൊന്നും അവരെ പ്രലോഭിപ്പിച്ചിട്ടില്ല

    മറുപടിഇല്ലാതാക്കൂ