2012, ജൂലൈ 22

ഇതു പൂജയുടെ കാലം

കടുത്ത വരള്‍ച്ചമൂലം ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്നില്ലെന്ന് വിമര്‍ശം നേരിടേണ്ടി വന്ന കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ പ്രത്യേക പൂജക്കൊരുങ്ങുന്നു. ക്ഷേത്രങ്ങളില്‍ 18.5 കോടി രൂപ ചെലവില്‍ പ്രത്യേക പൂജ നടത്താന്‍ നിര്‍ദേശിച്ചുള്ള സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. പുതുതായി നിയമിതനായ ദേവസ്വം മന്ത്രി കോട്ട ശ്രീനിവാസ പൂജാരിയാണ് ഇക്കാര്യം അറിയിച്ചത്. മഴ ലഭിക്കുന്നതിന് ദേവസ്വം വകുപ്പിന് കീഴിലെ 37,000 ക്ഷേത്രങ്ങളില്‍ പൂജ നടത്താനാണ് നിര്‍ദേശം. ജൂലൈ 27 മുതല്‍ ആഗസ്റ്റ് രണ്ട് വരെ നടക്കുന്ന പൂജക്കായി ഓരോ ക്ഷേത്രത്തിനും 5000 രൂപ വീതമാണ് നല്‍കുക. അതേസമയം, സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഇത്രയും തുക ചെലവഴിച്ച് കുഴല്‍ക്കിണറുകള്‍ കുഴിക്കുകയാണെങ്കില്‍ വരള്‍ച്ച നേരിടുന്ന ഗ്രാമങ്ങളിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
മണ്‍സൂണ്‍ മഴ ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ 175 താലൂക്കുകളില്‍ 150 എണ്ണവും രൂക്ഷമായ വരള്‍ച്ചയുടെ പിടിയിലാണ്. ചൊവ്വാഴ്ച ദല്‍ഹിയിലെത്തി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ സന്ദര്‍ശിച്ച മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍, വരള്‍ച്ച നേരിടുന്നതിന് സംസ്ഥാനത്തിന് 2000 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

(കര്‍ണാടകക്കാരുടെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയും. )

1 അഭിപ്രായം: